സിംഹം  എങ്ങനെ ദുർഗ്ഗാശക്തിയുടെ വാഹനമായി

സിംഹം എങ്ങനെ ദുർഗ്ഗാശക്തിയുടെ വാഹനമായി

HIGHLIGHTS

പരാശക്തി ദുർഗ്ഗാദേവിയായി അവതരിച്ചത് മഹിഷാസുരനെ നിഗ്രഹിക്കാനാണ്. ദേവിയുടെ മറ്റൊരു നാമമാണ് മഹിഷാസുരമർദ്ദിനി. മാർക്കണ്ഡേയ പുരാണത്തിലെ ഒരു അദ്ധ്യായമായ ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗാദേവി ത്രിമൂർത്തികളുടേയും മറ്റ് ദേവന്മാരുടേയും ശക്തികൾ കൂടിച്ചേർന്ന് അവതാരമെടുത്തതാണെന്ന് പറയുന്നു.

ഓരോ ദേവവാഹനങ്ങളും പ്രതിനിധാനം ചെയ്യുന്നത് അത് വഹിക്കുന്ന ദേവീദേവന്മാരുടെ അതുല്യശക്തികളെയാണ്. അല്ലെങ്കിൽ അവരുടെ അവതാരോദ്ദേശത്തെയാണ്. ഉദാഹരണത്തിന് ഗണപതിയുടെ വാഹനം എലിയാണെന്ന് എല്ലാവർക്കുമറിയാം. സുബ്രഹ്മണ്യന്റെ വാഹനം മയിൽ, മഹാവിഷ്ണുവിന്റെ ഗരുഡൻ, പരമശിവന്റെ നന്തി, കുതിരയാണ് അയ്യപ്പന്റെ വാഹനം. ആന ശാസ്താവിന്റേയും. പോത്ത് ആണ് വിഷ്ണുമായയുടെ വാഹനം. ഇനി നവഗ്രഹങ്ങളെെയടുത്താലോ ഏഴ് കുതിരകളെ പൂട്ടിയ രഥമാണ് സൂര്യന്റെ വാഹനം, ചന്ദ്രന്റെയോ പേടമാൻ, ചൊവ്വയ്ക്ക് കൊറ്റൻ ആട് ബുധനോ വെള്ളകുതിര, ആനയാണ് വ്യാഴത്തിന്റെ വാഹനം. മുതല ശുക്രന്റേയും ശനിയുടെ വാഹനമാകട്ടെ കാക്കയും. രാഹുവിനാകട്ടെ സിംഹം, പൂച്ച, പുലി എന്നിവയും കേതുവിന് മത്സ്യവും വാഹനമാണ്. ദുർഗ്ഗാദേവിയുടെ വാഹനമാകട്ടെ സിംഹവും.

പരാശക്തി ദുർഗ്ഗാദേവിയായി അവതരിച്ചത് മഹിഷാസുരനെ നിഗ്രഹിക്കാനാണ്. ദേവിയുടെ മറ്റൊരു നാമമാണ് മഹിഷാസുരമർദ്ദിനി. മാർക്കണ്ഡേയ പുരാണത്തിലെ ഒരു അദ്ധ്യായമായ ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗാദേവി ത്രിമൂർത്തികളുടേയും മറ്റ് ദേവന്മാരുടേയും ശക്തികൾ കൂടിച്ചേർന്ന് അവതാരമെടുത്തതാണെന്ന് പറയുന്നു.
ദേവിക്ക് സിംഹവാഹിനി എന്നൊരു പേരുകൂടിയുണ്ട്. അതായത് സിംഹത്തിന് പുറത്തുവസിക്കുന്നവൾ എന്നർത്ഥം. ദേവി മഹിഷാസുരനെ വധിച്ചപ്പോൾ ഹിമവാൻ ദേവിക്ക് സമ്മാനിച്ചതാണ് ഒരു വെള്ള സിംഹത്തെ. അതിന്റെ രോമരാജികൾ സൂര്യന്റെ സുവർണ്ണ രശ്മികളാൽ സ്വർണ്ണവർണ്ണമായി കാണപ്പെടുന്നു. സിംഹം ശക്തിയുടെയും ധൈര്യത്തിന്റേയും പ്രതീകമാണ്. അതുപോലെ ജീവിതത്തിന്റേയും. അന്ധകാരത്തെ അകറ്റുന്ന പകലിന്റെ ഉദ്ദീപ്തമായ പ്രകാശജ്യോതിയാർന്ന തരംഗശോഭ സിംഹാരൂഢയായ ദേവിക്കുണ്ട്.

ദേവി അവതാരമെടുത്തതിനുശേഷം ഓരോ ദേവന്മാരും നാനാവിധത്തിലുള്ള ആയുധങ്ങളും ആടയാഭരണങ്ങളും ദേവിക്ക് സമ്മാനിച്ചു. മഹാദേവൻ ദേവിക്ക് സമ്മാനിച്ചത് ത്രിശൂലമാണ്. മഹാവിഷ്ണു സുദർശനചക്രവും. സമുദ്രാധിപനായ വരുണദേവൻ ശംഖാണ് നൽകിയത്. അഗ്നിദേവൻ വേൽ, വായുദേവൻ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും. ദേവേന്ദ്രൻ ഇടിമിന്നലും മണിയും നൽകി. യമദേവൻ തന്റെ ദണ്ഡും വാളും പരിചയും സമ്മാനിച്ചു. ബ്രഹ്മദേവൻ കമണ്ഡലുവും രുദ്രാക്ഷവും നൽകി. സൂര്യദേവൻ തന്റെ കിരണങ്ങളുടെ തീവ്രതയും തിളക്കവും ഉൾക്കൊണ്ട കവചവും നൽകി. വിശ്വകർമ്മാവ് നൽകിയത് തേജോമയമായ ഒരു മഴുവും, പലവിധത്തിലുള്ള ആയുധങ്ങളും കൂടാതെ അഭേദ്യമായ ഒരു രക്ഷാകവചവും ആയിരുന്നു.

കുബേരൻ ഗദയും വാസുകി നാഗങ്ങളെയും നൽകിയപ്പോൾ പാൽക്കടൽ നൽകിയത് പവിത്രമായ ഒരു പതക്കം,  ഒരിക്കലും അപചയം സംഭവിക്കാത്ത ഒരുജോഡി വസ്ത്രങ്ങൾ, വിശുദ്ധമായ ശിഖാമണി, ഒരുജോഡി കമ്മൽ, കങ്കണം, തേജോമയമായ ഒരു അർദ്ധചന്ദ്രാകാര ആഭരണം, എല്ലാ കൈകളിലും തോൾവള, തിളക്കമാർന്ന കാൽച്ചിലമ്പ്, വിശിഷ്ടവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ മാല, എല്ലാ വിരലുകളിലും ദിവ്യമായ മോതിരങ്ങൾ തുടങ്ങി എണ്ണമറ്റ ആഭരണങ്ങളായിരുന്നു.
മഹാസമുദ്രം ഒരിക്കലും വാടാത്ത താമരപ്പൂവിൽ തീർത്ത മാലകൾ തലയിലും കഴുത്തിലും അണിയിച്ചു. കൂടാതെ കൈയിൽ അതിമനോഹരമായ ഒരു താമരപ്പൂവും നൽകി. ശേഷനാഗം അമൂല്യരത്‌നങ്ങൾ കൊണ്ടലങ്കരിച്ച ഒരു നാടപടത്താലിയാണ് സമ്മാനിച്ചത്. മറ്റുള്ള എല്ലാ ദേവന്മാരും വിവിധ ആയുധങ്ങളും ആഭരണങ്ങളും നൽകി ദേവിയെ വന്ദിച്ചു നിന്നു. അപ്പോൾ ദേവി സിംഹനാദം തോറ്റുപോകുന്ന തരത്തിൽ അട്ടഹസിച്ചു. ദേവിയുടെ അട്ടഹാസത്തിൽ ഈരേഴു ലോകങ്ങളും ഭയന്നുവിറച്ചു. ഭൂമി കുലുങ്ങി, സമുദ്രത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങി!

സിംഹത്തിന് പുറത്തുവസിക്കുന്നവൾ എന്നർത്ഥം വരുന്ന 'സിംഹവാഹിനി' എന്നൊരു പേരുകൂടിയുണ്ട് ദേവിക്ക്. സിംഹം നിയന്ത്രണാതീതമായ മൃഗീയ വികാരങ്ങളുടെ- അതായത് ദേഷ്യം, മദം, ഗർവ്വം, സ്വാർത്ഥത, അത്യാർത്തി, സ്പർദ്ധ, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത എന്നിവയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹത്തിന്റെ പുറത്തുവസിക്കുന്ന ദേവി നമ്മളെ ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയുള്ള വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ്. അതായത് അവ നമ്മളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ്. അല്ലാതെ നമ്മളെ നിയന്ത്രിക്കേണ്ടതല്ല എന്നുള്ള ഓർമ്മപ്പെടുത്തൽ. കൂടാതെ ശക്തിയുടേയും ബുദ്ധിയുടേയും സാരഥ്യത്തിന്റേയും പ്രതീകം കൂടിയാണ് സിംഹം. ഒറ്റവാക്കിൽ പറഞ്ഞാൽ ധർമ്മത്തിന്റെ പ്രതീകം.