ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം 21ന്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം 21ന്

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഹൈന്ദവനേതാക്കളുടെയും ആചാര്യന്മാരുടെയും സാന്നിധ്യത്തില്‍ ജ്യോതിര്‍മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 21ന് രാവിലെ 10മണിക്ക് ജ്യോതിര്‍ക്ഷേത്ര സങ്കേതത്തിലാണ് മഹാസമ്മേളനം നടക്കുക. 
ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെയും തപോഭൂമിയായ ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമിജി വിഭാവനം ചെയ്തിരിക്കുന്ന ജ്യോതിക്ഷേത്രത്തിന്റെ നിര്‍മ്മാണപൂര്‍ത്തീകരണം ലക്ഷ്യമിട്ടുകൊണ്ടും ഹൈന്ദവകേരളത്തിന് കാലികമായ ദിശാബോധം നല്‍കാനും ഉതകുംവിധം ഒരു മഹാസമ്മേളനമാണ് ജ്യോതിര്‍മേളനം-2023.
2000 ജനുവരി നാലിന് ശതകോടി ലളിതാ സഹസ്രനാമാര്‍ച്ചനയും ഒപ്പം രണ്ടു വലിയ ഹോമകുണ്ഡങ്ങളില്‍ ആയി തുടര്‍ച്ചയായ ഹോമങ്ങളും നടന്നത് ജ്യോതിര്‍ക്ഷേത്രത്തില്‍ വച്ചായിരുന്നു. 
ഹൈന്ദവ നവോത്ഥാന കാലഘട്ടത്തില്‍ ജ്യോതിക്ഷേത്രത്തിന്റെ സുവിലസിതരൂപത്തിലേക്ക് എത്താന്‍ ഇനിയും പ്രവര്‍ത്തികള്‍ ബാക്കിയുണ്ട്. 
അത്തരം നിര്‍മാണപ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിനായി ആശ്രമാനുയായികളും അനുഭാവികളും സ്വാമിജിയുടെ ശിഷ്യരും ദേവീഭക്തരും ഉപാസകരും എല്ലാം ചേര്‍ന്ന് ഒരു സംവിധാനം സജ്ജമാക്കുകയാണ്. 
ഹൈന്ദവ നേതാക്കളുടെയും ആചാര്യന്മാരുടെയും മാര്‍ഗ്ഗദര്‍ശനത്തോടെ ജ്യോതിര്‍ക്ഷേത്ര നിര്‍മ്മാണ സമിതിയുടെ രൂപീകരണവും ഇതോടൊപ്പം നടക്കും.