പ്രദക്ഷിണത്തിന്‍റെ കണക്കും ഫലവും

പ്രദക്ഷിണത്തിന്‍റെ കണക്കും ഫലവും

HIGHLIGHTS

പ്രദക്ഷിണം ആര്‍ക്കൊക്കെ എത്ര വീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്‍റേയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇരുപത്തൊന്ന് പ്രദക്ഷിണം ശ്രേഷ്ഠകരമാണ്. എല്ലാ ദേവതകള്‍ക്കും പൊതുവെ മൂന്ന് പ്രദക്ഷിണമാകാം.

 

1. ആദ്യത്തെ പ്രദക്ഷിണം കൊണ്ട് ഭക്തന്‍ പാപത്തില്‍ നിന്ന് മോചിതനാകുന്നു.

2. ദേവദര്‍ശനാനുമതിയാണ് രണ്ടാമത്തെ പ്രദക്ഷിണ ഫലം.

3. മൂന്നാമത്തെ പ്രദക്ഷിണം കൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു.

പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാനേ പാടില്ല. ഭക്തന്‍റെ വലതുവശത്ത് ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. രണ്ട് ബലിക്കല്ലുകളുടെ മദ്ധ്യത്തില്‍ കൂടി പോകുകയുമരുത്. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാലും അതിനെ വീണ്ടും തൊട്ടുതൊഴാന്‍ പാടില്ല. അഭിഷേക തീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്‍ത്ഥം കോരികുടിക്കുകയോ അരുത്. ശിവക്ഷേത്രത്തിലെ ഓവ് മുറിച്ചുകടന്ന് പ്രദക്ഷിണം വയ്ക്കരുത്.

ഓരോ ദേവന്മാര്‍ക്കും എത്ര വീതം പ്രദക്ഷിണം എന്നുനോക്കാം.

ഗണപതി-1, സൂര്യന്‍-2, നാഗരാജാവ്- 3, ഹനുമാന്‍-3, ദേവി-4, മഹാവിഷ്ണു-4, ശാസ്താവ്-4, സുബ്രഹ്മണ്യന്‍-5, അരയാല്‍-7, പരമശിവന്‍-3.

ശിവഭഗവാന്‍റെ ചില പ്രത്യേക വിവരങ്ങള്‍

പ്രധാനപ്പെട്ട ദിവസം- തിങ്കള്‍.

ശിവന്‍ എന്ന അര്‍ത്ഥം- മംഗളം, ഐശ്വര്യം, നന്മ, പൂര്‍ണ്ണത.

ആഭരണം- വാസുകി

പഞ്ചാക്ഷരി മന്ത്രം- നമഃശിവായ

വാഹനം- കാള

ഇഷ്ടപ്പെട്ട പൂവ്- എരിക്ക്, കൂവളം

പ്രധാന ഭൂതഗണം- നന്ദി

പ്രധാന വ്രതങ്ങള്‍- തിങ്കളാഴ്ച, തിരുവാതിര

പ്രധാന ആയുധം- ത്രിശൂലം

സംഹാരഭാവം- നടരാജഭാവം

സര്‍വ്വലോക ഗുരുഭാവം- ദക്ഷിണാമൂര്‍ത്തിഭാവം

രോഗരക്ഷഭാവം- വൈദീശ്വരഭാവം.

ആരാധനാഭാവം- ലിംഗഭാവം

പ്രധാന ഹോമം- മൃത്യുഞ്ജയഹോമം

പ്രധാന അഭിഷേകം- ക്ഷീരം, ജലം

മൂലമന്ത്രം- ഓം നമഃ ശിവായ.

ശിവജടയുടെ പേര്- കപര്‍ദ്ദം.

ഹൈന്ദവ വിശ്വാസമനുസരിച്ച് ത്രിമൂര്‍ത്തികളിലെ ഒരു മൂര്‍ത്തിയും സംഹാരത്തിന്‍റെ ദേവനുമാണ് ശിവന്‍. (പദാര്‍ത്ഥം- മംഗളകരമായത്). ഹിമവാന്‍റെ പുത്രിയായ ദേവി പാര്‍വ്വതിയാണ് ശിവഭഗവാന്‍റെ പത്നി. ദേവന്മാരുടെയും ദേവനായാണ് ശിവനെ ശൈവര്‍ ആരാധിക്കുന്നത്. ശിവന്‍റെ ആയുസ്സ് വിഷ്ണുവിന്‍റെ ആയുസ്സിന്‍റെ ഇരട്ടിയാണ്. 

ഗംഗയെ ശിവന്‍ ശിരസ്സില്‍ വഹിക്കുന്നു. ശിവന് കപര്‍ദ്ദം എന്നുപേരുള്ള ഒരു ചുവന്ന ജടയുണ്ട്. ശിവന്‍റെ ശിരസ്സില്‍ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവന്‍ തന്‍റെ പ്രധാന ആയുധമായ തൃശൂലം സദാ വഹിക്കുന്നു. 

നന്ദിയെന്ന വെളുത്ത കാളയാണ് വാഹനം. ശിവന്‍റെ കഴുത്തില്‍ മനുഷ്യത്തലയോടുകള്‍ കോര്‍ത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവന്‍ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവന്‍ രണ്ടുകൈയുള്ള ദേവനായും എട്ടും പത്തും കൈകള്‍ ഉള്ള ദേവനായും വര്‍ണ്ണിക്കപ്പെടാറുണ്ട്. ശിവന്‍റെ സര്‍വ്വാംഗങ്ങളിലും പാമ്പുകള്‍ ആഭരണമായി ശോഭിക്കുന്നു.

ശിവന്‍ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തില്‍ ശിവലിംഗത്തെ പൂജിക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്‍റെ അന്ത്യത്തിലും ശിവനുള്‍പ്പെടെയുള്ള ത്രിമൂര്‍ത്തികള്‍ പരാശക്തിയില്‍ ലയിച്ചുചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിക്കുകയും ചെയ്യുന്നതായാണ് വിശ്വാസം. ഭൈരവന്‍, ഭദ്രകാളി, വീരഭദ്രന്‍ എന്നിവരാണ് ഭൂതഗണങ്ങള്‍.

ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ എന്നിവര്‍ പുത്രന്മാര്‍. കടുംനീല നിറത്തിലെ കഴുത്ത് മൂലം നീലലോഹിതന്‍ എന്നും അറിയപ്പെടാറുണ്ട്.

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.

ബാബുരാജ് പൊറത്തിശ്ശേരി (9846025010)