ഇളയതമ്പുരാട്ടിക്കാവ്
ശബരിമല ക്ഷേത്രവും അയ്യപ്പസ്വാമിയുമായും പല ഐതിഹ്യങ്ങളും ചരിത്രങ്ങളും പ്രചാരത്തിലുണ്ട്. വ്യത്യസ്ത ഐതിഹ്യത്താല്‍ ശ്രദ്ധേയമാവുകയാണ് ഇളയതമ്പുരാട്ടിക്കാവ്. എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ 8-11 വരെ ഇവിടെ പൂജകള്‍ നടത്തുന്നു. താലി, മാല, മലദൈവങ്ങള്‍ക്ക് മുറുക്കാന്‍ എന്നിവ ഇവിടെ സമര്‍പ്പിച്ചാല്‍ വിവാഹതടസ്സങ്ങള്‍ ഒഴിവാകുമെന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ചെറിയ കുട്ടികള്‍ക്ക് കൈയെത്തി ദേവിയുടെ പാദങ്ങളില്‍ നമസ്ക്കരിക്കാമായിരുന്നെന്നും, ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കും പോലും ഇതിന് കഴിയാത്ത രീതിയില്‍ ശില വളര്‍ന്നിരിക്കുന്നതായും സ്ഥലവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വനം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇളയതമ്പുരാട്ടിക്കാവ്.
ശബരിമല ക്ഷേത്രവും അയ്യപ്പസ്വാമിയുമായും പല ഐതിഹ്യങ്ങളും ചരിത്രങ്ങളും പ്രചാരത്തിലുണ്ട്. വ്യത്യസ്ത ഐതിഹ്യത്താല്‍ ശ്രദ്ധേയമാവുകയാണ് ഇളയതമ്പുരാട്ടിക്കാവ്. പത്തനംതിട്ട മണ്ണാറക്കുളത്തി- പമ്പാ റോഡില്‍ പുതുക്കടയില്‍നിന്ന് മലയാളം പ്ലാന്‍റേഷന്‍ എസ്റ്റേറ്റ് റോഡിലൂടെയും, വിളക്കുവഞ്ചി ഭാഗത്തുനിന്ന് നടന്ന് മലയിറങ്ങി അരകിലോമീറ്റര്‍ സഞ്ചരിച്ചും ഇളയതമ്പുരാട്ടിക്കാവിലെത്താം.

ഐതിഹ്യം
തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പന്തളം കൊട്ടാരത്തില്‍നിന്നും പത്ത് വയസ്സിന് താഴെ പ്രായമുള്ള സഹോദരിമാരായ രണ്ട് തമ്പുരാട്ടിമാരും യാത്രയാകുന്നു. പരമ്പരാഗത ശരണപാതയിലൂടെ തിരുവാഭരണ ഘോഷയാത്ര നീങ്ങുന്നു. നാടും കാടും മേടും പുഴയും കടന്ന് സംഘം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി ഇവിടെ ഇറങ്ങി. മുന്‍ വര്‍ഷങ്ങളിലും ഇവിടെ തിരുവാഭരണ ഘോഷയാത്രക്കാര്‍ വിരിവയ്ക്കുന്ന പതിവുണ്ടായിരുന്നു. തമ്പുരാട്ടിമാരില്‍ ഇളയ തമ്പുരാട്ടി തേക്ക് മരത്തിന്‍റെ തളിരിലകള്‍ അടര്‍ത്തിയെടുത്ത് നിലത്തിട്ട് അതിന്‍മേല്‍ കിടന്ന് വിശ്രമിച്ചു. ക്ഷീണവും വിശപ്പും ദാഹവും തീര്‍ത്ത് സംഘം യാത്ര തുടരാന്‍ തയ്യാറായി. ഇളയരാജകുമാരി എഴുന്നേറ്റപ്പോള്‍ വസ്ത്രത്തില്‍ രക്തം കണ്ട് സംഘാംഗങ്ങള്‍ ഗുരുസ്വാമിയെ വിവരം ധരിപ്പിച്ചു.
തേക്കിലയില്‍നിന്ന് തമ്പുരാട്ടിയുടെ വസ്ത്രത്തില്‍ പുരണ്ട രക്തനിറം കണ്ട് സംഘാംഗങ്ങളും ഗുരുസ്വാമിയും തമ്പുരാട്ടി ഋതുമതിയായെന്ന് തെറ്റിദ്ധരിക്കുകയായിരുന്നത്രേ. ഋതുമതിയായ ഒരാള്‍ തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ഉള്ളത് ശരിയല്ലെന്നും അതിനാല്‍ തമ്പുരാട്ടിയെ ഇവിടെത്തന്നെ ഇരുത്തി ഘോഷയാത്ര തുടരാനും, വേഗം തിരികെയെത്തി തമ്പുരാട്ടിയെ തിരികെ ക്കൊണ്ടുപോകാം എന്നതായിരുന്നു ഗുരുസ്വാമിയുടെ അഭിപ്രായം. ഗുരുസ്വാമിയുടെ തീരുമാനത്തെ അംഗീകരിച്ച് സംഘം തമ്പുരാട്ടിയെ ഒഴിവാക്കി യാത്ര തുടര്‍ന്നു.
വന്യജീവികള്‍ നിറഞ്ഞ ഘോരവനത്തിനുള്ളില്‍ ഏകയായ തമ്പുരാട്ടി നന്നേ ഭയന്നു. വിശപ്പും, ദാഹവും സഹിച്ച് കരഞ്ഞ് തളര്‍ന്ന് ഏറെ നേരം തമ്പുരാട്ടി ഒരു പാറമേല്‍ ഇരുന്നു. ഭയം വര്‍ദ്ധിച്ചതോടെ തമ്പുരാട്ടി ശരണം വിളിക്കാനും, പ്രാര്‍ത്ഥിക്കാനും തുടങ്ങി. തമ്പുരാട്ടിയുടെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ അവരെ ആക്രമിക്കാനെത്തിയ ആനയും, കടുവയും, പുലിയുമൊക്കെ ശിലകളായി മാറിയത്രേ. തമ്പുരാട്ടിക്ക് പാമ്പ് ഫണം വിടര്‍ത്തി സംരക്ഷണമൊരുക്കിയത്രേ. നിരന്തര പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും മുഴുകിയ തമ്പുരാട്ടി അവര്‍ ഇരുന്ന ശിലയില്‍ അലിഞ്ഞുചേര്‍ന്നത്രേ. സംരക്ഷണം ഒരുക്കിയ പാമ്പും ശിലയായി മാറി.

തിരുവാഭരണം ശബരിമലയില്‍ എത്തിച്ച് മടങ്ങിയ സംഘം തമ്പുരാട്ടിക്കരികിലെത്തി. തമ്പുരാട്ടി ശിലയായി മാറിയത് കണ്ട് ഇവര്‍ സങ്കടത്തിലായി. അവര്‍ തമ്പുരാട്ടിക്ക് പൂജാദികര്‍മ്മങ്ങള്‍ ചെയ്ത് മടങ്ങി.
തീര്‍ത്ഥാടനപാതയിലെ ളാഹയ്ക്ക് അടുത്ത് വിളക്ക് വഞ്ചിക്കാടുകളുടെ ഓരം ചേര്‍ന്നുള്ള ഇളയതമ്പുരാട്ടിക്കാവില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ശിലയെ തമ്പുരാട്ടിയുടെ ആവാസമായി ഭക്തര്‍ ദര്‍ശിക്കുന്നു.
സന്നിധിയില്‍ ദേവിയുടെ ഉപദേവതകളായി മഹാദേവനും ഗണപതിയും, നാഗദൈവങ്ങളും, മൂര്‍ത്തിയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ചെറിയ കുട്ടികള്‍ക്ക് കൈയെത്തി ദേവിയുടെ പാദങ്ങളില്‍ നമസ്ക്കരിക്കാമായിരുന്നെന്നും, ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കും പോലും ഇതിന് കഴിയാത്ത രീതിയില്‍ ശില വളര്‍ന്നിരിക്കുന്നതായും സ്ഥലവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ 8-11 വരെ ഇവിടെ പൂജകള്‍ നടത്തുന്നു. താലി, മാല, മലദൈവങ്ങള്‍ക്ക് മുറുക്കാന്‍ എന്നിവ ഇവിടെ സമര്‍പ്പിച്ചാല്‍ വിവാഹതടസ്സങ്ങള്‍ ഒഴിവാകുമെന്നാണ് വിശ്വാസം. കിഴങ്ങ് പുഴുക്ക്, പൂക്കള്‍, നെയ്വിളക്ക്, തേന്‍ എന്നിവയാണ് നിവേദ്യങ്ങള്‍. വിഷുവിന് നടത്തുന്ന ഉത്സവത്തിന് അന്നദാനം ഉണ്ടാവും. വനം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇളയതമ്പുരാട്ടിക്കാവ്.
