ഭക്തിയുടെ ഭാവനകള്‍ -ശില്‍പ്പി മധുസൂദനന്‍നായര്‍
ആറ്റുകാല്‍ ക്ഷേത്രത്തിലെ നാഗത്തറ ശിലയില്‍ നിര്‍മ്മിച്ചു. കരിക്കകം ക്ഷേത്രത്തിന്റെ മുഖമണ്ഡപം. പിന്നീടൊരു ശിലാനിര്‍മ്മിതിയാണ് കരിമണ്‍ കുളം ക്ഷേത്രം. കരിമണ്‍കുളം ക്ഷേത്രവും പരിപൂര്‍ണ്ണമായും ശിലയില്‍ നിര്‍മ്മിച്ചു. തെക്കന്‍ കേരളത്തില്‍ അനവധി ക്ഷേത്രങ്ങള്‍ക്ക്, കരിങ്കല്‍ കൊണ്ട് കട്ടളകളും, സോപാനങ്ങളും നമസ്ക്കാര മണ്ഡപങ്ങളും പണിതുനല്‍കിയിട്ടുണ്ട്. മുംബൈയിലെ അയ്യപ്പക്ഷേത്രത്തിലേയ്ക്ക് വിഗ്രഹങ്ങളും, പീഠങ്ങളും കല്‍ത്തൂണുകളുമൊക്കെ പണിത് നല്‍കിയിട്ടുണ്ട്.
സങ്കല്‍പ്പത്തിലെ ദേവതകളെല്ലാം ഒത്തൊരുമിച്ച് നമ്മുടെ മുന്നില്‍ നില്ക്കുന്നു. അവര്‍ അഭയവരദഹസ്തങ്ങളുമായി നമ്മെ അനുഗ്രഹിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഒരുനിമിഷം ചിന്തകള്‍ തരിച്ചുപോയി. മനസ്സില്‍ കരുതിയ മോഹങ്ങളെല്ലാം ഏത് ദേവനോടാണ് ചോദിക്കേണ്ടത്. ഭക്തിയുടെ മഹത്വത്തില്‍ മോഹങ്ങള്‍ നിസ്സാരമായി മാറുന്ന അവസ്ഥയിലേക്ക് ചിന്തകള്‍ മാറപ്പെട്ടു. ചിന്തകളില്‍ അപൂര്‍വ്വമായ മാത്രം സംഭവിക്കുന്ന മാനസിക പ്രതിഭാസമാണിത്. എന്നാല്‍ സങ്കല്‍പ്പങ്ങളെല്ലാം ശില്‍പ്പരൂപത്തില്‍ മുന്നില്‍ നില്‍ക്കുകയാണ്. ഇവിടം ഒരു ദേവശില്പ്പിയുടെ പണിപ്പുരയാണ്. ദേവശില്‍പ്പി മധുസൂദനന്‍നായരുടെ ശില്‍പ്പശാല. തെളിനീര് അരുവിക്കരികില്‍ മലമടക്കുകളുടെ അടിവാരത്തില്‍ ആശ്രമ വിശുദ്ധിയോടെ ദേവശില്പ്പശാല നെടുമങ്ങാട് ഇരിഞ്ചിയത്ത് താന്നിമൂട് എന്ന മനോഹരമായ താഴ്വരയിലാണ് ഈ ദേവസമൂഹം നേത്രോന്മീലത്തനായിട്ടുള്ള മുഹൂര്‍ത്തം തേടുന്നത്.
ശില്പ്പകലയോടുള്ള തന്റെ താല്‍പ്പര്യം ജന്മപ്രേരിതമാണെന്നണ് മധുസൂദനന്‍നായര്‍ പറയുന്നത്. മലകളും പാറകളും നിറഞ്ഞ ഗ്രാമത്തിലാണ് ജനിച്ചത്. ഓരോ പാറയിലും ഓരോ രൂപങ്ങള്‍ കുഞ്ഞുന്നാള് മുതല്‍ തോന്നപ്പെട്ടിരുന്നു. പ്രകൃതി പണിതീര്‍ത്ത ശില്പ്പങ്ങളായി പാറകളെ സങ്കല്പ്പിച്ചിട്ടുണ്ട്. ചിത്രകല, ശില്‍പ്പകലയിലുള്ള താല്‍പ്പര്യം തന്നോടൊപ്പം വളര്‍ന്നുവന്നു. ഡിഗ്രി പഠനത്തിനുശേഷമാണ് ശില്‍പ്പകല പഠിക്കാന്‍ തുടങ്ങിയത്. ഒരു തൊഴിലാക്കി മാറ്റാമെന്ന് കരുതി ആയിരുന്നില്ല ശില്പ്പനിര്മ്മാണരീതി പഠിച്ചത്. എന്നാല്‍ ശില്‍പ്പകല എന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്തതെന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല.
ദേവശില്പ്പനിര്മ്മാണത്തിലെ തുടക്കം നാഗപ്രതിമകളായിരുന്നു. നാഗപ്രതിമയും ചിത്രകൂടവും ഉണ്ടാക്കിയാണ് ദേവതാശില്പ്പനിര്മ്മാണത്തിലേയ്ക്കുള്ള ആദ്യചുവടുവെയ്പ്പ്. ഈ പ്രപഞ്ചത്തെ താങ്ങിനിര്‍ത്തുന്ന ദേവതകള്‍ എന്റെ അഭിരുചികളേയും താങ്ങിനിര്‍ത്തി എന്നതാണ് വാസ്തവം.
ക്ഷേത്രശില്പ്പനിര്മ്മാണത്തിലേയ്ക്ക് പൂര്‍ണ്ണമായും കടന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. നെടുമങ്ങാട് കരിമ്പിക്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രനിര്‍മ്മിതിയാണ് തന്റെ ജീവിതത്തില്‍ ഈ പുതിയ തുടക്കത്തിന് കാരണമായിത്തീര്‍ന്നത്. പരിപൂര്‍ണ്ണമായും കരിങ്കല്ലില്‍ ആണ് കരിമ്പിക്കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നിര്‍മ്മിതി. മേല്‍ക്കൂര ഉള്‍പ്പെടെ എല്ലാം കരിങ്കല്‍ പാളികളാല്‍ നിര്‍മ്മിക്കണമായിരുന്നു. പഴയകാലത്തെ പ്രൗഢി അതുപോലെ നിലനില്‍ക്കുമാറ് അടിത്തറ മുതല്‍ ഈ ക്ഷേത്രം നിര്‍മ്മിക്കേണ്ടി വന്നു. വളരെ ശ്രമകരമായ പണിയായിരുന്നത്. കരിമ്പിക്കാവ് ധര്‍മ്മശാസ്താക്ഷേത്ര നിര്മ്മിതിക്കുശേഷം അനവധി ആള്ക്കാര് ക്ഷേത്രസംബന്ധമായ ശില്പ്പവേലയ്ക്കായി സമീപിച്ച് തുടങ്ങി.
ആറ്റുകാല്‍ ക്ഷേത്രത്തിലെ നാഗത്തറ ശിലയില്‍ നിര്‍മ്മിച്ചു. കരിക്കകം ക്ഷേത്രത്തിന്റെ മുഖമണ്ഡപം. പിന്നീടൊരു ശിലാനിര്‍മ്മിതിയാണ് കരിമണ്‍ കുളം ക്ഷേത്രം. കരിമണ്‍കുളം ക്ഷേത്രവും പരിപൂര്‍ണ്ണമായും ശിലയില്‍ നിര്‍മ്മിച്ചു. തെക്കന്‍ കേരളത്തില്‍ അനവധി ക്ഷേത്രങ്ങള്‍ക്ക്, കരിങ്കല്‍ കൊണ്ട് കട്ടളകളും, സോപാനങ്ങളും നമസ്ക്കാര മണ്ഡപങ്ങളും പണിതുനല്‍കിയിട്ടുണ്ട്. മുംബൈയിലെ അയ്യപ്പക്ഷേത്രത്തിലേയ്ക്ക് വിഗ്രഹങ്ങളും, പീഠങ്ങളും കല്‍ത്തൂണുകളുമൊക്കെ പണിത് നല്‍കിയിട്ടുണ്ട്.

ക്ഷേത്രസംബന്ധമായ പണികള്‍ ചെയ്യുന്നതിനാല്‍ വളരെയധികം ശ്രദ്ധയും ഭക്തിക്ക് ചേര്‍ന്ന വിധം ജീവിതചര്യയും ആവശ്യമാണ്. ശ്രദ്ധയോ വിശ്വാസമോ അല്‍പ്പം മാറിയാല്‍ പണിതുകൊണ്ടിരിക്കുന്ന ശില ഉപയോഗശൂന്യമായിമാറും. ഒരു ശ്രീകോവിലിന്റെ അളവിന് അനുസരിച്ചാണ് ഓരോ വിഗ്രഹത്തിന്റേയും അളവ് നല്‍കുന്നത്. പ്രതിഷ്ഠയുടെ ഭാവം, ധ്യാനശ്ലോകം, ആയുധങ്ങള്‍, ആടയാഭരണങ്ങള്‍ എന്നിവയെല്ലാം ക്ഷേത്ര അധികാരികള്‍ നല്‍കും.
ശ്രദ്ധ അല്‍പ്പം മാറിയാല്‍ വിഗ്രഹത്തിന്റെ പണിയില്‍ പിഴവ് സംഭവിക്കും. ചെറുതായെങ്കിലും പിഴവ് സംഭവിച്ചാല്‍, ഒരുവര അധികമാവുകയോ, കുറയുകയോ ചെയ്താല്‍ പിന്നെ ആ വിഗ്രഹം ഉപേക്ഷിക്കാനേപറ്റൂ. വിശ്വാസത്തിന്റെ പ്രതിബിംബങ്ങളെയാണ് വാര്‍ത്തെടുക്കുന്നത് എന്ന ബോധം എപ്പോഴും മനസ്സില്‍ നിറഞ്ഞുനില്ക്കണം.
സ്വന്തം ഭാവനയ്ക്ക് അനുസരിച്ചല്ല ഭക്തിയുടെ ഭാവനകളാണ് ശില്പ്പമായി മാറുന്നത് എന്നതിനാല്‍ നിര്‍മ്മിതിയുടെ എല്ലാ നിമിഷങ്ങളിലും മനസ്സില്‍ ഭക്തി നിറഞ്ഞുനില്ക്കണം.
ഒരു വ്യക്തിക്ക് ജന്മപ്രേരിതമായി ലഭിക്കുന്ന കര്മ്മവാസനയാണ് പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മബന്ധം. ജന്മത്തില് നാം പഠിച്ചെടുക്കുന്ന കര്‍മ്മങ്ങളെക്കാള്‍ പൂര്‍ണ്ണത പൂര്വ്വജന്മ കര്‍മ്മത്തിന്റെ പിന്തുടര്ച്ചയായി നാം ചെയ്യുന്ന കര്‍മ്മങ്ങളില്‍ പൂര്‍ണ്ണത ലഭിക്കും. മധുസൂദനന്‍നായരുടെ കര്‍മ്മമണ്ഡലം പൂര്‍വ്വാര്‍ജ്ജിത പ്രേരണതന്നെയാണ്. ശില്‍പ്പികുലത്തില്‍ ജനിക്കാത്ത ഒരാള്‍ ദേവശില്പ്പിയായി മാറിയെങ്കില്‍ മറ്റൊരു പ്രേരണ ചേര്‍ത്ത് പറയാനാവില്ല. ചിത്രകൂടം എന്നാണ് മധുസൂദനന്‍നായരുടെ ശില്‍പ്പശാലയുടെ പേര്. സൃഷ്ടിയുടെ ചിത്രകൂടത്തില്‍ നിന്നും ഭക്തിയുടെ വിഗ്രഹങ്ങള്‍ക്ക് രൂപങ്ങള്‍ ജനിക്കുകയാണ് ഈ ശില്‍പ്പശാലയില്‍.
ശില്‍പ്പി മധുസൂദനന്‍നായര്‍
(9495556585)
തയ്യാറാക്കിയത്:
നാരായണന്‍പോറ്റി
Photo Courtesy - jyothisharathnam
