കാനവാസനെ കാണാന്‍ കാട്ടുകനികളുമായി കാടിന്റെ മക്കള്‍
അഗസ്ത്യാര്‍കൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാര്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണത്രേ. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവര്‍ കണ്ണീരോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പില്‍ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമര്‍പ്പിക്കും.
അഗസ്ത്യമലയോട് ചേര്‍ന്നുള്ള പാറ്റാംപാറ, കുന്നത്തേരി, ചെറുമാക്കല്‍, എറുമ്പിയാട്, ചോനമ്പാറ ഉള്‍പ്പെടെയുള്ള ഉള്‍വനങ്ങളില്‍ നിന്നും നൂറിലധികം അയ്യപ്പഭക്തരാണത്രേ വര്‍ഷംതോറും അയ്യപ്പസവിധത്തിലെത്തുന്നത്.
തന്റെ ഉയരത്തില്‍ അഹങ്കരിച്ചിരുന്ന വിന്ധ്യപര്‍വ്വതത്തില്‍ അഹങ്കാരം ശമിപ്പിക്കാന്‍ സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച ഇടമാണിത്. അഗസ്ത്യമുനിയുടെ ഇരിപ്പിടം കാണാന്‍ വര്‍ഷാവര്‍ഷം ഭക്തര്‍ സാഹസികതയും, ഭക്തിയും സമന്വയിപ്പിച്ച് അവിടേക്ക് എത്തുന്നത്. പ്രകൃതിസൗന്ദര്യവും, ജൈവ വൈവിധ്യവും ഏറെയുള്ള സ്ഥലമാണ് അഗസ്ത്യാര്‍കൂടം വനമേഖല. വിജനതയുടേയും, സാഹസികതയുടേയും വന്യസൗന്ദര്യത്തിലേയ്ക്കുള്ള അഗസ്ത്യാര്‍കൂടയാത്ര ആരംഭിക്കുന്നത് മകരവിളക്ക് ദിനമാണ്. ശിവരാത്രി വരെ നീളുന്നതാണ് ഈ തീര്‍ത്ഥാടനം.
ഇത് ആരംഭിക്കുന്നതിന് മുമ്പാണത്രേ കാണിക്കാര്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്നത്. ഇതിനായി ഒരു മാസത്തിലധികം നീണ്ടു നില്ക്കുന്ന വ്രതം തുടങ്ങും. മലദൈവങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിച്ചിരിക്കുന്ന അയ്യപ്പസ്വാമിക്ക് മുമ്പില്‍ ദിവസവും എത്തി പ്രാര്‍ത്ഥന. ശബരിമലയ്ക്ക് പോകുന്നവര്‍ നേരത്തെ തീരുമാനിച്ച ദിവസം പുലര്‍ച്ചെ കാട്ടൂര്‍ മുണ്ടണി മാടന് തമ്പുരാന് ക്ഷേത്രത്തിലെത്തി അവിടെ വച്ച് കെട്ടുമുറുക്കി ശബരിമലയിലേയ്ക്ക് യാത്രയാകുന്നു.കഠിനവ്രതനിഷ്ഠയിലാണത്രേ അയ്യപ്പന് കാണിക്കയായി സമര്‍പ്പിക്കാനുള്ള വനവിഭവങ്ങള്‍ ശേഖരിക്കുന്നത്.

വര്‍ഷത്തില്‍ രണ്ട് തവണയാണ് കാട്ടില്‍ നിന്നും തേന്‍ ശേഖരിക്കുന്നത്. കന്നി, തുലാം, മീനം, മേടം മാസങ്ങളിലാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. തേന്‍ ശേഖരിക്കുന്നതിനും പ്രത്യേക ചിട്ടകളുണ്ട്. തേനീച്ചക്കൂടുള്ള മരങ്ങള്‍ നേരത്തെ കണ്ടുവയ്ക്കും. അതില്‍ അവകാശം സ്ഥാപിച്ച് മരത്തില്‍ ചില പ്രത്യേക അടയാളങ്ങള്‍ ഉണ്ടാക്കും. ആ മരത്തില്‍ പിന്നീട് ആരും അവകാശം സ്ഥാപിക്കില്ല. നാലോ അഞ്ചോ പേരുള്ള സംഘമായിട്ടാണ് തേന്‍ എടുക്കാന്‍ പോവുക. ആദ്യം മരത്തിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് അയ്യപ്പന് പൂജ ചെയ്യും. അപകടങ്ങള്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ അയ്യപ്പന്റെ കാരുണ്യം ഉണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെയാണ് പൂജ. നിലാവില്ലാത്ത രാത്രിയിലാണ് പൂജ നടത്തുന്നത്.
മരത്തില്‍ കയറും മുമ്പ് ചണ്ണ അരച്ച് ശരീരമാസകലം പുരട്ടും. തേനീച്ച കുത്താതിരിക്കാനുള്ള മരുന്നാണിത്. രാത്രിയിലാണ് തേനെടുപ്പ്. വെളിച്ചത്തിനായി ചൂട്ടുകറ്റ കരുതും. തീ ആളിക്കത്താതെ പുക ഉയരുന്ന രീതിയിലാണ് ചൂട്ടുകറ്റയുടെ പ്രയോഗം. തേനെടുക്കാന്‍ മരത്തില്‍ കയറുന്നത് 2 പേരാണ് ഒരാള്‍ ചൂട്ടുകറ്റ കാണിച്ച് പ്രകാശം നല്‍കും. മറ്റൊരാള്‍ മുള ചെത്തിയെടുത്ത് കമ്പുകൊണ്ട് തേനീച്ചക്കൂടും മരത്തിന്റെ ശിഖരവുമായുള്ള ബന്ധം മുറിച്ച് മാറ്റും. പിന്നെ തേന്‍ അടകള്‍ മുറിച്ച് പാത്രത്തിലാക്കും. കയറില്‍ കെട്ടി പാത്രം താഴെയിറക്കും.
ആചാരപ്രകാരം മുളങ്കുറ്റിയില്‍ നിറച്ച തേന്‍, കാട്ടിലെ കദളിക്കുല, കരിമ്പ്, കുന്തിരിക്കം, മുളയിലും ഈറ്റയിലും ചൂരലിലും നെയ്തെടുത്ത പൂക്കൂടകള്‍ എന്നിവയും അയ്യപ്പന് കാണിക്ക വയ്ക്കാന്‍ കാണിക്കാര്‍ അയ്യപ്പസന്നിധിയില്‍ എത്തിക്കും.
പൂങ്കാവനത്തിന്റെ കാവല്ക്കാര്
പൂങ്കാവനത്തിലെ 18 മലകളുടേയും അധിപനാണ് അയ്യപ്പസ്വാമിയെങ്കില് പൂങ്കാവനത്തിന്റെ കാവല്ക്കാര് ആദിവാസികളാണ്. മലദൈവങ്ങള്‍ക്കൊപ്പം അയ്യപ്പനേയും പൂജിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് പൂങ്കാവനത്തില്‍ അധികം ഉള്ളത്. ശബരിമല പാതയിലെ ളാഹ, പ്ലാപ്പള്ളി, ചാലക്കയം റോഡരികില്‍ താല്‍ക്കാലിക ഷെഡ്ഡുകള്‍ സ്ഥാപിച്ച് ശബരിമല സീസണ് സമയത്ത് ഇവരുണ്ടാകും. സീസണ് കഴിയുന്നതോടെ ഇവര്‍ ഉള്‍വനത്തിലേയ്ക്കു പ്രവേശിക്കും. കാടിനുള്ളില്‍ വസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണിവര്‍.
ശബരിമലയില്‍ പ്രസാദം നല്കാന് ഉപയോഗിക്കുന്ന 'റാക്കില' ഉള്‍വനത്തില്‍ നിന്നും ശേഖരിച്ച് സന്നിധാനത്ത് എത്തിക്കുന്നത് ഇവരാണ്. പൂങ്കാവനത്തിന്റെ സംരക്ഷകര്‍ എന്നാണത്രേ ഇവര്‍ അറിയപ്പെടുന്നത്. കാടാണ് ഇവരുടെ വീടും നാടും. അതിനാല്‍ കാടിനുള്ളില്‍ അസാധാരണമായി എന്ത് കണ്ടാലും കേട്ടാലും അനധികൃതമായി ആരെങ്കിലും പ്രവേശിച്ചാലും ഉടനടി വിവരങ്ങള്‍ വനപാലകരെ ഇവര്‍ കൃത്യമായി അറിയിക്കും. കാടിനുള്ളില്‍ ഇല ചലിച്ചാലും ഇവര്‍ അറിയും എന്നത് നാട്ടു മൊഴി. തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ഇവരെ കാണാന്‍ കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്കുന്ന അയ്യപ്പഭക്തരുണ്ട്. വനവിഭവങ്ങളുമായിട്ടാണ് ഇവര്‍ അയ്യപ്പനെ കാണാനെത്തുന്നത്. പ്രാര്‍ത്ഥന ഒന്നുമാത്രം, അനുഗ്രഹം നല്കി കാത്ത് പരിപാലിക്കണം.

തമിഴ്നാട്ടിലെ മംഗളാദേവി മുതല്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പമ്പാവലി വരെ വ്യാപിച്ച് കിടക്കുന്ന 998 ഹെക്ടര്‍ സ്ഥലമാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ ് (PTR) എന്ന സംരക്ഷിത വനപ്രദേശം. ശബരിമലക്ഷേത്രം കടുവാ സങ്കേതത്തിനുള്ളിലാണ്. പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലകളുള്ള ഭാഗം എന്ന പ്രത്യേകതയും ഉണ്ട്.
പൂങ്കാവനത്തിലെ വളര്ത്തച്ഛന് 'തലപ്പാറ കൊച്ചുവേലന്'
അയ്യപ്പചരിത്രവും തലപ്പാറ മലങ്കോട്ടയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. മണികണ്ഠന്റെ വളര്ത്തച്ഛന് സ്ഥാനമാണ് പന്തളം രാജാവ് കൊച്ചുവേലന് നല്‍കിയിരിക്കുന്നത്. ഇരുമുടിക്കെട്ടില്ലാതെ അയ്യപ്പനരികില്‍ എത്താന്‍ പന്തളം രാജാവിനും തലപ്പാറ കൊച്ചുവേലനും മാത്രമാണ് അനുവാദം. 'മല ഉള്ളാടന്‍' ആദിവാസി വിഭാഗക്കാരനാണ് തലപ്പാറ കൊച്ചുവേലന്.
വര്‍ഷത്തിലൊരിക്കല്‍ ശബരിമലയിലെത്തി തിരുവാഭരണങ്ങള്‍ അണിഞ്ഞ ഭഗവാനെ കാണാനുള്ള പന്തളം രാജാവിന്റെ ആഗ്രഹം മണികണ്ഠന് അംഗീകരിച്ചു. പൂങ്കാവനത്തിലെ വളര്‍ത്തച്ഛനായ കൊച്ചുവേലന്റെ തലപ്പാറക്കോട്ടയില്‍ തിരുവാഭരണപ്പെട്ടി പൂജിക്കണമെന്നും മണികണ്ഠന് നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇന്നും പതിവ് തെറ്റിക്കാതെ ശബരിമല യാത്രാമദ്ധ്യേ പന്തളം രാജപ്രതിനിധിയും തിരുവാഭരണ ഘോഷയാത്രാസംഘവും തലപ്പാറക്കോട്ടയിലെത്തുന്നു. ളാഹ കഴിഞ്ഞാണ് തലപ്പാറക്കോട്ട. ജനുവരി 13 ന് പുലര്‍ച്ചെയാണ് തിരുവാഭരണം ഇവിടെ എത്തുന്നത്. കുരുത്തോല, ഇലകള്‍ എന്നിവ ഉപയോഗിച്ച് പള്ളിപ്പന്തലൊരുക്കി വാദ്യമേളങ്ങളോട് തിരുവാഭരണ ഘോഷയാത്രയെ തലപ്പാറക്കോട്ട സ്വീകരിക്കും.

മലദൈവങ്ങളുടെ ശക്തിചൈതന്യം ഏറെയുള്ള സ്ഥലമാണ് തലപ്പാറക്കോട്ട. തിരുവാഭരണ സംഘത്തോടൊപ്പം എത്തുന്ന രാജപ്രതിനിധിയെ രാജകീയമായി സ്വീകരിച്ച് പ്രത്യേകം തയ്യാറാക്കിയ പള്ളിപ്പന്തലില്‍ ഉപവിഷ്ടനാക്കും. രാജപ്രതിനിധിക്ക് ദക്ഷിണയും മുറുക്കാനും നല്‍കും. രാജപ്രതിനിധി 3 പിടി കിഴിപ്പണം കൊച്ചു വേലന്‍ നല്‍കും. ശംഖ്, അരമണി, വാള്, തലപ്പാവ് എന്നിവ അണിഞ്ഞ് കൊച്ചുവേലന് മലദൈവങ്ങള്‍ക്ക് മുമ്പില്‍ ഉറഞ്ഞുതുള്ളി തിരുവാഭരണ പേടകത്തെ പൂജിക്കും. ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. പ്രസാദമായി ഭസ്മം നല്‍കും. തിരുവാഭരണ സംഘത്തിന് അന്നദാനവും നല്‍കും. 14-ാം തീയതി പുലര്‍ച്ചെ 4 മണിയോടെ തിരുവാഭരണം ഇവിടെ നിന്നും യാത്ര തുടരും. തിരുവാഭരണ ഘോഷസംഘം എത്തുന്നതിന് 10 ദിവസം മുമ്പ് കൊച്ചുവേലന് തലപ്പാറക്കോട്ടയിലെത്തും. മലവിളി, മലയൂട്ട്, മലകള്‍ക്ക് മുറുക്കാന്‍ വെയ്പ് തുടങ്ങിയിരിക്കും.
റാന്നി ചാത്തന്‍തറ കുരുമ്പന്‍മൂഴി ഹില്‍ സെറ്റില്‍മെന്റ് കോളനിയില്‍ തേക്കുംമൂട്ടില്‍ ഓമനക്കുട്ടനാണ് 14 വര്‍ഷമായി കൊച്ചുവേലന് സ്ഥാനം വഹിക്കുന്നത്.
