കാര്‍ക്കോടകന് ശാപവും നളന്  വിഷബാധയും

കാര്‍ക്കോടകന് ശാപവും നളന് വിഷബാധയും

HIGHLIGHTS

ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയില്‍ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാല്‍ ഭാരതത്തില്‍ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതല്‍ പ്രാധാന്യം. കേരളത്തിന്‍റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സര്‍പ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങള്‍ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്‍റെതന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.

ര്‍പ്പങ്ങള്‍ എന്നുകേട്ടാല്‍ നമ്മുടെ ഉള്ളില്‍ ഭയം നിറയുമെങ്കിലും സര്‍പ്പക്കാവുകള്‍ എന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ ഭക്തിയും ഐശ്വര്യം നിറഞ്ഞാടുന്നു. ഗ്രാമഭംഗികളില്‍ സര്‍പ്പക്കാവുകളും സര്‍പ്പപൂജകളും ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്ന് നില്‍ക്കുന്ന കാവിലാണ് മനുഷ്യമനസ്സില്‍ ഭക്തിയുടെ നിറകുടമായിരുന്ന നാഗയക്ഷിയും നാഗദേവതയും കുടിയിരിക്കുന്നത്. തൃസന്ധ്യാനേരത്ത് സര്‍പ്പക്കാവുകളില്‍ വിളക്കു തെളിയിക്കാന്‍ കന്യകമാര്‍ പോകുന്നത് ഒരു സ്ഥിരം തറവാടുകാഴ്ചയായിരുന്നു.

ദൈവിക പരിവേഷം നല്‍കി സര്‍പ്പങ്ങളെ കല്ലിലോ ലോഹങ്ങളിലോ ആണ് പ്രതിഷ്ഠിച്ചിരുന്നത്. വൈഷ്ണവ സമ്പ്രദായത്തില്‍ അനന്തനേയും ശൈവസമ്പ്രദായത്തില്‍ വാസുകിയേയുമാണ് ക്ഷേത്രങ്ങളില്‍ സാധാരണയായി ആരാധിച്ചുവരുന്നത്. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖപാലന്‍, മഹാപത്മന്‍, പത്മന്‍, ഗുളികന്‍ എന്നീ നാഗശ്രേഷ്ഠന്മാരാണ് അഷ്ടനാഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ക്ഷേത്രങ്ങളില്‍ ഉന്നതസ്ഥാനം കല്‍പ്പിക്കപ്പെട്ട സര്‍പ്പങ്ങളെ മതില്‍ക്കെട്ടിനകത്തോ ആലിന്‍ചുവട്ടിലോ പ്രതിഷ്ഠിച്ചാണ് ആരാധിച്ചിരുന്നത്.

അഷ്ടനാഗങ്ങളില്‍ ഒരാളായ കാര്‍ക്കോടകന് നാരദനില്‍ നിന്നേറ്റ ശാപവും ആ ശാപത്തില്‍ നിന്നുള്ള മോചനവുമാണ് ഞാനിവിടെ എഴുതുന്നത്.

നാഗപ്രമാണിമാരിലൊരാളാണ് കാര്‍ക്കോടകന്‍. വാസുകിയേയും തക്ഷകനേയും പോലെ കാര്‍ക്കോടകനും മാതാവായ കദ്രുവില്‍ നിന്നകന്നാണ് പാതാളലോകത്ത് വാസമുറപ്പിച്ചത്. നാരദമുനിയെ വഞ്ചിച്ചുവെന്ന കുറ്റംചുമത്തി ഒരിക്കലദ്ദേഹം കാര്‍ക്കോടകനെ ശപിക്കുകയുണ്ടായി.

'സഞ്ചരിക്കാന്‍ കഴിയാതെ നീ ഒരിടത്തിരുന്നു പോകട്ടെ.' ഇതായിരുന്നു നാരദന്‍റെ ശാപം.
കാര്‍ക്കോടകന്‍ മുനിയോട് മാപ്പു പറഞ്ഞു.

'അങ്ങ് എന്നോട് പൊറുക്കണം. കഠിനമായ ഈ ശാപത്താല്‍ ഞാന്‍ ഗതിയില്ലാതെ വലഞ്ഞുപോകും.'

'നിഷധ രാജ്യത്തെ രാജാവായ നളന്‍ നിന്നെ എടുത്തുമാറ്റുന്ന സമയത്ത് ശാപമോക്ഷം ലഭിക്കും.'

ശാപമോക്ഷം ഉപദേശിച്ചിട്ട് നാരദന്‍ പോയി. കാര്‍ക്കോടകന്‍ ശാപത്താല്‍ വനത്തില്‍ ചെന്നുപതിച്ചു. അവിടെ നിവര്‍ന്നും വളഞ്ഞും പിരിഞ്ഞും കിടക്കാമെന്നല്ലാതെ മറ്റൊരിടത്തേക്കും സഞ്ചരിക്കാനാവാതെ അനേകവര്‍ഷം കാര്‍ക്കോടകന്‍ ദുഃഖമനുഭവിച്ചു.

നളനും ദമയന്തിയും വിവാഹിതരായ ശേഷം കലിയുടെ ഉപദ്രവം മൂലം രാജ്യം നഷ്ടപ്പെട്ട് അവര്‍ ദുഃഖത്തോടെ വനം പൂകി. എന്നിട്ടും കലി അവരെ വിട്ടില്ല. പലതരത്തില്‍ കലി അവരെ ദ്രോഹിച്ചു. ഒടുവില്‍ അവരെ തമ്മിലകറ്റി. നളന്‍ ഏകനായി കാട്ടിലൂടെ സഞ്ചരിച്ചു.

ഈ ഘട്ടത്തില്‍ നാരദമുനിയുടെ ശാപമനുസരിച്ച് കഷ്ടപ്പെടുകയായിരുന്ന കാര്‍ക്കോടകന്‍ കിടന്നിരുന്നതിന് ചുറ്റും കാട്ടുതീ പടര്‍ന്നുപിടിച്ചു ഇഴയാന്‍ കഴിയാതെ കാര്‍ക്കോടകന്‍ ചൂടുകൊണ്ട് പുളഞ്ഞു. രക്ഷപ്പെടുത്താന്‍ ആരേയും കണ്ടതുമില്ല. നളന്‍റെ സഹായത്താല്‍ മാത്രമേ ശാപമോക്ഷം ലഭിക്കൂ എന്നറിയാമായിരുന്ന കാര്‍ക്കോടകന്‍ ഉറക്കെ നിലവിളിച്ചു.

'നളാ രക്ഷിക്കണേ... നളാ ഓടിവരണേ...?'

ഈ സമയത്ത് നളന്‍ കുറെയകലെ എത്തിയിട്ടുണ്ടായിരുന്നു. കാട്ടുതീകണ്ട നളന്‍ അതില്‍പ്പെട്ടുപോയ ആരോ സഹായമഭ്യര്‍ത്ഥിക്കുകയാണെന്ന് മനസ്സിലാക്കി അങ്ങോട്ടോടി ചെന്നു. തീമദ്ധ്യേ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന അതിഭയങ്കരമായ സര്‍പ്പത്തെക്കണ്ട് നളന്‍ ഞെട്ടി നിന്നു. കാര്‍ക്കോടകന്‍ ചോദിച്ചു.

'അങ്ങ് തന്നെയാണോ നളന്‍?' 

'അതെ. താങ്കളാരാണ്...?'

'ഞാന്‍ കാര്‍ക്കോടകന്‍ എന്ന നാഗമാണ്. നാരദമുനിയുടെ ശാപത്താല്‍ സഞ്ചരിച്ചാല്‍ കഴിയാതെ കിടപ്പായി പോയി. അതിനാല്‍ ഈ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ് ഞാന്‍. എന്നെ ഈ തീയില്‍ നിന്ന് ഒന്നെടുത്തു മാറ്റി രക്ഷിക്കണേ.'

കാര്‍ക്കോടകന്‍റെ അപേക്ഷ കേട്ട് നളന്‍ വിസ്മയഭരിതനായി നിന്നു. ഇത്രയേറെ വലിപ്പമുള്ള സര്‍പ്പത്തെ താനെങ്ങനെ എടുത്തുമാറ്റും. നളന്‍ ചിന്താമഗ്നനായി. അത് മനസ്സിലാക്കിയ കാര്‍ക്കോടകന്‍ ആത്മശക്തികൊണ്ട് സ്വശരീരം ഒരു കൈപ്പത്തിയോളം ചെറുതാക്കി. നളന്‍ വേഗം സര്‍പ്പത്തെ കയ്യിലെടുത്ത് തീയില്‍ നിന്നും പുറത്തേക്ക് നടന്നു. സര്‍പ്പത്തെ സുരക്ഷിതമായ സ്ഥലത്ത് കൊണ്ടുചെന്നുവെച്ചു. ഉടന്‍ കാര്‍ക്കോടകന്‍ പൂര്‍വ്വരൂപം പ്രാപിച്ചു. അതോടെ നാരദശാപവും നീങ്ങി.

കൃതജ്ഞതാഭരിതനായി കാര്‍ക്കോടകന്‍ പറഞ്ഞു.

'നളാ.. അങ്ങ് എന്‍റെ ജീവന്‍ രക്ഷിക്കുക മാത്രമല്ല, എനിക്ക് ശാപത്തില്‍ നിന്നും മോചനവും നല്‍കി. ഞാനങ്ങയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇനി കാലടികള്‍ എണ്ണിക്കൊണ്ട് മുന്നോട്ട് നടന്നാലും.'

നളന്‍ കാര്‍ക്കോടകന്‍ പറഞ്ഞ പടി നടക്കാന്‍ തുടങ്ങി. പത്തടി നടന്നപ്പോള്‍ കാര്‍ക്കോടകന്‍ നളനെ ഒറ്റ ക്കൊത്ത്! ഉഗ്രമായ വിഷബാധയേറ്റ് നളന്‍റെ ശരീരം നീലനിറമായെന്നു മാത്രമല്ല വിരൂപവുമായിത്തീര്‍ന്നു.

'അല്‍പ്പം മുമ്പ് ഞാന്‍ ചെയ്ത സഹായത്തിന് നന്ദി പറഞ്ഞു തീരും മുമ്പ് അങ്ങെന്തിനാണ് എന്നോട് ഈ ചതി ചെയ്തത്? ഇതൊരു ക്രൂരവഞ്ചനയായിപ്പോയല്ലോ. നാഗങ്ങള്‍ക്ക് ധര്‍മ്മവും നീതിയും അറിയില്ലെന്നുണ്ടോ?' ദുഃഖഭാരത്തോടെ നളന്‍ ചോദിച്ചു.

'അങ്ങ് തെറ്റിദ്ധരിക്കരുത്. അങ്ങെനിക്ക് ചെയ്ത ഉപകാരങ്ങള്‍ ഒരിക്കലും മറക്കുകയില്ല. അറിഞ്ഞുകൊണ്ടാണ് ഞാന്‍ അങ്ങയുടെ ശരീരത്തില്‍ വിഷം വ്യാപിപ്പിച്ചത്. പക്ഷേ വിഷം അങ്ങയുടെ ശരീരത്തിലുള്ള കലിയെയാണ് ബാധിക്കുക. ഈ വൈരൂപ്യമല്ലാതെ മറ്റൊന്നും അങ്ങേക്ക് സംഭവിക്കുകയില്ല. കുറ്റം ചെയ്യാത്ത അങ്ങയെ ബാധിച്ച കലി കുറേ അനുഭവിക്കാനുണ്ട്. വൈരൂപ്യം വന്നിട്ടുള്ളതിനാല്‍ ഇപ്പോള്‍ ആരും അങ്ങയെ തിരിച്ചറിയുകയില്ല. ഇപ്പോളീ പ്രച്ഛന്നവേഷം അങ്ങേക്കത്യാവശ്യമാണുതാനും. ബാഹുകന്‍ എന്ന തേരാളിയാണെന്നുപറഞ്ഞുകൊണ്ട് അങ്ങ് അയോദ്ധ്യയിലെ ഋതുപര്‍ണ്ണ രാജാവിനെ സമീപിക്കുക. അദ്ദേഹത്തിന്‍റെ തേരാളിയായാല്‍ അശ്വഹൃദയമന്ത്രം അഭ്യസിക്കാന്‍ കഴിയും. അതോടെ അങ്ങയുടെ കഷ്ടകാലം മാറും. ഞാനീ തരുന്ന രണ്ട് വസ്ത്രങ്ങളും സൂക്ഷിച്ചുകൊള്ളണം. എപ്പോഴെങ്കിലും സ്വന്തം രൂപം സ്വീകരിക്കേണ്ടി വരുമ്പോള്‍ ഈ വസ്ത്രങ്ങളെടുത്താല്‍ മതി.'

കാര്‍ക്കോടകനില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങിയ നളന് അദ്ദേഹത്തോട് വലിയ മതിപ്പും സ്നേഹവും തോന്നി.

'അങ്ങ് എന്നോട് കാട്ടിയ സൗഹൃദവും അനുകമ്പയും എന്നും നന്ദിപൂര്‍വ്വം ഞാന്‍ മനസ്സില്‍ സൂക്ഷിക്കും. വീണ്ടും കണ്ടുമുട്ടാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.' നളന്‍ പറഞ്ഞു.

അങ്ങേയ്ക്ക് നന്മ വരട്ടെ, ഞാന്‍ പുറപ്പെടുകയായി. തല്‍ക്ഷണം കാര്‍ക്കോടകന്‍ അന്തര്‍ദ്ധാനം ചെയ്തു.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010