ധര്‍മ്മദേവതയായ ജ്വാലാമുഖി
വെള്ളിയാഴ്ച രാഹുകാലത്ത് ദേവിക്ക് ദീപം കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ നാഗദോഷം അകലുമെന്നാണ് വിശ്വാസം. പൗര്‍ണ്ണമി നാളില്‍ വെല്ലം(ശര്‍ക്കര), നാളികേരം, പഴം എന്നിവ കുഴച്ച് നേദിച്ച് ദേവിക്ക് വിളക്കുതെളിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സങ്ങള്‍ അകലുമെന്നും വിശ്വസിക്കപ്പെടുന്നു. അസുരവധം ചെയ്ത പാപം അകലുവാനായി ദേവി ഇവിടെ ശിവപൂജ ചെയ്ത് പാപമുക്തിനേടി എന്നാണ് ഐതിഹ്യം.
മൈസൂരിലെ ശ്രീചാമുണ്ഡേശ്വരി ക്ഷേത്രം വിശ്വപ്രസിദ്ധമാണ്. ദേവിയുടെ ശക്തിയും ഭക്തര്‍ക്ക് അനുഭവമാണ്. ഈ ചാമുണ്ഡേശ്വരിയ്ക്ക് ഒരു അനുജത്തിയുണ്ട്. പേര് ജ്വാലാമുഖി. മൈസൂരിന് അടുത്തുള്ള ഉത്തനഹള്ളിയിലാണ് ജ്വാലാമുഖി എഴുന്നെള്ളി ഭക്തരില്‍ അനുഗ്രഹം വര്‍ഷിക്കുന്നത്. മൈസൂരില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശക്തിസ്വരൂപിണിയായ ജ്വാലാമുഖി കുടികൊള്ളുന്ന ക്ഷേത്രത്തിലെത്താം.
രക്തബീജാസുരന്‍ എന്ന അസുരന്റെ ശരീരത്തില്‍ നിന്നും വരുന്ന ഓരോ തുള്ളി രക്തത്തില്‍ നിന്നും അസുരന്മാര്‍ പ്രത്യക്ഷപ്പെട്ടു. ഈ അസുരന്മാരുടെ വരവു തുടങ്ങിയതോടെ രക്തബീജാസുരന്റെ ബലം ഇരട്ടിയായി. അവന്‍ തന്റെ അസുരബലം കൊണ്ട് ദേവന്മാരെ ഒന്നടങ്കം പീഡിപ്പിക്കുവാന്‍ തുടങ്ങി. മാത്രമല്ല മഹര്‍ഷിമാരെയും അവനും സംഘവും വെറുതെ വിട്ടില്ല. മഹര്‍ഷിമാരുടെ യാഗങ്ങളെയെല്ലാം അവന്‍ തടഞ്ഞു. സഹികെട്ട ദേവന്മാരും മഹര്‍ഷിമാരും ലോകരക്ഷകയായ ജഗദംബിക പാര്‍വ്വതിദേവിയെ ശരണാഗതി പ്രാപിച്ചു.
കരുണാംബികയായ പാര്‍വ്വതിദേവി ഉഗ്രരൂപിണിയായി നാക്ക് പുറത്തേക്ക് നീട്ടി, കൂര്‍ത്ത പല്ലുകളും കനല്‍പാറുന്ന കണ്ണുകളുമായി 'ജ്വാലാമുഖി' എന്ന നാമധേയയായി രക്തബീജാസുരനിഗ്രഹത്തിനായി പുറപ്പെട്ടു. അവള്‍ അസുരന്മാരുമായി യുദ്ധം ചെയ്ത് അവരെ നിഗ്രഹിച്ച് അവരുടെ രക്തം ഒരു തുള്ളിപോലും നിലത്ത് വീഴ്ത്താതെ കുടിച്ചു. അതുകൊണ്ട് അനീതിയെ നിഗ്രഹിച്ച് ധര്‍മ്മം കാക്കുന്ന ദേവതയായി ജ്വാലാമുഖി ഇവിടെ കുടികൊണ്ട് അനുഗ്രഹം ചൊരിയുന്നു.
ചാമുണ്ഡിമലയ്ക്ക് അടുത്തുള്ള കുന്നില്‍ സ്വയംഭൂവായി പുറ്റില്‍ നിന്നും അവതരിച്ച നിലയിലാണ് ദേവി 'ജ്വാലാമുഖി' ദര്‍ശനം നല്‍കുന്നത്. വളരെ ചെറിയ വാതിലോടുകൂടി ഗുഹ പോലെയുള്ളതാണ് ദേവിയുടെ സന്നിധി. നാക്ക് പുറത്തേയ്ക്ക് നീട്ടി ഉഗ്രരൂപത്തോടെയുള്ള ദേവിയുടെ കയ്യില്‍ ത്രിശൂലം, ഉടുക്ക്, വാള്‍, ബാണം തുടങ്ങി രക്തം കുടിക്കുവാനുള്ള പാത്രവും കാണാം. അനുജത്തി ജ്വാലാമുഖിയെ ദര്‍ശിച്ചുവേണം ചാമുണ്ഡേശ്വരിയെ ദര്‍ശിക്കുവാന്‍ എന്നതാണ് ആചാരം.
വെള്ളിയാഴ്ച രാഹുകാലത്ത് ദേവിക്ക് ദീപം കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ നാഗദോഷം അകലുമെന്നാണ് വിശ്വാസം. പൗര്‍ണ്ണമി നാളില്‍ വെല്ലം(ശര്‍ക്കര), നാളികേരം, പഴം എന്നിവ കുഴച്ച് നേദിച്ച് ദേവിക്ക് വിളക്കുതെളിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സങ്ങള്‍ അകലുമെന്നും വിശ്വസിക്കപ്പെടുന്നു. ജ്വാലാമുഖിയുടെ സന്നിധിയോട് ചേര്‍ന്നുതന്നെ ശിവന്റെ സന്നിധിയുമുണ്ട്.
അസുരവധം ചെയ്ത പാപം അകലുവാനായി ദേവി ഇവിടെ ശിവപൂജ ചെയ്ത് പാപമുക്തിനേടി എന്നാണ് ഐതിഹ്യം. ചിത്ത (ബുദ്ധി)ത്തെ തെളിവാക്കുന്നവന്‍ എന്നതിനാല്‍ ഈ ശിവനെ'ചിത്തേശ്വരന്‍'എന്നും ശ്രീരാമന്‍ പൂജിച്ചു പ്രാര്‍ത്ഥിച്ചു. ഗണപതി, സുബ്രഹ്‌മണ്യന്‍, ഭൈരവന്‍, നാഗഭൈരവന്‍ എന്നിവര്‍ ഉപദേവതകളാണ്. കര്‍ക്കിടകത്തിലെ വെളുത്തവാവ്, നവരാത്രി, മഹാശിവരാത്രി, ശനി പ്രദോഷം എന്നീ ദിവസങ്ങളില്‍ വിശേഷപൂജകളും ആഘോഷങ്ങളും നടത്തപ്പെടുന്നു.
