കണിക്കൊന്ന പൂക്കും നേരം... - അനഘ അശോക്
ഡിയസ് ഈറെ, നടന്ന സംഭവം, ഗ്യാങ്സ് ഓഫ് 18 തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളി മനസ്സ്
കീഴടക്കിയ നടിയാണ് അനഘ അശോക്. ഡിയസ് ഈറെയിലെ പ്രകടനത്തിന്‍റെ നിറവില്‍ നില്‍ക്കുമ്പോള്‍...
വിഷു എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ?
വിഷു എന്നുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് തീര്‍ച്ചയായും കണിക്കൊന്നയാണ്. കാരണം വിഷു ഏറ്റവും സ്പെഷ്യല്‍ ആകുന്നത് കണിക്കൊന്ന വയ്ക്കുമ്പോഴാണല്ലോ. ഇപ്പോ എനിക്ക് തോന്നുന്നു ഓണത്തിന് ആണെങ്കില്‍ നമ്മള്‍ പൂക്കളുമൊക്കെ ഇട്ട്, വിളക്കൊക്കെ കത്തിച്ച്, സദ്യയും ഉണ്ടാക്കും. ഓണത്തിന് പൂക്കളമാണ് ഫസ്റ്റ് ഓര്‍മ്മ വരുന്നതെങ്കില്‍, വിഷുവിന് കണിക്കൊന്നയാണ് ഫസ്റ്റ് ഓര്‍മ്മ വരുന്നത്. കാരണം ഇത് ലാസ്റ്റ് മിനിറ്റില്‍ നമ്മള്‍ മേടിക്കാം മേടിക്കാം എന്നൊക്കെ പറഞ്ഞ് നടന്നിട്ട് അവസാനം കിട്ടാതെ ആവുന്നതും കടം ചോദിച്ച് പോയി മേടിക്കുന്നതെല്ലാം വിഷുവുമായി ബന്ധപ്പെട്ട നല്ല ഓര്‍മ്മകളാണ്.
വിഷുക്കാലം എങ്ങനെയാണ് ഓര്‍ത്തെടുക്കാറുള്ളത്?
എന്‍റെ അമ്മയുടെ അച്ഛന്‍റെ സ്ഥലമൊക്കെ ചാലക്കുടി, തൃശൂര്‍ അങ്ങോട്ടാണ്. അപ്പോ അവിടെ ഓണത്തേക്കാളും ഭയങ്കര ആഘോഷമാണ് വിഷു എന്നുപറയുന്നത്. ഓണത്തേക്കാളും കുറച്ചുകൂടെ ഒരു ടുഗെതര്‍നെസ്സ് വരുന്നത് വിഷുവിന്‍റെ ടൈമിലാണ്. ഓണത്തിന്‍റെ കാര്യത്തില്‍, തിരുവോണത്തിന് എല്ലാവരും അവരവരുടെ വീട്ടിലായിരിക്കും. എന്നാല്‍, അവിട്ടം, ചതയം ഒക്കെ ഓരോ റിലേറ്റീവ്സിന്‍റെ വീട്ടിലായിരിക്കും. പക്ഷേ വിഷു എന്നുപറയുമ്പോള്‍, എല്ലാവരും ഒരുമിച്ച് കൂടുന്ന ഒരു ദിവസമാണ്. അത് മനോഹരവും സ്പെഷ്യല്‍ ആയിട്ടുള്ള ഒരു ഇവന്‍റ് ആയതുകൊണ്ടുതന്നെ അങ്ങനെ ഓര്‍ത്തെടുക്കേണ്ട ആവശ്യം വരുന്നില്ല. എപ്പോഴും വിഷു എന്നുപറയുമ്പോള്‍ ഈ ഒരു ടുഗെതര്‍നെസ്സും ക്ലോസ്നെസ്സ് ഓഫ് ഫാമിലിയും ഒക്കെയാണ് ഓര്‍മ്മ വരാറുള്ളത്.
ഏറ്റവും പ്രിയപ്പെട്ട ഒരു വിഷുക്കാലം എപ്പോഴായിരുന്നു ?
ഓ.. എല്ലാ വിഷുവും പ്രിയപ്പെട്ടതാണ്. കാരണം ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വീട്ടുകാരും ബന്ധുക്കളും എല്ലാവരും ഒത്തുകൂടുന്ന ഒരു പരിപാടി ആയതുകൊണ്ട് എല്ലാ വിഷുവും സ്പെഷ്യല്‍ ആണ്. വിഷു ആഘോഷിക്കാതിരുന്നിട്ടുമില്ല. വിഷു ഒറ്റയ്ക്ക് ആഘോഷിക്കേണ്ട അവസ്ഥകളും വന്നിട്ടില്ല. എപ്പോഴും വിഷു ടൈം വീട്ടില്‍ തന്നെ ആയിരിക്കും. വീട്ടുകാരുടെ കൂടെത്തന്നെയായിരിക്കും. അതുകൊണ്ട് എല്ലാ വിഷുവും സ്പെഷ്യല്‍ ആണ്.
വിഷുസദ്യയില്‍ പ്രിയപ്പെട്ടത് എന്താണ് ?
എനിക്ക് എപ്പോഴും സദ്യയില്‍ ഏറ്റവും പ്രിയപ്പെട്ടത് അച്ചാറാണ്. അത് എല്ലാ അച്ചാറും.. നാരങ്ങ, മാങ്ങ പിന്നെ എന്താ പറയുക.. വേറെ എന്തെങ്കിലും ഒക്കെ പിക്കിള്‍സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ, വിഷു സദ്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് അവിയലാണ്.
സിനിമയിലേക്ക് വന്നതിനുശേഷം വിഷുവിന് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ ?
ഒരിക്കലുമില്ല. വിഷുവിന് എപ്പോഴും എനിക്ക് അങ്ങനെ ഷൂട്ട് ഒന്നും ഉണ്ടാവാറില്ല. ഇല്ലെങ്കില്‍ അഭിനയിച്ച സിനിമകളൊക്കെ ഇറങ്ങുന്ന ടൈമോ അങ്ങനെയൊക്കെ ആയിരിക്കും. ഇല്ലെങ്കില്‍ ഏതെങ്കിലും അടുത്ത പ്രോജക്ട് വിഷു കഴിഞ്ഞിട്ട് സ്റ്റാര്‍ട്ട് ആവാന്‍ നില്‍ക്കുന്നതോ അങ്ങനെയൊക്കേ വന്നിട്ടുള്ളൂ. വിഷു എപ്പോഴും വീട്ടില്‍ വീട്ടുകാരുടെ കൂടെ.. ഇപ്പോ എനിക്ക് തോന്നുന്നു, നമ്മള്‍ പഠിക്കുന്ന സമയത്ത് കോളേജ് ടൈമിലാണെങ്കിലും വിഷുവിനൊക്കെ അവധി ഉണ്ടാകും. അപ്പോള്‍ വീട്ടിലേക്ക് ഓടിയെത്തും. വീട്ടുകാരുടെ കൂടെയാണ് അത് ഏറ്റവും സ്പെഷ്യല്‍ ആവുന്നത്.
ഏറ്റവും ബെസ്റ്റ് വിഷുക്കണി ഏതായിരുന്നു?
എല്ലാ വിഷുക്കണിയും എനിക്ക് ഭയങ്കര സ്പെഷ്യല്‍ ആണ്. കാരണം എല്ലാപ്രാവശ്യവും വിഷുക്കണി ഒരുക്കുന്നതില്‍ ഞാന്‍ ഒരു പാര്‍ട്ട് ആവാറുണ്ട്. ഒരു പോയിന്‍റിനുശേഷം ഞാനും അമ്മയും കൂടെ ചേര്‍ന്നാണ് വിഷുക്കണി ഒരുക്കാറ്. അതുകൊണ്ട്, ഓര്‍മ്മകളിലെ എല്ലാ വിഷുക്കണിയും അടിപൊളിയാണ്.
കുട്ടിക്കാലത്തെ വിഷു ഓര്‍മ്മകളെക്കുറിച്ച്...?
ഇപ്പോഴത്തെ കാര്യമെടുത്താല്‍, ഞാനും അമ്മയും ചേര്‍ന്നാണ് വിഷുക്കണി ഒരുക്കുന്നത്. പക്ഷേ കുട്ടിക്കാലത്ത് അങ്ങനെയല്ലല്ലോ. വിഷുക്കണി കാണാന്‍ ഇഷ്ടമാണ്. പക്ഷേ, ആ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മ വന്ന് വിളിക്കാറാണ് പതിവ്. കണ്ണ് തുറക്കാതെ എഴുന്നേല്‍ക്കാന്‍ അമ്മ പറഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്ന പ്രോസസ് നല്ലരസമാണ്. പിന്നെ, കണികണ്ടുകഴിഞ്ഞു ഓടിപ്പോയി കിടന്നുറങ്ങും. അങ്ങനെ ഉറങ്ങരുതെന്ന് അമ്മ പറയും. അങ്ങനെയങ്ങനെ.
വിഷുക്കാലത്ത് സിനിമകള്‍ കാണാന്‍ പോകാറുണ്ടോ ?
ഇപ്പോള്‍ വിഷുസദ്യ കഴിക്കുന്നതുപോലെ ഒരു മെയിന്‍ പരിപാടിയാണ് വിഷുസിനിമകള്‍ റിലീസ് ആയത് കാണാന്‍ പോവുക എന്നുള്ളത്. അപ്പോള്‍ വൈകുന്നേരത്തെ ഒരു മെയിന്‍ അജണ്ട തന്നെ സിനിമ കാണാന്‍ പോകുന്നതാണ്. ഏപ്രില്‍ വിഷു ടൈമില്‍ ഒരിക്കലും സിനിമ മിസ് ചെയ്യാറില്ല.
പുതിയ സിനിമ വിശേഷങ്ങള്‍ ?
ഡിയസ് ഈറെയാണല്ലോ ഏറ്റവും പുതിയ വിശേഷം. അത് നന്നായിട്ടുതന്നെ വന്നു. ഒരുപാട് നല്ല റെസ്പോണ്‍സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു. ഒരു ഡ്രീം ടീം ആയിരുന്നു ഡിയസ് ഈറെയുടേത്. എനിക്ക് വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള ഒരു ഡയറക്ടര്‍ ആയിരുന്നു രാഹുല്‍ സദാശിവന്‍. സോ, ആളുടെ കൂടെ വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സും ആളുടെ കൂടെ ആ പടത്തില്‍ അങ്ങനെ ഒരു നല്ല ക്യാരക്ടര്‍ ചെയ്യാന്‍ പറ്റിയതിലുമൊക്കെ സന്തോഷമുണ്ട്.
