നിലവിളക്ക് തെളിയിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ആചാരങ്ങളും വിശ്വാസങ്ങളും അറിയാം
ഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യത്തിന്റെയും മംഗളത്തിന്റെയും പ്രതീകമാണ് നിലവിളക്ക്. തിന്മയുടെ അന്ധകാരം അകറ്റി നന്മയുടെ പ്രകാശം ജീവിതത്തിൽ നിറയണമെന്ന പ്രാർഥനയുടെ ഭാഗമായാണ് വീടുകളിൽ രാവിലെയും വൈകിട്ടും നിലവിളക്ക് തെളിയിക്കുന്നത്. വെറുമൊരു ആചാരമെന്ന നിലയിൽ അല്ലാതെ, ഭക്തിയോടും ശുദ്ധിയോടും കൂടിയാണ് ദീപം തെളിക്കേണ്ടതെന്നാണ് വിശ്വാസം.
നിലവിളക്കിന്റെ ആത്മീയ പ്രാധാന്യം
നിലവിളക്കിലെ ഓരോ ഭാഗത്തിനും പ്രത്യേക ദൈവസങ്കൽപമുണ്ടെന്നാണ് വിശ്വാസം. അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾഭാഗം ശിവനെയും പ്രതിനിധീകരിക്കുന്നു. തിരിനാളം ലക്ഷ്മിദേവിയെയും ജ്വാല സരസ്വതിദേവിയെയും ചൂട് പാർവതിദേവിയെയും സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ മനസ്സും ശരീരവും ശുദ്ധമാക്കി വേണം വിളക്ക് തെളിക്കാൻ.
വിളക്ക് തെളിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്
വിളക്ക് വയ്ക്കുന്ന സ്ഥലം തുളസിയില ചേർത്ത വെള്ളം തളിച്ച് ശുദ്ധീകരിക്കുന്നത് ശ്രേഷ്ഠമാണെന്നാണ് വിശ്വാസം. ഓട്, പിത്തളം, വെള്ളി, സ്വർണം എന്നിവകൊണ്ട് നിർമിച്ച വിളക്കുകളാണ് ഉപയോഗിക്കാൻ ഉചിതം. സാധാരണ ഓട്ടുവിളക്കിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
വിളക്ക് നേരിട്ട് നിലത്ത് വയ്ക്കാതെ പീഠത്തിലോ തളികയിലോ സ്ഥാപിക്കണം. വിളക്കിന് മുന്നിൽ ശുദ്ധജലം, പൂക്കൾ, ചന്ദനത്തിരി എന്നിവ സമർപ്പിക്കുന്നതും പതിവാണ്. ദിവസവും വിളക്ക് വൃത്തിയാക്കി മിനുക്കിയശേഷം മാത്രമേ തെളിയിക്കാവൂ എന്നും വിശ്വാസമുണ്ട്.
തിരികളുടെ എണ്ണത്തിന് പറയുന്ന വിശ്വാസങ്ങൾ
സാധാരണ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി രണ്ട് തിരികൾ കൂപ്പുകൈയുടെ രൂപത്തിൽ ഇടുന്നതാണ് പ്രമാണം. പഞ്ഞിത്തിരിയാണ് ഏറ്റവും ഉത്തമമെന്ന് കരുതപ്പെടുന്നു.
വിശ്വാസപ്രകാരം,
ഒരു തിരി – മഹാവ്യാധിയുടെ സൂചന.
രണ്ട് തിരി – ധനലാഭം.
മൂന്ന്, നാല് തിരി – ദാരിദ്ര്യസൂചന.
അഞ്ച് തിരി – ഐശ്വര്യവും ദുരിതനിവാരണവും.
ചില വിശ്വാസങ്ങളിൽ വിവാഹതടസ്സം മാറാൻ ചുവന്ന തിരിയും മാനസികവിഷമം അകറ്റാൻ മഞ്ഞതിരിയും ഉപയോഗിക്കാറുണ്ട്.
ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്?
പാചകത്തിന് ഉപയോഗിച്ച എണ്ണയോ വെള്ളം കലർന്ന എണ്ണയോ വിളക്കിൽ ഉപയോഗിക്കരുതെന്നാണ് ആചാരം. മൃഗക്കൊഴുപ്പിൽ നിന്നുള്ള എണ്ണയും ഒഴിവാക്കണം. എള്ളെണ്ണയാണ് ഏറ്റവും ശ്രേഷ്ഠമെന്നാണ് വിശ്വാസം.
ഏത് ദിശയിലേക്കാണ് വിളക്ക് തെളിയിക്കേണ്ടത്?
രാവിലെ കിഴക്കോട്ട് അഭിമുഖമായി നിന്ന് വിളക്ക് തെളിയിക്കുന്നത് ദുഃഖങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. വൈകുന്നേരം പടിഞ്ഞാറോട്ടാണ് തെളിയിക്കേണ്ടത്. ഇത് കടബാധ്യത കുറയാൻ സഹായിക്കുമെന്നാണ് കരുതുന്നത്. വടക്കോട്ട് തെളിയിക്കുന്നത് സമ്പത്ത് വർധിപ്പിക്കുമെന്നും തെക്കോട്ട് വിളക്ക് തെളിയിക്കുന്നത് ഒഴിവാക്കണമെന്നും ആചാരങ്ങളിൽ പറയുന്നു.
വിളക്ക് തെളിയിക്കേണ്ട സമയം
സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഏകദേശം അഞ്ച് മിനിറ്റ് മുമ്പ് വിളക്ക് തെളിയിക്കുന്നതാണ് ഉത്തമം. രാവിലെ കിഴക്കോട്ടുള്ള തിരിയും വൈകുന്നേരം പടിഞ്ഞാറോട്ടുള്ള തിരിയുമാണ് ആദ്യം തെളിയിക്കേണ്ടതെന്നാണ് വിശ്വാസം.
ആരാണ് വിളക്ക് തെളിയിക്കേണ്ടത്?
പരമ്പരാഗതമായി കുടുംബനാഥയാണ് നിലവിളക്ക് തെളിയിക്കുന്നത്. ദീപം തെളിയിക്കുന്ന സമയത്ത് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പ്രാർഥിക്കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു.
വിളക്ക് തെളിക്കുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങൾ
വിളക്ക് തെളിയിക്കുന്ന മന്ത്രം:
ചിത് പിംഗല ഹനഹന
ദഹ ദഹ പച പച സർഞ്ജാ ജ്ഞാപയ സ്വാഹ
പ്രാർഥനാമന്ത്രം:
ശിവം ഭവതു കല്യാണം
ആയുരാരോഗ്യവർദ്ധനം
മമ ബുദ്ധി പ്രകാശായ
ദീപതേ നമോ നമഃ
നിലവിളക്ക് വയ്ക്കാൻ അനുയോജ്യമായ സ്ഥലം
പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് സാധാരണ വിളക്ക് വയ്ക്കുന്നത്. അതല്ലെങ്കിൽ ഈശാനകോണം, വീടിന്റെ മധ്യഭാഗം, തെക്ക്-പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലും സ്ഥാപിക്കാമെന്നാണ് ആചാരവിശ്വാസം.
എത്രനേരം കത്തിക്കണം?
വിളക്കിലെ എണ്ണ തീരുന്നതുവരെ കത്തിക്കാമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ സന്ധ്യാ പൂജ കഴിഞ്ഞ് അണയ്ക്കുന്നതിലും തെറ്റില്ല. തിരി ഊതി കെടുത്താതെ പൂവ് ഉപയോഗിച്ച് അണയ്ക്കുന്നതാണ് ഉത്തമമെന്ന് പറയുന്നു.
ഒരു ദിവസം വിളക്ക് തെളിയിക്കാനായില്ലെങ്കിൽ?
സാഹചര്യങ്ങൾ മൂലം ഒരു നേരം വിളക്ക് തെളിയിക്കാൻ കഴിയാതിരുന്നാൽ ദോഷമുണ്ടാകില്ലെന്നാണ് പല ആചാര്യന്മാരുടെയും അഭിപ്രായം. ഭക്തിയും ആത്മാർഥതയും പ്രധാനമാണെന്നും, ഒരു നേരം മാത്രം വിളക്ക് തെളിയിച്ചാലും അതിൽ തെറ്റില്ലെന്നും വിശ്വസിക്കപ്പെടുന്നു.
അത്തരമൊരു സാഹചര്യത്തിന് ശേഷം വീണ്ടും ദീപം തെളിയിക്കുമ്പോൾ ക്ഷമാപണമന്ത്രം ചൊല്ലുന്നത് നല്ലതാണെന്ന് ആചാരങ്ങളിൽ പറയുന്നു.
ക്ഷമാപണമന്ത്രം:
ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ.
