ഒടുങ്ങാത്ത ഊര്‍ജ്ജവും മടുക്കാത്ത പ്രവര്‍ത്തനശൈലിയും സഗിറ്റാറിയസ്സ് പ്രത്യേകത

ഒടുങ്ങാത്ത ഊര്‍ജ്ജവും മടുക്കാത്ത പ്രവര്‍ത്തനശൈലിയും സഗിറ്റാറിയസ്സ് പ്രത്യേകത

HIGHLIGHTS

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍റെ പൂര്‍ണ്ണാധിപത്യമുള്ള രാശിയാണ് സഗിറ്റാറിയസ്. ഭാരതീയ ജ്യോതിഷത്തില്‍ വ്യാഴത്തിന് ഗുരുസ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നത്. ഗുരു, നാമം കൊണ്ടുതന്നെ അറിവിന്‍റെ നിറകുടമാണ്. മാത്രവുമല്ല അഭിലാഷം ശക്തി, വിശ്രമമില്ലാത്ത പ്രവൃത്തി, കളങ്കമില്ലായ്മ, ഊര്‍ജ്ജസ്വലത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന രാശികൂടിയാണിത്. 

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍റെ പൂര്‍ണ്ണാധിപത്യമുള്ള രാശിയാണ് സഗിറ്റാറിയസ്. ഭാരതീയ ജ്യോതിഷത്തില്‍ വ്യാഴത്തിന് ഗുരുസ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നത്. ഗുരു, നാമം കൊണ്ടുതന്നെ അറിവിന്‍റെ നിറകുടമാണ്. മാത്രവുമല്ല അഭിലാഷം ശക്തി, വിശ്രമമില്ലാത്ത പ്രവൃത്തി, കളങ്കമില്ലായ്മ, ഊര്‍ജ്ജസ്വലത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന രാശികൂടിയാണിത്. സഗിറ്റാറിയസ് രാശിചക്രത്തില്‍ ഒന്‍പതാം സ്ഥാനമലങ്കരിക്കുന്നു. 

ആത്മീയത, തത്ത്വശാസ്ത്രം, യാത്ര, നിയമം, വിദ്യാഭ്യാസം, സര്‍ഗ്ഗാവിഷ്ക്കാരം എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം സൃഷ്ടിക്കാന്‍ സഗിറ്റാറിയസിന് കഴിയും. ഗ്രഹങ്ങളില്‍ ജ്ഞാനവും ഉദാരതയും ഒടുങ്ങാത്ത ഊര്‍ജ്ജവും പ്രദാനം ചെയ്യുന്ന ഗ്രഹമാണ് വ്യാഴം. അതുകൊണ്ടുതന്നെ ആ അനുകൂല ഘടകങ്ങളെ ഉപയോഗപ്പെടുത്തി ജീവിതത്തില്‍ വമ്പിച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് കഴിയുന്നു. പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ യാതൊരു മടിയും ഇവര്‍ക്കില്ല.

സകല വിഷയങ്ങളിലും പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. സഗിറ്റാറിയസ്സുകാര്‍ അറിയാത്ത വിഷയങ്ങളെക്കുറിച്ചുപോലും ചിലപ്പോള്‍ ആധികാരികമായി സംസാരിച്ചെന്നിരിക്കും. അതിന് പ്രധാനകാരണം സഗിറ്റാറിയസ് രാശിചക്രത്തിലെ പ്രൊഫസര്‍ സ്ഥാനത്ത് നില്‍ക്കുന്നതുകൊണ്ടാണ്. സത്യം മാത്രം പറയുക, എപ്പോഴും അത് പിന്തുടരുകയെന്നത് സഗിറ്റാറിയസ് ശൈലിയാണ്. അഭിപ്രായങ്ങള്‍ തുറന്നതും നീതിപൂര്‍വ്വകവുമായിരിക്കും.

ഡിസംബര്‍ പതിനാറിനും ജനുവരി പതിമൂന്നിന് മധ്യേ ജനിച്ചവരാണ് സഗിറ്റാറിയസ് രാശിയില്‍പ്പെടുന്നവര്‍. പുതിയ ചിന്തകളുടെ ഉടന്മോരാണ് സഗിറ്റാറിയസ്സുകാര്‍. സാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍. ജീവിതത്തിലെ ഇഷ്ടവഴികള്‍ സ്വയം തെരഞ്ഞെടുത്ത് മറ്റാരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാതെ അതിവേഗം സഞ്ചരിക്കാനുള്ളവരുടെ താല്‍പ്പര്യങ്ങള്‍ ശ്രദ്ധേയമാണ്. ദൂരത്തെ വേഗം കൊണ്ട് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന സഗിറ്റാറിയസ്സുകാര്‍ എപ്പോഴും കായികമായി കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനുവേണ്ടി ആരോഗ്യമുള്ള ശരീരസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. നല്ലൊരു സുഹൃത് വലയത്തിനുടമ കൂടിയാണ് സഗിറ്റാറിയസ്. അതിന് പ്രധാനകാരണം നര്‍മ്മചാരുത നിറഞ്ഞ സംഭാഷണങ്ങളാണ്.

ജീവിതത്തില്‍ സ്വതന്ത്രവും ശക്തവുമായ കാഴ്ചപ്പാടുകളുള്ളവരാണ് സഗിറ്റാറിയസ്സുകാര്‍. ആരുടെയും ഇഷ്ടങ്ങള്‍ക്കുവേണ്ടി സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്താന്‍ ഇവര്‍ക്ക് കഴിയില്ല. പതിവ് കീഴ്വഴക്കങ്ങളില്‍ അനുസരണയുള്ളവനായി തലകുനിച്ച് നില്‍ക്കാന്‍ ഇവരെ കിട്ടില്ല. അതിന്‍റെ പ്രധാന പ്രശ്നം ഒരുപാട് ധാരണകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ്. അതില്‍ നല്ലതും ചീത്തയുമുണ്ട്.

ഏതാണ് ശരിയെന്നും തെറ്റെന്നും തീര്‍ച്ചപ്പെടുത്തുന്നതിനെക്കാളുപരി അതില്‍നിന്ന്  വേറിട്ട് സ്വന്തം മനസ്സിന്‍റെ തീരുമാനങ്ങള്‍ക്കനുസരിച്ച് ജീവിച്ചുമുന്നേറുക എന്നതാണ് സഗിറ്റാറിയന്‍സിന്‍റെ രീതി. സമ്മിശ്രമാക്കപ്പെട്ട ഒരുപാട് ആശയങ്ങളുടെ ഭണ്ഡാരമാണ് ഇവരുടെ മനസ്സ്. അതില്‍ നിന്നും ഒരു അരിപ്പയിലെന്നപോലെ നല്ലതിനെ മാത്രം വേര്‍തിരിച്ച് നീതിപൂര്‍വ്വകമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും. അത് മറ്റുള്ളവരുടെ വികാരവിചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള തുറന്നുപറച്ചിലായിരിക്കും.

പ്രണയം സഗിറ്റാറിയന്‍സിന് പലപ്പോഴും അസ്ഥിയില്‍പ്പിടിച്ചൊരു വികാരമല്ല. ജീവിതയോധനത്തിനിടയില്‍ കടന്നുവരുന്ന ഒരു യാദൃച്ഛിക വികാരം മാത്രമാണത്. ജീവിതത്തില്‍ കടന്നുവരുന്ന പല സൗഹൃദങ്ങള്‍ക്കിടയില്‍ അപൂര്‍വ്വം ചിലര്‍ പാത വിട്ട് പ്രണയത്തിലോ, ലൈംഗികതയിലോ എത്തുക സ്വാഭാവികമാണ്. അത് സഗാറ്റിയസ്സിലും സംഭവിക്കുന്നു എന്നുമാത്രം. പക്ഷേ ഇവരിലെ നിഷേധിക്കാനാകാത്ത രണ്ട് കഴിവുകളെ അംഗീകരിക്കണം.

അതില്‍ ആദ്യത്തേത് സൂക്ഷ്മ സംവേദനക്ഷമതയാണ്. മറ്റൊന്ന് അപരവ്യക്തിത്വത്തിലേയ്ക്ക് കടന്നുചെന്ന് അവരുടെ മനസ്സുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവാണ്. ഈ കഴിവുകളുടെ അടിസ്ഥാനത്തില്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ സഗിറ്റാറിയസിന് നിഷ്പ്രയാസം സാധ്യമാകും. ഭാര്യയെ വെറുമൊരു വീട്ടുമൃഗമായി തരം താഴ്ത്താന്‍ ഒട്ടും ഇഷ്ടപ്പെടാത്തവരാണ് സഗിറ്റാറിയസ്സുകാര്‍. 

ജീവിതത്തില്‍ പലരും പിന്തുടര്‍ന്നുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും മാമൂലുകള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുന്നവരാണിവര്‍.  ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഇഴയടുപ്പം സൃഷ്ടിക്കുന്ന ഇവര്‍ നിത്യസ്നേഹത്തോടെ അവയെ ഹരിതാഭമാക്കി നിലനിര്‍ത്താനും ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ പഴയകാലബന്ധങ്ങളെ ഉപേക്ഷിക്കാതെ എപ്പോഴും സജീവമായി നിലനിര്‍ത്താനും സഗാറ്റിയസ്സ് ശ്രദ്ധിക്കുന്നു. ബന്ധങ്ങള്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വീകരിക്കുകയും ആവശ്യം കഴിഞ്ഞാല്‍ പുറംതള്ളുകയും ചെയ്യുന്ന ശീലം സഗിറ്റാറിയസ്സിനില്ല. പുതിയ വായ്മൊഴി പ്രകാരം അപ്പോള്‍ കാണുന്നവനെ അച്ഛായെന്ന് വിളിക്കുന്ന ശീലമില്ലെന്നര്‍ത്ഥം.

തികഞ്ഞ ആത്മീയവാദികളാണ് സഗിറ്റാറിയസ്. ഏതോ അതീതമായൊരു ശക്തിയുടെ  നിയന്ത്രണത്തിലാണ് തന്‍റെ ജീവിതമെന്ന് അവര്‍ വിശ്വസിക്കുന്നു. ജീവിതത്തിലെ ഉയര്‍ന്ന ആ ശക്തിയെ തേടിപ്പിടിക്കാന്‍ ആത്മീയ പുസ്തകങ്ങളിലൂടെ സഞ്ചരിക്കാറുമുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമൊക്കെ വലിയ വിശ്വാസമാണ് ഇവര്‍ക്കുള്ളത്. പണത്തിന് ജീവിതത്തില്‍  വലിയ മൂല്യം കല്‍പ്പിക്കാത്തത് ജീവിതത്തിലെ ഈ ആത്മീയസഞ്ചാരമായിരിക്കും. പണം ഇവര്‍ക്ക് ചൂതാട്ടക്കളത്തില്‍ പോക്കുവരവ് നടത്തുന്ന കരുക്കള്‍ പോലെയാണ്. ജീവിതത്തില്‍ മഹനീയ സ്ഥാനത്തെത്തണമെന്നാണ് ആഗ്രഹം.

ദേഷ്യത്തിലൂന്നിയുള്ള ശക്തമായ വാക്കും ഉറച്ച നിലപാടും മാനേജ്മെന്‍റിന്‍റെ ഭാഗമായി സഗിറ്റാറിയന്‍സ് പലപ്പോഴും സ്വീകരിക്കാറുണ്ട്. സാമൂഹിക ജീവിതക്രമത്തിനെതിരെ നിലകൊള്ളുന്ന ദുഷ്ടശക്തികളെ ആക്രമണോത്സുകതയോടെ കീഴ്പ്പെടുത്താന്‍ ദത്തശ്രദ്ധരായിക്കും. സഗിറ്റാറിയസ്സിന്‍റെ രാശിചിഹ്നം തന്നെ അമ്പും വില്ലുമേന്തിയ അര്‍ദ്ധ മനുഷ്യമൃഗമാണ്. എല്ലാം തികഞ്ഞവരായി ഒരു മനുഷ്യനും കാണില്ല. അത്തരത്തില്‍ ചെറിയ വിപരീതശീലങ്ങള്‍ സഗിറ്റാറിയന്‍സിലുണ്ട്. ഏതെങ്കിലും വസ്തുക്കള്‍ മറന്നുപോവുക, ആഹാരം ശബ്ദമുണ്ടാക്കി കഴിക്കുക, മുറികള്‍ അലങ്കോലമാക്കിയിടുക എന്നിവയാണത്. പക്ഷേ ഇവരുടെ അമിതോത്സാഹവും കായികക്ഷമതയുമായി ബന്ധപ്പെട്ട ഊര്‍ജ്ജം ആരും സമ്മതിക്കുന്ന കാര്യമാണ്. 

പ്രണയത്തെ ഒരു പ്രായോഗിക തമാശയായി കാണുന്ന ഇവരില്‍ പലരും വിദൂഷകന്മാരെപ്പോലെ സന്ദര്‍ഭത്തിനനുസരിച്ച് നര്‍മ്മം പറയാന്‍ കഴിവുള്ളവരുമാണ്. എങ്കിലും സ്വപ്നങ്ങള്‍ അതിതീക്ഷ്ണമാണ്. ഈ യഥാര്‍ത്ഥ പോരാളിയുടെ അമ്പുകള്‍ ലക്ഷ്യങ്ങള്‍ വേധിക്കുന്നതുമായിരിക്കും. സ്നേഹത്തിന്‍റെ തീക്ഷ്ണപ്രകാശത്തില്‍ നിന്ന് ജീവിതത്തില്‍ മഹനീയ നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന ഇവരില്‍ പലരും നൃത്തരംഗത്തും കായികമേഖലയിലും ശോഭിച്ചുകാണാറുണ്ട്. കാരണം ഇവ രണ്ടും ശാരീരിക പ്രകടനകലയും അഭ്യാസവുമാണ്. ഇത് സഗിറ്റാറിയസ്സിന്‍റെ മാത്രം വ്യക്തിത്വ അടയാളപ്പെടുത്തലുകളാണ്.

സഗിറ്റാറിയസ്സ് ആണുങ്ങള്‍ ഏതൊരാള്‍ക്കും നല്ല സുഹൃത്തായിരിക്കും. നേട്ടങ്ങള്‍ കൊയ്യാന്‍ കഠിനശ്രമം നടത്തുന്നവര്‍. വീടിനുള്ളില്‍ അടച്ചിരിക്കാതെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവിടത്തെ ജനങ്ങളുടെ ജീവിതരീതി മനസ്സിലാക്കാനും യാത്ര ചെയ്യുക ഇവരുടെ ഇഷ്ടങ്ങളില്‍ പ്രധാനമാണ്. അതൊരു സാഹസിക യാത്രയാണെങ്കില്‍ ഇതില്‍പ്പരം സ്വര്‍ഗ്ഗം വേറെയില്ല. വീടുമായി ബന്ധപ്പെട്ട ജോലിയില്‍ വലിയ താല്‍പ്പര്യം കാട്ടുകയില്ല. അവരുടെ ശരിയായ വഴികളില്‍ ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ഏറ്റവും കരണീയമായ കാര്യം. പണം ആവശ്യത്തിന് സമ്പാദിക്കുകയും അത്യാവശ്യങ്ങള്‍ക്ക് ചെലവാക്കുകയുമാണ് ശീലം. ഏതൊരാളിന്‍റെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കുന്ന പതിവ് ഇവര്‍ക്കില്ല. 

മനസ്സില്‍ പല വിലയിരുത്തലുകള്‍ നടത്തിയശേഷം അത് സ്വന്തമായി അവതരിപ്പിക്കാനാണ് ഇഷ്ടം. കുട്ടികള്‍ക്ക് ബുദ്ധിപൂര്‍വ്വമായ ഉപദേശങ്ങളിലൂടെ ആശ്വാസം പകരുന്ന നല്ലൊരു അച്ഛനുമായിരിക്കും. സ്വതന്ത്രവും നീതിനിഷ്ഠവുമായ സമീപനങ്ങളിലൂടെ വധൂസങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്നവരായിരിക്കും സഗിറ്റാറിയസ്സ് മഹിള. ഒരിക്കലും കലുഷിതമായ ജീവിതസാഹചര്യങ്ങളില്‍ കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുകയില്ല. ഉയര്‍ന്നതും ശുഭാപ്തി വിശ്വാസം നിറഞ്ഞതും ഉന്മേഷഭരിതവുമായ ജീവിതം ആഗ്രഹിക്കുന്നവര്‍. വളരെ ശക്തയായ സ്ത്രീ. ജീവിതത്തില്‍ താഴ്ന്ന നിലവാരത്തില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നവര്‍. ഏത് ജീവിതസാഹചര്യത്തെയും അഭിമുഖീകരിക്കാന്‍ കഴിവുള്ളവള്‍. ജീവിതത്തെ ശരിയായ നിലയില്‍ കൊണ്ടുപോകാന്‍ മനസ്സില്‍ മഹത്തായ ആശയങ്ങള്‍ സൂക്ഷിക്കുന്നവര്‍. മുഖത്തെ പുഞ്ചിരി വാടാതെ സൂക്ഷിക്കുന്ന ഇവര്‍ ഏതൊരാള്‍ക്കും നല്ല സുഹൃത്തായിരിക്കും.

അമിതോത്സാഹവും ശുഭാപ്തി വിശ്വാസവും ഇഴപാകിയ മനസ്സിന്‍റെ ഉടമയായ സഗിറ്റാറിയസ്സുകാര്‍ ഏതൊരു പ്രസ്ഥാനത്തിനും മുതല്‍ക്കൂട്ടുതന്നെയാണ്. പതിവ് രീതിയിലുള്ളതും ഏകസ്വരമാര്‍ന്നതുമായ പ്രവര്‍ത്തനമേഖലകള്‍ ഇവര്‍ ഇഷ്ടപ്പെടുകയില്ല. ഒടുങ്ങാത്ത ഊര്‍ജ്ജസ്രോതസ്സ് ഇവരെ ചുമതലാബോധമുള്ളവരാക്കി തീര്‍ക്കുന്നു. ജോലിയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും അതിനനുകൂലമായ അക്ഷീണപ്രവര്‍ത്തനത്തിന് ഇവരെ തയ്യാറാക്കുകയും ചെയ്യുന്നത് പഞ്ചഭൂതങ്ങളില്‍ പ്രധാനമായ അഗ്നിയാണ്. ഉന്മേഷശീലവും അത്യുത്സാഹവും സത്യസന്ധതയും ആവേശഭരിതമായ പ്രവര്‍ത്തനവും ആക്രമണഭാവവും സഗിറ്റാറിയസ്സിനെ ജീവിതലക്ഷ്യത്തിലേയ്ക്ക് പാകപ്പെടുത്തുന്ന വില്ലാളിവീരന്മാരാക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

പ്രമുഖ സഗിറ്റാറിയസ് വ്യക്തിത്വങ്ങളില്‍ ചിലര്‍: ആന്‍റണി ഹോപ്കിന്‍സ്, എ.കെ. ആന്‍റണി, ബ്രാഡ്ലിറ്റ്, ജൊഹന്നാസ് കെപ്ലര്‍, ലൊറെറ്റാ യംഗ്, ബാജിദ്ഖാന്‍, മര്‍ലോണ്‍ സാമുവല്‍സ്, ഉദയ് ചോപ്ര, ശക്തി സാമന്ത.

എന്‍.ടി. സതീഷ്,
അടുത്തലക്കം: കാപ്രികോണ്‍

Photo Courtesy - Google