മുരുകനെ ഈ രീതിയില്‍ പ്രാര്‍ത്ഥിച്ചാല്‍...
അനവധി തത്വങ്ങളാല്‍ വലയം ചെയ്യപ്പെട്ട ദേവനാണ് സുബ്രഹ്മണ്യന്‍. ശിവതേജസ്സില്‍നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജമാണ് സുബ്രഹ്മണ്യസ്വാമിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് സങ്കല്‍പ്പം. മുരുകനില്‍ ത്രിമൂര്‍ത്തികളും അടങ്ങുന്നു എന്നുപറയാറുണ്ട്. മുകുന്ദന്‍, രുദ്രന്‍, കമലോത്ഭവന്‍ എന്നീ ത്രിമൂര്‍ത്തികളുടെ നാമത്തിന്‍റെ ഏകരൂപമാണ് മുരുകന്‍. അതുകൊണ്ട് മുരുകനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ത്രിമൂര്‍ത്തികളേയും തൊഴുതഫലം കിട്ടുന്നു എന്നു സാരം
അനവധി തത്വങ്ങളാല്‍ വലയം ചെയ്യപ്പെട്ട ദേവനാണ് സുബ്രഹ്മണ്യന്‍. ശിവതേജസ്സില്‍നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജമാണ് സുബ്രഹ്മണ്യസ്വാമിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് സങ്കല്‍പ്പം. മുരുകനില്‍ ത്രിമൂര്‍ത്തികളും അടങ്ങുന്നു എന്നുപറയാറുണ്ട്. മുകുന്ദന്‍, രുദ്രന്‍, കമലോത്ഭവന്‍ എന്നീ ത്രിമൂര്‍ത്തികളുടെ നാമത്തിന്‍റെ ഏകരൂപമാണ് മുരുകന്‍. അതുകൊണ്ട് മുരുകനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ത്രിമൂര്‍ത്തികളേയും തൊഴുതഫലം കിട്ടുന്നു എന്നു സാരം.
ചൊവ്വാദോഷത്തില്‍പ്പെട്ടുഴലുന്നവരും കുജദശയുടെ കഷ്ടതകളനുഭവിക്കുന്നവരും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലേക്കാണ്. ചൊവ്വാഴ്ചതോറുമുള്ള മുരുകക്ഷേത്രദര്‍ശനം, പൂയം, ഷഷ്ഠി ദിനങ്ങളിലെ വ്രതങ്ങള്‍, നാമജപങ്ങള്‍, പാലഭിഷേകം, കാവടിയെടുക്കല്‍, വേല്‍ സമര്‍പ്പണം എന്നിവ ചൊവ്വാദശയുടെ കാഠിന്യം കുറയ്ക്കുന്നു.
നിത്യവും മുരുകനെ മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചു ജീവിച്ചാല്‍ ഏത് ദുര്‍ഘടാവസ്ഥയേയും അതിജീവിക്കാനുള്ള ശക്തിയും ധൈര്യവും ലഭിക്കുന്നു. 'ഓം ശരവണ ഭവ:چ എന്ന മുരുകന്‍റെ മൂലമന്ത്രംതന്നെ സര്‍വ്വദോഷ സംഹാരിയാണെന്നാണ് വിശ്വാസവും അനുഭവവും.
രോഗശമനം, കുടുംബഭദ്രത, സാമ്പത്തികാഭിവൃദ്ധി, കലാപരമായ കാര്യങ്ങളിലെ വിജയം, ബുദ്ധിശക്തി, മംഗല്യപ്രാപ്തി, സന്താനലബ്ധി, ജീവിതവിജയം എന്നിങ്ങനെ സകലവിധ ഐശ്വര്യങ്ങള്‍ക്കും മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ മതി.
മുരുകന്‍ കുടികൊള്ളുന്ന ക്ഷേത്രത്തില്‍ വഴിപാടായി പഞ്ചാമൃതാഭിഷേകം ചെയ്താല്‍ നല്ല ഫലമുണ്ടാകും. ഇളനീരുകൊണ്ട് അഭിഷേകം നടത്തിയാല്‍ സല്‍സന്താനലബ്ധിയുണ്ടാകും. കരിമ്പിന്‍ചാറുകൊണ്ട് അഭിഷേകം നടത്തിയാല്‍ ആരോഗ്യം വര്‍ദ്ധിക്കും. മുരുകനെ ഭജിച്ചാല്‍ ശത്രുക്കള്‍ അകലും. സ്നേഹം വര്‍ദ്ധിക്കും. അന്നേദിവസം മോര്, പാനകം, തൈര് ചോറ്, ഇളനീര്‍ എന്നിവ ദാനം നല്‍കിയാല്‍ തലമുറകള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
സുബ്രഹ്മണ്യസ്വാമിയുടെ അടയാളങ്ങള്‍ ദാനം കിട്ടിയതാണ്. അതിവേഗത്തില്‍ പറക്കുന്ന മയിലിനെ നല്‍കിയത് ഗരുഡനാണ്. കോഴിയെ അരുണഭഗവാനും, അമ്മ പാര്‍വ്വതി വേലും നല്‍കി. അച്ഛനായ മഹാദേവന്‍ പതക്കവും, അദ്രിജ വസ്ത്രവും ബൃഹസ്പതി ദണ്ഡും നല്‍കി. ഇന്ദ്രന്‍ മുത്തുമാലയും നല്‍കി. സ്വാമിയുടെ മയിലിന്‍റെ പീലികള്‍ ആകാശത്തെ സൂചിപ്പിക്കുന്നു.
സുബ്രഹ്മണ്യസ്വാമിയുടെ അഭിഷേകത്തിന്‍റെ ഫലങ്ങള്‍:
1. ജലാഭിഷേകം: മനഃശാന്തിക്ക്
2. മഞ്ഞളഭിഷേകം: തിന്മ അകറ്റാന്‍.
3. വാസനദ്രവ്യാഭിഷേകം: ആയുസ്സിന്
4. ചന്ദനാഭിഷേകം: ധനത്തിന്
5. പാലഭിഷേകം: ദീര്‍ഘായുസ്സിന്
6. തൈരഭിഷേകം: സന്താനലബ്ധിക്ക്
7. ശര്‍ക്കരാഭിഷേകം: ശത്രുവിജയത്തിന്
8. എള്ളെണ്ണ അഭിഷേകം: ജീവിതസൗകര്യത്തിന്.
പ്രധാന മുരുക സന്നിധികള്‍
തിരുപ്പുറംകുന്‍ട്രത്തെ ആദ്യപടൈ വീടായും, തിരുച്ചെന്തൂരിനെ രണ്ടാംപടൈ വീടായും, തിരു ആവിനംകുടി എന്ന പഴനിയെ മൂന്നാംപടൈ വീടായും, തിരുവേരകം എന്ന സ്വാമിമലയെ നാലാംപടൈ വീടായും, തിരുത്തണിയെ അഞ്ചാംപടൈ വീടായും, പഴമുതിര്‍ച്ചോലയെ ആറാംപടൈ വീടായും കരുതപ്പെടുന്നു. അതുകൊണ്ട് മുരുകനെ ആറുപടൈവീട് അഴകന്‍ എന്നുപറയുന്നു.
പഴനി: പഴനി ആണ്ടവന്‍ സന്യാസി ബാലന്‍റെ രൂപത്തിലാണ്. മൂന്നടിയോളം പൊക്കമുള്ള പ്രതിഷ്ഠയില്‍ വലതുകയ്യില്‍ ദണ്ഡ് ഉണ്ട്. കൗപീനമാണ് വേഷം. ആടയാഭരണങ്ങള്‍, കിരീടം, വര്‍ണ്ണമാലകള്‍ എന്നിവയൊന്നും വിഗ്രഹത്തിലില്ല. പഴനിയിലെ പഞ്ചാമൃതം പ്രസിദ്ധമാണ്. മുണ്ഡിത ശിരസ്സുള്ള ഭഗവാനെ ദര്‍ശിച്ചാല്‍ ആരോഗ്യമാണ് ഫലം.
പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: പയ്യന്നൂരിലെ പെരുമാള്‍ രാജഭാവത്തിലാണ്. താരകാസുരനെ നിഗ്രഹിച്ച ഭാവത്തിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. ശത്രുസംഹാരത്തിനും ജീവിതവിജയത്തിനും പെരുമാള്‍ദര്‍ശനം ഉത്തമമാകുന്നു. പയ്യന്നൂരിലെ പവിത്രമോതിരം വളരെ പ്രശസ്തമാണ്.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തന്ത്രസമുച്ചയം പ്രകാരമുള്ള വര്‍ണ്ണനയ്ക്ക് യോജിച്ച തരത്തിലാണ് ഇവിടെ പ്രതിഷ്ഠ. ചതുര്‍ബാഹു പ്രതിഷ്ഠയാണ്. ഒരു കയ്യില്‍ ചക്രായുധവും മറുകയ്യില്‍ വേലും ഉണ്ട്. ഇടതുകൈ താഴെ തുടയില്‍ വിശ്രമിക്കുകയാണ്. ഹരിപ്പാട്ടെ മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ ശിവന്‍റെയും വിഷ്ണുവിന്‍റെയും പ്രീതി ലഭിക്കും. അലങ്കാരപ്രിയനായ ദേവന്‍ മനഃസന്തോഷം നല്‍കും.
ഉദയനാപുരം: വൈക്കത്തപ്പന്‍റെ മടിയിലിരിക്കുന്ന സങ്കല്‍പ്പമാണ് ഉദയനാപുരത്ത്. പിതാവും പുത്രനും തമ്മിലുള്ള അഗാധവും ഊഷ്മളവും പവിത്രവുമായ ബന്ധത്തിന്‍റെ സത്തയാണ് ഇവിടെ കുടികൊള്ളുന്നത്. പിതൃപുത്രബന്ധം ദൃഢമാകാന്‍ ഉദയനാപുരത്തെ ദര്‍ശനം ഉത്തമമാണ്.
ഉള്ളൂരിലെയും പന്മനയിലെയും ബാലമുരുകന്‍: രണ്ട് സ്ഥലത്തും മുരുകന്‍ ബാലസ്വരൂപത്തിലാണ്. ഗുരുത്വവും ബുദ്ധിയും വര്‍ദ്ധിക്കാന്‍ ഇവിടുത്തെ ദര്‍ശനം ഉത്തമം.
കിടങ്ങൂരിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഐതിഹ്യപ്പെരുമയാര്‍ന്ന ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. ഇവിടുത്തെ സ്വാമിയെ 'ബ്രഹ്മചാരി മുരുകന്‍' എന്നാണ് പറയുന്നത്. സന്താനലബ്ധിക്കായി ഇവിടെയെത്തി വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്ന ദമ്പതികള്‍ ഏറെയാണ്. സ്ത്രീകള്‍ പുറത്തുനിന്നുകൊണ്ടും പുരുഷന്മാര്‍ സന്നിധാനത്തിലേക്ക് ചെന്നും പ്രാര്‍ത്ഥിക്കുന്നു. കുട്ടി ജനിച്ച ശേഷം 'കൂടിയാട്ടം' വഴിപാടായി നടത്തുന്നു.
ഇതുകൂടാതെ പെരുന്നയിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും പ്രശസ്തമാണ്.
പരമശിവന്‍റെ തൃക്കണ്ണിലെ അഗ്നിയില്‍ നിന്നും അവതരിച്ച ദൈവമാണ് മുരുകന്‍. മുരുകനെ ശിവകുമാരന്‍ എന്നും ഗണപതിയുടെ ഇളയസഹോദരന്‍, ഇന്ദ്രന്‍റെ മരുമകന്‍, അഗസ്ത്യമുനിക്ക് തമിഴ് വ്യാകരണം പഠിപ്പിച്ചവന്‍, അവ്വൈയ്ക്ക് ഞാവല്‍പ്പഴത്തിലൂടെ തത്വജ്ഞാനമേകിയവന്‍, പിതാവായ ശിവനുതന്നെ പ്രണവമന്ത്രപ്പൊരുള്‍ ഉപദേശിച്ചവന്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഏറെയുണ്ട്.
