പക്ഷിമൃഗാദികള്‍ ഗൃഹത്തിലെത്തിയാല്‍ ഗുണമോ? ദോഷമോ?
ക്ഷണിക്കപ്പെടാത്ത അതിഥികളായി പക്ഷിമൃഗാദികള്‍ വീട്ടിലേക്ക് എത്തുന്നത് നമ്മുടെ ജീവിതത്തില്‍ താമസം വിനാഃ സംഭവിക്കാന്‍ പോകുന്ന ചില ശുഭ- അശുഭ സംഭവങ്ങളുടെ സൂചനയാണത്രേ. സംഭവിക്കേണ്ടത് സംഭവിക്കേണ്ട നേരത്ത് സംഭവിക്കുക തന്നെ ചെയ്യും. ഇത് ഈശ്വരനിശ്ചയമാണ്. ദൃഢനിശ്ചയത്തോടെ വിശ്വാസപൂര്‍വ്വം നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് അശുഭസംഭവങ്ങളുടെ ദിശയ്ക്ക് മാറ്റം വരുത്തുവാനും, ലഘൂകരിക്കാനുമുള്ള കഴിവുണ്ടെന്നാണ് ആചാര്യമതം.
പൂച്ച
വൃത്തിയുള്ളതും ശാന്തതയുമുള്ള ഇടങ്ങളില്‍ വസിക്കാന്‍ താല്‍പ്പര്യമുള്ള ജീവിയാണ് പൂച്ച. ശകുന, നിമിത്ത ശാസ്ത്രത്തില്‍ പൂച്ച വീട്ടിലേയ്ക്ക് വന്നുകയറുന്നത് ശുഭലക്ഷണമായിട്ടാണ് പറയുന്നത്. പൂച്ച കുഞ്ഞുങ്ങളുമായിട്ടാണ് ഗൃഹത്തിലേയ്ക്ക് വരുന്നതെങ്കില്‍ ഏറെ ശുഭകരം. ഗര്‍ഭിണിയായ പൂച്ചയാണ് വീട്ടിലേയ്ക്ക് വരുകയാണെങ്കില്‍ അവിടെ ഉടന്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും എന്നാണ് അനുമാനിക്കേണ്ടത്. വിദ്യാതടസ്സം, വിവാഹതടസ്സം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെല്ലാം പൂച്ച വീട്ടിലേയ്ക്ക് കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. പരാശരമഹര്ഷി രചിച്ച 'പരാശരസ്മൃതി' എന്ന പുസ്തകത്തില്‍ കറുത്ത പൂച്ച വീട്ടില്‍ ഉണ്ടായിരിക്കുന്നതും അവയെ പരിപാലിക്കുന്നതും ശുഭകരമെന്ന് പറയുന്നുണ്ട്.
പരാശരമഹര്ഷി രചിച്ച 'പരാശരസ്മൃതി'യില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ കറുത്തപൂച്ച വലതുഭാഗത്തുനിന്ന് ഇടതുഭാഗത്തേയ്ക്ക് പോകുന്നതായി കണ്ടാല്‍ അത് ശുഭലക്ഷണമെന്നാണ് പറഞ്ഞിരിക്കുന്നത്. അഗ്നിപുരാണത്തില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ കറുത്തപൂച്ച വഴിക്ക് കുറുകേ ചാടിയാല്‍ യാത്ര ഒഴിവാക്കുകയോ, അത്യാവശ്യ യാത്രയെങ്കില്‍ മറ്റൊരാള്‍ ആ വഴിയിലൂടെ പോയതിനുശേഷം യാത്ര തുടരാം എന്നും പറയുന്നുണ്ട്. മുറിവേറ്റ പൂച്ച വീട്ടിലേയ്ക്ക് കയറിവരുന്നത് അശുഭകരമാണ്. പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നത് മുജ്ജന്മ പാപപരിഹാരം ചെയ്യുമെന്ന് വിശ്വാസമുണ്ട്. പൂച്ചയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കില്‍ അവ വന്നതുപോലെ തിരികെ പ്പോകും.
പട്ടി
കറുത്തനായ് കാലഭൈരവ സ്വാമിയുടെ വാഹനമാണ്. പട്ടി വീട്ടിലെത്തുന്നത് ശിവഭഗവാന്റെ കടാക്ഷത്തെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും 'പട്ടി കാലനെന്നാണ്' പഴമക്കാര്‍ പറയുന്നത്. മൃഗങ്ങള്‍ക്ക് വാക്സിന് ഇല്ലാതിരുന്ന കാലത്ത് പേവിഷബാധയുള്ള പട്ടികടിച്ചാല്‍ മരണം നിശ്ചയമായിരുന്നു. ഇത്തരം പട്ടിയെ തിരിച്ചറിയാനും ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ വീട്ടിലേയ്ക്ക് കയറിവരുന്ന നായയെ ദുശ്ശകുനമായും കഷ്ടകാലത്തിന്റെയും, ദാരിദ്ര്യത്തിന്റെയും പ്രതീകമായും പഴമക്കാര്‍ കണ്ടിരുന്നത്. ഇത്തരം നായ്ക്കളെ അടിച്ച് കൊല്ലുകയോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി കൊല്ലുകയോ പാടില്ല. പേവിഷബാധ ഉണ്ടെന്ന് സംശയമുണ്ടെങ്കില്‍ വിരട്ടി ഓടിക്കുക മാത്രമാണ് ചെയ്യേണ്ടത്. വീട്ടിലേയ്ക്ക് കയറിവരുന്ന നായയ്ക്ക് പേവിഷബാധ, മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പെങ്കില്‍ അവയ്ക്ക് ഭക്ഷണവും വെള്ളവും നല്കി സംരക്ഷിക്കുന്നത് ഉചിതമാണ്. കൃഷ്ണപക്ഷത്തിലെ അഷ്ടമിദിനം നായ്ക്കള്‍ക്ക് ഭക്ഷണം നല്കിയാല് ശിവഭഗവാന്റെ അനുഗ്രഹം ഉണ്ടാവുകയും ദുഃഖദുരിതശമനം സംഭവിക്കുകയും ചെയ്യും.
പഴുതാര
നിരവധി കാലുകളുള്ള വിഷജീവിയായ പഴുതാരയെ ചില ദേശങ്ങളില്‍ ഭാഗ്യച്ചിഹ്നമായിട്ടാണ് കാണിക്കുന്നത്. നമ്മുടെ വീട്ടിനുള്ളിലോ, ശരീരത്തോ പഴുതാരയെ കണ്ടാല്‍ രാഹു ദുര്‍ബലമാണെന്നാണ് അനുമാനിക്കേണ്ടത്. ഞായര്‍, ചൊവ്വ, വെള്ളി, ആയില്യം, വെളുത്തവാവ് പകല്‍, കറുത്ത വാവ് രാത്രി എന്നീ ദിവസങ്ങളില്‍ വീടിനുള്ളില്‍ പഴുതാരയെ കണ്ടാല്‍ സര്‍പ്പദോഷം ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. പരിഹാരം ചെയ്യുക. മൂന്നുദിവസം തുടര്‍ച്ചയായി പഴുതാരയുടെ ആക്രമണം ഉണ്ടായാല്‍ ശത്രുദോഷം ശക്തമായി ഉണ്ടെന്ന് കാണിക്കുന്നു. ചെരുപ്പില്‍ പഴുതാര കിടക്കുന്നതായി കണ്ടാല്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാവുകയോ, കള്ളന്മാരുടെ ശല്യം ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്. വിളക്ക് കത്തിക്കുന്ന നേരമോ, പുണ്യഗ്രന്ഥങ്ങളുടേയോ ഈശ്വരന്മാരുടെ വിഗ്രഹങ്ങള്ക്കിടയിലോ പഴുതാരയെ കണ്ടാല്‍ നിങ്ങളുടെ ദുര്‍ബലമായ പ്രാര്‍ത്ഥനയെയാണ് സൂചിപ്പിക്കുന്നത്. കിടക്കുകയോ, പഴുതാരയെ വെള്ളത്തില്‍ ചത്തുകിടക്കുന്നതായോ, വീടിന്റെ പ്രധാന വാതിലിന്റെ കട്ടിളപ്പടിയില്‍ പഴുതാര ചത്ത് കിടക്കുന്നതായോ കണ്ടാല്‍ ശാപദോഷത്തെയാണത് കാണിക്കുന്നത്. മുജ്ജന്മ ശാപമോ ഈ ജന്മത്തിലെ ശാപമോ ആകാമത്. കിടക്കയില്‍ പഴുതാരയെ കണ്ടാല്‍ ഫലം ഭാര്യാഭര്‍തൃകലഹം. വാഹനത്തില്‍ പഴുതാരയെ കണ്ടാല്‍ അപകടം. ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദത്തിലോ, ഭഗവാന് സമര്‍പ്പിക്കുന്ന പുഷ്പത്തിലോ പഴുതാരയെ കണ്ടാല്‍ അത് ദേവതാകോപത്തെ സൂചിപ്പിക്കുന്നു. പുതുവസ്ത്രത്തില്‍ പഴുതാരയെ കണ്ടാലത് അഗ്നികോപത്തെ സൂചിപ്പിക്കുന്നു. വീടിനുള്ളിലോ പ്രത്യേകിച്ച് അടുക്കളയിലോ പഴുതാര ഇഴഞ്ഞിഴഞ്ഞ് നടക്കുന്നത് വാസ്തുശാസ്ത്രപ്രശ്നങ്ങള് ഉള്ളതായി വിശ്വാസമുണ്ട്. പഴുതാരയെ വീടിനുള്ളില്‍ കണ്ടാല്‍ കൊല്ലരുത്. പുറത്തേയ്ക്ക് മാറ്റാവുന്നതാണ്.
* വവ്വാല് വീടിനുള്ളില്‍ കയറുന്നതും കൂടുകൂട്ടുന്നതും ദുശ്ശകുനമാണ്. പ്രാവ് വീടിനുള്ളില്‍ കൂടുകൂട്ടുന്നത് ദാരിദ്ര്യത്തെ ക്ഷണിച്ചവരുത്തുമത്രെ.
* ആമ വീടിനുള്ളില്‍ കയറിയാല്‍ പുതിയ വാഹനം വാങ്ങും എന്നതാണ് സൂചന.
* കടന്നല് വീടിനുള്ളില്‍ കൂട് ഉണ്ടാക്കുന്നത് ശത്രുദോഷത്തെ ഇല്ലാതാക്കും.
* കീരി വീടിനുള്ളില്‍ കയറിയാല്‍ അതും ശത്രുദോഷത്തെ ശമിപ്പിക്കുമത്രേ.
* തേനീച്ച വീടിനുള്ളില്‍ കൂടു കൂട്ടിയാല്‍ നിര്‍ഭാഗ്യമാണ് ഫലം. ഒപ്പം സാമ്പത്തിക ക്ലേശവും.
* തത്ത, മൈന വീട്ടിലെത്തിയാല്‍ സാമ്പത്തിക ഉന്നതിയാണ് ഫലം.
പാമ്പ്
പാമ്പിനെ കണ്ടാല്‍ പടയും നടുങ്ങും എന്നാണ് പഴമൊഴി. വീടിനുള്ളില്‍ പാമ്പിനെക്കണ്ടാല്‍ സംഭവിക്കാന്‍ പോകുന്ന ഒരു പ്രധാന സംഭവത്തെക്കുറിച്ചുള്ള സൂചനയായി പരിഗണിക്കാവുന്നതാണത്രേ. ശ്രീകോവിലിനുള്ളില്‍ പാമ്പ് കയറിയാല്‍ ഉടന്‍ ദേവപ്രശ്നം നടത്തി കാര്യങ്ങള്‍ മനസ്സിലാക്കാറുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ നാഗാരാധനയ്ക്ക് പ്രാധാന്യം നല്കിയിരുന്നവരാണ്. കാലാന്തരത്തില്‍ ഇതിന് അപചയം സംഭവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. അതിനാല്‍ വീടിനുള്ളില്‍ പാമ്പിനെക്കണ്ടാല്‍ താമസംവിനാ ഏതെങ്കിലും നാഗരാജാ ക്ഷേത്രങ്ങളിലോ, ഉപപ്രതിഷ്ഠയായി നാഗരാജാ ഉള്ളതോ, സുബ്രഹ്മണ്യ, ശിവക്ഷേത്രത്തിലോ ദര്‍ശനം നടത്തി വേണ്ട വഴിപാടുകള്‍ സമര്‍പ്പിക്കുക. അനുഷ്ഠിക്കാന്‍ മറന്ന വഴിപാടിന്റെ ഓര്മ്മപ്പെടുത്തലുമായും പാമ്പുകള്‍ വീടിനുള്ളില്‍ എത്താം.
ശിവഭഗവാന്റെ ഹാരമായ വാസുകി നാഗരാജാക്കളില്‍ പ്രധാനിയായതിനാല്‍ ശിവഭഗവാന്റെ കടാക്ഷം ഉള്ള വീടുകളിലാണ് പാമ്പുകള്‍ എത്തുക. പ്രത്യേകിച്ച് മഞ്ഞച്ചേര കിഴക്ക്- വടക്ക് ദിക്കുകളില്‍ നിന്ന് വീട്ടിലേയ്ക്ക് കയറിയാലത് ശിവാനുഗ്രഹത്തെ സൂചിപ്പിക്കുന്നു. പൊതുവേ പാമ്പുകള്‍ വീട്ടില്‍ കയറുന്നത് ഐശ്വര്യത്തേയും സാമ്പത്തികാഭിവൃദ്ധിയേയുമാണ് കാണിക്കുന്നത്. എങ്കിലും വീടിന്റെ പ്രധാന വാതിലിലൂടെ പാമ്പ് വീടിനുള്ളില്‍ കയറിയാലത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തെയാണ് സൂചിപ്പിക്കുന്നത്. പുറകിലത്തെ വാതിലില്‍ കൂടി പാമ്പ് വീടിനുള്ളില്‍ പ്രവേശിക്കുന്നതും, അടുക്കളയില്‍ പാമ്പ് കിടക്കുന്നതായി കണ്ടാലും അത് വീട്ടിലുള്ളവര്‍ക്ക് കാര്യമായി സംഭവിക്കാവുന്ന ആരോഗ്യപ്രശ്നത്തെയാണ് കാണിക്കുന്നത്.
പൂജാമുറിയില്‍ പാമ്പിനെ കണ്ടാലത് കടുത്ത ശത്രുദോഷത്തെ സൂചിപ്പിക്കുന്നു. കിടപ്പുമുറിയില്‍ പാമ്പിനെ കണ്ടാല്‍ തൊഴില്‍ നഷ്ടം, ധനനഷ്ടം എന്നിവയാണത്രേ ഫലം. പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിനെ സ്വപ്നത്തില്‍ കണ്ടാല്‍ പ്രബലനായ ശത്രു തനിക്കുണ്ടെന്ന് അനുമാനിക്കാം. രണ്ട് പാമ്പുകള്‍ ഇഴഞ്ഞ് നീങ്ങുന്നതായി സ്വപ്നത്തില്‍ കണ്ടാല്‍ അത് ശുഭകരമായ സ്വപ്നമാണ്. പാമ്പിനെ നമ്മള് കൊല്ലുന്നതായി സ്വപ്നം കണ്ടാല്‍ ശത്രുവിന്റെ മേല്‍ നമുക്കുള്ള വിജയത്തെ കാണിക്കുന്നു. പാമ്പ് കിടക്കുന്നതായി സ്വപ്നം കണ്ടാല്‍ മരണം സംഭവിക്കാമായിരുന്ന അപകടം ഒഴിവായി എന്ന് അനുമാനിക്കുക. വയര്‍, മാറിടം എന്നിവിടങ്ങളില്‍ പാമ്പ് വീഴുന്നതായി സ്വപ്നം കണ്ടാല്‍ മംഗല്യഭാഗ്യം എത്തിയിരിക്കുന്നു എന്നാണ് സൂചന.
പാമ്പും നാഗങ്ങളും ഒന്നല്ല. ചെറുവിരലിന്റെ വലുപ്പത്തിലുള്ള വെള്ളയോ സ്വര്‍ണ്ണനിറമോ ഉള്ള ചെറിയ ഉരഗമാണ് നാഗം. ഇത് വീടിനുള്ളിലേയ്ക്ക് കയറുക അത്യപൂര്‍വ്വമാണ്. അങ്ങനെ സംഭവിച്ചാല്‍ അത് ശുഭകരമാണ്. ഒന്നിലധികം നാഗങ്ങള്‍ മൂന്ന് തവണയോ അധിലധികമോ വീട്ടിലെത്തിയാല്‍ നാഗാരാധനയുടെ കുറവാണ് സൂചിപ്പിക്കുന്നത്.
വീട്ടിലെത്തുന്ന പാമ്പുകളെ തല്ലിക്കൊല്ലുകയോ അവയുടെ ശരീരത്ത് മണ്ണെണ്ണ, ചൂടു വെള്ളം എന്നിവ തളിക്കുകയോ അരുത്. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വീടിനുള്ളില്‍ നിന്നും പുറത്താക്കുക മാത്രമേ ചെയ്യാവൂ. പാമ്പ്, ഗരുഡന് കാണപ്പെട്ട ദൈവങ്ങളാണെന്നാണ് വിശ്വാസം.
തവള
തവള വീട്ടില്‍ കയറുന്നത് ശുഭകരം. ശിവഭഗവാന്റേയും അശ്വനിദേവന്മാരുടേയും കടാക്ഷം അവിടെ ഉണ്ടാകും.
കീരി, ഉടുമ്പ്
കീരിയേയും, ഉടുമ്പിനേയും വീടിന്റെ പരിസരത്ത് കാണുന്നത് ശത്രുവിജയത്തെ സൂചിപ്പിക്കുന്നു.
