വ്യാഴ മൗഢ്യം വരുന്നു; ചില നക്ഷത്രജാതർ കൂടുതൽ ജാ​ഗ്രത പാലിക്കണം

വ്യാഴ മൗഢ്യം വരുന്നു; ചില നക്ഷത്രജാതർ കൂടുതൽ ജാ​ഗ്രത പാലിക്കണം

കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന വ്യാഴത്തിന് 2026 ജൂലൈ 15 വൈകുന്നേരം 7.59 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 5.03 വരെ മൗഢ്യം (അസ്തംഗതാവസ്ഥ) അനുഭവപ്പെടുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ജ്യോതിഷ വിശ്വാസമനുസരിച്ച് ഈ കാലയളവിൽ വ്യാഴത്തിന്റെ ശുഭഫലദാന ശേഷി ഭാഗികമായോ പൂർണമായോ കുറയുമെന്നാണ് വിലയിരുത്തൽ. ഇക്കാരണത്താൽ വിവാഹം, ഗൃഹപ്രവേശം, പുതിയ സംരംഭങ്ങൾ ആരംഭിക്കൽ തുടങ്ങിയ ശുഭകർമങ്ങൾ ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതമെന്നാണ് ജ്യോതിഷാഭിപ്രായം.

ജൂലൈ 15 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവ് ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും പൊതുവെ അനുകൂലമല്ലാത്ത സംഭവവികാസങ്ങൾക്ക് വഴിവെച്ചേക്കാമെന്നും ജ്യോതിഷ പ്രവചനത്തിൽ പറയുന്നു. പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, രാഷ്ട്രീയ രംഗത്തെ അപ്രതീക്ഷിത സംഭവങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നതോടൊപ്പം, ദേശീയ ശ്രദ്ധ നേടിയ കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർക്ക് ആരോഗ്യപ്രശ്നങ്ങളോ ആകസ്മിക വിയോഗങ്ങളോ സംഭവിക്കാനിടയുണ്ടെന്നും വിലയിരുത്തുന്നു.

പുണർതം, വിശാഖം, പൂരുരുട്ടാതി, ഉത്രാടം, കാർത്തിക, ഉത്രം, പൂയം, ആയില്യം, മകം, പൂരം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ ഈ കാലയളവിൽ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് നിർദേശിക്കുന്നു. എന്നാൽ ഓരോ വ്യക്തിയുടെയും ജനനസമയത്തെ ഗ്രഹനിലയും നിലവിലെ ദശാ-അപഹാരങ്ങളും അനുസരിച്ച് ഫലങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകാമെന്നും ജ്യോതിഷ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രാശിപ്രകാരമുള്ള ഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ആരോഗ്യപ്രശ്നങ്ങൾ, അമിതച്ചെലവ്, മാനസിക സമ്മർദം എന്നിവ വർധിക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത ആവശ്യമാണ്. ദേവീ ഭജനം നടത്തുകയും ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ശാന്തി ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുകയും ചെയ്യുന്നത് ഉചിതമെന്നാണ് നിർദേശം.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2): കുടുംബജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാകാം. സുബ്രഹ്മണ്യ ഭജനം, ചൊവ്വാഴ്ച വ്രതം, അഷ്ടോത്തര ജപം എന്നിവ പരിഹാരമായി നിർദേശിക്കുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4): അനാവശ്യ ചിന്തകളും ബന്ധുജനങ്ങളുമായുള്ള അഭിപ്രായഭിന്നതകളും ഉണ്ടാകാം. വിഷ്ണു ഭജനം, ക്ഷേത്രദർശനം, തുളസിമാല സമർപ്പണം എന്നിവ ശുപാർശ ചെയ്യുന്നു.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം): ഉദ്ദേശിച്ച കാര്യങ്ങളിൽ തടസ്സം, ആരോഗ്യപ്രശ്നങ്ങൾ, ധനനഷ്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അതൃപ്തി നേരിടേണ്ടിവരാം. വിഷ്ണു ഭജനവും പുരുഷസൂക്ത പുഷ്പാഞ്ജലിയും പരിഹാരമായി നിർദേശിക്കുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4): യാത്രകൾ വർധിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യപ്രശ്നങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ശിവഭജനം, ഭസ്മാഭിഷേകം, ശ്രീകൃഷ്ണന് തുളസിമാലയും വെണ്ണയും സമർപ്പിക്കൽ എന്നിവ ശുപാർശ ചെയ്യുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2): ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായേക്കാം. ഗണപതി ഭജനം, വെള്ളിയാഴ്ച ക്ഷേത്രദർശനം, അഷ്ടോത്തര ജപം എന്നിവ ഗുണകരമെന്നാണ് വിശ്വാസം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4): സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക വിഷയങ്ങളിലും ശ്രദ്ധ വേണം. ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നതാണ് പരിഹാരമായി പറയുന്നത്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട): വിവാഹകാര്യങ്ങൾ വൈകുക, വാഹനച്ചെലവ്, ബിസിനസിൽ നഷ്ടം തുടങ്ങിയ സാധ്യതകൾ കാണുന്നു. ഹനുമാൻ ഭജനം, സുന്ദരകാണ്ഡം പാരായണം എന്നിവ നിർദേശിക്കുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4): ബന്ധുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക നഷ്ടം, തൊഴിലിലെ പ്രതിസന്ധി എന്നിവയ്ക്ക് സാധ്യതയുണ്ട്. ദേവീ ഭജനം, പഞ്ചദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി, ചുവപ്പ് പട്ടു സമർപ്പിക്കൽ എന്നിവ പരിഹാരമായി പറയുന്നു.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): തൊഴിൽരംഗത്തെ സമ്മർദം, കടബാധ്യത, യാത്രാക്ലേശം, കാലാവസ്ഥാ രോഗങ്ങൾ എന്നിവ അലട്ടാം. ശിവക്ഷേത്രത്തിൽ ശംഖധാരയും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും നടത്തുന്നത് ശുപാർശ ചെയ്യുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങളും തൊഴിൽ മേഖലയിലെ പ്രതിസന്ധികളും ഉണ്ടാകാം. ഹനുമാൻ ഭജനം, ശനിയാഴ്ച ക്ഷേത്രദർശനം, അവിലും പഴവും നിവേദിക്കുക എന്നിവ ഗുണകരമെന്നാണ് വിശ്വാസം.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): കുടുംബബന്ധങ്ങളിലും ദാമ്പത്യജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും പ്രതികൂലതകൾ നേരിടാൻ സാധ്യതയുണ്ട്. ദേവീ ഭജനം, ലളിതാസഹസ്രനാമ ജപം എന്നിവ ദോഷശമനത്തിനായി നിർദേശിക്കുന്നു.