ജാതകയോഗങ്ങള്‍ സ്വയം വിലയിരുത്താന്‍...

ജാതകയോഗങ്ങള്‍ സ്വയം വിലയിരുത്താന്‍...

HIGHLIGHTS

ജാതകത്തിലെ ഗ്രഹനില നോക്കി ഓരോരുത്തര്‍ക്കും ഈ യോഗങ്ങള്‍ ഉണ്ടോ എന്ന് സ്വയം അറിയാനും വിലയിരുത്താനും ഉപയോഗപ്പെടുന്ന ലേഖനമാണിത്.

ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ ലഗ്നത്തിലും, ലഗ്നത്തിന്‍റെ 4-ാം രാശിയിലും ലഗ്നം മുതല്‍ 7-ാം രാശിയിലും ലഗ്നം മുതല്‍ 10-ാം രാശിയിലും നിന്നാല്‍ മംഗളം എന്ന യോഗം ഫലമാകുന്നു.
ലഗ്നം-4-7-10 എന്നീ രാശികളെ കേന്ദ്രരാശികള്‍ എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
മംഗളയോഗത്തില്‍ ജനിക്കുന്നവന്‍ നിത്യം നല്ല കാര്യങ്ങള്‍ ചെയ്യും. വാക്സാമര്‍ത്ഥ്യമുണ്ടാകും. സന്താനങ്ങളും ബുദ്ധിയും ദീര്‍ഘായുസ്സും ഉണ്ടാകും.

മദ്ധ്യയോഗം

ലഗ്നംമുതല്‍ രണ്ടാമത്തെ രാശിയിലും അഞ്ചാമത്തെ രാശിയിലും 8-ാമത്തെ രാശിയിലും 11-ാം രാശിയിലും ആയി എല്ലാ ഗ്രഹങ്ങളും നിന്നാല്‍ മദ്ധ്യയോഗം ജാതകത്തില്‍ ഉണ്ടാകും. മദ്ധ്യയോഗത്തില്‍ ജനിക്കുന്നവന്‍ അന്യദേശവാസിയാകും. ബന്ധുക്കള്‍ക്ക് ക്ലേശവും ഭയവും ഉണ്ടാക്കും. സ്ഥിരമായ സമ്പത്തും കൂടുതല്‍ പുത്രന്മാരും ഇല്ലാത്തവനാകും. ദുര്‍മാര്‍ഗ്ഗസഞ്ചാരം കൊണ്ട് മരണംവരെ ഉണ്ടാകാം.  ഇതിന് മുന്‍കരുതല്‍ എന്ന നിലയില്‍ ഈശ്വരപരമായ അനുഷ്ഠാനങ്ങളും പരിഹാരങ്ങളും സ്വീകരിക്കണം. ജാതകത്തിന്‍റെ ലക്ഷ്യം തന്നെ ഇത്തരം നന്മതിന്മകള്‍ മുന്‍കൂട്ടി മനസ്സിലാക്കാനാണ്.  അതിലൂടെ ദോഷങ്ങള്‍ നിവാരണം ചെയ്യുക കൂടിയാണ്.

ക്ലീബയോഗം

ലഗ്നം മുതല്‍ക്കുള്ള മൂന്നാമത്തെ രാശിയിലും 6-ാം രാശിയിലും 9-ാം രാശിയിലും 12-ാം രാശിയിലും ആയി എല്ലാ ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത് ക്ലീബയോഗമാണ്.
ക്ലീബയോഗത്തില്‍ ജനിക്കുന്നവന്‍ ദുഃഖം ഉള്ളവനും അന്യദേശത്ത് താമസിക്കുന്നവനും നീചസ്ത്രീകളിലും കലഹത്തിനും താല്‍പ്പര്യം ഉള്ളവനുമാകും. ബുദ്ധിയും ആയുസ്സും അധികമുണ്ടാകില്ല. അന്യദേശത്തില്‍ മരിക്കാന്‍ സാദ്ധ്യതയുണ്ടാകും. മംഗള-മദ്ധ്യ-ക്ലീബ യോഗങ്ങളെ കേന്ദ്രയോഗങ്ങള്‍ എന്നും പറയാറുണ്ട്.

രജ്ജുയോഗം

എല്ലാ ഗ്രഹങ്ങള്‍ക്കും ചരരാശികളില്‍നിന്നാല്‍ രജ്ജുയോഗം ഉണ്ടാകും. താഴെ കൊടുക്കുന്ന രാശിചക്രം നിരീക്ഷിച്ചാല്‍ ചരരാശികളും ഉഭയരാശികളും സ്ഥിരരാശികളും രാശിചക്രത്തില്‍ ഏത് ഭാഗത്താണെന്ന് അറിയും.

രജ്ജുയോഗത്തില്‍ ജനിക്കുന്നവര്‍ വളരെ വഴിനടന്ന് ക്ഷീണിക്കുന്നവനാകും. ദരിദ്രനാകും. അന്യന്മാരുടെ പുരോഗതിയില്‍ ഇഷ്ടപ്പെടാത്തവനാകും. മധ്യമമായ ആയുസ്സ് ഉണ്ടാകും. അന്യദേശവാസിയാകും.

മുസലയോഗം

എല്ലാ ഗ്രഹങ്ങളും സ്ഥിരരാശിയില്‍നിന്നാല്‍ മുസലയോഗം. മുസലയോഗത്താല്‍ ജനിക്കുന്നവര്‍ ധനികനാകും. ദാനകര്‍മ്മങ്ങളില്‍ തല്‍പ്പരനാകും. ഭാര്യാസുഖവും പുത്രസുഖവും ഉണ്ടാകും.

ചാമരാദി ദ്വാദശ യോഗങ്ങളില്‍പ്പെട്ട മുസലയോഗം

മുമ്പ് സൂചിപ്പിച്ച മുസലയോഗവും ചാമരാദി ദ്വാദശയോഗത്തില്‍പ്പെട്ട മറ്റൊരു മുസലയോഗവുമുണ്ട്. 12-ാം ഭാവാധിപനും, 12-ാം ഭാവത്തിനും ശുഭഗ്രഹങ്ങളുടെ യോഗം, ദൃഷ്ടിയുണ്ടാകുക. ഭാവാധിപന്‍ ഇഷ്ടഭാവത്തില്‍ നില്‍ക്കുക. ഉച്ചസ്വക്ഷേത്രാദികളില്‍ നില്‍ക്കുക. പാപഗ്രഹങ്ങളുടെ യോഗം, ദൃഷ്ടി ഇല്ലാതെ നില്‍ക്കുക. ഇങ്ങനെയുള്ള ഗ്രഹസ്ഥിതി ഉണ്ടായാല്‍ മറ്റൊരു മുസലയോഗം ഉണ്ടാകും.

ഈ മുസലയോഗത്തില്‍ ജനിക്കുന്നവര്‍ വളരെ പ്രയാസപ്പെട്ട് ലഭിക്കുന്ന ദ്രവ്യങ്ങള്‍ അനുഭവിക്കുന്നവനാകും. സ്ഥിരമല്ലാത്ത സമ്പത്തുണ്ടാകും. ന്യായമായ ചെലവുകള്‍ ചെയ്യുന്നവനാകും. അവസാനദശയില്‍ സ്വര്‍ഗ്ഗീയസുഖം അനുഭവിക്കും. ആലോചിക്കാതെ പ്രവൃത്തിക്കുന്നവര്‍ ചപലനുമാകും.

നളയോഗം

ഗ്രഹനിലയില്‍-ഗ്രഹസ്ഥിതിയില്‍ എല്ലാ ഗ്രഹങ്ങളും ഉഭയരാശിയില്‍നിന്നാല്‍ നളയോഗം ജാതകന് സിദ്ധിക്കും. നളയോഗത്തില്‍ ജനിക്കുന്നവര്‍ ബുദ്ധിമാനാകും. അംഗവൈകല്യം ഉണ്ടാകും. അല്‍പ്പപുത്രലക്ഷണമാണ്. അന്ത്യകാലത്തില്‍ സുഖം ഉണ്ടാകും. ധനവാനാകും. നിപുണനാകും. മാധ്യമ ആയുസ്സ് (ജീവിതത്തിന്‍റെ മദ്ധ്യകാലം വരെ) ആയുസ്സുണ്ടാകും.
ആദിത്യബന്ധ 

ദ്വിഗ്രഹയോഗങ്ങള്‍

സര്‍വ്വസാധാരണയായി ജ്യോതിഷികള്‍ ചന്ദ്രനും കുജനും ഒരു രാശിയില്‍ നിന്നാലുള്ള ശശിമംഗളയോഗവും, രവിയും ബുധനും ഒരു രാശിയില്‍ ഒരുമിച്ച് നിന്നാലുള്ള നിപുണയോഗവും ജാതകത്തില്‍ രേഖപ്പെടുത്തിവെയ്ക്കാറുണ്ട്. എന്നാല്‍ മറ്റ് ദ്വിഗ്രഹയോഗങ്ങള്‍ ഭൂരിപക്ഷം ജ്യോതിഷികളും ജാതകത്തില്‍ രേഖപ്പെടുത്തിവയ്ക്കാറില്ല. സൂര്യനോട് ഒരുമിച്ച് നില്‍ക്കുന്ന ദ്വിഗ്രഹയോഗങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ ലളിതമായ വിധത്തില്‍ വിവരിക്കുന്നതും.

സൂര്യന്‍റെ സൂചനാക്ഷരം ജാതകത്തില്‍  എന്നും ചന്ദ്രന്‍റെ സൂചനാക്ഷരം 'ച' എന്നുമാണ്. ജാതകത്തിലെ ഗ്രഹസ്ഥിതിയാണ് നിരീക്ഷിക്കേണ്ടത്. അംശകഗ്രഹസ്ഥിതിയല്ല നിരീക്ഷണവിധേയമാക്കേണ്ടതെന്ന് പ്രത്യേകം പ്രസ്താവിക്കുന്നു.

സൂര്യചന്ദ്രയോഗം

ജനനഗ്രഹസ്ഥിതിയില്‍ സൂര്യനും ചന്ദ്രനും ഒരു രാശിയില്‍ സ്ഥിതി ചെയ്താല്‍ സ്ത്രീകള്‍ക്ക് അധീനനാകും. വിനയസ്വഭാവം ഉണ്ടാകില്ല. കൂടകൃത്യങ്ങളെ ചെയ്യുന്നവനാകും. കൂടകര്‍മ്മങ്ങള്‍ എന്നതിന് വ്യാജകര്‍മ്മങ്ങള്‍ എന്നാണ് അര്‍ത്ഥവിവക്ഷ. ശ്രീ അമരസിംഹനും വരാഹമിഹിരാചാര്യരും കൂടകര്‍മ്മം എന്നതിന് യന്ത്രോപകരണകര്‍മ്മങ്ങള്‍ എന്ന അര്‍ത്ഥം കൂടി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് യന്ത്രോപകരണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ടാകും.

സൂര്യ-കുജയോഗം

കുജന്‍റെ സൂചനാക്ഷരം ജാതകത്തില്‍ 'കു' എന്നാണ്. സൂര്യനും കുജനും ഒരു രാശിയില്‍ നിന്നാല്‍ ഓജസ്സ് ഉള്ളവനാകും. സാഹസകര്‍മ്മങ്ങള്‍ ചെയ്യും. ബലവും പരാക്രമവും ഉണ്ടാകും. കളവ് പറയുവാന്‍ താല്‍പ്പര്യമുണ്ടാകും. പാപബുദ്ധിയാകും. വധദുഷ്കൃത്യങ്ങളില്‍ താല്‍പ്പര്യവും ക്രൂരസ്വഭാവവും ഉണ്ടാകും.

സൂര്യ-ഗുരുയോഗം

വ്യാഴഗ്രഹത്തിന്‍റെ പര്യായപദമാണ് ഗുരു. ഗുരുവിന്‍റെ സൂചനാക്ഷരം ജാതകത്തില്‍ 'ഗു' എന്നാണ്. ആദിത്യനും ഗുരുവും ഒരുമിച്ച് ഒരു രാശിയില്‍ നിന്നാല്‍ വളരെ നല്ല കാര്യങ്ങള്‍ ചെയ്യും. ഭരണാധികാരികളുടെ ഉപദേശകനാകും. സമൃദ്ധിയുണ്ടാകും. ബന്ധുക്കളുടെ ആശ്രയം മൂലം ധനലാഭം ഉണ്ടാകും. ഉപദേശസ്വഭാവമുണ്ടാകും.

ആദിത്യ-ശുക്രയോഗം

ശുക്രന്‍റെ സൂചനാക്ഷരം 'ഭൃ' എന്നും 'ശു' എന്നും ജാതകത്തില്‍ രേഖപ്പെടുത്തി വെയ്ക്കാറുണ്ട്. ശുക്രനും ആദിത്യനും ഒരുമിച്ച് ഒരു രാശിയില്‍ നിന്നാല്‍, ആയുധപ്രയോഗസാമര്‍ത്ഥ്യം ഉണ്ടാകും. ബലവാനാകും. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ കണ്ണിന് കാഴ്ച കുറയും. രംഗപ്രയോഗസാമര്‍ത്ഥ്യമുണ്ടാകും. സ്ത്രീസംഗമം നിമിത്തം ധനവും ബന്ധുക്കളും ഉണ്ടാകും.

ആദിത്യശനിയോഗം

ശനിയുടെ സൂചനാക്ഷരം 'മ' എന്നാണ്. ആദിത്യനും ശനിയും ഒരു രാശിയില്‍നിന്നാല്‍ ധാതുവിഷയകര്‍മ്മങ്ങളില്‍ സാമര്‍ത്ഥ്യമുണ്ടാകും. നല്ല കാര്യങ്ങള്‍ ചെയ്യും. സ്വന്തം ജോലിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഭാര്യാപുത്രന്മാര്‍ക്ക് നാശമുണ്ടാകാം(ഇത് സംഭവിക്കാതിരിക്കാന്‍ ശരിയായ ജാതകച്ചേര്‍ച്ചയുള്ള വിവാഹം കഴിക്കുക.) ധാതുകര്‍മ്മങ്ങള്‍ എന്നതിന് ഇരുമ്പ്, സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഈയം, കല്ല്, മണ്ണ് തുടങ്ങിയ വസ്തുക്കളെ കൊണ്ടുള്ള കര്‍മ്മം എന്ന് മനസ്സിലാക്കുക.

കാക്കശ്ശേരി ഉണ്ണിപണിക്കര്‍
കളരിക്കല്‍ ഹൗസ്,
പി.ഒ. കാക്കശ്ശേരി
വഴി ചിറ്റാട്ടുകര, തൃശൂര്‍ ജില്ല പിന്‍: 680511

Photo Courtesy - Google