കർക്കടക മാസത്തിൽ വീട്ടിൽ രാമായണം പാരായണം ചെയ്യേണ്ട വിധം ഇതാ...

കർക്കടക മാസത്തിൽ വീട്ടിൽ രാമായണം പാരായണം ചെയ്യേണ്ട വിധം ഇതാ...

കേരളീയ ഹൈന്ദവരുടെ ആത്മീയ ജീവിതത്തിൽ പ്രത്യേക സ്ഥാനമുള്ള കർക്കടക മാസം എത്തുകയാണ്. ഒരുകാലത്ത് 'പഞ്ഞ കർക്കടകം', 'കള്ളക്കർക്കടകം' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ മാസം ഇന്ന് 'രാമായണ മാസം' എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും രാമകഥയുടെ നാദം മുഴങ്ങുന്ന ഈ ദിവസങ്ങളിൽ, മനസ്സിനും ശരീരത്തിനും ആത്മീയ ഉണർവ് പകരാനായി രാമായണ പാരായണം നടത്തുന്നത് പതിവാണ്.

എങ്ങനെ ആരംഭിക്കണം?

കർക്കടകം ഒന്നാം തീയതി രാവിലെ കുളിച്ച് ശുദ്ധിയോടെ ദീപം തെളിയിച്ച് രാമായണ ഗ്രന്ഥത്തെ വണങ്ങിയാണ് പാരായണം ആരംഭിക്കേണ്ടത്. ആദ്യം ശ്രീരാമ സ്തുതികൾ ചൊല്ലിയ ശേഷമേ വായന തുടങ്ങാവൂ. കർക്കടക മാസം അവസാനിക്കുമ്പോഴേക്കും രാമായണം മുഴുവനായും പാരായണം പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാമ' എന്ന ഭാഗത്ത് നിന്നാണ് പാരായണം ആരംഭിക്കേണ്ടത്. തുടർന്ന് ഏത് ഭാഗം വായിച്ചാലും ആദ്യം ഈ ഭാഗം ചൊല്ലണമെന്നാണ് ആചാരം. ഉഷസന്ധ്യ, മധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ സമയങ്ങളിൽ പാരായണം ഒഴിവാക്കണമെന്നും വിശ്വാസമുണ്ട്.

പാരായണം ശുഭകാര്യങ്ങൾ പ്രതിപാദിക്കുന്ന ഭാഗത്ത് നിന്ന് ആരംഭിക്കുകയും ശുഭസൂചനകളോടെ അവസാനിപ്പിക്കുകയും വേണം. യുദ്ധം, മരണം, കലഹം തുടങ്ങിയ സംഭവങ്ങൾ വിവരിക്കുന്ന ഭാഗങ്ങളിൽ നിന്ന് തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യരുതെന്നാണ് ആചാരനിഷ്ഠ. ദിവസേന വായന അവസാനിപ്പിക്കുമ്പോൾ യുദ്ധകാണ്ഡത്തിലെ 'രാമായണ മാഹാത്മ്യം' കൂടി പാരായണം ചെയ്യുന്നതും പതിവാണ്.

നാലമ്പല യാത്രയ്ക്ക് പ്രത്യേക പ്രാധാന്യം

രാമായണ മാസത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ് നാലമ്പല യാത്ര. ഒരു ദിവസംകൊണ്ട് ശ്രീരാമന്റെയും സഹോദരന്മാരുടെയും പ്രതിഷ്ഠകളുള്ള നാല് ക്ഷേത്രങ്ങൾ ദർശിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വാസം.

നാലമ്പലങ്ങൾ:

തൃപ്രയാർ ശ്രീരാമക്ഷേത്രം
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം (ഭരതൻ)
തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം
പായമ്മൽ ശത്രുഘ്ന ക്ഷേത്രം

കർക്കടകം ഒന്നു മുതൽ ഓരോ ദിവസവും പാരായണം ചെയ്യേണ്ട രാമായണ ഭാഗങ്ങൾ:

ബാലകാണ്ഡം- ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെ
ബാലകാണ്ഡം- ശിവൻ പാർവതിയോട് കഥ പറയുന്നത് മുതൽ പുത്രകാമേഷ്‌ടി വരെ
ബാലകാണ്ഡം- വിശ്വാമിത്രൻറെ യാഗരക്ഷ മുതൽ അഹല്യാസ്‌തുതി വരെ
ബാലകാണ്ഡം- സീതാസ്വയംവരം മുതൽ ഭാർഗവഗർവ്വശമനം വരെ
അയോദ്ധ്യാകാണ്ഡം- ആരംഭം മുതൽ ശ്രീരാമാഭിഷേകാരംഭം വരെ
അയോദ്ധ്യാകാണ്ഡം- ശ്രീരാമാഭിഷേക വിഘ്നം മുതൽ വിച്‌ഛിന്നാഭിഷേകം വരെ
അയോദ്ധ്യാകാണ്ഡം - ലക്ഷ്‌മണോപദേശം മുതൽ രാമസീതാരഹസ്യം വരെ
അയോദ്ധ്യാകാണ്ഡം- വനയാത്ര മുതൽ വാൽമീകാശ്രമപ്രവേശം വരെ
അയോദ്ധ്യാകാണ്ഡം- വാൽമീകിയുടെ ആത്മകഥ മുതൽ സംസ്‌കാരകർമ്മം വരെ
അയോദ്ധ്യാകാണ്ഡം- ഭരതൻറെ വനയാത്ര മുതൽ അത്ര്യാശ്രമപ്രവേശം വരെ
ആരണ്യകാണ്ഡം- ആരംഭം മുതൽ അഗസ്‌ത്യസ്‌തുതി വരെ
ആരണ്യകാണ്ഡം- ജടായുസംഗമം മുതൽ ഖരവധം വരെ
ആരണ്യകാണ്ഡം- ശൂർപ്പണകാവിലാപം മുതൽ സീതാന്വേഷണം വരെ
ആരണ്യകാണ്ഡം- ജടായുഗതി മുതൽ ശബര്യാശ്രമപ്രവേശം വരെ
കിഷ്‌കിന്ധാകാണ്ഡം- ആരംഭം മുതൽ ബാലിസുഗ്രീവ യുദ്ധം വരെ
കിഷ്‌കിന്ധാകാണ്ഡം- ബാലിവധം മുതൽ താരോപദേശം വരെ
കിഷ്‌കിന്ധാകാണ്ഡം- സുഗ്രീവരാജ്യാഭിഷേകം മുതൽ സുഗ്രീവൻ രാമ സന്നിധിയിൽ വരെ
കിഷ്‌കിന്ധാകാണ്ഡം- സീതാന്വേഷണോദ്യോഗം മുതൽ അംഗദാദികളുടെ സംശയം വരെ
കിഷ്‌കിന്ധാകാണ്ഡം- സമ്പാതിവാക്യം മുതൽ സമുദ്രലംഘന ചിന്ത വരെ
സുന്ദരകാണ്ഡം- ആരംഭം മുതൽ രാവണൻറെ ഇച്‌ഛാഭംഗം വരെ
സുന്ദരകാണ്ഡം- ഹനുമാൻ സീതാസംവാദം മുതൽ ലങ്കാമർദ്ദനം വരെ
സുന്ദരകാണ്ഡം- ഹനുമാൻ രാവണസഭയിൽ മുതൽ ഹനുമാൻറെ പ്രത്യാഗമനം വരെ
യുദ്ധകാണ്ഡം- ആരംഭം മുതൽ രാവണവിഭീഷണ സംഭാഷണം വരെ
യുദ്ധകാണ്ഡം- വിഭീഷണൻ ശ്രീരാമസന്നിധിയിൽ മുതൽ സേതുബന്ധനം വരെ
യുദ്ധകാണ്ഡം- രാവണശുകസംവാദം മുതൽ യുദ്ധാരംഭം വരെ പാരായണം
യുദ്ധകാണ്ഡം- രാവണൻറെ പുറപ്പാട് മുതൽ നാരദസ്‌തുതി വരെ
യുദ്ധകാണ്ഡം- അതികായവധം മുതൽ ദിവ്യൗഷധഫലം വരെ
യുദ്ധകാണ്ഡം- മേഘനാദവധം മുതൽ രാവണൻറെ ഹോമവിഘ്നം വരെ
യുദ്ധകാണ്ഡം- രാമരാവണയുദ്ധം മുതൽ രാവണവധം വരെ
യുദ്ധകാണ്ഡം- വിഭീഷണ രാജ്യാഭിഷേകം മുതൽ ഹനുമൽ ഭരതസംവാദം വരെ
യുദ്ധകാണ്ഡം- അയോദ്ധ്യാപ്രവേശം മുതൽ യുദ്ധകാണ്ഡം അവസാനം വരെ

എകശ്ലോകി രാമായണം

ദിവസേന മുഴുവൻ രാമായണം വായിക്കാൻ സാധിക്കാത്തവർക്ക് 'എകശ്ലോകി രാമായണം' ജപിക്കുന്നതും ആചാരത്തിന്റെ ഭാഗമാണ്. രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഒറ്റ ശ്ലോകത്തിൽ സംക്ഷിപ്തമായി അവതരിപ്പിച്ചിരിക്കുന്ന ഈ ശ്ലോകം ഭക്തിപൂർവം ജപിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വാസം.

പൂർവം രാമ തപോവനാദി ഗമനം ഹത്വാ മൃഗം കാഞ്ചനം ।
വൈദേഹീ ഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ॥
ബാലീ നിഗ്രഹണം സമുദ്ര തരണം ലങ്കാപുരീ മർദ്ദനം ।
കൃത്വാ രാവണ കുംഭകർണ്ണ നിധനം സമ്പൂർണ രാമായണം ॥

കർക്കടക മാസത്തിലെ രാമായണ പാരായണം ഭക്തിയുടെ ആചാരമെന്നതിലുപരി ആത്മവിശ്വാസവും മാനസിക ശാന്തിയും വളർത്തുന്ന ആത്മീയ അനുഷ്ഠാനമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.