ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഒരു കൈപ്പിടി അരിമണി മതി...

ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഒരു കൈപ്പിടി അരിമണി മതി...

കോയമ്പത്തൂര്‍ ജില്ലയില്‍ മേട്ടുപ്പാളയം നഗരത്തിനടുത്തുള്ള സിറുമുകൈ ഇടുകം പാളയം ജയമംഗള ആഞ്ജനേയ സ്വാമി ഭക്തരില്‍ ക്ഷിപ്രപ്രസാദിയായി വരമേകുന്ന ദൈവമാണ്. ഇവിടെ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഹനുമാന്‍ സ്വാമിക്ക് വഴിപാടായി ഒരു കൈപ്പിടി അരി കാണിക്ക തരാം എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി ഉദ്ദിഷ്ടകാര്യസിദ്ധി സുനിശ്ചിതം എന്നാണ് ഭക്തവിശ്വാസം.

പാണ്ഡ്യരാജാക്കന്മാര്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്‍റെ ചുവരില്‍ മീന്‍ ചിഹ്നം കാണാം. ഇവിടെയുള്ള ഹനുമാന്‍ശിലയ്ക്ക് എഴുന്നൂറ്റി പതിനേഴ് വര്‍ഷത്തെ പഴക്കമുണ്ടത്രെ. എട്ട് അടി ഉയരമുള്ള പാറയില്‍ ആറടി ഉയരത്തിലും അഞ്ചടി വീതിയിലും കൊത്തിയെടുത്ത ഹനുമാന്‍ശിലയുടെ പ്രത്യേകത, ഹനുമാന്‍ ഭക്തരെ നോക്കുന്നു എന്നപോലെ  കൊത്തിയുണ്ടാക്കിയിരിക്കുന്നുവെന്നതാണ്.

തലയ്ക്ക് മീതെയുള്ള വാലിന്‍റെ അഗ്രത്തില്‍ മണിയും ഉണ്ട്. വലതുകയ്യില്‍ സുദര്‍ശനചക്രവും ഇടതുകയ്യില്‍ സൗഗന്ധികപ്പൂവും ഉണ്ട്. വിവാഹം, സന്താനഭാഗ്യസിദ്ധി എന്നിവയ്ക്കായി ശനിയാഴ്ച തോറും ഭക്തര്‍ സ്വാമിക്ക് തുളസിമാല വഴിപാട് നല്‍കി പ്രാര്‍ത്ഥിക്കുന്നു. ഉടന്‍ തന്നെ ഫലസിദ്ധി ലഭിക്കുവാനായി ഒരു കൈപ്പിടി അരി നിത്യവും എടുത്തുവെച്ച് അത് കാണിക്കയായി സമര്‍പ്പിക്കുന്നു. മേട്ടുപാളയത്ത് നിന്നും പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇടുകം പാളയം ശ്രീജയമംഗള ആഞ്ജനേയസ്വാമി കോവിലില്‍ എത്താം.

Photo Courtesy - Google