
അക്വാറിയസ്സുകാര്‍
ശാസ്ത്രബോധമുള്ളവരും മനുഷ്യത്വത്തെ മതമായി കാണുന്നവരുമാണ് അക്വാറിയസ്സുകാര്‍
പാശ്ചാത്യര്‍ യുറാനസ്സിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. യുറാനസ്സിന്‍റെ സര്‍വ്വവിധമായ സ്വാധീനവും അക്വാറിയസ്സ് രാശിക്കുണ്ട്. നൂതനമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുക, കണ്ടുപിടിക്കുക, വിപ്ലവകരമായ ചിന്തകള്‍ക്ക് തുടക്കം കുറിക്കുക എന്നിവയെല്ലാം യുറാനസ്സിന് മാത്രം സ്വന്തമായ കാര്യങ്ങളാണ്. സമുദ്രദേവനായ വരുണന്‍റെ മറുവാക്കായും യുറാനസ്സിനെ പാശ്ചാത്യര്‍ കരുതുന്നുണ്ട്.
ഒരുപക്ഷേ അതിന് നിമിത്തമായിരിക്കുന്നത് അക്വാറിയസ്സ് ജലരാശിയുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം. കുംഭത്തില്‍ നിന്ന് ജലമൊഴുക്കുന്ന മനുഷ്യനാണ് അക്വാറിയസ്സിന്‍റെ രാശിചിഹ്നം. നിയമങ്ങള്‍ അനുശാസിക്കുന്ന പാതകളില്‍ നിന്ന് വേറിട്ട് തന്‍റേതായ വഴികള്‍ സ്വീകരിച്ച് ആഗ്രഹപൂര്‍ത്തീകരണം സാധ്യമാക്കൂ എന്നതാണ് അക്വാറിയസ്സുകാരുടെ വഴക്കവും ശീലവും. ജലത്തിന്‍റെ രീതിയും അതുതന്നെയാണ്.
ജലസമൃദ്ധതയുടെ അനുകൂലമായ സാഹചര്യങ്ങളില്‍ ജലം തീരുമാനിക്കുന്നതാണ് അതിന്‍റെ ശരിയുടെ വഴി. പക്ഷേ അക്വാറിയസ്സ് സ്വീകരിക്കുന്നത് ഒരിക്കലും കെടുതിയുടെ വഴികളായിരിക്കില്ല. പകരം പുരോഗമനത്തിന്‍റെയും വിഭവസമാഹരണത്തിന്‍റെയും ധനസമ്പാദനത്തിന്‍റെയും യഥാതഥമായ വഴികളായിരിക്കും. പുതിയ ആശയങ്ങളോടെ സ്വന്തം ജീവിതത്തില്‍ പുതിയ ലോകം സൃഷ്ടിച്ച് അതിന്‍റെ അധിപനായി വാഴുക എന്നതാണ് അക്വാറിയസ്സുകാരുടെ സ്വപ്നം. രാശിചക്രത്തിന്‍റെ പതിനൊന്നാമത്തെ രാശിയാണിത്.
അതുകൊണ്ടുതന്നെ അക്വാറിയസ്സുകാര്‍ സാമൂഹിക ജീവിതത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നവരും ജീവിതത്തിന്‍റെ രണ്ടാം പകുതിയില്‍ വമ്പിച്ച മുന്നേറ്റങ്ങള്‍ നടത്തുന്നവരുമായിരിക്കും. വെറുതെ തമാശ പറഞ്ഞ് ചിരിച്ചകലുന്ന കൂട്ടുകെട്ടുകള്‍ക്കപ്പുറം ഒരുപിടി ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് അക്വാറിയസ്സുകാരുടെ ഏറ്റവും വലിയ സമ്പത്ത്. സമ്പാദ്യം വര്‍ത്തമാനകാലത്ത് ആഘോഷിച്ചുതീര്‍ക്കാതെ ശോഭനമായ ഭാവിക്കുവേണ്ടി സ്വരുക്കൂട്ടുവാന്‍ ഇവര്‍ എപ്പോഴും ശ്രദ്ധിക്കും.
അക്വാറിയസ്സുകാര്‍ വ്യവസ്ഥാപിത ചട്ടങ്ങളെയും മാമൂലുകളെയും തൃണവല്‍ഗണിച്ച് ജീവിതം നയിക്കുന്നവരാണ.് അവരുടെ ചിന്തകളും പ്രവൃത്തിയുമെല്ലാം അതുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതനിരീക്ഷണബോധം ബഹുഭൂരിപക്ഷം ജനങ്ങളുടെ വിശ്വാസത്തിനും ചര്യകള്‍ക്കും അപ്പുറമായിരിക്കും. ആ
ഭിന്നമായ പാത സ്വീകരിക്കാന്‍ വിചിത്ര സ്വഭാവമുള്ള അല്ലെങ്കില്‍ അരക്കിറുക്കനായ വ്യക്തിയാക്കി മാറ്റാനിടയുണ്ട്. ആ വ്യത്യസ്തത തിന്മയില്‍ നിന്നും നന്മയുടെ ഭാഗമായി മാറുന്നതുകൊണ്ടാണ് അക്വാറിയസ്സുകാര്‍ സമൂഹത്തില്‍ നിത്യം ആദരവിന് അര്‍ഹത നേടുന്നതും. വസ്ത്രധാരണ രീതിയിലും നോട്ടത്തിലുമെല്ലാം ശ്രദ്ധിക്കപ്പെടാന്‍ പല മാറ്റങ്ങള്‍ സ്വീകരിക്കുന്ന ഇവര്‍ പരമ്പരാഗത ശൈലികള്‍ക്കൊപ്പം പുതിയ ഫാഷന്‍ സമ്പ്രദായങ്ങളും ഇടകലര്‍ത്തി പരീക്ഷിക്കാറുണ്ട്.
പ്രായോഗികമല്ലാത്ത ആശയങ്ങളെയും വിശ്വാസങ്ങളെയും പിന്തുടര്‍ന്ന് വെറുതെ സമയം കളയാന്‍ ഒരിക്കലും അക്വാറിയസ്സുകാര്‍ തയ്യാറാവുകയില്ല. ഏത് ആശയങ്ങളും വേഗം അവര്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടെത്തിക്കും. അതിന് മാനുഷിക പരിഗണന നല്‍കുന്നതിലും ശ്രദ്ധാലുക്കളാണ്. മനുഷ്യത്വമാണ് അക്വാറിയസ്സുകാരുടെ മതം. പണത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും അതിനുതന്നെയാണ്. ലോകത്തിന്, സമൂഹത്തിന് തന്നെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അത് നാളേയ്ക്ക് വച്ച് താമസിപ്പിക്കുന്ന പരിപാടി ഇല്ല.
ഭൗതിക ജീവിതസാഹചര്യം നല്‍കുന്ന സുഖസമൃദ്ധിയെക്കാള്‍ സ്വന്തം മനസ്സ് നിര്‍ദ്ദേശിക്കുന്ന പ്രായോഗികബുദ്ധിക്ക് അനുസൃതമായി സഞ്ചരിക്കുക എന്നതാണ് ജീവിതവ്രതം. ഇവരുടെ സമയബോധം പ്രധാനമായും കേന്ദ്രീകരിക്കുന്നത് ഭാവികാലത്തെയാണ്. വാര്‍ദ്ധക്യകാലത്ത് ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണം എന്ന നിശ്ചയദാര്‍ഢ്യമാണ് അക്വാറിയസ്സുകാരെ കുറച്ചെങ്കിലും സമ്പാദ്യശീലമുള്ളവരാക്കുന്നത്.
അക്വാറിയസ്സുകാരെ തികഞ്ഞ ശാസ്ത്രബോധമനസ്സുള്ളവരാക്കുന്നത് യുറാനസ്സ് ഗ്രഹമാണ്. അത് യുവത്വത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും പുതിയ ജീവിതവീക്ഷണത്തിന് പ്രേരിപ്പിക്കുകയും കണ്ടുപിടിത്തങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യും. പ്രാകൃത നിയമത്തിന്‍റെ അരോചകമായ വഴികള്‍ ഉപേക്ഷിച്ച് സ്വന്തമായ തീരുമാനങ്ങളില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിതത്തെ പടുത്തുയര്‍ത്തുകയും ചെയ്യും.
എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അക്വാറിയസ്സുകാര്‍ വളരെ സന്ദിഗ്ദ്ധമായ അവസ്ഥയില്‍ എത്താറുണ്ട്. ഒരേ സമയത്ത് അനവധി ചിന്തകളുടെ വേലിയേറ്റങ്ങള്‍ ഇവരെ ധര്‍മ്മസങ്കടത്തിലാക്കുകയും ചെയ്യും. അത് ശരിയായ തീരുമാനത്തിലെത്താനും പുര്‍ണ്ണമായ ശ്രദ്ധയെ ഒരു കേന്ദ്രത്തിലെത്തിച്ച് പ്രവര്‍ത്തിക്കാനും താമസമുണ്ടാക്കാറുണ്ട്. മടുപ്പിക്കുന്ന ഏതൊരു സാഹചര്യത്തെയും വളരെ വേഗം ഒഴിവാക്കാന്‍ ശ്രമിക്കും.
അതുപോലെതന്നെയാണ് ജോലിയുടെ കാര്യവും. ഒരേ സ്വഭാവമുള്ള പ്രവൃത്തിയില്‍ ചത്തുപണിയെടുക്കാനൊന്നും അക്വാറിയസ്സുകാര്‍ തയ്യാറാവുകയില്ല. എത്രയും പെട്ടെന്ന് അവിടെനിന്ന് നിഷ്ക്രമിച്ച് ഏറെ ആശ്വാസകരമായ മറ്റൊരു തൊഴില്‍ ഇവര്‍ കണ്ടെത്തും. ഈ സമയത്ത് സഹായകരമാകുന്നത് സ്വപ്നസാക്ഷാത്ക്കാരത്തിന് പ്രേരകമാകത്തവിധമുള്ള ബുദ്ധിസാമര്‍ത്ഥ്യം തന്നെയാണ്. അപ്പോള്‍ അതിനായി അവരെ അനുവദിക്കുകയെന്നതാണ് രക്ഷിതാക്കള്‍ക്ക് കരണീയമായിട്ടുള്ള കാര്യം.
മുഷിപ്പുളവാക്കുന്ന എല്ലാ സാഹചര്യങ്ങളോടും മുഖം തിരിക്കുന്ന അക്വാറിയസ്സുകാര്‍ ഒരിക്കലും മറ്റുള്ളവരെ ബോറടിപ്പിക്കാത്തവിധം പ്രായോഗിക തമാശകള്‍ക്ക് അവസരം സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ അതൊന്നും മറ്റൊരാളെ വേദനിപ്പിക്കുന്നതായിരിക്കില്ല.
അക്വാറിയസ്സുകാര്‍ സ്വന്തം താല്‍പ്പര്യങ്ങളെക്കാളുപരി സമൂഹത്തിന്‍റെ പൊതുവായ പ്രശ്നങ്ങള്‍ക്കും വേദനകള്‍ക്കും കാതുകൊടുക്കുന്നവരും അതിന് പരിഹാരം കണ്ടെത്താന്‍ പ്രയത്നിക്കുന്നവരുമാണ്. മറ്റ് വ്യക്തിത്വങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാനും പ്രശ്നങ്ങളുടെ യാഥാര്‍ത്ഥ്യം കണ്ടെത്താനുമുള്ള അക്വാറിയസ്സ് കഴിവ് പ്രശംസനീയമാണ്.
അത്രമാത്രം എല്ലാവരെയും സുഹൃത്തായി കാണാനും ഹൃദയ വിശാലതയുടെ പ്രത്യേക ലോകം സൃഷ്ടിക്കാനും അശ്വാറിയസ്സിന് കഴിയുന്നു. ഏത് കാര്യത്തിലും വിദഗ്ദ്ധമായ ഉപദേശങ്ങളും അഭിപ്രായങ്ങളും നല്‍കാന്‍ കഴിവുള്ളവരാണ് ഇവര്‍. പഴമയെ നവീകരിക്കത്തവിധത്തില്‍ വിപ്ലവചിന്ത മനസ്സില്‍ പേറുന്ന അക്വാറിയസ്സ് ത്യാഗമനഃസ്ഥിതി ഉള്ളവരും ഏതിലും നന്മ മാത്രം ആഗ്രഹിക്കുന്നവരുമാണ്. വ്യക്തിശുദ്ധിക്കും പരിസരശുദ്ധിക്കും വളരെ പ്രാധാന്യം നല്‍കുന്നവര്‍. ദേഷ്യം പെട്ടെന്ന് വരുന്നവരാണെങ്കിലും അടുത്ത നിമിഷം അത് അവരില്‍ നിന്ന് ആവിയായി പോവുകയും ചെയ്യും.
ഏത് പ്രശ്നത്തിലും അതിന്‍റെ പരിണതഫലം എന്താണെന്ന് ചിന്തിക്കാതെ സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ ഇവര്‍ക്കാകുന്നു. പ്രണയം അക്വാറിയസ്സിന് അദ്വിതീയവും അതുല്യവുമായ വികാരമാണ്. പക്ഷേ അഃ് അവരെ പിന്തുടരുന്ന പലവിധ ആശയങ്ങള്‍ പോലെ ഒരൊറ്റ വ്യക്തിയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ആവശ്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന തീപോലെയും കാറ്റുപോലെയുമാണ് അക്വാറിയസ്സ് പ്രണയം. പ്രണയപൂര്‍ണ്ണത ഒരു വ്യക്തിയില്‍ മാത്രം നിക്ഷേപിക്കാന്‍ അക്വാറിയസ്സിന് കഴിയില്ല. എല്ലാവരെയും സ്നേഹിക്കാനും പ്രണയിക്കാനുമുള്ള തിടുക്കം അവരില്‍ സാധാരണമാണ്. പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ ഒരു വലിയ സാമ്രാജ്യം തീര്‍ക്കാന്‍ കഴിയുന്നത് വലിയ പ്രത്യേകതയാണ്.
അക്വാറിയസ് ആണുങ്ങള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ അവര്‍ പറയാതെ തന്നെ വേഗം മനസ്സിലാക്കുന്നു. സംവേദനക്ഷമതയുള്ളവരാണ്. മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതും വിവാദം നിറഞ്ഞതും ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും അരുചികരമായ ആശയങ്ങള്‍ പലപ്പോഴും ഇവര്‍ പ്രകടിപ്പിച്ചെന്നിരിക്കും. പരമ്പരാഗത മൂല്യങ്ങളെ ആധുനികതയടെ വിശാലചിന്തയുമായി ബന്ധപ്പെടുത്തി പ്രയോഗത്തില്‍ വരുത്താന്‍ നിരന്തരം ശ്രമിക്കുന്നവരുമാണ്. വിദേശ യാത്രകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരും പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുമാണ്.
മക്കളെ തന്നില്‍ നിന്ന് വേറിട്ട് കാണാന്‍ ശ്രമിക്കാതെ സൗഹൃദവലയത്തിനുള്ളില്‍ നിര്‍ത്താനും ആഗ്രഹിക്കുന്നവര്‍. കുട്ടികളുടെ ആവശ്യങ്ങള്‍ യഥാസമയം കണ്ടെത്തി സാധ്യമാക്കുന്നതില്‍ ദത്തശ്രദ്ധരുമാണ്. അക്വാറിയസ്സ് സ്ത്രീകള്‍ ഏകസ്വരൂപമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കില്ല. മാറുന്ന സന്ദര്‍ഭത്തിനനുസരിച്ച് ഓരോതരം വ്യക്തിത്വ നിറങ്ങള്‍ എടുത്തണിയും. അത് ഇവരുടെ സ്വതന്ത്ര ചിന്താഗതിയെ സൂചിപ്പിക്കുന്നു. അക്വാറിയസ്സ് പെണ്‍കുട്ടികള്‍ ആരെയെങ്കിലും പ്രണയിച്ചാല്‍ തന്‍റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ അവര്‍ ഒതുങ്ങി നില്‍ക്കണമെന്ന് വാശിപ്പിടിക്കാറുണ്ട്. അതോടൊപ്പം പ്രത്യേകം കരുതലും പ്രണയിക്കുന്നവര്‍ക്ക് നല്‍കുകയും ചെയ്യും.
യുക്തിയും അയുക്തിയും സമ്മേളിതമായ മനസ്സാണിവരുടേത്. നിങ്ങള്‍ റൊമാന്‍സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ സംസാരിക്കുക ചിലപ്പോള്‍ ക്യാഷ് പേമെന്‍റിനെക്കുറിച്ചായിരിക്കും പറയുക. അതുപോലെ പ്രായോഗിക ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ മനസ്സല്‍ ചിന്തിക്കുന്നത് ആകാശക്കോട്ടകളെപ്പറ്റിയാകും. അസൂയയും സ്നേഹവിദ്വേഷവും ഇവരുടെ സ്വഭാവത്തില്‍ കാണില്ല.
അമ്മയെന്ന നിലയില്‍ മക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നവരാണ് അക്വാറിയസ്സു കാര്‍. മനുഷ്യത്വവും ആത്മീയതയും ശാസ്ത്രാവബോധവുമുള്ള ഇവര്‍ സാങ്കേതികരംഗത്ത് ശ്രദ്ധിക്കപ്പെടുന്നവരാണ്. ശാസ്ത്രജ്ഞരും സകലവിഷയത്തിലും അറിവുള്ളവരും ഗവേഷകരുമായി അക്വാറിയസ്സുകാര്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
പ്രശസ്തരായ ചില അക്വാറിയസ്സ് വ്യക്തിത്വങ്ങള്‍: സിന്‍ ഡി ക്രാഫോര്‍ഡ്, സവ്യസാചി മുഖര്‍ജി, ഹെര്‍ഷെല്ലെ ഗിബ്സ്, നടന്‍ പ്രാണ്‍, സഹീര്‍ ലുധിയന്‍വി, രാമകൃഷ്ണപരമഹംസ, സുഷമസ്വരാജ്, റേച്ചല്‍ വിസ്സ്.
Photo Courtesy - Google