ജാതകത്തിലെ എട്ടാം ഭാവവും ആരോഗ്യ ജീവിതവും

ജാതകത്തിലെ എട്ടാം ഭാവവും ആരോഗ്യ ജീവിതവും

HIGHLIGHTS

ജാതകത്തില്‍ ഏട്ടാം ഭാവം ദീര്‍ഘായുസ്സ്, മരണഭീതി, പരാജയം, രോഗങ്ങള്‍, രോഗാവസ്ഥയുടെ നിജഃസ്ഥിതി, ശസ്ത്രക്രിയ, അത്യാഹിതങ്ങള്‍, മൃത്യുഭയം, ശിക്ഷാരീതി, ദുരന്തങ്ങള്‍, ദൗര്‍ഭാഗ്യങ്ങള്‍, അതീവരഹസ്യ സങ്കേതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ സൂചിപ്പിക്കുന്നു. 

 

ജാതകത്തില്‍ ഏട്ടാം ഭാവം ദീര്‍ഘായുസ്സ്, മരണഭീതി, പരാജയം, രോഗങ്ങള്‍, രോഗാവസ്ഥയുടെ നിജഃസ്ഥിതി, ശസ്ത്രക്രിയ, അത്യാഹിതങ്ങള്‍, മൃത്യുഭയം, ശിക്ഷാരീതി, ദുരന്തങ്ങള്‍, ദൗര്‍ഭാഗ്യങ്ങള്‍, അതീവരഹസ്യ സങ്കേതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ സൂചിപ്പിക്കുന്നു.

വൈദ്യദൃഷ്ടിയില്‍ എട്ടാംഭാവം സൂചിപ്പിക്കുന്നത് മനുഷ്യന്‍റെ ലൈംഗികാവയവങ്ങളെയും, മൂത്രസഞ്ചി, സ്ത്രീകളുടെ ഗര്‍ഭാശയം എന്നിവയുമാണ.് നാഭിപ്രദേശം ആണ് എട്ടാം ഭാവം.

എട്ടാം രാശിയില്‍ സ്ഥിതിചെയ്യുന്ന പാപഗ്രഹങ്ങള്‍, ആ ഭാവത്തിന്‍റെ പുഷ്ടിയെ നശിപ്പിക്കുന്നു. ആറാംഭാവം കഴിഞ്ഞാല്‍ പിന്നെ രോഗാവസ്ഥയെപ്പറ്റിയുള്ള സൂചനകള്‍ നല്‍കുന്നത് എട്ടാം ഭാവമാണ്. ശനിയും ബുധനും രാഹുവും ആണ് അവയില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഏതൊരു ഭാവത്തിലാണോ എട്ടാം ഭാവാധിപതി നില്‍ക്കുന്നത് ആ ഭാവത്തെ ക്ഷയിപ്പിക്കുമെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എട്ടാം ഭാവാധിപതി എട്ടാം ഭാവത്തില്‍ തന്നെ നിലയുറപ്പിച്ചാല്‍ ജാതകന് ദീര്‍ഘായുസ്സ് പ്രദാനം ചെയ്യുന്നു. എങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കും, കൂടെകൂടെ പലവിധരോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയുണ്ടാകും. ദുര്‍ബലനായ എട്ടാം ഭാവാധിപതി പലവിധ അരിഷ്ടതകളേയും, ദൗര്‍ഭാഗ്യങ്ങളെയും കൊണ്ടുവരുന്നു.

എട്ടാം രാശിയില്‍

എട്ടാം രാശിയുടെ ആദ്യദ്രേക്കാണം ഇടതു കവിള്‍ത്തടങ്ങളിലും പല്ലുകളെയും, നിയന്ത്രിക്കുന്നു. മധ്യദ്രേക്കാണമാകട്ടെ ഇടതു വശത്തെ ശ്വാസകോശത്തെയും, തൈറോയിഡ് ഗ്രന്ഥിയെയും നിയന്ത്രിക്കുന്നു. ഇടതു വശത്തെ മാംസപേശികളെ നിയന്ത്രിക്കുന്നത്  അന്ത്യദ്രേക്കാണമാണ്. അതിനാല്‍ ശരീരാവയവങ്ങളെ ബാധിക്കുന്ന ചില രോഗങ്ങളെ സൃഷ്ടിക്കുന്നത് ബന്ധപ്പെട്ട ചില ഗ്രഹങ്ങളാണ്.

ചില പാപഗ്രഹങ്ങളാല്‍ ശക്തി നശിക്കപ്പെട്ട് നില്‍ക്കുന്ന എട്ടാം രാശി ചിലപ്പോള്‍ ജാതകനെ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കുന്നു. നാഭിയോ ഗുഹ്യപ്രദേശങ്ങളോ ആയിരിക്കും വിധേയമാകുന്നത്.

എട്ടാം ഭാവത്തില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഗ്രഹങ്ങളായിരിക്കും അതിന് കാരണക്കാര്‍.

എട്ടാം ഭാവവും ഗ്രഹങ്ങളും

എട്ടാം ഭാവത്തിലെ സൂര്യന്‍ കാഴ്ചശക്തി, മൂത്രാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, പനി, മൈഗ്രെയിന്‍, രക്തസമ്മര്‍ദ്ദം എന്നിവയുമായുള്ള മറ്റുരോഗങ്ങള്‍ക്ക് സാഹചര്യം സൃഷ്ടിക്കുന്നു. ദീര്‍ഘായുസ്സിനും, നല്ല ആ ആരോഗ്യാവസ്ഥയ്ക്കും ഒട്ടും ആശാവഹമല്ല എട്ടാം ഭാവത്തിലെ രവി.

ചന്ദ്രന്‍ എട്ടാംഭാവത്തില്‍ മനോവിഭ്രാന്തി, ആര്‍ത്തവത്തകരാറുകള്‍, മൂത്രാശയരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയെ സൃഷ്ടിക്കുന്നു. ചിലപ്പോള്‍ കോളറാപോലുള്ള ജലജന്യരോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. 

എട്ടാംഭാവത്തിലെ കുജന്‍ ട്യൂമര്‍, അത്യാഹിതങ്ങള്‍, ശസ്ത്രക്രിയ, അംഗവൈകല്യങ്ങള്‍ എന്നിവ നല്‍കാനിടയുണ്ട്. ചന്ദ്രനെപ്പോലെ കുജനും മനോവിഭ്രാന്തിക്കും കാരണമാകാറുണ്ട്. എട്ടാം ഭാവത്തിലെ കുജന്‍ ലൈംഗിക രോഗങ്ങള്‍ക്കും കാരണമാകാം.
രാഹു ഉദരവ്യാധിയെ സൃഷ്ടിക്കുന്നു. അള്‍സര്‍, പൈല്‍സ്, വെരിക്കോസ് തുടങ്ങിയ രോഗങ്ങള്‍ക്കും എട്ടാം ഭാവത്തിലെ രാഹു ഹേതു വാകാറുണ്ട്.

എട്ടാം ഭാവത്തിലെ വ്യാഴം ഏത് രോഗാവസ്ഥകളിലും നിസ്സാരപരുക്കുകളോടെ ജാതകനെ രക്ഷപ്പെടുത്തുന്നു. കരള്‍, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ചെറിയ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദീര്‍ഘായുസ്സിന് ഭംഗം വരുന്ന യാതൊന്നും വ്യാഴം കാരണമാകാറില്ല. സുഖനിദ്രയില്ലായ്മ, ഗാള്‍ബ്ലാഡറിലെ കല്ല് എന്നിവയ്ക്ക് ഈ ഗ്രഹം കാരണമാകാറുണ്ട്.
എട്ടാം ഭാവത്തിലെ ശനി ദിര്‍ഘായുസ്സിനെ പ്രധാനം ചെയ്യുന്നതോടൊപ്പം മാറാവ്യാധികളെ നല്‍കി, ജാതകനെ ദുരിതമനുഭവിപ്പിക്കുമത്രെ! ട്യൂമര്‍, കാന്‍സര്‍, പാരലൈഡിസ് തുടങ്ങിയ രോഗങ്ങള്‍ക്കും ശനി കാരണമാകാറുണ്ട്.

ബുധന്‍ ശുഭഗ്രഹമാണെങ്കിലും ഞരമ്പുസംബന്ധമായ രോഗങ്ങള്‍ക്കും, വന്ധ്യത, ലുക്കോഡര്‍മ, പാരലൈസ് എന്നീ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. അനാരോഗ്യമുണ്ടെങ്കിലും ദീര്‍ഘായുസ്സുകൊണ്ട് ജാതകന്‍ അനുഗൃഹീതനായിരിക്കും.
എട്ടാം ഭാവത്തിലെ കേതു വാഹനാപകടങ്ങള്‍ക്കും, ഉദരഭാഗത്തിലെ ശസ്ത്രക്രിയകള്‍ക്കും, അള്‍സര്‍, വെരിക്കോസ് വെയിന്‍ തുടങ്ങിയ അവയവങ്ങളില്‍ വേദനയും സൃഷ്ടിക്കുന്നു. ചന്ദ്രന്‍റെ സംയോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ജാതകന് മനോവിഭ്രാന്തിയുണ്ടാകും.

എട്ടാം ഭാവത്തില്‍ നില്‍ക്കുന്ന ശുക്രന്‍ പ്രമേഹം, തിമിരം, മൂത്രാശയരോഗങ്ങള്‍, ലൈംഗികശേഷിക്കുറവ് എന്നിവയ്ക്ക് ഹേതുവാകാറുണ്ട്. വന്ധ്യതയും, ദാമ്പത്യജീവിതത്തിലെ പരാജയംകൊണ്ടുള്ള മനോരോഗവും ഫലം.
ചുരുക്കത്തില്‍ ഏഴും എട്ടും ഭാവത്തില്‍ നില്‍ക്കുന്ന ബുധന്‍ ദാമ്പത്യജീവിതത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമത്രെ! എട്ടാം ഭാവത്തിലെ രാഹുവും ദാമ്പത്യജീവിതത്തെ താറുമാറാക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

എം.പി. മാണിക്യത്ത്

Photo Courtesy - Google