ഭക്തര്‍ കേണപേക്ഷിച്ചാല്‍ ഉടന്‍ പ്രസാദിക്കുന്ന കാടാമ്പുഴ ഭഗവതി
ആദിപരാശക്തി വാണരുളുന്ന കാനനദേശം. അവിടെയാണ് കാടാമ്പുഴ ദേവീക്ഷേത്രം കുടികൊള്ളുന്നത്. ഇവിടെ ഭഗവതി പരാശക്തിയുടെ രൂപത്തിലാണ് വാണരുളുന്നത്. വിളിച്ചാല്‍ വിളികേള്‍ക്കുന്ന അമ്മ ഭക്തര്‍ക്ക് മുന്നില്‍ ഉടന്‍ പ്രസാദമരുളും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കാടാമ്പുഴ അമ്മ ത്വരിത പാര്‍വ്വതീദേവിയാണെന്നും പഴമക്കാര്‍ പറയുന്നു. കുരുക്ഷേത്രയുദ്ധവുമായി ബന്ധപ്പെട്ടാണ് കാടാമ്പുഴ അമ്മയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
മഹാദേവന്‍റെ പക്കലുള്ള ദിവ്യാസ്ത്രമാണ് പാശുപതാസ്ത്രം. പശുപതിയുടെ കൈക്കലുള്ള അസ്ത്രം എന്നതിനാലാണ് ആ പേര് വന്നത്. ഭഗവാനെ പ്രീതിപ്പെടുത്താന്‍ കാടിനുള്ളിലെത്തിയ അര്‍ജ്ജുനന്‍ കഠിനതപസ്സില്‍ ഏര്‍പ്പെട്ടു. എന്നാല്‍ അര്‍ജ്ജുനന്‍റെ ഭക്തി അളക്കാന്‍ തുനിഞ്ഞ ഭഗവാന്‍ ചില പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു.
മഹാദേവനും പാര്‍വ്വതിദേവിയും കിരാതവേഷം പൂണ്ട് അര്‍ജ്ജുനന്‍ തപസ്സ് ചെയ്യുന്നിടത്ത് ചെന്നു. അതേസമയം തന്നെയാണ്, അര്‍ജ്ജുനന്‍ തപസ്സ് ചെയ്ത് പാശുപതാസ്ത്രം നേടിയാല്‍ അത് തനിക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന ദുര്യോധനന്‍ അര്‍ജ്ജുനന്‍റെ തപസ്സ് മുടക്കാന്‍ തീരുമാനിച്ചത്. മൂകാസുരന്‍ എന്ന അസുരനെ ഒരു പന്നിയുടെ രൂപത്തില്‍ പറഞ്ഞുവിട്ട ദുര്യോധനന്‍ അര്‍ജ്ജുനന്‍റെ തപസ്സ് മുടക്കാന്‍ ചട്ടം കെട്ടി.
മൂകാസുരന്‍ അര്‍ജ്ജുനന്‍റെ അടുത്തെത്തിയ അതേനേരം തന്നെ ഭഗവാന്‍ പരമശിവനും പാര്‍വ്വതീദേവിയും അവിടെത്തി. തപസ്സില്‍ ആണ്ടിരിക്കുന്ന തന്നെ ആക്രമിക്കാന്‍ വന്ന പന്നിയെ അര്‍ജ്ജുനന്‍ കാണുന്നു. അതേനേരംതന്നെ ഭഗവാനും അത് കാണുന്നുണ്ടായിരുന്നു. ഇരുവരും ഇരുദിക്കുകളില്‍ നിന്നായി അസ്ത്രങ്ങള്‍ എയ്യുകയും പന്നി ചാവുകയും ചെയ്തു. തുടര്‍ന്ന് ആരുടെ അസ്ത്രമേറ്റാണ് പന്നി ചത്തത് എന്ന തര്‍ക്കമായി ഇരുവരും തമ്മില്‍.
കിരാതമൂര്‍ത്തി ഭാവത്തില്‍ എത്തിയ മഹാദേവനെ അര്‍ജ്ജുനന്‍ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം യുദ്ധത്തിലേക്ക് വഴിമാറി. അര്‍ജ്ജുനന്‍ എയ്ത അസ്ത്രങ്ങളില്‍ ചിലത് മഹാദേവന്‍റെ ശരീരത്തില്‍ ഏല്‍ക്കുകയും ഭഗവാന് മുറിവേല്‍ക്കുകയും ചെയ്തു. ഇതുകണ്ട് ക്രുദ്ധയായ ദേവി അര്‍ജ്ജുനനെ ശപിച്ചു. അര്‍ജ്ജുനന്‍ എയ്യുന്ന അസ്ത്രങ്ങളൊക്കെയും പൂവായി മാറട്ടെ എന്നായിരുന്നു ശാപം.
തുടര്‍ന്ന് അര്‍ജ്ജുനന്‍ തന്‍റെ ഗാണ്ഡീവം(വില്ല്) കൊണ്ട് ഭഗവാനെ തല്ലാന്‍ തുനിഞ്ഞു. അതിലും വിജയിക്കാതെ വന്നപ്പോള്‍ മല്‍പ്പിടുത്തത്തിലേക്ക് കടന്നു. അതിലും അര്‍ജ്ജുനന്‍ പരാജയപ്പെട്ടു. അതോടെ തനിക്ക് യുദ്ധത്തില്‍ ജയിക്കാന്‍ സാധിക്കില്ല എന്ന് അര്‍ജ്ജുനന്‍ തിരിച്ചറിഞ്ഞു.
ആ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ അര്‍ജ്ജുനന്‍ തന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന മഹാദേവനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സമീപത്ത് കണ്ട പൂക്കളെല്ലാം എടുത്ത് അദ്ദേഹം മഹാദേവനെ മനസ്സില്‍ കണ്ട് മുന്നിലേക്കര്‍പ്പിച്ചു. എന്നാല്‍ താനര്‍പ്പിച്ച പൂക്കളെല്ലാം തന്‍റെ മുന്നില്‍ നില്‍ക്കുന്ന കാട്ടാളനുമേല്‍ പതിക്കുന്നത് കണ്ട അര്‍ജ്ജുനന്‍ സ്തബ്ധനായി നിന്നുപോയി.
തനിക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ അര്‍ജ്ജുനന്‍ കണ്‍മുന്നില്‍ കണ്ട കിരാതമൂര്‍ത്തിയുടെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു. ഇതോടെ ദേവനും ദേവിയും അര്‍ജ്ജുനനുമേല്‍ കടാക്ഷിക്കുകയും അദ്ദേഹത്തിന് പാശുപതാസ്ത്രം നല്‍കുകയുമായിരുന്നു. താന്‍ ശപിച്ച അര്‍ജ്ജുനന്‍ തന്‍റെ പതിക്ക് മുന്നില്‍ മാപ്പപേക്ഷിച്ചത് കണ്ടമാത്രയില്‍ തന്നെ ദേവിക്ക് അര്‍ജ്ജുനനോട് ഉണ്ടായിരുന്ന ഈര്‍ഷ്യയെല്ലാം മാറി ദേവി ക്ഷിപ്രപ്രസാദിയായി മാറി. അതുകൊണ്ടാണ് ദേവിയെ ത്വരിത പാര്‍വ്വതീദേവി(വേഗത്തില്‍ പ്രസാദിക്കുന്ന ദേവി) എന്ന് വിശേഷിപ്പിക്കുന്നത്.
അന്ന് അര്‍ജ്ജുനന് മുന്നില്‍ ദേവി നിലകൊണ്ട അതേഭാവത്തിലാണത്രേ ഇന്ന് കാടാമ്പുഴ ഭഗവതി കുടികൊള്ളുന്നത്. കാടാമ്പുഴ എന്ന സ്ഥലനാമത്തിന് പിന്നിലും ഒരു കഥയുണ്ട്. കാട്, അമ്പ്, അള എന്നീ മൂന്ന് പദങ്ങള്‍ ചേര്‍ന്നാണ് കാടാമ്പുഴ ഉണ്ടായത്. അര്‍ജ്ജുനന്‍ തപസ്സനുഷ്ഠിക്കാന്‍ എത്തിയ കാലത്ത് അതൊരുള്‍പ്രദേശത്തെ കാടായിരുന്നു. പ്രധാന വീഥിയില്‍ നിന്നും മാറി ഒരു കുഴിയിലോട്ടിരിക്കുന്ന പ്രദേശമാണ്(ഇന്ന് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്ന അതേയിടം) അര്‍ജ്ജുനന്‍ തപസ്സിനായി എത്തിയത്. അങ്ങനെയാണ് കാട് എന്ന പദം സ്ഥലനാമത്തില്‍ ഉള്‍പ്പെടുന്നത്.
കാടിന്‍റെ അധിപനായ കിരാതന്‍റെ ഭാവത്തിലാണ് ഭഗവാന്‍ ഇവിടെ എത്തിയത് എന്നുള്ളതുകൊണ്ടാണ് കാട് സ്ഥലനാമത്തിന്‍റെ ഭാഗമായത് എന്നും ഒരു വിശ്വാസമുണ്ട്. അര്‍ജ്ജുനന്‍ തൊടുത്ത അമ്പുകള്‍ അല്ലെങ്കില്‍ അന്‍പുകള്‍ പൂക്കളായി മാറിയ ഇടം എന്നതുകൊണ്ടാണ് അമ്പ് എന്ന പ്രയോഗം സ്ഥലനാമത്തില്‍ ഉള്‍പ്പെട്ടതത്രേ.
അള എന്ന പ്രയോഗം വന്നതിന് പിന്നില്‍ ശ്രീശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഒരു വിശ്വാസകഥ കൂടിയുണ്ട്. അത് ഇങ്ങനെ- പരമശിവനും ഭാര്യ പാര്‍വ്വതീദേവിയും ദക്ഷിണദേശത്തെ കാനനസഞ്ചാരകാലത്ത് ഇതിലൂടെ വന്നിരുന്നത്രേ. കാടിനുള്ളിലെ ഒരു പ്രദേശത്ത് വെച്ച് ദേവിക്ക് ദാഹമുണ്ടായി. അന്നേരം ഭഗവാന്‍ ഒരു ദിക്കിലേക്ക് അസ്ത്രം എയ്തെന്നും അവിടെ നിന്നും ഗംഗാപ്രവാഹമുണ്ടായി എന്നും അതില്‍ നിന്നും വെള്ളം കുടിച്ച് ദേവി ദാഹമകറ്റിയെന്നും പറയപ്പെടുന്നു. തുടര്‍ന്ന് ഗംഗാപ്രവാഹം ആരംഭിച്ച ഇടത്തില്‍ ഒരു അളമാത്രമായി(പോട്) മാത്രമായി ശേഷിച്ചു എന്നും പറയപ്പെടുന്നു.
കാലാന്തരത്തില്‍ മൂകാംബികയില്‍ നിന്നും മടങ്ങിവരികയായിരുന്ന സ്വാമി ശങ്കരാചാര്യര്‍ ഈ അളയില്‍ നിന്നും ദിവ്യപ്രകാശം പുറത്തേയ്ക്ക് വരുന്നത് കാണാനിടയായി. അത് അദ്ദേഹത്തിന് താങ്ങാനാകുന്നതിനും അപ്പുറത്തായിരുന്നതുകൊണ്ടുതന്നെ പ്രസ്തുതദേശത്ത് ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മൂകാംബികയില്‍ നിന്നും അംബയെ അറിഞ്ഞ് അതായത് അമ്മയെ അറിഞ്ഞ് മടങ്ങിയ സ്വാമിക്ക് ദേവിയെ സ്തുതിക്കാതെ മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ അദ്ദേഹം അവിടെ നിന്നും ദേവിയുടെ കീര്‍ത്തനങ്ങള്‍ ആലപിച്ചെന്നും ആയിടത്താണ് പില്‍ക്കാലത്ത് ദേവീക്ഷേത്രം ഉയര്‍ന്നതെന്നുമാണ് വിശ്വാസം.
പരാശക്തിയായ ദേവി ഇവിടെ രൂപമില്ലാതെയാണ് അധിവസിക്കുന്നത്. കാലാന്തരത്തില്‍ ഭക്തര്‍ക്ക് ദര്‍ശനസായൂജ്യത്തിനായി ദേവീരൂപം ഇവിടെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അളയില്‍ കുടികൊള്ളുന്ന ആദിപരാശക്തിയാണ് ക്ഷേത്രത്തിന്‍റെ ചൈതന്യം. ലോകത്തിന്‍റെ സര്‍വ്വോന്നതിക്കും നന്മയ്ക്കും വേണ്ടി വാണരുളുന്ന ദേവിയുടെ മുന്നില്‍ ഭക്തര്‍ കേണപേക്ഷിച്ചാല്‍ ഉടന്‍ പ്രസാദം ലഭിക്കും എന്നാണ് വിശ്വാസം.
അര്‍ജ്ജുനന്‍റെ അമ്പുകള്‍ പൂക്കളമായി മാറ്റിയ ദേവിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി ശങ്കരാചാര്യര്‍ തന്നെയാണ് ഇവിടെ പൂമൂടല്‍ ചടങ്ങ് ആരംഭിച്ചത് എന്നാണ് മറ്റൊരു വിശ്വാസം. ഇന്ന് കാടാമ്പുഴ ദേവിയുടെ ഇഷ്ടവഴിപാടായ പൂമൂടലിനായി പതിനായിരങ്ങളാണ് കാത്തുനില്‍ക്കുന്നത്. 2045 വരെയുള്ള പൂമൂടല്‍ ചടങ്ങുകള്‍ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ പൂമൂടല്‍ വഴിപാടിനുള്ള ബുക്കിംഗ് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ദേവസ്വം സൈറ്റില്‍ പറയുന്നു.
പ്രപഞ്ചത്തിലെ സര്‍വ്വവിധ മുട്ടുകളും(ബുദ്ധിമുട്ടുകള്‍) മാറാന്‍ വേണ്ടി ദേവിക്ക് മുന്നില്‍ നാളീകേരം കൊണ്ട് മുട്ടിറക്കുന്നതും ഇവിടത്തെ സവിശേഷ വഴിപാടാണ്. വിദ്യാമുട്ട്, ധനമുട്ട്, ആരോഗ്യമുട്ട് തുടങ്ങി പലവിധ മുട്ടുകള്‍ പരിഹരിക്കാന്‍ വേണ്ടി മുട്ടിറക്കാവുന്നതാണ്. പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി ഏഴുവരെയുമാണ് ദര്‍ശനസമയം. മുട്ടിറക്കല്‍ വഴിപാട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വൈകിട്ട് അഞ്ചിനുമുന്നേ ക്ഷേത്രത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. സാഹചര്യവശാല്‍ എത്താന്‍ വൈകിയാല്‍ രസീത് എഴുതി ക്ഷേത്രത്തില്‍ ഏല്‍പ്പിച്ചാല്‍ പിറ്റേദിവസം ദേവസ്വം ജീവനക്കാര്‍ വഴിപാട് കഴിപ്പിക്കും.
മലപ്പുറം ജില്ലയിലെ വാളാഞ്ചേരിക്ക് സമീപം മാറാക്കര പഞ്ചായത്തില്‍ കാടാമ്പുഴ ദേശത്താണ് കാടാമ്പുഴ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത 66 ല്‍ നിന്നും തെല്ലധികം ദൂരത്തില്‍ അല്ലാതെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്കല്‍, ചങ്കുവെട്ടി ഭാഗത്തുനിന്നും ഇവിടേയ്ക്ക് ധാരാളം ബസ്സുകള്‍ ലഭിക്കും. സംസ്ഥാനത്തിന്‍റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം കാടാമ്പുഴയിലേക്ക് ബസ് മുഖേന ഉദ്ദേശ്യം 30-40 മിനിട്ടിനകം ഇവിടെയെത്താം.
