വിവാഹജീവിതം സുഗമമാക്കാന്‍ നാള്‍പ്പൊരുത്തവും ജാതകപ്പൊരുത്തവും വിവാഹപ്രശ്നവും നോക്കണം

വിവാഹജീവിതം സുഗമമാക്കാന്‍ നാള്‍പ്പൊരുത്തവും ജാതകപ്പൊരുത്തവും വിവാഹപ്രശ്നവും നോക്കണം

HIGHLIGHTS

മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വഴിത്തിരിവുണ്ടാക്കുന്നതും ആയ ഒരു മഹാസംഭവമാണ് വിവാഹം. ഒരു പരിചയം ഇല്ലാത്തവരും വിവിധ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്നവരും ആയ രണ്ടുപേര്‍ ഒത്തുചേര്‍ന്ന് പുതിയൊരു ജീവിതപന്ഥാവില്‍ കൂടി വിവാഹാനന്തരം പോകേണ്ടി വരുന്നു. ആ യാത്ര സുഗമമാകണമെങ്കില്‍ പ്രതിശ്രുത വധൂവരന്മാരുടെ സ്വഭാവവിശേഷങ്ങളെപ്പറ്റിയും ഗുണദോഷങ്ങളെപ്പറ്റിയും ഒരു പരിചിന്തനം നടത്തുന്നത് നന്നായിരിക്കും. അതിനുള്ള ഏകപോംവഴി വിവാഹപ്പൊരുത്തം നോക്കലാണ്. നാള്‍പ്പൊരുത്തവും ജാതകപ്പൊരുത്തവും നോക്കണം. അവസാനം വിവാഹപ്രശ്നവും നോക്കണം. കുടുംബം സംരക്ഷിക്കുവാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ വിവാഹത്തിന് തുനിയരുത്. വെറുതെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കരുത്.

നുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വഴിത്തിരിവുണ്ടാക്കുന്നതും ആയ ഒരു മഹാസംഭവമാണ് വിവാഹം. ഒരു പരിചയം ഇല്ലാത്തവരും വിവിധ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്നവരും ആയ രണ്ടുപേര്‍ ഒത്തുചേര്‍ന്ന് പുതിയൊരു ജീവിതപന്ഥാവില്‍ കൂടി വിവാഹാനന്തരം പോകേണ്ടി വരുന്നു. ആ യാത്ര സുഗമമാകണമെങ്കില്‍ പ്രതിശ്രുത വധൂവരന്മാരുടെ സ്വഭാവവിശേഷങ്ങളെപ്പറ്റിയും ഗുണദോഷങ്ങളെപ്പറ്റിയും ഒരു പരിചിന്തനം നടത്തുന്നത് നന്നായിരിക്കും. അതുകൊണ്ട് ഇങ്ങനെയുള്ളവരുമായുള്ള വിവാഹബന്ധം വേണ്ടെന്ന് വയ്ക്കണം. അതിനുള്ള ഏകപോംവഴി വിവാഹപ്പൊരുത്തം നോക്കലാണ്. നാള്‍പ്പൊരുത്തവും ജാതകപ്പൊരുത്തവും നോക്കണം. അവസാനം വിവാഹപ്രശ്നവും നോക്കണം. ജാതകത്തിലെ ഗ്രഹനിലനോക്കി ഒരു വ്യക്തിയുടെ ഗുണദോഷങ്ങള്‍ ഒരു ജ്യോത്സ്യന് നിഷ്പ്രയാസം പറയാവുന്നതാണ്. ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ജാതകത്തില്‍ അഷ്ടാമാധിപന്‍ പാപനോട് കൂടി 4, 7 ഭാവത്തില്‍ നിന്നാല്‍ അയാള്‍ കപടശീലനായിരിക്കും. ഇവര്‍ക്ക് ശുഭദൃഷ്ടിയുണ്ടാകരുത്. സ്വക്ഷേത്രം, ഉച്ചക്ഷേത്രം, മിത്രക്ഷേത്രം ആയിരിക്കുകയും അരുത്. എല്ലാ ഫലചിന്തനയ്ക്കും ഇത് ബാധകമായിരിക്കും. ശനിചന്ദ്രയോഗം ഒരുത്തനെ മദ്യത്തിനടിമ ആക്കുന്നതുപോലെ ശനികുജയോഗം ഒരു വ്യക്തിയെ പുകവലിക്ക് അടിമയാക്കുന്നു. 11  ലെ ക്ഷീണനായ ചന്ദ്രന്‍ കുജമന്ദന്മാരാല്‍ വീക്ഷിക്കപ്പെട്ട് ജലരാശിയില്‍ നിന്നാല്‍ അയാള്‍ മദ്യപാനി ആയിരിക്കും. വ്യാഴം പാപനോടുകൂടി 2 ല്‍ നിന്നാലും മദ്യാസക്തി പറയാം. ശനി ലഗ്നത്തിലുള്ളവര്‍ ക്ഷിപ്രകോപിയും പിടിവാശിക്കാരനും ആയിരിക്കും. രണ്ടില്‍ നില്‍ക്കുന്ന ഗുളികന്‍ വ്യക്തിയെ വേണ്ടതും വേണ്ടാത്തതും ചെയ്യിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്യും. ലഗ്നാധിപന്‍ 5 ല്‍ നില്‍ക്കുന്നത് ക്ഷിപ്രകോപത്തെ സൂചിപ്പിക്കുന്നു.

മേടത്തില്‍ ലഗ്നം വര്‍ഗ്ഗോത്തമം ചെയ്യുന്നു എങ്കില്‍ അയാള്‍ വലിയ കള്ളന്‍ ആയിരിക്കും. കുജന്‍ 10-ാം ഭാവാധിപന്‍റെ നവാംശകാധിപതി ആയാലും അയാള്‍ കള്ളനായിരിക്കും.
3 ലെ വ്യാഴം വിശേഷബുദ്ധി പ്രവര്‍ത്തിപ്പിക്കുകയില്ല. ലഗ്നത്തില്‍ രാഹു അനാവശ്യമായ സംശയങ്ങള്‍ക്ക് ഉടമയാകും.

5, 4, 9 ല്‍ വന്നാലും ഈ രാശികള്‍ക്ക് പാപമദ്ധ്യസ്ഥിതി വന്നാലും ജാതകനില്‍ ആത്മഹത്യാവാസന ഉണ്ടാക്കും. 6 ലെ ചന്ദ്രനും കുജനും ആത്മഹത്യയ്ക്ക് വഴി ഒരുക്കുന്നവരാണ്.

11 ലെ രാഹു ഒരുവനെ വളഞ്ഞുപുളഞ്ഞുള്ള ജീവിതത്തിലേക്ക് നയിക്കുന്നു. ലഗ്നാധിപന്‍ 6 ല്‍ നിന്നാല്‍ താന്‍ തന്നെ തനിക്ക് ശത്രുവാകും.

ശത്രുകേന്ദ്രത്തില്‍ നിന്ന് നീചത്തില്‍ അംശകം ചെയ്യുന്ന വ്യാഴം, ശുക്രന്‍, ബുധന്‍ മുതലായവരും അതിനീചനായ ശത്രുബന്ധം വരിക്കുന്ന ചന്ദ്രനും മനുഷ്യരെ ക്രൂരന്മാരാക്കുന്നു. സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി എന്ത് നീചപ്രവൃത്തി ചെയ്യുന്നതിനും അവര്‍ക്ക് ഒരു മടിയും ഉണ്ടാകില്ല. കര്‍മ്മസ്ഥാനാധിപന്‍ നീചനായി രാഹു, ഗുളികബന്ധം വന്നാല്‍ അയാള്‍ മോഷണവും കൊലപാതകവും നടത്തും. 10 ലെ നീചനായ കുജന് ഗുളികബന്ധം വരിക, രാഹു 7 ല്‍ നില്‍ക്കുക ഇത്തരക്കാരും കള്ളന്മാരും, ബലാത്സംഗപ്രിയരും ആയിരിക്കും. 8-ാം ഭാവാധിപന്‍ ക്രൂരഗ്രഹം ആകുക, ആ ഗ്രഹം അനിഷ്ടസ്ഥാനത്ത് നില്‍ക്കുക, ആ വ്യക്തി ക്രൂരനും പരമദ്രോഹിയും ദുഷ്ടനും ആയിരിക്കും. 5 ലെ രാഹുരവിബന്ധവും 7 ലെ നീചരവിക്ക് ശിഖിബന്ധവും നല്ലതല്ല.

ജാതകത്തില്‍ കുജശുക്രയോഗമോ ദൃഷ്ടിയോ ഉണ്ടായാല്‍ അമിതഭോഗാസക്തി മൂലം പരസ്ത്രീ/ പുരുഷന്‍ ബന്ധം ഉണ്ടാകും. 7 ല്‍ രാഹു നില്‍ക്കുന്ന പുരുഷന്‍ സ്വഭാവദൂഷ്യം ഉള്ളവന്‍ ആയിരിക്കും. 3-ാം ഭാവാധിപന്‍ 2 ല്‍ നിന്നാല്‍ പരസ്ത്രീയില്‍ ആസക്തനാകും. 7-ാം ഭാവാധിപന്‍ 2 ല്‍ ഉള്ളവന് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടാകും. 6 ലും 7 ലും പാപന്മാര്‍ ഉണ്ടായാല്‍ മറ്റ് സ്ത്രീകളുമായി രഹസ്യബന്ധം ഉണ്ടാകും. 7-ാം ഭാവാധിപന്‍ പാപനോടുകൂടി 3-ാം ഭാവത്തില്‍ നിന്നാല്‍ പുരുഷന്‍ സഹോദരന്‍റെ ഭാര്യയുമായും സ്ത്രീ സഹോദരിയുടെ ഭര്‍ത്താവുമായും അവിഹിതബന്ധം പുലര്‍ത്തും. 7 ല്‍ ഒന്നില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുണ്ടാകും. 11 ല്‍ രണ്ട് ഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് കല്യാണം പറയണം.

7-ാം ഭാവാധിപന്‍ അഷ്ടമത്തില്‍ നിന്നാലും അഷ്ടമാധിപന്‍ 7 ല്‍ നിന്നാലും പുനര്‍വിവാഹം പറയണം. 7-ാം ഭാവത്തിലോ രണ്ടാം ഭാവത്തിലോ പാപയോഗമോ പാപദൃഷ്ടിയോ വരികയും അതിന്‍റെ അധിപന്മാര്‍ ബലഹീനരാകുകയും ചെയ്താല്‍ പുനര്‍വിവാഹം, സന്താനവ്യാഴത്തിന്‍റെ നവാംശകാധിപതി ശുക്രന്‍റെ നക്ഷത്രത്തില്‍ വന്നാലും പുനര്‍വിവാഹം.

സ്ത്രീജാതകത്തില്‍ 8 ല്‍ രവി നില്‍ക്കുക 8 ല്‍ ഗുരുവും ബുധനും നില്‍ക്കുക, 8 ല്‍ ചന്ദ്രനും ശുക്രനും രാഹുവും നില്‍ക്കുക ഇതെല്ലാം വൈധവ്യലക്ഷണമാണ്. 5-7-9 ല്‍ കേതു നില്‍ക്കുന്നത് ദാമ്പത്യപരാജയത്തെ കാണിക്കുന്നു. 7 ല്‍ പാപദൃഷ്ടിയോട് കൂടിയ പാപന്‍ ഉണ്ടെങ്കില്‍ ഭര്‍ത്താവിനാല്‍ ത്യജിക്കപ്പെടും. 7 ല്‍ ആഗ്നേയരും ശുഭന്മാരും ഉണ്ടെങ്കില്‍ ആദ്യഭര്‍ത്താവിനെ ത്യജിച്ചിട്ട് സജാതീയനായ ഒരുവനെ ഭര്‍ത്താവായി സ്വീകരിക്കും. 7 ല്‍ ശനി ഉള്ളവള്‍ ചെറുപ്പത്തിലേയുള്ള വിവാഹം ഒഴിവാക്കണം. ചന്ദ്രന്‍ ശനിക്കും ശുക്രനും മദ്ധ്യേ നില്‍ക്കുന്നതും ആറില്‍ ബുധന്‍ നില്‍ക്കുന്നതും ഒരുവളെ അപഥസഞ്ചാരത്തിനിടയാക്കുന്നു. 12-ാം ഭാവം കുജക്ഷേത്രമാകുക, അവിടെ രാഹുപാപയോഗത്തോടോ ദൃഷ്ടിയോടോ നില്‍ക്കുക ആ സ്ത്രീ വ്യഭിചാരിണി ആയിരിക്കും. ലഗ്നവും ചന്ദ്രനും ശുഭഗ്രഹ ബന്ധമില്ലാതെ പാപമദ്ധ്യത്തില്‍ നില്‍ക്കുക, കുജന്‍ ശുക്രക്ഷേത്രത്തിലും ശുക്രന്‍ കുജക്ഷേത്രത്തില്‍ നില്‍ക്കുക, ചന്ദ്രന്‍, കുജന്‍, ശുക്രന്‍ മൂവരും കൂടി 7 ല്‍ നില്‍ക്കുക ഇതെല്ലാം വേശ്യായോഗമാണ്.

പൊരുത്തശോധനയില്‍ ആദ്യമായി നോക്കേണ്ടത് ആയുസ്സാണ്. ലഗ്നാധിപന്‍ അഷ്ടമത്തില്‍ നിന്നാലും അഷ്ടമാധിപന്‍ അഷ്ടമത്തില്‍ നിന്നാലും ശനി അഷ്ടമത്തില്‍ നിന്നാലും 6-ാം ഭാവാധിപനോ 12-ാം ഭാവാധിപനോ അഷ്ടമത്തില്‍ നിന്നാലും ദീര്‍ഘായുസ്സ് പറയണം. അടുത്തത് സന്താനയോഗമാണ്. സന്താനചിന്തനത്തില്‍ നോക്കേണ്ടത് 5,9 ഭാവങ്ങളാണ്. അവിടെ പാപന്മാര്‍ നില്‍ക്കുന്നതും നോക്കുന്നതും സന്താനയോഗത്തെ ഇല്ലാതാക്കുന്നു.

നാള്‍പൊരുത്തത്തില്‍ പത്തുപൊരുത്തങ്ങളാണ് നോക്കുന്നത്. പത്തില്‍ എട്ട് പൊരുത്തമുണ്ടെങ്കിലും രജ്ജുവും വേധവും ഉണ്ടെങ്കില്‍ ആ ജാതകങ്ങള്‍ യോജിപ്പിക്കരുത്. വധുവിന്‍റെ നക്ഷത്രം മുതല്‍ എണ്ണിയാല്‍ വരന്‍റെ നക്ഷത്രം ഒന്‍പതില്‍ താഴെ വരുന്നത് നല്ലതല്ല. പ്രത്യേകിച്ച് മൂന്നും ഏഴും. വധുവിന്‍റെ നക്ഷത്രപാദം മുതല്‍ എണ്ണിയാല്‍ വരന്‍റെ നക്ഷത്രപാദം 88, 108 ആയി വരുന്നതും നല്ലതല്ല. വരന്‍റെ നക്ഷത്രം പതിമൂന്നാമതായി വരുന്നത് ഒരിക്കലും യോജിക്കുന്നതല്ല.

സ്ത്രീ ജനിച്ച കൂറില്‍ നിന്ന് പുരുഷന്‍ ജനിച്ച കൂര്‍ 6-8 ആയിവരുന്നതും 12-2 ആയി വരുന്നതും ത്യജിക്കപ്പെടണം. രണ്ടാം കൂറില്‍ ജനിച്ച പുരുഷന്‍ ധനനഷ്ടത്തിനും മൂന്നാം കൂറില്‍ ജനിച്ച പുരുഷന്‍ നിത്യദാരിദ്ര്യത്തിനും  നാലാം കൂറില്‍ ജനിച്ച പുരുഷന്‍ അന്യോന്യവിരോധത്തിനും അഞ്ചാംകൂറില്‍ ജനിച്ച പുരുഷന്‍ സന്താനഹീനതയ്ക്കും ആറാംകൂറില്‍ ജനിച്ച പുരുഷന്‍ ആപത്തിനും കാരണമാകുന്നു.

ദശാസന്ധിയും പാപസാമ്യവും വിശദമായി പരിചിന്തിക്കണം. വിഷകന്യകായോഗത്തില്‍ ജനിച്ച സ്ത്രീ വിവാഹത്തിന് മുതിരരുത്.

അവസാനം വിവാഹപ്രശ്നം വച്ചുനോക്കി ഉചിതമായ തീരുമാനം എടുക്കണം.
കുടുംബം സംരക്ഷിക്കുവാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ വിവാഹത്തിന് തുനിയരുത്. വെറുതെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കരുത്.

കെ.എന്‍. നാരായണന്‍
 9400481576

Photo Courtesy - Google