തന്‍റെ തട്ടകം ഗുരുവായൂരാണെന്നും തനിക്ക് തുണ മമ്മിയൂരപ്പനും ഗുരുവായൂരപ്പനുമാണെന്നും അതോടെ മനസ്സിലായി... -ഗുരുവായൂര്‍ കൃഷ്ണന്‍
ഗുരുവായൂരപ്പന്‍റെ അനുഗ്രഹത്താല്‍ ഗുരുവായൂര്‍ കൃഷ്ണന്‍ ആ പാട്ട് രണ്ടായിരത്തി ഇരുപത്തിരണ്ട് ഡിസംബര്‍ മൂന്നിന് രാത്രി നേന്ത്രക്കായ് അരിഞ്ഞുകൊണ്ട് പാടിയപ്പോള്‍ വൈറലായി മാറി. ആ പാട്ടുകേട്ട ഏതൊരു മലയാളിയുണ്ടോ അവരെല്ലാം ഗുരുവായൂര്‍ കൃഷ്ണന്‍റെ കണ്ഠത്തില്‍ നിന്നുവന്ന ആ ഗാനം സ്വീകരിച്ചു. അല്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ മായയില്‍ അങ്ങനെ സംഭവിച്ചു.
ഗുരുവായൂര്‍ കൃഷ്ണന്‍ എന്ന കൃഷ്ണന്‍ നമ്പൂതിരി മമ്മിയൂര്‍ ക്ഷേത്രത്തിന്‍റെ ഊട്ടുപുരയുടെ കലവറയില്‍ ഇരുന്നുപാടിയ പാട്ട് ഒറ്റദിവസം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. യേശുദാസ് വളരെ മുന്‍പ് ആലപിച്ച 'വനമാല' എന്ന കാസറ്റിലെ ഒരു ഗാനമാണിത്. ഈ ഗാനത്തിന്‍റെ രചയിതാവ് എസ്. രമേശന്‍ നായരും സംഗീതസംവിധായകന്‍ കേശവന്‍ നമ്പൂതിരിയുമാണ്.
പക്ഷേ, അന്ന് ഈ ഗാനം അത്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. ഗുരുവായൂരപ്പന്‍റെ അനുഗ്രഹത്താല്‍ ഗുരുവായൂര്‍ കൃഷ്ണന്‍ ആ പാട്ട് രണ്ടായിരത്തി ഇരുപത്തിരണ്ട് ഡിസംബര്‍ മൂന്നിന് രാത്രി നേന്ത്രക്കായ് അരിഞ്ഞുകൊണ്ട് പാടിയപ്പോള്‍ വൈറലായി മാറി. ആ പാട്ടുകേട്ട ഏതൊരു മലയാളിയുണ്ടോ അവരെല്ലാം ഗുരുവായൂര്‍ കൃഷ്ണന്‍റെ കണ്ഠത്തില്‍ നിന്നുവന്ന ആ ഗാനം സ്വീകരിച്ചു. അല്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ മായയില്‍ അങ്ങനെ സംഭവിച്ചു.
രണ്ടായിരത്തി ഇരുപത്തിരണ്ട് ഡിസംബര്‍ നാലിനായിരുന്നു ഗുരുവായൂര്‍ ഏകാദശി. ഏകാദശി നാളില്‍ ഗുരുവായൂരിലെപ്പോലെ മമ്മിയൂരിലും ഏകാദശി ഊട്ടുണ്ട്. ഏകദേശം മൂവായിരത്തിലധികം ഭക്തര്‍ക്ക് രസകാളന്‍, എരിശ്ശേരി, പുഴുക്ക്, അച്ചാര്‍, കായ വറുത്തത്, ഗോതമ്പുപായസം എന്നീ വിഭവസമൃദ്ധമായ സദ്യയാണ് ഊട്ടിന് നല്‍കുക. മൂന്നാം തീയതി കലവറയില്‍ ഊട്ടിനാവശ്യമായ പച്ചക്കറികള്‍ എല്ലാം എത്തി. എന്നാല്‍ പാചകത്തിന് സ്ഥിരം സഹായികളായവര്‍ക്ക് അന്ന് അസൗകര്യമുണ്ടായി.
പകരക്കാരെ നോക്കിയെങ്കിലും ആരെയും കിട്ടിയില്ല. എന്ത് ചെയ്യണമെന്നറിയാതെ ഭഗവാനെ വിളിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. എങ്ങനെയോ മനസ്സിനൊരു ധൈര്യം പെട്ടെന്നുണ്ടായി. ഒറ്റയ്ക്ക് തന്നെ ചെയ്യാം. അങ്ങനെ പാചകപ്പുരയില്‍ പണിയാരംഭിച്ചു.
കൂടെ സഹായത്തിനായി ഭാര്യയും മകളുമെത്തി. കായ്കറികള്‍ അരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ മനസ്സാകെ അസ്വസ്ഥമായി. 'നല്ലൊരു കല കയ്യിലുണ്ടായിട്ടും എന്തിനാ ഭഗവാനെ ഇങ്ങനെ പരീക്ഷിക്കുന്നത്.' ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. അതുകണ്ട മകള്‍ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു. അച്ഛന്‍ എന്തെങ്കിലും പാട്ടുകള്‍ പാടൂ.. അപ്പോള്‍ മനസ്സിന്‍റെ ഭാരം കുറച്ചുകുറയും. അങ്ങനെ പാടിയ പാട്ടാണ് 'ഗുരുവായൂര്‍ ഏകാദശി.'
മകള്‍ അത് അപ്ലോഡ് ചെയ്ത് എന്‍റെ ഫെയ്സ്ബുക്കിലിട്ടു. അതാണ് ഒറ്റദിവസം കൊണ്ട് ജനഹൃദയത്തെ കീഴടക്കിയ ഗാനമായി മാറിയത്. ലോകമെമ്പാടുനിന്നും പ്രശംസകള്‍ വന്നുകൊണ്ടിരുന്നു. അമേരിക്കയില്‍ നിന്ന് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന- ഹിന്ദു കോണ്‍ക്ലേവ് 2023 എന്ന പേരില്‍ ശ്രീകൃഷ്ണ സേവാ പുരസ്ക്കാരവും ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. അങ്ങനെ നാടിന്‍റെ പല ഭാഗങ്ങളില്‍ നിന്നും അനുമോദനപ്രവാഹമായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഇതൊന്നും തന്‍റെ കഴിവല്ല. ഭഗവാന്‍ തന്ന വരപ്രസാദമായാണ് ഞാന്‍ അതിനെ കാണുന്നത്.
മമ്മിയൂരപ്പന്‍റെ തിരുമുന്നിലിരുന്നു പാടിയ പാട്ട്. ഗുരുവായൂരപ്പന്‍ സ്വീകരിക്കുകയായിരുന്നു. ഭഗവാന്‍ തന്നെ അത് ജനമനസ്സുകളില്‍ എത്തിച്ചു. അത് ഗുരുവായൂരപ്പനല്ലാതെ മറ്റാര്‍ക്കാണ് ചെയ്യാന്‍ കഴിയുക. കൃഷ്ണന്‍ നമ്പൂതിരി മനസ്സ് തുറന്നു.
ചെറുപ്പം മുതല്‍ ഭക്തിഗാനങ്ങള്‍ പാടുക പതിവായിരുന്നു. യേശുദാസും ജയചന്ദ്രനുമൊക്കെ പാടിയ ഭക്തിഗാനങ്ങള്‍ കേട്ടുപഠിച്ച് ഗുരുവായൂരിലും മമ്മിയൂരിലും പോയി പുറത്തുനിന്നു പാടും. ആരെങ്കിലും കേള്‍ക്കുന്നോ എന്നതൊന്നും തനിക്കൊരു പ്രശ്നമായിരുന്നില്ല. ദിനവും പോയി പാടുക. അതൊരു വ്രതമായെടുത്തു. പിന്നെ ഗുരുവായൂരിലെ ഭക്തിഗാനമേള ട്രൂപ്പുകളില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. അവസരങ്ങള്‍ വന്നുതുടങ്ങിയതോടെ ചെറിയ തോതില്‍ സ്വന്തമായ് ഒരു ട്രൂപ്പ് തുടങ്ങി. അവിടെ നിന്നുമാണ് തൃശൂര്‍ ചോയ്സ് എന്ന ഗാനമേള ട്രൂപ്പില്‍ പാടാന്‍ തുടങ്ങിയത്. പിന്നെ ഒരു വര്‍ഷത്തോളം കലാഭവനുവേണ്ടി പാടി.
അവിടെ നിന്നും പ്രശസ്തമായ കോയമ്പത്തൂര്‍ മല്ലിശ്ശേരി ഓര്‍ക്കസ്ട്രയിലേക്ക്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം ആ ട്രൂപ്പില്‍ ഗായകനായി പ്രവര്‍ത്തിച്ചു. ആ സമയത്ത് കൈനിറയെ പണം വന്നു. ഗുരുവായൂരില്‍ സ്ഥലം വാങ്ങി. പിന്നെ വീടായി. കുറെ ബാധ്യതകള്‍ ഉണ്ടായിരുന്നു. അതൊക്കെ തീര്‍ത്തു.
അതിനുശേഷം രണ്ട് കാസറ്റുകള്‍ ഇറക്കി. സംഗീതം പഠിച്ചിട്ടില്ല. എങ്കിലും അഞ്ചുമാസത്തോളം വളപ്പായി ഗണേശ് അയ്യര്‍, വളപ്പായി കൃഷ്ണയ്യര്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം പഠിക്കാന്‍ പോയിരുന്നു. പിന്നെ തുടരാനുള്ള സാഹചര്യമുണ്ടായില്ല. സിനിമയില്‍ പാടാനുള്ള ആഗ്രഹവുമായി കുറച്ചുകാലം മദ്രാസില്‍ പോയി അലഞ്ഞു. പലരും അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതൊഴിച്ചാല്‍ ഫലമുണ്ടായില്ല. കയ്യിലുള്ള കാശ് കഴിഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ച് ഗുരുവായൂരിലേക്ക് മടങ്ങി.
തന്‍റെ തട്ടകം ഗുരുവായൂരാണെന്നും തനിക്ക് തുണ മമ്മിയൂരപ്പനും ഗുരുവായൂരപ്പനുമാണെന്നും അതോടെ മനസ്സിലായി. കോയമ്പത്തൂര്‍ മല്ലിശ്ശേരി ട്രൂപ്പിലായിരുന്ന സമയത്താണ് താന്‍ ഒരു ഗായകനായി നാട്ടില്‍ അറിയാന്‍ തുടങ്ങിയത്. അതുവരെ തൃശൂരും പാലക്കാട്ടും മാത്രമറിയാമായിരുന്ന തനിക്കൊരു ലേബലുണ്ടായത് മല്ലിശ്ശേരി മൂലമാണ്. ഇപ്പോള്‍ സ്വന്തമായി ഒരു ഭക്തിഗാനമേള ട്രൂപ്പുണ്ട്.
പിന്നെ ഒന്നുരണ്ട് സിനിമയില്‍ പാടാന്‍ അവസരം ഒത്തുവന്നിട്ടുണ്ട്. മനസ്സില്‍ ഒളിപ്പിച്ചുവച്ചിരുന്ന ആ ആഗ്രഹം മമ്മിയൂരപ്പനും ഗുരുവായൂരപ്പനും ഈ പ്രായത്തിലെങ്കിലും നടത്തിത്തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു. ഭാര്യ: സൈലാംബാള്‍. രണ്ട് മക്കള്‍: മകള്‍ മീര, വിവാഹിത. കോയമ്പത്തൂരില്‍ താമസം. മകന്‍ നാരായണന്‍ ലണ്ടനില്‍ പഠിക്കുന്നു.
തയ്യാറാക്കിയത്
ശ്രീകുമാര്‍ ഗുരുവായൂര്‍
