പൂജാമുറിയിലെ  ദേവീദേവന്മാരുടെ ചിത്രങ്ങൾ  വീടിന് ദോഷം ചെയ്യുമോ...?

പൂജാമുറിയിലെ ദേവീദേവന്മാരുടെ ചിത്രങ്ങൾ
വീടിന് ദോഷം ചെയ്യുമോ...?

ഭവനങ്ങളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും ദേവീദേവന്മാരുടെ ചിത്രങ്ങൾ വയ്ക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ എന്നാണ് പലരുടേയും സംശയംപൂജാമുറികൾ, ഭവനങ്ങളിൽ ഇപ്പോൾ സർവ്വസാധാരണമാണ്. ദേവന്മാരെ തടിക്കൂട്ടിൽ അടച്ചുവയ്ക്കുന്നതും, ആവശ്യത്തിന് തുറന്ന് ദീപം തെളിച്ചശേഷം അടയ്ക്കുന്നവരും ഉണ്ട്. സ്റ്റെയർ കേയിസിന്റെ അടിയിൽ വയ്ക്കുന്നവരും ഉണ്ട്. ആയത് നല്ലതല്ല. പൂജാമുറിയിൽ പ്രസന്നഭാവത്തിലുള്ള ദേവീദേവന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ച് ആരാധിക്കാം. ഉഗ്രമൂർത്തികളുടെ ചിത്രങ്ങൾ മൃദുലഹൃദയർ ഒഴിവാക്കുന്നതാണ് നല്ലത്. ഒറ്റയ്ക്കിരിക്കുന്ന ശിവന്റെ ചിത്രവും, പകുതി കണ്ണ് തുറന്ന് ധ്യാനിക്കുന്ന ശിവന്റെ ചിത്രവും, ഗൃഹസ്ഥാശ്രമികൾ ഒഴിവാക്കുന്നത് നല്ലതാണ്. പകരം ശിവകുടുംബത്തിന്റെ ചിത്രം സ്ഥാപിക്കുക. ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണഭഗവാന്റെ പലവിധ ലീലകളുടെ ചിത്രങ്ങൾ, ശ്രീമുരുകൻ, ഗണപതി, പ്രാദേശിക ക്ഷേത്രങ്ങളിലെ ദേവീദേവന്മാരുടെ ചിത്രങ്ങൾ എന്നിവ ഭവനത്തിലെ പൂജാമുറിയിലും മറ്റും സ്ഥാപിച്ച് ആരാധിക്കാം. ഗണപതിയുടെ ചിത്രം പ്രധാനമായി സ്ഥാപിച്ച് ആരാധിക്കുന്നത് ഉത്തമമാണ്.

 

ദേവീദേവന്മാരുടെ ചിത്രങ്ങളെക്കുറിച്ച് തുടർച്ചയായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ:

ഓടക്കുഴൽ ഊതുന്ന ശ്രീകൃഷ്ണന്റെ ചിത്രം വെച്ച് ആരാധിച്ചാൽ, സാമ്പത്തികനഷ്ടം വരുമോ?

ഒരു നഷ്ടവും വരില്ല. ഓടക്കുഴൽ ഇല്ലാതെ ശ്രീകൃഷ്ണസങ്കൽപ്പം ഇല്ല. അറിയാത്ത ഇടപാടുകൾ നടത്തി ധനനഷ്ടം വരുത്താതിരിക്കാൻ ശ്രദ്ധിക്കണം.

രാധാകൃഷ്ണന്മാരുടെ ചിത്രം വീട്ടിൽ വച്ചാൽ വീട്ടിലെ കുട്ടികൾ പ്രേമിച്ച് ഒളിച്ചോടുമോ?

ഇല്ല. ദിവ്യപ്രേമത്തിന്റെ ഉദാഹരണമാണ് രാധാകൃഷ്ണപ്രേമം. ഭാഗവതം, മനസ്സിരുത്തി വായിച്ചാൽ മതി. കാര്യങ്ങൾ മനസ്സിലാവും.

ഹൃദയഭാഗം തുറന്ന് ശ്രീരാമലക്ഷ്മണന്മാരെ കാട്ടുന്ന ശ്രീ ഹനുമാന്റെ ചിത്രം വെച്ചാൽ ഗൃഹനാഥൻ ഓപ്പൺ ഹാർട്ട് സർജറി ഉണ്ടാകുമോ?

ഒരിക്കലും ഹനുമാന്റെ പ്രസ്തുത ചിത്രം വെച്ചതുകൊണ്ട് അല്ല ഗൃഹനാഥന് ഹൃദയശസ്ത്രക്രിയ വന്നത്. ജീവിതശൈലിയും ഭക്ഷണരീതിയും ക്രമീകരിക്കാത്തതുകൊണ്ടാണ്.

ഗണപതിയുടെ ചിത്രം വീട്ടിൽ വെച്ചാൽ വീട്ടുകാർ തീറ്റപ്രിയന്മാരും(ശാപ്പാട് രാമന്മാർ) കുടവയറന്മാരും ആകുമോ?

ഗണപതി വിഘ്‌നനിവാരണത്തിന്റെയും സമൃദ്ധിയുടേയും ദേവനാണ്. അവരവരുടെ ദേഹസ്ഥിതിക്കനുസരിച്ച് ഭക്ഷണം കഴിക്കുക.

വീട്ടിൽ വിളക്ക് വയ്ക്കുന്നതും, ദേവീദേവന്മാരുടെ ചിത്രങ്ങൾ, പെയിന്റിംഗ് എന്നിവ സ്ഥാപിക്കുന്നതും അതിൽ ദേവനെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കുന്നതും ഭാരതത്തിലും കേരളത്തിലും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരവും സംസ്‌ക്കാരവും ആണ്. ടെലിവിഷന്റെ വരവോടെയാണ് വീട്ടിലെ സന്ധ്യാനാമജപം, വിളക്ക് കൊളുത്തൽ, തുളസിത്തറയിലെ സന്ധ്യാദീപം, ദേശക്കാവുകളിലേയും കോവിലുകളിലേയും സന്ധ്യാദീപം എന്നിവയും പുരാണപാരായണവും സത്കഥാശ്രവണവും ഇല്ലാതായി തുടങ്ങിയത്.

ഇപ്പോൾ സോഷ്യൽമീഡിയയും കൂടി വന്നതോടെ ഗൃഹത്തിലെ സന്ധ്യാസമയത്തിന്റെ ചാരുത ഏതാണ്ട് പൂർണ്ണമായി അസ്തമിച്ചുവരുന്നു. എന്നാൽ ചെറിയ ശതമാനം ഇപ്പോഴും തങ്ങളുടെ ഗൃഹത്തിൽ ആ സായംസന്ധ്യയുടെ ചാരുത നിലനിർത്തുന്നു.

ഭഗവത്ഗീത, ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയിൽ ഇല്ലാത്ത ഒരുമൂല്യവും മറ്റൊന്നിലും ഇല്ല.

മരിച്ചുപോയ പൂർവ്വികരുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കാമോ?

വയ്ക്കാം. എന്നാൽ പൂജാമുറിയിൽ ദേവന്മാരുടെ ചിത്രത്തോടൊപ്പം വക്കരുത്. പകരം സ്വീകരണമുറിയിലോ, ഉചിതമായ മറ്റ് മുറികളിലോ തെക്കോട്ട് അഭിമുഖമായി വയ്ക്കാം. കിഴക്കോട്ടുള്ള ദർശനവും വടക്കോട്ടുള്ള ദർശനവും ഒഴിവാക്കുക.

രാഷ്ട്രീയ നേതാക്കളുടേയും മറ്റ് ദിവ്യന്മാരുടെയും ചിത്രങ്ങളും വീട്ടിൽ സ്ഥാപിക്കാം. ക്രൂരന്മാരായ വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവികളുടേയും ചിത്രങ്ങൾ ഒഴിവാക്കുക.

ഗുരുകാരണവന്മാരുടെ ചിത്രങ്ങൾ അവരവരുടെ ഗൃഹത്തിൽ സ്ഥാപിച്ച് തങ്ങളുടെ പൂർവ്വികരുടെ ഓർമ്മ നിലനിർത്തുക.

ഗൃഹത്തിൽ വസിക്കുന്നവരുടെ പ്രവർത്തിമൂലമാണ് ഗുണദോഷങ്ങളും സാമ്പത്തിക ഉന്നതിയും ഉണ്ടാകുന്നത്. മനസ്സിനെ ആഹ്ലാദിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമായ ചിത്രങ്ങൾ ഗൃഹത്തിൽ സ്ഥാപിക്കാം. വീട്ടിൽ ദേശാചാര പ്രകാരമുള്ള ദീപം തെളിക്കലും സന്ധ്യാനാമ കീർത്തനവും സന്ധ്യാവന്ദനവും നടത്താം. ഗൃഹചൈതന്യവർദ്ധനയ്ക്കായി പ്രാർത്ഥിക്കാം.

 

ഓരോ സ്ഥാപനങ്ങളിലും സ്ഥാപിച്ച്   ആരാധിക്കാൻ പറ്റിയ

 

ദേവീദേവന്മാരുടെ ചിത്രങ്ങൾ:

ചികിത്സാ സ്ഥാപനങ്ങൾ,  മെഡിക്കൽ സ്റ്റോർ: ധന്വന്തരി മൂർത്തിയുടെ ചിത്രം, ഗണപതിയുടെ ചിത്രം, പരമശിവന്റെ ചിത്രം.

ഹോട്ടലുകൾ: ഗണപതി, അന്നപൂർണ്ണേശ്വരി, മഹാലക്ഷ്മി

പച്ചക്കറികടകൾ: ഗണപതി, ശ്രീഹനുമാൻ, മഹാലക്ഷ്മി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഗണപതി, സരസ്വതി, മൂകാംബിക ദേവി

കമ്മ്യൂണിക്കേഷൻ സെന്റർ: ഗണപതി, ഹനുമാൻ, ശ്രീകൃഷ്ണൻ.

പത്രമാധ്യമങ്ങൾ: ഗണപതി, സരസ്വതി, മഹാലക്ഷ്മി, നാരദമുനി എന്നിവരുടെ ചിത്രങ്ങൾ.

പാർസൽ, ക്വറിയർ: ഗണപതി, ഹനുമാൻ പർവ്വതവുമായി സഞ്ചരിക്കുന്ന ചിത്രം.

മത്സ്യ-മാംസ വ്യാപാര സ്ഥാപനം- ഭദ്രകാളി ദേവി, ഉഗ്രമൂർത്തികൾ.

ചിക്കൻ സെന്റർ: ഉഗ്രമൂർത്തികൾ, ഭദ്രകാളി ദേവി

ബേക്കറി: ഗണപതി, അന്നപൂർണ്ണേശ്വരി, ഉണ്ണികൃഷ്ണൻ, ബലരാമൻ(ബാല- ഗോപാലന്മാർ) ശൈശവഭാവത്തിലുള്ള ദേവീദേവന്മാരുടെ ചിത്രങ്ങൾ.

ആയോധനകലകൾ: ശ്രീ ഹനുമാൻ, ബലരാമൻ, പരശുരാമൻ, ശ്രീരാമൻ, അയ്യപ്പൻ.

ഭരണകേന്ദ്രങ്ങൾ: ശ്രീരാമൻ, ശ്രീകൃഷ്ണൻ, സുദർശനധാരിയായ കൃഷ്ണൻ.

നഴ്‌സറി സ്‌ക്കൂൾ: ഉണ്ണികൃഷ്ണൻ, ബലരാമൻ, ബാലഗണപതി ചിത്രങ്ങൾ, ശൈശവ ശിവൻ, സരസ്വതി ദേവി.

ജ്യോതിഷസ്ഥാപനം: ജ്യോത്സ്യന്റെ ഉപാസനാമൂർത്തിയുടെ ചിത്രം, ഗണപതി, ശ്രീമുരുകൻ, സരസ്വതിദേവി, വിഷ്ണുമായ, ഭഗവതി, മൂകാംബികാദേവി.

മദ്യവ്യാപാര സ്ഥാപനം: വിഷ്ണുമായ, ഭദ്രകാളി, ഉഗ്രമൂർത്തികൾ.

അച്ചടി സ്ഥാപനം: ഗണപതി, സരസ്വതി, വ്യാസമുനിയും ഗണപതിയും

ആധാരം എഴുത്ത് ആഫീസ്: ഗണപതി, വരാഹമൂർത്തി, ശ്രീമുരുകൻ, പരശുരാമൻ, സരസ്വതി, മഹാലക്ഷ്മി

വസ്ത്ര-വ്യാപാര സ്ഥാപനം: ഐശ്വര്യലക്ഷ്മി, ഗണപതി, ശ്രീകൃഷ്ണൻ.

പണമിടപാട് സ്ഥാപനം: കുബേരൻ, മഹാലക്ഷ്മി, ഗണപതി, ലക്ഷ്മീസമേത കുബേരൻ, തിരുപ്പതി ബാലാജി.

മത്സ്യം വളർത്തുകേന്ദ്രം: മത്സ്യമൂർത്തി

മറ്റ് ജലജീവികളെ വളർത്തുന്ന സ്ഥലങ്ങൾ: കൂർമ്മമൂർത്തി (ആമ, കൂർമ്മാവതാര ചിത്രം)

സിവിൽ എഞ്ചിനീയറിംഗ് കെട്ടിടം: ഗണപതി, വാസ്തുപുരുഷന്റെ ചിത്രം, 

നിർമ്മാണ, വാസ്തുശാസ്ത്ര സ്ഥാപനങ്ങൾ: വിശ്വകർമ്മാവിന്റെ ചിത്രം, അസുരശിൽപ്പി മയന്റെ ചിത്രം

വർക്ക്‌ഷോപ്പുകൾ: വിശ്വകർമ്മാവിന്റെ ചിത്രം, ഗണപതി, പാർത്ഥസാരഥി, ശ്രീഹനുമാൻ

ഫലവർഗ്ഗ വ്യാപാരം: ബാലഗണപതി, ഉണ്ണികൃഷ്ണൻ, ശ്രീഹനുമാൻ

വക്കീൽ ഓഫീസ്: ശ്രീകൃഷ്ണൻ, നാരദമുനി, ഗണപതി, സരസ്വതിദേവി.

അനാഥാലയം: ശ്രീകൃഷ്ണൻ, അന്നപൂർണ്ണേശ്വരി, പാർവ്വതിദേവി

കൺസൾട്ടൻസി സ്ഥാപനം: ശ്രീകൃഷ്ണൻ, ശ്രീഹനുമാൻ

ജുവലറികൾ: മഹാലക്ഷ്മി, കുബേരൻ, ഗണപതി, ശ്രീപാർവ്വതിയുടെ തിരുകല്യാണ ചിത്രം.

വിവാഹമണ്ഡപം: സീതാസ്വയംവരം, രുഗ്മിണീസ്വയംവരം, ശിവ-പാർവ്വതി തിരുകല്യാണ ചിത്രം, ദേവന്മാരും ഭാര്യമാരും കൂടിയ ചിത്രങ്ങൾ, വള്ളി- ദേവസേനസമേത ശ്രീമുരുകൻ, ബുദ്ധി- സിദ്ധി സമേത ഗണപതി, പൂർണ്ണ പുഷ്‌ക്കല സമേത ശാസ്താവ്.

പാൽവിതരണ: പശുപരിപാലനകേന്ദ്രം: ഗോപാലകൃഷ്ണൻ, ശ്രീകൃഷ്ണനും ഗോക്കളും, കാമധേനു മുതലായവ.

സ്വർണ്ണാഭരണ നിർമ്മാണശാല: വിശ്വകർമ്മാവ്, ഗണപതി, കുബേരൻ, കുബേര ലക്ഷ്മിചിത്രം എന്നിവ.

ബാർബർ ഷോപ്പ്: ഭദ്രകാളീദേവി

ബ്യൂട്ടിപാർലർ: ഭദ്രകാളീദേവി, കാമദേവനും രതിദേവിയും, ദേവേന്ദ്രൻ, രംഭ, ഉർവ്വശി, തിലോത്തമ മുതലായവർ.

വിഗ്രഹാരാധന, വീട്ടിൽ അതിന് പ്രാപ്തിയില്ലാത്തവർ ചെയ്യരുത്. താന്ത്രികക്രിയ പ്രകാരം പ്രതിഷ്ഠ നടത്തിയവയാണ് ഉദ്ദേശിക്കുന്നത്. കരിങ്കല്ല്, പ്ലാവ്, ചന്ദനം മുതലായ വൃക്ഷത്തടികളിൽ തീർത്തവ ആചാരപ്രകാരം പരിപാലിക്കാൻ സാധിക്കാത്തവർ വീട്ടിൽ വെച്ച് ആരാധിക്കുന്നത് അത്ര നല്ലതല്ല.

ഉടഞ്ഞതും, നിറം മങ്ങിയതും കേടുവന്നതും ആയ ദേവന്മാരുടെ ചിത്രങ്ങൾ ആരാധിക്കരുത്. അവ ചില്ല് ഇളക്കി മാറ്റി, ചിത്രം മാത്രം ഒഴുകുന്ന ജലത്തിലോ, സമുദ്രത്തിലോ നിമജ്ജനം ചെയ്യുക. ചിത്രങ്ങൾ ക്ഷേത്രപരിസരങ്ങളിലും, വൃത്തിഹീനമായ സ്ഥലത്തും ഉപേക്ഷിക്കരുത്.

ഭവനത്തിന് മുന്നിൽ പ്രധാന വാതിലിന് വലതുവശത്തായി ദൃഷ്ടിഗണപതിയുടെ ചിത്രം സ്ഥാപിക്കുന്നത് വീടിന് കൺദൃഷ്ടിദോഷം, ശാപദോഷം എന്നിവ വരാതെ കാത്തുരക്ഷിക്കും എന്ന് വിശ്വസിച്ചുപോരുന്നു. വീട്ടിലേയ്ക്ക് ദുഃശകുനങ്ങൾ കടക്കാതെ ഗണപതി സംരക്ഷിക്കുന്നു എന്ന് വിശ്വാസം.

ഭവനങ്ങൾ വൃത്തിയായി ഐശ്വര്യത്തോടെ പരിപാലിക്കുക. അപ്പോൾ ഐശ്വര്യവും സമ്പത്തും സത്ഫലങ്ങളും വന്നുചേരും.