ജ്യോതിഷത്തിലെ ദേവതാസങ്കല്‍പ്പം

ജ്യോതിഷത്തിലെ ദേവതാസങ്കല്‍പ്പം

HIGHLIGHTS

ജ്യോതിഷത്തില്‍ ദേവതാസങ്കല്‍പ്പം വളരെ പ്രധാനമാണ്. സൂര്യന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങള്‍ക്കും, ഗുളികനും പ്രത്യേകം, പ്രത്യേകം ദേവതമാരെ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, നവഗ്രഹങ്ങള്‍, മേടം തുടങ്ങി മീനം വരെയുള്ള രാശികളില്‍ നില്‍ക്കുമ്പോള്‍ ഭിന്നങ്ങളായ ദേവതാസങ്കല്‍പ്പങ്ങളും ഉണ്ട്. ഇതിനും പുറമെ വാരദേവത, തിഥിദേവത, നക്ഷത്രദേവത തുടങ്ങിയ ദേവതാസങ്കല്‍പ്പങ്ങളും ഉണ്ട്.

നവഗ്രഹങ്ങള്‍ക്ക് പൊതുവായുള്ള ദേവതാസങ്കല്‍പ്പങ്ങള്‍

സൂര്യന്‍:  ശ്രീ പരമശിവന്‍

ചന്ദ്രന്‍: ദുര്‍ഗ്ഗ, ശ്രീഭഗവതി, ഭദ്രകാളി

ചൊവ്വ: സുബ്രഹ്മണ്യന്‍, ഭദ്രകാളി

ബുധന്‍: വിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, പരശുരാമന്‍.

വ്യാഴം: ബ്രഹ്മാവ്.

ശുക്രന്‍: ഗണപതി, ദുര്‍ഗ്ഗ, ലക്ഷ്മി, യക്ഷി, ഭദ്രകാളി

ശനി: ധര്‍മ്മശാസ്താവ്, വേട്ടയ്ക്കൊരു മകന്‍, യമരാജാവ്

രാഹു: നാഗരാജാവ്, സര്‍പ്പം, അനന്തന്‍

കേതു: ചണ്ഡാളദൈവങ്ങള്‍, നീചസര്‍പ്പം

ഗുളികന്‍: പിതൃക്കള്‍, പ്രേതങ്ങള്‍.

നവഗ്രഹങ്ങളില്‍വച്ച് സാത്വിക പ്രധാനിയും, ശുഭഫലദാതാക്കളില്‍ പ്രഥമഗണനീയനും, എല്ലാ ദേവീദേവന്മാരുടെയും കര്‍ത്തൃത്വവും വ്യാഴത്തിനുണ്ട്. ആ വ്യാഴത്തിനെപ്പറ്റിയുള്ള ശാസ്ത്രനിഗമനം നോക്കുക.

സര്‍വേശ്വരാണാം ധിഷണോളസ്തിനിത്യം
സാന്നിദ്ധ്യമസ്മാദ്ധിണേളനുകൂലേ
പ്രായോളനുകൂലാസ്സകലാശ്ചദേവാ
സ്തപ്രാതികൂല്യേ സതിനാനുകുലാഃ

സാരം: ശിവന്‍, വിഷ്ണു തുടങ്ങി എല്ലാ ദേവിദേവന്മാരുടേയും ആധിപത്യം വ്യാഴത്തിനുണ്ട്. വ്യാഴം സര്‍വേശ്വരകാരകനാണ്(കാരകന്‍-കര്‍ത്താവ്). ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴത്തിന് ഇഷ്ടഭാവസ്ഥിതി മുതലായ അനുകൂലഭാവങ്ങളുണ്ടെങ്കില്‍, മറ്റെല്ലാ ദേവീദേവന്മാരും ജാതകന് അനുകൂലികളായി വരുമെന്നു ധരിക്കുക. അയാള്‍ക്ക് ദൈവാധീനമുള്ളതായും പറയപ്പെടുന്നു. മറിച്ച്, വ്യാഴത്തിന് അനിഷ്ടഭാവസ്ഥിതി തുടങ്ങിയ ദോഷസ്ഥിതികളാണുള്ളതെങ്കില്‍ എല്ലാ ദേവീദേവന്മാരും ജാതകന് അനിഷ്ടത്തെ ചെയ്യുമെന്നും അറിയുക. പൊതുവേ അയാള്‍ക്ക് ദൈവാധീനം ഇല്ലെന്നും പറയാം.

ഗ്രഹങ്ങളും രാശിയും

ആദിത്യന്‍

ആദിത്യന്‍ പൊതുവേ ശൈവ-ശിവകാരകനാണ്. മേടം തുടങ്ങി മീനം വരെയുള്ള രാശികളില്‍ ഏതില്‍നിന്നാലും ആദിത്യനെ ശിവനായിത്തന്നെ കണക്കാക്കണം. മേടം രാശിയിലെ(മാസമെന്നും) പരമോച്ചകാലമായ ആദ്യത്തെ 10 തീയതിക്കുള്ളില്‍(പത്താമുദയംവരെ) നില്‍ക്കുന്ന ആദിത്യനെ ദേവന്മാരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവനാണെന്നു ധരിക്കണം. മേടം രാശിയിലെതന്നെ 10-ാം തീയതിക്കുശേഷം 30-ാം തീയതി(1 തീയതി 1 ഭാഗം. 1 മാസം 30 ഭാഗയെന്നും)ക്കുള്ളില്‍ നില്‍ക്കുന്ന ആദിത്യനെ മനുഷ്യരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവനെന്നാണ് പറയേണ്ടത്.
വൃശ്ചികം രാശിയില്‍ നില്‍ക്കുന്ന ആദിത്യനെ സ്വയംഭൂവായ ശിവനെയാണ് പരിഗണിക്കേണ്ടത്.

ആദിത്യന്‍ തന്‍റെ ശത്രുരാശികളായ ഇടവത്തില്‍ നിന്നാല്‍ യക്ഷിയായും, തുലാത്തില്‍നിന്നാല്‍ ഭദ്രകാളിയായും ചിന്തിക്കണം.

മിഥുനംരാശിയില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് സാക്ഷാല്‍ മഹാവിഷ്ണുവായും, കന്നിരാശിയില്‍ നില്‍ക്കുന്ന ആദിത്യനെ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, പരശുരാമന്‍ തുടങ്ങിയ വിഷ്ണു അവതാരങ്ങളായ ദേവന്മാരായാണ് ചിന്തിക്കേണ്ടത്.

ആദിത്യനെക്കൊണ്ട് പറയാവുന്ന മറ്റുചില മൂര്‍ത്തിഭേദങ്ങളെക്കൂടി പറയുന്നു.
മിഥുനം, കന്നി, ധനു, മീനം തുടങ്ങിയ ഉഭയരാശികളില്‍(ഉഭയരാശികള്‍: സ്ഥിരരാശിയില്‍ പകുതിയും, ചരരാശിയില്‍ പകുതിയും ചേര്‍ന്നത്) ആദിദ്രേക്കാണത്തില്‍(1 ദ്രേക്കാണം 10 ഭാഗ. ആദിത്യനാകുമ്പോള്‍ 10 ദിവസമായും കണക്കാക്കാം) ആദിത്യന്‍ നിന്നാല്‍, ആ ആദിത്യന്‍ സുബ്രഹ്മണ്യനാണെന്നു ധരിക്കണം. ഈ ഉഭയരാശികളില്‍തന്നെ 2-ാമത്തെ ദ്രേക്കാണത്തിലാണ് ആദിത്യന്‍ നില്‍ക്കുന്നതെങ്കില്‍, ആ ആദിത്യനെക്കൊണ്ട് ഗണപതിയെയാണ് ചിന്തിക്കേണ്ടത്. ഇതേരാശികളില്‍ തന്നെയുള്ള 3-ാമത്തെ ദ്രേക്കാണത്തിലാണ് ആദിത്യന്‍ നില്‍ക്കുന്നതെങ്കില്‍, ആ ആദിത്യനെ ശിവനായിത്തന്നെ കണക്കാക്കണം.

കര്‍ക്കിടകം രാശിയില്‍ നില്‍ക്കുന്ന ആദിത്യനെ ദക്ഷിണാമൂര്‍ത്തിയായി ചിന്തിക്കണം. ചിങ്ങം രാശിയില്‍ നില്‍ക്കുന്ന ആദിത്യനെ രൗദ്രമൂര്‍ത്തിയായാണ് പരിഗണിക്കേണ്ടത്. മകരം രാശിയില്‍ നില്‍ക്കുന്ന ആദിത്യനെ സംഹാരരുദ്രനായും, കുംഭം രാശിയില്‍ നില്‍ക്കുന്ന ആദിത്യനെ അഘോരമൂര്‍ത്തിയായും ചിന്തിക്കണം.

ചന്ദ്രന്‍

ബലവാനായ ചന്ദ്രന്‍ ഏതു രാശിയില്‍നിന്നാലും ദുര്‍ഗ്ഗാദേവിയായാണ് ചിന്തിക്കേണ്ടത്.(ശുക്ലപക്ഷത്തിലെ ദശമി മുതല്‍ കറുത്ത പക്ഷത്തിലെ പഞ്ചമിവരെയുള്ള തിഥികളില്‍ നില്‍ക്കുന്ന ചന്ദ്രന്‍) കറുത്തപക്ഷത്തിലെ ഷഷ്ഠി മുതല്‍ ദശമിവരെയും, ശുക്ലപക്ഷത്തിലെ ഷഷ്ഠി മുതല്‍ നവമിവരെയുള്ള തിഥികളില്‍ നില്‍ക്കുന്ന ചന്ദ്രനെക്കൊണ്ട് തമോഗുണ പ്രധാനികളായ ചാമുണ്ഡി, രക്തേശ്വരി തുടങ്ങിയ ദേവിവിഭാഗങ്ങളെയാണ് ചിന്തിക്കേണ്ടത്.

കൂടാതെ, ചന്ദ്രന്‍, മേടം മുതലായ രാശികളില്‍നിന്നാലുള്ള പ്രത്യേക ദേവതകളേയും പറയുന്നു:

ചന്ദ്രന്‍ മേടം രാശിയില്‍നിന്നാല്‍, ഘോരരൂപിണിയായ ഭദ്ര, ഇടവത്തില്‍ മഹാമായ, മിഥുനത്തില്‍ മഹാലക്ഷ്മി, കര്‍ക്കിടകത്തില്‍ ധനലക്ഷ്മി, ചിങ്ങത്തില്‍ ഉമാമഹേശ്വരി, കന്നിയില്‍ വാഗ്ദേവി, തുലാത്തില്‍ യക്ഷി, വൃശ്ചികത്തില്‍ ചുടലഭദ്ര, ധനുവില്‍ ഗന്ധര്‍വ്വസ്ത്രീ, മകരത്തില്‍ മാളികപ്പുറത്തമ്മ. കുംഭത്തില്‍ ചാമുണ്ഡി, മീനത്തില്‍ ഇന്ദ്രാണി തുടങ്ങിയ ദേവതകളേയും ചിന്തിക്കാം.

ചൊവ്വ

ചൊവ്വ ശുഭരാശികളും, ഓജരാശി(പുരുഷരാശി)കളുമായ മിഥുനം, തുലാം, ധനുരാശികളില്‍നിന്നാല്‍ ആ ചൊവ്വ സുബ്രഹ്മണ്യനാണെന്നു ധരിക്കണം. പാപന്മാരുടെ ഭവനങ്ങളും(രാശി) ഓജരാശികളുമായ മേടം, ചിങ്ങം, കുംഭം രാശികളില്‍ ചൊവ്വ നിന്നാല്‍, ആ ചൊവ്വായെക്കൊണ്ട് വീരഭദ്രന്‍, ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍ മുതലായ ദേവതകളെ വിചാരിക്കണം.

ചൊവ്വ മേടം തുടങ്ങിയ രാശികളില്‍ നിന്നാലുള്ള ദേവതാഭേദങ്ങളെ പറയുന്നു.
മേടംരാശിയില്‍ ചൊവ്വാ നിന്നാല്‍ വീരഭദ്രന്‍. ഇടവത്തില്‍ ഭദ്രകാളി. മിഥുനത്തില്‍ നരസിംഹമൂര്‍ത്തി. കര്‍ക്കിടകത്തില്‍ ചാമുണ്ഡി. ചിങ്ങത്തില്‍ മലമൂര്‍ത്തി. കന്നിയില്‍ നരസിംഹമൂര്‍ത്തി. തുലാത്തില്‍ ഭദ്രകാളി. വൃശ്ചികത്തില്‍ പിള്ളതീനി, നരഭോജി. ധനുവില്‍ ഘണ്ടാകര്‍ണ്ണന്‍. മകരത്തില്‍ ശ്രീ പരമേശ്വരി. കുംഭത്തില്‍ കലഹഭൈരവന്‍. മീനത്തില്‍ ശ്രീ പാര്‍വ്വതി തുടങ്ങിയ ദേവതകളെ ചിന്തിക്കണം.

ബുധന്‍

ബുധന്‍ ചരരാശികളായ മേടം, കര്‍ക്കിടകം, തുലാം, മകരം രാശികളിലും, ഉഭയരാശികളായ മിഥുനം, കന്നി, ധനു, മീനം രാശികളിലുമാണ് നില്‍ക്കുന്നതെങ്കില്‍, ആ ബുധനെക്കൊണ്ട് ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, പരശുരാമന്‍ മുതലായ വിഷ്ണുവംശങ്ങളായ അവതാരമൂര്‍ത്തികളെയാണ് പറയേണ്ടത്.

ബുധന്‍ സ്ഥിരരാശികളായ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം രാശികളില്‍ ഒന്നും, രണ്ടും ദ്രേക്കാണത്തില്‍ നിന്നാല്‍, ആ ബുധനെക്കൊണ്ട് ശ്രീകൃഷ്ണനെ പറയണം.

ഈ ബുധന്‍ തന്നെ സ്ഥിരരാശികളില്‍ ഒടുവിലത്തെ ദ്രേക്കാണത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ആ ബുധനെക്കൊണ്ട് സാക്ഷാല്‍ മഹാവിഷ്ണുവിനെത്തന്നെയാണ് പറയേണ്ടത്.
 

ബുധന്‍ മേടം തുടങ്ങിയ രാശികളില്‍ നിന്നാലുള്ള വ്യത്യസ്തമായ ദേവതകളെ പറയുന്നു:
ബുധന്‍ മേടം രാശിയില്‍നിന്നാല്‍, വിദ്യാവിരോധി. ഇടവത്തില്‍, വിദ്യാലക്ഷ്മി. മിഥുനത്തില്‍ ശ്രീനാരായണന്‍. കര്‍ക്കിടകത്തില്‍ ജലദേവത. ചിങ്ങത്തില്‍ ഹരിഹരപുത്രന്‍. കന്നിയില്‍ ശ്രീ ഭഗവതി, സരസ്വതി. തുലാത്തില്‍ ലക്ഷ്മിനാരായണന്‍. വൃശ്ചികത്തില്‍, പേച്ചിയമ്മ. ധനുവില്‍ വിഷ്ണു. മകരത്തില്‍ മാരിയമ്മ. കുംഭത്തില്‍ ഹരിഹരന്‍. മീനത്തില്‍ മഹാലക്ഷ്മി, സരസ്വതി.

വ്യാഴം

വ്യാഴം ഏതുരാശിയില്‍ നിന്നാലും, ആ വ്യാഴത്തെക്കൊണ്ട് സാക്ഷാല്‍ മഹാവിഷ്ണുവിനെത്തന്നെയാണ് കണക്കാക്കേണ്ടത്. എന്നിരുന്നാലും, വ്യാഴത്തിന് സര്‍വ്വേശ്വരകാരകത്വം(എല്ലാ ദേവീദേവന്മാരുടേയും കര്‍ത്തൃത്വം) ഉള്ളതുകൊണ്ട്, വ്യാഴം നില്‍ക്കുകയും, അംശിക്കുകയും ചെയ്യുന്ന രാശി ഭേദം അനുസരിച്ച് വ്യാഴത്തിന്‍റെ ദേവതാകര്‍ത്തൃത്വത്തിന് വ്യത്യാസം വരാവുന്നതാണ്.

ഉദാഹരണത്തിന്:വ്യാഴം ചിങ്ങം രാശിയില്‍ നില്‍ക്കുക, അവിടേക്ക് ദൃഷ്ടിവരിക, ആദിത്യന്‍ ആ രാശിയില്‍ നില്‍ക്കുക, ആദിത്യന്‍റെ ദൃഷ്ടി അവിടേയ്ക്ക് വരിക, ഷഡ്വര്‍ഗ്ഗങ്ങളില്‍ ആദിത്യന്‍റെ വര്‍ഗ്ഗാധിക്യം വരിവരിക എന്നിവയുണ്ടായാല്‍, ആ വ്യാഴത്തെക്കൊണ്ട് ശ്രീപരമേശ്വരനെത്തന്നെ പറയണം.

ഇതുപോലെതന്നെ കര്‍ക്കിടകം രാശിയില്‍ നില്‍ക്കുന്ന ചന്ദ്രനും, മേടം, വൃശ്ചികം രാശികളില്‍ നില്‍ക്കുന്ന ചൊവ്വായ്ക്കും, മിഥുനം കന്നിരാശികളില്‍ നില്‍ക്കുന്ന ബുധനും, ഇടവം, തുലാം, മീനം രാശികളില്‍ നില്‍ക്കുന്ന ശുക്രനും, മകരം, കുംഭം, തുലാംരാശികളില്‍ നില്‍ക്കുന്ന ശനിക്കും വ്യാഴബന്ധം വന്നാല്‍, അതതുഗ്രഹങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന ഉത്തമദേവതകളായിത്തന്നെ കണക്കാക്കണം.

വ്യാഴം മേടം തുടങ്ങിയ രാശിയില്‍ പറയേണ്ടുന്ന ഭിന്നങ്ങളായ ദേവതകളെ പറയുന്നു:
വ്യാഴം മേടം രാശിയില്‍ നിന്നാല്‍ കുബേരന്‍. ഇടവത്തില്‍ ദുര്‍ഗ്ഗ. മിഥുനത്തില്‍ മഹാവിഷ്ണു. കര്‍ക്കിടത്തില്‍ ധനേശന്‍. ചിങ്ങത്തില്‍ ശങ്കരനാരായണന്‍. കന്നിയില്‍ സരസ്വതി. തുലാത്തില്‍ ധനലക്ഷ്മി. വൃശ്ചികത്തില്‍ ശ്രീപരമേശ്വരി. ധനുവില്‍ വൈശ്രവണന്‍, മകരത്തില്‍ ഭദ്രകാളി. കുംഭത്തില്‍ ധര്‍മ്മശാസ്താവ്. മീനത്തില്‍ സരസ്വതി

ശുക്രന്‍

ശുക്രന്‍ സ്ത്രീഗ്രഹമാണ്. പൊതുവേ സ്ത്രീദേവതകളെ വേണം ശുക്രനെക്കൊണ്ട് ചിന്തിക്കാനും. എന്നാല്‍ വിവാഹകാര്യത്തില്‍ ഭാര്യയുടേയും, ഭര്‍ത്താവിന്‍റേയും കാരകത്വം(ആധിപത്യം) ശുക്രനുണ്ട്. കൂടാതെ, സ്ത്രീ-പുരുഷരാശികളില്‍(മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികള്‍ പുരുഷരാശികളാണ്. മറ്റുള്ളവ സ്ത്രീരാശികളും) നില്‍ക്കുന്ന ശുക്രനെ സ്ത്രീ-പുരുഷദേവതകളായും പരിഗണിക്കാം.

മേടം മുതലായ രാശികളില്‍ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് പറയാവുന്ന ദേവതാഭേദങ്ങളെ പറയുന്നു-

മേടം രാശിയില്‍നില്‍ക്കുന്ന ശുക്രനെക്കൊണ്ട് യക്ഷിയേയും, രാക്ഷസനേയും ചിന്തിക്കണം. ഇടവത്തില്‍ അന്നപൂര്‍ണ്ണേശ്വരി, ലക്ഷ്മി. മിഥുനത്തില്‍ ദേവാചാര്യന്‍, വാണിദേവി. കര്‍ക്കിടകത്തില്‍ കുമാരി, ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഉപദേവതയായ ഭഗവതി. ചിങ്ങം രാശിയില്‍, പാര്‍വ്വതി, ശിവക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി. 

നീചരാശിയായ കന്നിയില്‍, പറയര്‍, പുലയര്‍ മുതലായവരാല്‍ പൂജിക്കുന്ന യക്ഷിയെ പറയണം. തുലാംരാശിയില്‍ അന്നപൂര്‍ണ്ണേശ്വരിയും, ലക്ഷ്മിയും. വൃശ്ചികം രാശിയില്‍, നരഭോജിയായ യക്ഷി, രാക്ഷസി. ധനുവില്‍ ധനലക്ഷ്മി, മഹാലക്ഷ്മി. മകരത്തില്‍ മാളികപ്പുറത്തമ്മ. തമോഗുണിയായ യക്ഷി. കുംഭത്തില്‍ രൗദ്രസ്വഭാവത്തോടുകൂടിയ യക്ഷി, ദേവി. മീനത്തില്‍ ദുര്‍ഗ്ഗ, ധനലക്ഷ്മി.

കന്നിരാശിയില്‍ നില്‍ക്കുന്ന ശുക്രന് ശുഭബന്ധം വന്നാല്‍ ക്ഷേത്രങ്ങളില്‍ പൂജിക്കുന്ന യക്ഷിയെ പറയാം. ഇതേരാശിയില്‍ തന്നെ നില്‍ക്കുന്ന ശുക്രന് നീചഭംഗം വന്നാല്‍ മഹാലക്ഷ്മിയായി കാണണം. ഈ ശുക്രന് വ്യാഴകേന്ദ്രം വന്നാല്‍, സാക്ഷാല്‍ സരസ്വതിയെത്തന്നെ ചിന്തിക്കണം.

ശനി

മേടം രാശിയിലും, വൃശ്ചികം രാശിയിലും നില്‍ക്കുന്ന ശനിയെക്കൊണ്ട് അധമജാതിക്കാരാല്‍ പൂജിക്കുന്ന ശാസ്താവിനെ ചിന്തിക്കണം.

ഇടവം രാശിയിലെ ശനിയെക്കൊണ്ട് ശാസ്തൃസംബന്ധിയായ സ്ത്രീദേവതയെ പറയണം. ഇവിടെ ശബരിമലയിലെ മാളികപ്പുറത്തമ്മയും ചിന്തിക്കാം.

തുലാംരാശിയില്‍ നില്‍ക്കുന്ന ശനിയെക്കൊണ്ട്  സാക്ഷാല്‍ ധര്‍മ്മശാസ്താവിനെത്തന്നെ ചിന്തിക്കണം.

മിഥുനം, കന്നിരാശികളില്‍ നില്‍ക്കുന്ന ശനിയെ വിഷ്ണുക്ഷേത്രങ്ങളില്‍ 
പ്രതിഷ്ഠിച്ചിരിക്കുന്ന ശാസ്താവായി കാണണം.

ധനു, മീനം രാശികളില്‍ നില്‍ക്കുന്ന ശനിയെക്കൊണ്ട് ക്ഷേത്രങ്ങളിലെ പ്രധാന ദേവനായ ശാസ്താവായി പരിഗണിക്കണം.

മകരം, കുംഭം രാശികളിലെ ശനിയെക്കൊണ്ട് കിരാതമൂര്‍ത്തി, വേട്ടയ്ക്കൊരു മകന്‍, കിരാതസ്ത്രീ, ശനീശ്വരന്‍ തുടങ്ങിയ ദേവതകളെ പരിഗണിക്കണം.

കര്‍ക്കിടകം രാശിയില്‍ നില്‍ക്കുന്ന ശനിയെ ക്ഷേത്രങ്ങളിലെ ഉപദേവനായി പരിഗണിക്കാം.

ചിങ്ങം രാശിയിലെ ശനിയെ ശിവക്ഷേത്രത്തിലെ ശാസ്താവായി കാണണം.
ഇനി മറ്റൊരു തരത്തിലും ശനിയുടെ ദേവതകളെ ചിന്തിക്കാം.

മേടത്തിലെ ശനിക്ക്, കിരാതമൂര്‍ത്തി. ഇടവത്തില്‍ ചണ്ഡാളദേവി. മിഥുനത്തില്‍ ശാസ്താവ്. കര്‍ക്കിടകത്തില്‍ യക്ഷി. ചിങ്ങത്തില്‍ ഹരന്‍. കന്നിയില്‍ ഭഗവതി. 

തുലാത്തില്‍ ശബരിമല ധര്‍മ്മശാസ്താവ്. വൃശ്ചികത്തില്‍ അധമദേവത. ധനുവില്‍ നീലകണ്ഠന്‍. മകരത്തില്‍ രാജേശ്വരി. കുംഭത്തില്‍ വേട്ടയ്ക്കൊരു മകന്‍. മീനത്തില്‍ യക്ഷി.

രാഹു

രാഹു ഏതുരാശിയില്‍ നിന്നാലും സര്‍പ്പമായിത്തന്നെ കണക്കാക്കണം. എന്നാല്‍, രാഹുവിന് ഏതെങ്കിലും തരത്തിലുള്ള വ്യാഴബന്ധം വന്നാല്‍ ഉത്തമസര്‍പ്പമായും ചന്ദ്രബന്ധത്തില്‍ നില്‍ക്കുന്ന രാഹുവിനെ അധമസര്‍പ്പമായും കാണണം.

ഇനി രാഹു മേടം തുടങ്ങിയ രാശികളില്‍ നിന്നാലുള്ള ദേവതാഭേദങ്ങളെ പറയുന്നു:
രാഹു മേടം രാശിയില്‍നിന്നാല്‍, കാര്‍ക്കോടകന്‍. ഇടവത്തില്‍ നാഗലക്ഷ്മി. മിഥുനത്തില്‍ വാസുകി. കര്‍ക്കിടകത്തില്‍ അനന്തന്‍. ചിങ്ങത്തില്‍ നാഗരാജാവ്. കന്നിയില്‍ നാഗമാതാവ്. തുലാത്തില്‍ നാഗലക്ഷ്മി. വൃശ്ചികത്തില്‍ അധമസര്‍പ്പം. ധനുവില്‍ അനന്തനാരായണന്‍, മകരത്തില്‍ അധമസര്‍പ്പിണി. കുംഭത്തില്‍ നാഗരാക്ഷസന്‍. മീനത്തില്‍ നാഗകന്യക.

കേതു

കേതുവിനെ പൊതുവേ ചണ്ഡാളദേവതയായിട്ടാണ് പരിഗണിക്കുക. എന്നാല്‍ വ്യാഴബന്ധത്തില്‍ നില്‍ക്കുന്ന കേതുവിനെ ചണ്ഡാളമൂര്‍ത്തികളില്‍ പ്രധാനിയായും, സൂര്യചന്ദ്രബന്ധത്തില്‍ നില്‍ക്കുന്ന കേതുവിനെ രൗദ്രമൂര്‍ത്തിയായും പരിഗണിക്കണം.

ഗുളികന്‍

ഗുളികനെക്കൊണ്ട് പൊതുവേ പിതൃക്കളെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പാപരാശികളായ മേടം, ചിങ്ങം, വൃശ്ചികം, മകരം, കുംഭം രാശികളില്‍ നില്‍ക്കുന്ന ഗുളികന്‍ ഗതികിട്ടാത്ത പ്രേതങ്ങളാണ്. ശുഭരാശികളായ ഇടവം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, ധനു, മീനം രാശികളില്‍ നില്‍ക്കുന്ന ഗുളികന്‍ ഭാവിയില്‍ മോക്ഷം ലഭിക്കാവുന്ന പ്രേതങ്ങളാണ്. വ്യാഴത്തോടുകൂടി നില്‍ക്കുന്നതും, വ്യാഴദൃഷ്ടിയില്‍ നില്‍ക്കുന്നതും, വ്യാഴത്തിന്‍റെ അംശകം ഉള്ള രാശികളിലും നില്‍ക്കുന്ന ഗുളികന്‍ മോക്ഷം സിദ്ധിച്ച പിതൃക്കളാണ്.

ഇനി ലഗ്നം മുതലായ പന്ത്രണ്ട് ഭാവങ്ങളില്‍ നില്‍ക്കുന്ന ഗുളികനെപ്പറ്റി പറയുന്നു:-
ഗുളികന്‍ ലഗ്നത്തില്‍ നിന്നാല്‍, കുടുംബപ്രേതം. രണ്ടില്‍നിന്നാല്‍, പൂര്‍വ്വികപ്രേതം. മൂന്നില്‍ നിന്നാല്‍ സഹോദരപ്രേതം. നാലില്‍ നിന്നാല്‍ മാതാവിന്‍റേയോ ബന്ധുമിത്രാദികളുടേയോ പ്രേതം. അഞ്ചില്‍ നിന്നാല്‍ സന്താനപ്രേതം. ആറില്‍ നിന്നാല്‍ ശത്രുപ്രേതം. ഏഴില്‍ നിന്നാല്‍, മൂലകുടുംബസംബന്ധമായതോ, ഭാര്യാസംബന്ധമായതോ ആയ പ്രേതമാകാം. എട്ടില്‍ നിന്നാല്‍, നശീകരണപ്രേതം. ഒന്‍പതില്‍ നിന്നാല്‍, പിതൃപ്രേതം. പത്തില്‍ നിന്നാല്‍, കര്‍മ്മവിഘ്നം വരുത്തുന്ന കുടുംബപ്രേതം. പതിനൊന്നില്‍ നിന്നാല്‍, മൂത്തസഹോദരന്‍റെയോ സഹോദരിയുടെയോ പ്രേതം. പന്ത്രണ്ടില്‍ നിന്നാല്‍ മുജ്ജന്മ പ്രേതം.

ഗുളികന്‍റെ പാപത്വത്തെ ഹനിക്കാന്‍ കഴിവുള്ള ഏകഗ്രഹം വ്യാഴം മാത്രമാണ്

ഇടവം രാശിയിലെ പൗര്‍ണ്ണമിക്ക് വ്യാഴകേന്ദ്രം വന്നാല്‍(കേന്ദ്രം 1.4.7.10) പരാശക്തിയേയും മഹാമായയേയും ചിന്തിക്കണം.

കര്‍ക്കിടകം രാശിയില്‍ ബലവാനായി നില്‍ക്കുന്ന ചന്ദ്രന് വ്യാഴ കേന്ദ്രം വന്നാല്‍ ധനലക്ഷ്മിയെ പറയണം.

മീനം രാശിയില്‍ ബലവാനായി നില്‍ക്കുന്ന ശുക്രന് വ്യാഴകേന്ദ്രം വന്നാല്‍ സാക്ഷാല്‍ സരസ്വതി ദേവിയായി പരിഗണിക്കണം.

അതുപോലെ തന്നെ കന്നിരാശിയില്‍ നീചഭംഗം ചെയ്തുനില്‍ക്കുന്ന ശുക്രന് വ്യാഴകേന്ദ്രം വന്നാലും സാക്ഷാല്‍ സരസ്വതി ദേവിയായി കണക്കാക്കണം.

മിഥുനം, കന്നിരാശികളില്‍ നില്‍ക്കുന്ന ചൊവ്വായെ നരസിംഹമൂര്‍ത്തിയായി കണക്കാക്കണം.

കുംഭം രാശിയില്‍ വര്‍ഗ്ഗോത്തമം (ഗ്രഹം നില്‍ക്കുന്ന രാശിയില്‍ അംശകം വരില്ല) ചെയ്തുനില്‍ക്കുന്ന ശനിക്ക് ബുധവ്യാഴം വന്നാല്‍ ശ്രീ ആഞ്ജനേയസ്വാമിയായി കാണണം.
മകരം രാശിയില്‍ ഉച്ചബലവാനായി നില്‍ക്കുന്ന ചൊവ്വായ്ക്ക് വ്യാഴകേന്ദ്രം വന്നാല്‍ ശക്തിസ്വരൂപിണിയായ ശ്രീപാര്‍വ്വതിയെ പരിഗണിക്കണം.

സൂര്യബന്ധത്തില്‍ നില്‍ക്കുന്ന രാഹുവിനെ ഉത്തമസര്‍പ്പമായും, നാഗരാജാവായും പരിഗണിക്കണം.

ഗ്രഹങ്ങള്‍ക്ക് ദേവതകളെ നിശ്ചയിച്ചിരിക്കുന്നതുപോലെ ആഴ്ചകള്‍ക്കും, തിഥി(പക്കം)കള്‍ക്കും, നക്ഷത്രങ്ങള്‍ക്കും പ്രത്യേകം, പ്രത്യേകം ദേവതകളെ നിശ്ചയിച്ചിട്ടുണ്ട്. അവയെ ക്രമത്തില്‍ പറയുന്നു.

വാരദേവതകള്‍

ഞായറാഴ്ചയുടെ അധിപന്‍ ശിവനാണ്. തിങ്കളാഴ്ചയുടെ ദേവത ദുര്‍ഗ്ഗയും, ചൊവ്വാഴ്ചയ്ക്ക് സുബ്രഹ്മണ്യനും, ബുധനാഴ്ചയ്ക്ക് വിഷ്ണുവും, വ്യാഴാഴ്ചയ്ക്ക് ബ്രഹ്മാവും, വെള്ളിയാഴ്ചയ്ക്ക് ലക്ഷ്മിയും ശനിയാഴ്ചയ്ക്ക് വൈശ്രവണനും ദേവതമാരാണ്.

തിഥിദേവതകള്‍

ശുക്ലപക്ഷത്തിലും(വെളുത്ത പക്ഷം) കൃഷ്ണപക്ഷത്തിലും(കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശിവരെയുള്ള പതിനാല് തിഥികള്‍ക്കും ഉള്ള ദേവതമാരെ പറയുന്നു:
പ്രതിപദം- അഗ്നി. ദ്വിതീയ- ബ്രഹ്മാവ്, തൃതീയ-പാര്‍വതി. ചതുര്‍ത്ഥി-ഗണപതി, പഞ്ചമി-സര്‍പ്പം, ഷഷ്ഠി-സുബ്രഹ്മണ്യന്‍, സപ്തമി-സൂര്യന്‍, അഷ്ടമി- ശിവന്‍, നവമി-ദുര്‍ഗ്ഗ, ദശമി-യമന്‍. ഏകാദശി-വിശ്വദേവകള്‍. ദ്വാദശി-വിഷ്ണു. ത്രയോദശി-ഇന്ദ്രാണി, ചതുര്‍ദ്ദശി-ഭദ്രകാളി, പൗര്‍ണ്ണമിക്ക് ചന്ദ്രനും, അമാവാസിക്ക്-പിതൃക്കളും ദേവതമാരാണ്.

നക്ഷത്രദേവതകള്‍

അശ്വതി-അശ്വനിദേവത, ഭരണി- യമന്‍, കാര്‍ത്തിക-അഗ്നി, രോഹിണി- ബ്രഹ്മാവ്, മകയിരം-ചന്ദ്രന്‍, തിരുവാതിര-ശിവന്‍, പുണര്‍തം-അദിതി, പൂയം-ബ്രഹസ്പതി, ആയില്യം- സര്‍പ്പം, മകം-പിതൃക്കള്‍, പൂരം- ആര്യമാവ്, ഉത്രം- ഭഗന്‍, അത്തം- ആദിത്യന്‍, ചിത്തിര-ത്വഷ്ടാവ്, ചോതി- വായു, വിശാഖം-ഇന്ദ്രാഗ്നി, അനിഴം-മിത്രന്‍, തൃക്കേട്ട-ഇന്ദ്രന്‍, മൂലം-നിര്യതി, പൂരാടം-ജലം, ഉത്രാടം-വിശ്വദേവകള്‍, തിരുവോണം-വിഷ്ണു, അവിട്ടം-വസുക്കള്‍, ചതയം-വരുണന്‍, പൂരുരുട്ടാതി-അജൈകപാത്, ഉതൃട്ടാതി- അഹിര്‍ബുദ്ധി, രേവതി-പൂഷാവ്.

ഇങ്ങനെ നക്ഷത്രങ്ങള്‍ക്കും ദേവതമാരെ കല്‍പ്പിച്ചിരിക്കുന്നു. ഓരോ നാളുകാരും, അവരവരുടെ ലഗ്ന-വാര-തിഥി-നക്ഷത്രദേവതകളെ ഭക്തിപൂര്‍വ്വം ആരാധിക്കുന്നത് കാര്യസാദ്ധ്യത്തിനും ആയുരാരോഗ്യവര്‍ദ്ധനവിനും ഉത്തമമാണ്.

ഇഷ്ടകാര്യസാദ്ധ്യത്തിന്

ഓരോരുത്തരും അവര്‍ ജനിച്ച നക്ഷത്രത്തിലും അതിന്‍റെ അനുജന്മനക്ഷത്രങ്ങളിലും, അവയുടെ 2, 4, 6, 8, 9 നക്ഷത്രങ്ങളിലും പുലര്‍ച്ചെ സൂര്യോദയത്തിനുമുമ്പായി (വെളുപ്പിന് കിളികള്‍ ഉണര്‍ന്നു ചിലയ്ക്കുന്ന സമയം) തങ്ങളുടെ ഇഷ്ടദേവതയെ വിളിച്ചു പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥനതുടങ്ങും മുന്‍പ് കുളിച്ചു ശുദ്ധമായിട്ടോ കാലും മുഖവും കഴുകി ശുദ്ധജലം മൂന്നുപ്രാവശ്യം ദേഹത്ത് തളിച്ചിട്ടോ മൂന്നുരൂപ നാണയം കയ്യിലെടുത്ത് ഇഷ്ടകാര്യം പറഞ്ഞു പ്രാര്‍ത്ഥിച്ചിട്ട് ശരീരമാകെ(ശിരസ് മുതല്‍ കാലിന്‍റെ തള്ളവിരല്‍  വരെ) മൂന്നുപ്രാവശ്യം ഉഴിഞ്ഞ് നാണയം സൂക്ഷിച്ചുവയ്ക്കുക. പിറ്റേദിവസം നിശ്ചിതസമയം പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതെങ്കിലും ഒരു നാണയം(50 പൈസ, 1 രൂപ, അതില്‍ കൂടുതലുമാകാം)എടുത്തുപ്രാര്‍ത്ഥിച്ച് ആദ്യദിവസത്തെ മൂന്നു രൂപായോടു ചേര്‍ത്തുവയ്ക്കുക. ഇങ്ങനെ 108 ദിവസം മുടങ്ങാതെ ചെയ്യുക. ഏതെങ്കിലും കാരണവശാല്‍ മുടങ്ങാനിടയായാല്‍ വീണ്ടും ഒന്നുമുതല്‍ തുടങ്ങിക്കൊള്ളുക. ഫലപ്രാപ്തി നിശ്ചയം.

Photo Courtesy - Google