ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 5 ക്ഷേത്രങ്ങൾ; കേരളത്തിൽ നിന്ന് രണ്ടെണ്ണം
ലോകത്തിലെ ഏറ്റവും കൂടുതൽ ഭക്തർ സന്ദർശിക്കുന്ന ആരാധനാലയങ്ങളിൽ പലതും ഇന്ത്യയിലാണ്. ഭക്തർ സമർപ്പിക്കുന്ന സംഭാവനകളും നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരങ്ങളും ഭൂസ്വത്തുക്കളുമെല്ലാം ചേർന്ന് രാജ്യത്തെ ചില ക്ഷേത്രങ്ങൾ അതിസമ്പന്നങ്ങളായി മാറിയിട്ടുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ അഞ്ച് ക്ഷേത്രങ്ങളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ക്ഷേത്രങ്ങൾക്കും ഇടമുണ്ട്.
1. തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം (ആന്ധ്രാപ്രദേശ്)
രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി കണക്കാക്കപ്പെടുന്ന തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി ഏകദേശം 2.26 ലക്ഷം കോടി രൂപയാണ്. പ്രതിവർഷം 5,000 കോടിയിലധികം രൂപ വരുമാനമുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ഭക്തരുടെ സംഭാവന മാത്രം ഏകദേശം 1,500 കോടി രൂപ വരും.
2. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം, കേരളം)
ഏകദേശം 1.2 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളതായി വിലയിരുത്തപ്പെടുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം രാജ്യത്തെ രണ്ടാമത്തെ സമ്പന്ന ക്ഷേത്രമാണ്. സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, പുരാതന നാണയങ്ങൾ, അമൂല്യ വിഗ്രഹങ്ങൾ തുടങ്ങിയവയാണ് പ്രധാന സമ്പത്തിന്റെ ഭാഗം.
3. ഷിർദ്ദി സായിബാബ ക്ഷേത്രം (മഹാരാഷ്ട്ര)
ഏകദേശം 3,000 കോടി രൂപ ആസ്തിയുള്ള ഷിർദ്ദി സായിബാബ ക്ഷേത്രത്തിന് പ്രതിവർഷം 700 കോടി രൂപ വരെ വരുമാനമുണ്ടെന്നാണ് കണക്കുകൾ.
4. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം (കേരളം)
കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ ആസ്തി 1,700 മുതൽ 2,500 കോടി രൂപ വരെയാണെന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. വാർഷിക വരുമാനം 250 മുതൽ 400 കോടി രൂപ വരെയാണെന്നാണ് വിലയിരുത്തൽ.
5. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം (ജമ്മു കശ്മീർ)
2,000 കോടിയിലധികം രൂപ ആസ്തിയുള്ള വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ഏകദേശം 700 കോടി രൂപയാണ്. ഇതിൽ 250 കോടിയിലധികം രൂപ ഭക്തരുടെ സംഭാവനകളായി ലഭിക്കുന്നതായാണ് കണക്കുകൾ.
അതേസമയം, അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാൽ സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിൽ ക്ഷേത്രത്തെ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.
ഇതുകൂടാതെ മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രം, ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം, ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രം, കേരളത്തിലെ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം, തമിഴ്നാട്ടിലെ മീനാക്ഷി അമ്മൻ ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം എന്നിവയും രാജ്യത്തെ പ്രധാന സമ്പന്ന ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ആസ്തി 500 കോടിയിലധികം രൂപ വരുമെന്നാണ് വിലയിരുത്തൽ.
