അയ്യപ്പനെ വിളിച്ചാല്‍ സമാധാനം ഉള്ളിലെത്തും -ഉണ്ണിമുകുന്ദന്‍
ആദ്യയാത്രയില്‍ മലകയറ്റം ഏറെ ആയാസകരമായിരുന്നു. 'മലകയറ്റം അതികഠിനമയ്യപ്പാ' എന്ന ശരണം വിളിയാണ് ഏറെ വിളിച്ചതെന്ന് തോന്നുന്നു. എന്തിനാണ് അയ്യപ്പന്‍ ഇത്രയും മുകളില്‍ വസിക്കുന്നതെന്ന് സഹയാത്രികരോട് ചോദിക്കുകയും ചെയ്തിരുന്നു. സന്നിധാനത്ത് എത്തിയതോടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഉത്തരമായി. മറ്റെങ്ങുനിന്നും ലഭിക്കാത്ത മനഃശാന്തി അയ്യപ്പസന്നിധിയില്‍ എത്തിയതോടെ ലഭിച്ചു എന്നതാണ് വാസ്തവം.
2015 ലാണ് ശബരിമല യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗമാകുന്നത്. അയ്യപ്പസ്വാമിയും, ഹനുമാന്‍ സ്വാമിയുമാണ് ഇഷ്ടദൈവങ്ങള്‍. 2012 ല്‍ പുറത്തിറങ്ങിയ 'മല്ലുസിംഗ്' എന്ന സിനിമയ്ക്കുശേഷം ഇനിയെന്ത് എന്നൊരു ചോദ്യം സ്വയം ചോദിച്ചുകൊണ്ടിരുന്നു. പറയത്തക്ക അവസരങ്ങളൊന്നും മല്ലുസിംഗിന് ശേഷം എത്തിയിരുന്നില്ല. സിനിമാരംഗം വിട്ട് മറ്റ് തൊഴില്‍ അന്വേഷിക്കണോ, അതോ സിനിമയില്‍ തന്നെ നില്‍ക്കണോ എന്ന് കൃത്യമായി തീരുമാനം എടുക്കാനാകാതെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇതിനിടയില്‍ ശാരീരിക പ്രയാസങ്ങളും. രണ്ടും കൂടി ആയതോടെ ജീവിതം ദുസ്സഹമായി.
ഇക്കാലത്താണ് അയ്യപ്പസന്നിധിയിലേയ്ക്കുള്ള യാത്ര. ആദ്യയാത്രയില്‍ മലകയറ്റം ഏറെ ആയാസകരമായിരുന്നു. 'മലകയറ്റം അതികഠിനമയ്യപ്പാ' എന്ന ശരണം വിളിയാണ് ഏറെ വിളിച്ചതെന്ന് തോന്നുന്നു. എന്തിനാണ് അയ്യപ്പന്‍ ഇത്രയും മുകളില്‍ വസിക്കുന്നതെന്ന് സഹയാത്രികരോട് ചോദിക്കുകയും ചെയ്തിരുന്നു. സന്നിധാനത്ത് എത്തിയതോടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഉത്തരമായി. മറ്റെങ്ങുനിന്നും ലഭിക്കാത്ത മനഃശാന്തി അയ്യപ്പസന്നിധിയില്‍ എത്തിയതോടെ ലഭിച്ചു എന്നതാണ് വാസ്തവം. സര്‍വ്വ ആകുലതകള്‍ക്കും പരിഹാരമുണ്ട് എന്നൊരു തോന്നല്‍... വിശ്വാസം. പിന്നീട് നിരവധി തവണ അയ്യപ്പസന്നിധിയില്‍ എത്തി. ആദ്യ അയ്യപ്പദര്‍ശനവേളയില്‍ തന്നെ സിനിമാരംഗത്ത് തുടരാനുള്ള തീരുമാനം മനസ്സില്‍ ഉറച്ചു.
വന്‍വിജയമായ 'മാളികപ്പുറം' അയ്യപ്പസ്വാമി നല്‍കിയ സമ്മാനമെന്നാണ് വിശ്വാസം. സിനിമയിലാണെങ്കിലും അയ്യപ്പസ്വാമിയായി അഭിനയിക്കാനായത് വ്യക്തിപരമായ സന്തോഷം നല്‍കി. 'മാളികപ്പുറം' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസം രണ്ട് തവണ അയ്യപ്പസന്നിധിയില്‍ എത്തിയിരുന്നു. മാളികപ്പുറം സിനിമയുടെ ചിത്രീകരണം മുടങ്ങിയപ്പോള്‍ അയ്യപ്പസ്വാമിക്കരികിലെത്തി പ്രാര്‍ത്ഥിച്ചു. ദുഃഖഭാരത്താലാണ് അന്ന് മലകയറിയത്. പിന്നീട് എല്ലാം ശുഭകരമായിത്തീര്‍ന്നു.
പരീക്ഷിക്കുമെങ്കിലും അയ്യപ്പന്‍ ഉപേക്ഷിക്കില്ല എന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നത്. മാളികപ്പുറത്ത് സിനിമയുടെ ചിത്രീകരണം പല പ്രശ്നങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടിലായിരുന്നെങ്കിലും അതെല്ലാം അയ്യപ്പകടാക്ഷത്താല്‍ അനുഗ്രഹമായി മാറി. സിനിമ നൂറുകോടി ക്ലബ്ബില്‍ ഇടം നേടുക മാത്രമല്ല അയ്യപ്പഭക്തരുടേയും, സിനിമാപ്രേമികളുടെയും മനസ്സില്‍ ഇടം നേടി. സിനിമയുടെ വിജയാഘോഷദിനം വീണ്ടും അയ്യപ്പസന്നിധിയിലെത്തി.
2022 ല്‍ വിഷ്ണുമോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' എന്ന സിനിമയില്‍ 'ദൂരെ ദൂരെ ദൂരെയുണ്ട് ശാന്തിയേകും സ്വാമിയുള്ള മാമല' എന്നൊരു അയ്യപ്പഭക്തിഗാനം പാടാനും ഭാഗ്യമുണ്ടായി. ആ ഗാനത്തിന്‍റെ സി.ഡി തന്ത്രി കണ്ഠരര് മഹേഷ് മോഹനര്‍ക്ക് സന്നിധാനത്ത് വച്ച് നല്‍കിയാണ് പ്രകാശനം നടത്തിയത്.
ഇക്കുറിയും അയ്യപ്പസന്നിധിയില്‍ എത്തണമെന്നാണ് ആഗ്രഹം. ശബരിമലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. തപസ്സിനും, മോക്ഷത്തിനുമായി അയ്യപ്പന്‍ തെരഞ്ഞെടുത്ത വനഭൂമിയാണ് പൂങ്കാവനം. അതിന്‍റെ വന്യതയ്ക്കും, ജൈവവൈവിധ്യത്തിനും കോട്ടം തട്ടാതെ തന്നെ തീര്‍ത്ഥാടനകാലം സുഗമമായി പോകണമെന്നാണ് ആഗ്രഹം.
വിളിപ്പുറത്ത് അയ്യപ്പന്‍ ഒപ്പമുണ്ടെന്നുള്ള തോന്നല്‍ മനസ്സിനും, ശരീരത്തിനും ഉണര്‍വ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യന്‍ കൂടെയാണെന്നുള്ള തോന്നല്‍ ഏറെ ബലവും ആശ്വാസവും നല്‍കും. സ്വാമിയേ ശരണമയ്യപ്പാ...