പ്രപഞ്ച ചൈതന്യം  കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രം

പ്രപഞ്ച ചൈതന്യം -കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രം

HIGHLIGHTS

മലയാലപ്പുഴ ക്ഷേത്രം, ചെട്ടിക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങള്‍ക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നതും. ദുഷ്ടശക്തികളെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിച്ചുമാറ്റി ജീവിതം സുഖകരമാക്കിത്തരുക എന്നതുതന്നെയാണ് ഈ ശ്രീലകത്തെ ആശ്രയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ അനുഗ്രഹം.

കേരളത്തിലെ ഭക്തിപ്രസ്ഥാനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത് ദേവീസങ്കല്‍പ്പങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആരാധനാലയങ്ങളില്‍ എണ്ണത്തില്‍ ഏറ്റവുമധികമുള്ളത് ദേവീക്ഷേത്രങ്ങള്‍ തന്നെയാണ്. ദേവീഭക്തിയുടെ അത്യപൂര്‍വ്വഭാവപ്രകൃതികളാണ് കേരളത്തിലെ ഓരോ ഗ്രാമത്തിലും തിരിച്ചറിയാനാവുന്നത്. ദുഷ്ടനിഗ്രഹിയും, ശിഷ്ടപാലിനിയുമായ ഭഗവതി ശക്തിയുടെ പൂര്‍ണ്ണഭാവമായിതന്നെ പല ശ്രീലകങ്ങളിലും നിലകൊള്ളുന്നു. 

പ്രപഞ്ചത്തിന്‍റെ ഭാവപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന ചൈതന്യമാണ് ദേവീസങ്കല്‍പ്പങ്ങള്‍.
ഇന്ന് ഈ ദേവീക്ഷേത്രത്തില്‍ വലം വച്ചപ്പോള്‍ ചുറ്റുവലം ചെയ്ത അനവധി ദേവീക്ഷേത്രങ്ങളിലൂടെ ചിന്തകള്‍ പരതി. കേരളത്തിലെ അതിപ്രശസ്തമായ ദേവീക്ഷേത്രങ്ങളോട് താരതമ്യം തോന്നുംപ്രകാരമാണ് ഈ ക്ഷേത്രത്തിലെ ശ്രീലകത്തിന്‍റെ ശക്തിമഹത്വം എന്നത് ചിന്തയില്‍ ഉണര്‍ന്നു. ഇത്, പന്തളം പട്ടണത്തിന് സമീപം, പന്തളം- പത്തനംതിട്ട പാതയില്‍ കടയ്ക്കാട് എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന, കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രമാണ്.

ഭക്തിയുടെ ശ്രീലകം

സ്വതവേ ഐതിഹ്യത്തില്‍ നിന്നാണ് ശ്രീലകത്തേയ്ക്ക് കടക്കുന്നത്. എന്നാല്‍ ഇവിടെ ശ്രീലകത്ത് നിന്നുതന്നെ തുടങ്ങാനാണ് ഭക്തി പ്രേരിപ്പിക്കുന്നത്. ഇവിടുത്തെ പ്രധാനദേവതയായ ഭദ്രകാളി ബിംബം, ദാരുശില്‍പ്പമാണ്. തടികൊണ്ട് നിര്‍മ്മിച്ച ദേവീരൂപമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തടികൊണ്ട് നിര്‍മ്മിച്ച വിഗ്രഹമുള്ള വളരെ കുറച്ച് ക്ഷേത്രങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. ഉഗ്രമൂര്‍ത്തിയായ ദേവീസങ്കല്‍പ്പത്തിലാണ് ദാരുശിലയില്‍ ഭഗവതീ പ്രതിഷ്ഠ കാണപ്പെടാറുള്ളത്.

ഇവിടെ കടയ്ക്കാട് ക്ഷേത്രത്തിലെ ഭഗവതി സങ്കല്‍പ്പവും ദുഷ്ടനിഗ്രഹവും ശിഷ്ടപരിപാലനവും തന്നെയാണ്. ഖരന്‍ എന്നൊരു അസുരന്‍ ഈ ദേശം മുഴുവന്‍ അടക്കിവാണിരുന്നു. മഹാദുഷ്ടനായ ആ രാക്ഷസനില്‍ നിന്നും രക്ഷയ്ക്കായി ദേവി അവതരിച്ചതാണെന്ന് ഐതിഹ്യ പ്രകാരം വിശ്വസിച്ചുപോരുന്നു. ഒരു ദേശത്തിന്‍റെ ഐതിഹ്യചരിത്രങ്ങളില്‍ ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് കടയ്ക്കാട് ദേവീക്ഷേത്രം. പന്തളം രാജപരമ്പരയുമായിട്ടും പന്തളം മഹാദേവ ക്ഷേത്രവുമായിട്ടും കടയ്ക്കാട് ക്ഷേത്രത്തിന് ഏറെ ഐതിഹ്യ ബന്ധം നിലനില്‍ക്കുന്നു.

നേര്‍ച്ചയും വഴിപാടുകളും

മലയാലപ്പുഴ ക്ഷേത്രം, ചെട്ടിക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങള്‍ക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നതും. മൂന്ന് സഹോദരിമാരാണ് ഇവര്‍ എന്നും ചില പഴമൊഴികള്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

ദുഷ്ടനിഗ്രഹത്തിനായിട്ടാണ് ദേവി അവതരിച്ചത്. ദുഷ്ടശക്തികളെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിച്ചുമാറ്റി ജീവിതം സുഖകരമാക്കിത്തരുക എന്നതുതന്നെയാണ് ഈ ശ്രീലകത്തെ ആശ്രയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ അനുഗ്രഹം. ഒരുപക്ഷേ നാം ഏവരും ആഗ്രഹിക്കുന്നതും ശാന്തമായ ഒരു ജീവിതമാണ്. ദുഷ്ടശക്തികള്‍ എന്നാല്‍ ബാഹ്യശത്രുക്കള്‍ മാത്രമല്ല, പലപ്പോഴും നാമും നമ്മുടെ ചിന്തകളും, പ്രവര്‍ത്തികളും നമ്മുടെ ജീവിതത്തിന് വിരോധമായി സംഭവിക്കാറുണ്ട്. കടയ്ക്കാട് അമ്മ ഉഗ്രരൂപിണിയാണ്. ചിന്തയിലെ അസുരഭാവങ്ങളെ ദേവിപ്രീതിയാല്‍ മാറിക്കിട്ടും.

നിത്യവും കുരുതി

ശത്രുസംഹാരത്തിനും, മഹാദുരിതനിവൃത്തിക്കും ദേവിക്ക് നടത്തപ്പെടുന്ന പ്രധാന വഴിപാട് കുരുതിയാണ്. ദുരിതത്തിന്‍റെ ആധിക്യത്തിന് അനുസരിച്ചാണ് ഓരോ വഴിപാടുകളും നടത്തപ്പെടുന്നത്. കുരുതി പുഷ്പാഞ്ജലി, കൈവട്ട കുരുതി, നട കുരുതി എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രത്യേക വഴിപാടുകള്‍. കുംഭമാസത്തിലെ ഉത്രട്ടാതിനാളില്‍ മഹാഗുരുതി  നടത്തപ്പെടുന്നു.

കുംഭമാസത്തിലെ ഭരണി മുതല്‍ പറയ്ക്കെഴുന്നെള്ളത്തിനായി ദേവിയുടെ ദേശസഞ്ചാരം. മീനമാസത്തിലെ കാര്‍ത്തികയില്‍ തിരു ഉത്സവവും ആചരിക്കുന്നു. പൂര്‍ണ്ണമായും കരിങ്കല്ലിലാണ് ഈ ക്ഷേത്ര നിര്‍മ്മിതി.

പ്രധാന ദേവതയായ ഭദ്രകാളിയെ കൂടാതെ ഗണപതി,രക്ഷസ്സ്, യക്ഷി, യോഗീശ്വരന്‍ എന്നീ ഉപപ്രതിഷ്ഠകളും അതിവിശാലമായ സര്‍പ്പക്കാവും കടയ്ക്കാട് ഭദ്രകാളിക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.

കടയ്ക്കാട് ഭദ്രകാളീക്ഷേത്രം
കടയ്ക്കാട് - പന്തളം, (9446116554)

 

Photo Courtesy - jyothisharathnam