വീട്ടിൽ എഴുത്തിനിരുത്തുന്നത് എങ്ങനെ?
മൂന്നാമത്തെ വയസ്സാണ് എഴുത്തിനിരുത്താൻ ഏറ്റവും ഉത്തമം. രണ്ട് വയസ്സും ആറു മാസവും കഴിഞ്ഞ് വരുന്ന വിജയദശമി സ്വീകരിക്കാം. മൂന്ന് വയസ്സ് തികഞ്ഞേ പറ്റൂ എന്നില്ല. മൂന്ന് വയസ്സ് കഴിയരുത്. മുന്ന് വയസ്സ് തികയുന്നതിനടുത്ത് വിജയദശമി കിട്ടിയാൽ അന്ന് ചെയ്യുക. ഇല്ലെങ്കിൽ ഒരു ജ്യോത്സ്യനെക്കൊണ്ട് മുഹൂർത്തം കുറിപ്പിച്ച് വേറെ ദിവസം ചെയ്യുക.
നവരാത്രി പൂജയും വിജയദശമി നാളിലെ എഴുത്തിനിരുത്തും വീട്ടിൽ നടത്താം.
വിദ്യാരംഭം
കുട്ടിയുടെ അച്ഛനോ മുത്തശ്ശനോ അതുപോലെ ഗുരുതുല്യമായ വ്യക്തികൾക്കോ എഴുതിക്കാം. ദൈവാനുഗ്രഹം സിദ്ധിച്ച ആചാര്യൻമാരെ കൊണ്ടും എഴുതിക്കാം. കിഴക്കുദിക്ക് അഭിമുഖമായിരുന്നു വേണം വിദ്യാരംഭം.
കുട്ടിയെ കുളിപ്പിച്ചൊരുക്കി മുണ്ടും രണ്ടാം മുണ്ടും ധരിപ്പിക്കണം. ഗുരു, ഗണപതി, ദക്ഷിണാമൂർത്തി , വേദവ്യാസൻ എന്നിവരെ ആദ്യം പ്രാർത്ഥിക്കണം. പിന്നീട് വിദ്യാദേവതയായ സരസ്വതിയെ പ്രാർത്ഥിച്ച് എഴുതിക്കാം.
സ്വർണ്ണശകലം കൊണ്ട് ആദ്യം നാവിൽ ' ഓം ഹരിശ്രീ ഗണപതയെ നമ: അവിഘ്‌നമസ്തു' എന്ന് എഴുതണം. പിന്നീട് കുട്ടിയുടെ കൈ പിടിച്ച് ഇതേ മന്ത്രം അരിയിൽ എഴുതിക്കണം. അതിനു ശേഷം കുട്ടിയെ എഴുതിച്ച വ്യക്തി എഴുന്നേറ്റ് കുട്ടിയെ എഴുന്നേല്പിച്ച് കുട്ടിയുടെ ശിരസ്സിൽ ഇരുകയ്യും വച്ച് അനുഗ്രഹിക്കണം.
വിദ്യാരംഭം കുറിപ്പിക്കുന്ന ആചാര്യൻ എങ്ങനെയുള്ള ആളായിരിക്കണം
ഗുരുതുല്യമായ വ്യക്തികളാണ് എഴുത്തിനിരുത്തേണ്ടത്. കുട്ടിയുടെ അച്ഛൻ, മുത്തശ്ശൻ, അമ്മാവൻ എന്നിവർക്ക് എഴുത്തിനിരുത്താം . ഈശ്വരോപാസകരായ പൂജാരിമാർ, ആചാര്യൻമാർ എന്നിവരെ കൊണ്ട് എഴുതിക്കുന്നത് നല്ലതാണ്. എഴുത്തിനിരുത്തുന്ന വ്യക്തിയുടെ ഐശ്വര്യവും അനുഗ്രഹവും കുട്ടിക്ക് ലഭിക്കുന്നുവെന്നാണ് വിശ്വാസം. ദൈവഭയവും വിശ്വാസവും ധാർമ്മിക ജീവിതവും വിദ്യാഗുണവും ഉള്ള ഒരു വ്യക്തിയായിരിക്കണം എഴുത്തിനിരുത്തേണ്ടത്. അത് ലഭിക്കുന്നില്ലെങ്കിൽ യാതൊരു സംശയവും വേണ്ട, അച്ഛനോ അമ്മയോ മുത്തശ്ശനോ മുത്തശ്ശിയോ എഴുത്തിനിരുത്തട്ടെ.
വിദ്യാരംഭം ഒരുക്കുകൾ
വിദ്യാരംഭത്തിന് ഒരുക്കുന്നത് പൂജാമുറിയിലോ, ഹാളിലോ ശുദ്ധമായ ഒരു സ്ഥലത്ത് അല്പം ശുദ്ധജലം തളിച്ചു ഒരു പലകയോ പീഠമോ വാഴയിലയോ ഇട്ട് അതിനുമേൽ നിലവിളക്ക് നെയ്യൊഴിച്ച് തെളിക്കുക. 5 തിരിയിട്ട ദീപം അല്ലെങ്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം തെളിക്കുക. സരസ്വതീ ദേവിയുടെ ചിത്രം ഉണ്ടെങ്കിൽ കിഴക്കോട്ട് തിരിച്ച് പീഠത്തിന്മേൽ പട്ടുവിരിച്ച് സ്ഥാപിക്കുക.
നിലവിളക്കിനു മുന്നിൽ ഗണപതി ഒരുക്ക്, ഒരു താലത്തിൽ കുത്തരി, പച്ചരി ഇവ ഒരുക്കി വയ്ക്കണം. വിദ്യാരംഭം കുറിക്കാൻ സ്വർണ്ണം ഇല്ലാത്തവർ വയമ്പ് അല്ലെങ്കിൽ ദർഭയോ ഉപയോഗിക്കാം.
വിദ്യാരംഭത്തിന് ശരിയായ ഒരു മുഹൂർത്തം ആവശ്യമാണ് വിദ്യാരംഭ ദിവസം ഒഴികെ മറ്റൊരു ദിവസം ആണെങ്കിൽ വിദ്യാരംഭം കുറിക്കുന്ന കുഞ്ഞിന്റെ നക്ഷത്രം, വിദ്യാരംഭ ദിവസത്തെ രാശി, തിഥി ഇവ പ്രകാരം ഒരു ഉത്തമ മുഹൂർത്തം മുൻകൂട്ടി കുറച്ചു വയ്ക്കണം.
ആദ്യം ഓം എന്ന പ്രണവ അക്ഷരവും തുടർന്ന് 'ഹരിശ്രീ ഗണപതയെ നമഃ അവിഘ്‌നമസ്തു ' എന്നും, നാവിൽ കുറിക്കണം. കിഴക്കു ദിക്ക് അഭിമുഖമായിരുന്ന് വേണം വിദ്യാരംഭം കുറിക്കാൻ. നാവിൽ കുറിച്ച ശേഷം വലതു കൈയിലെ ചൂണ്ടുവിരൽ പിടിച്ച് താലത്തിലുള്ള അരിയിലും എഴുതിപ്പിക്കണം. വിദ്യാരംഭം ക്ഷേത്രത്തിൽ നടത്തിയാലും വീട്ടിലോ മറ്റോ എവിടെയെങ്കിലും നടത്തിയാലും കുറിക്കുന്ന കുഞ്ഞിന്റെ പേരും നാളും നൽകി തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിൽ വിദ്യാസൂക്താർച്ചന നടത്തുന്നത് നല്ലതാണ്.
