സീതാദേവിക്കൊപ്പം ശ്രീരാമന്‍ വണങ്ങിയ ജംബുകേശ്വരനും അഖിലാണ്ഡേശ്വരിയും
രാവണനിഗ്രഹം കഴിഞ്ഞ് സീതാദേവിക്കൊപ്പം മടങ്ങുന്ന ശ്രീരാമന്‍ ഇവിടെ, തിരുവാനക്കാവിലെത്തി ജംബുകേശ്വരനെയും അഖിലാണ്ഡേശ്വരിയെയും വണങ്ങിയെന്നാണ് പഴമ
ജീവിതരഹസ്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ദേവി താല്‍പ്പര്യം പൂണ്ടപ്പോള്‍, പന്നഗാഭരണന്‍ പറഞ്ഞു: പുണ്യസ്ഥലത്തുവച്ചേ ദിവ്യോപദേശമാകാവൂ... അത്തരമൊരു സ്ഥലം കണ്ടെത്താന്‍ വേണ്ടി ശ്രീപാര്‍വ്വതി, ഭൂതഗണങ്ങളോടും ജയ, വിജയ, സുനന്ദ എന്നീ തോഴികളോടും കൂടി കൈലാസത്തില്‍ നിന്ന് പുറപ്പെട്ടു. പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. അവസാനം, പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ഒരു ജംബു(ഞാവല്‍) വൃക്ഷച്ചുവട്ടിലെത്തി.
അവിടെ പണ്ടൊരിക്കല്‍ ഒരു മഹര്‍ഷി തപം ചെയ്തിരുന്നുവത്രേ. ഒരിക്കലദ്ദേഹത്തിന് തിരുവാനക്കാവില്‍നിന്ന് ഒരു ഞാവല്‍പ്പഴം വീണുകിട്ടി. അതദ്ദേഹം തന്‍റെ ആരാധനാമൂര്‍ത്തിയായ ശംഭുദേവന് നേദിച്ചു; അതിനുശേഷം ആ നേദ്യം മുനി ഭക്ഷിച്ചു. മുനിയുടെ വയറ്റിലെത്തിയ ഞാവല്‍പ്പഴം അവിടെക്കിടന്നു മുളച്ചു; മരമായി വളര്‍ന്ന് വെളിയില്‍ വന്നു. അക്കാര്യം ഭഗവാനോട് പറഞ്ഞപ്പോള്‍, എവിടെനിന്നാണ് ആ പഴം കിട്ടിയത്, അവിടേക്ക് ചെല്ലാന്‍ കല്‍പ്പനയായി. അതിന്‍പടി മുനി തിരുവാനക്കാവില്‍ ചെന്നു. അവിടുന്ന് നിര്‍ദ്ദേശിച്ചപ്രകാരം ജംബുവൃക്ഷം അവിടെ നട്ടനേരം, ഭഗവാന്‍ അതിന്‍റെ ചുവട്ടില്‍ സ്വയംഭൂവായി. ജംബുവൃക്ഷച്ചുവട്ടില്‍ സ്വയംഭൂവായ ഭഗവാനെ മുനി ജംബുകേശ്വരനായി പൂജിച്ചിരുത്തി.
ഭഗവാന്‍റെ സാന്നിദ്ധ്യമുള്ള ആ ജംബുവൃക്ഷച്ചുവട്ടിലാണ് ദേവിയും പരിവാരവും ചെന്നെത്തിയത്. ദേവിക്കവിടെ ഭഗവദ്ചൈതന്യം ദര്‍ശിക്കാനായി. ഇതിലും വലിയ പുണ്യസ്ഥലം മറ്റൊന്നില്ല എന്ന് നിനച്ച് തീര്‍ത്ഥസ്നാനം ചെയ്ത് പൂജയ്ക്കുള്ള സാധനസാമഗ്രികള്‍ ദേവിയൊരുക്കി. ഭഗവാന്‍റെ തൃപ്പാദങ്ങളെ മനസ്സില്‍ ധ്യാനിച്ച് ഇരുകരങ്ങളിലും തീര്‍ത്ഥമെടുത്ത് ഭൂമിയില്‍ സമര്‍പ്പിച്ചു. അതിനപ്പോള്‍ ലിംഗാകാരമുണ്ടായി; ആ അപ്ലിംഗത്തില്‍ അഭിഷേകാലങ്കാരങ്ങള്‍ നടത്തി ദേവി പൂജ നടത്തി. ദേവിയുടെ പൂജയേറ്റ ഭഗവാന്‍ ഉടനടി പ്രത്യക്ഷപ്പെട്ടു. അവിടെവച്ച് ദേവിക്ക് ജ്ഞാനോപദേശം നല്‍കി. ജംബുകേശ്വരനായ ഭഗവാന്‍ പടിഞ്ഞാട്ട് ദര്‍ശനമായും ദേവി കിഴക്കോട്ട് ദര്‍ശനവുമായാണിവിടെ വാഴുന്നത്; ദേവിക്ക് ഭഗവാന്‍ ദിവ്യോപദേശം നല്‍കുന്നതിന്‍റെ ശാശ്വതഭാവമത്രെ ഇത്.
രാവണനിഗ്രഹം കഴിഞ്ഞ് സീതാദേവിക്കൊപ്പം മടങ്ങുന്ന ശ്രീരാമന്‍ ഇവിടെ, തിരുവാനക്കാവിലെത്തി ജംബുകേശ്വരനെയും അഖിലാണ്ഡേശ്വരിയെയും വണങ്ങിയെന്നാണ് പഴമ. തമിഴ്നാട്ടിലെ ശ്രീരംഗത്തെ തിരുവാനക്കാവ് ക്ഷേത്രം.
പ്രതിഷ്ഠ: ശിവന്‍(അപ്ലിംഗ മൂര്‍ത്തി)
Photo Courtesy - Google
