ആമകളെ കണ്ടാല്‍ ലക്ഷ്മീകടാക്ഷമുണ്ടാവുന്ന കാടുമല്ലികാര്‍ജ്ജുനസ്വാമി ക്ഷേത്രം
ആമയെ കാണുന്നത് നല്ലതല്ല, ആമ കയറിയ വീട് നശിക്കും എന്നൊക്കെയാണ് പറയാറ്. എന്നാല്‍ ബാംഗ്ലൂരിന് സമീപത്തുള്ള 'കാടുമല്ലികാര്‍ജ്ജുനസ്വാമി' ക്ഷേത്രത്തിലുള്ള ആമകളെ കണ്ടാല്‍ ലക്ഷ്മീകടാക്ഷമുണ്ടാവും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇവിടെ മല്ലികാര്‍ജ്ജുനന്‍ എന്ന ദിവ്യനാമധേയത്തില്‍ കുടികൊള്ളുന്ന ശിവനെതിങ്കളാഴ്ച ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ മുജ്ജന്മപാപങ്ങള്‍ അകലും എന്നുമാണ് വിശ്വാസം.
ആമയെ കാണുന്നത് നല്ലതല്ല, ആമ കയറിയ വീട് നശിക്കും എന്നൊക്കെയാണ് പറയാറ്. എന്നാല്‍ ബാംഗ്ലൂരിന് സമീപത്തുള്ള 'കാടുമല്ലികാര്‍ജ്ജുനസ്വാമി' ക്ഷേത്രത്തിലുള്ള ആമകളെ കണ്ടാല്‍ ലക്ഷ്മീകടാക്ഷമുണ്ടാവും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇവിടെ മല്ലികാര്‍ജ്ജുനന്‍ എന്ന ദിവ്യനാമധേയത്തില്‍ കുടികൊള്ളുന്ന ശിവനെതിങ്കളാഴ്ച ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ മുജ്ജന്മപാപങ്ങള്‍ അകലും എന്നുമാണ് വിശ്വാസം.
ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ഒരു സംഭവകഥയുണ്ട്. അത് ഇപ്രകാരമാണ്.
വെറ്റിലവ്യാപാരിയായ ഒരാള്‍ ഇവിടെ തങ്ങവേ, മൂന്ന് കല്ലുകള്‍ ചേര്‍ത്തുവെച്ച് അടുപ്പുണ്ടാക്കി തീ കത്തിച്ചു. അദ്ദേഹം പാചകം ചെയ്തുകൊണ്ടിരിക്കവേ, പാചകം ചെയ്ത ആഹാരം രക്തമായി മാറി. ആ കാഴ്ചകണ്ട് അയാള്‍ മയക്കത്തിലായപ്പോള്‍ ഒരു അശരീരി കേട്ടു. 'ഞാന്‍ സ്വയംഭൂ ലിംഗ രൂപത്തില്‍ ഈ പാറയുടെ മീതെ കൂടികൊള്ളുന്നുണ്ട്. ലോകക്ഷേമത്തിനായി എന്നെ പൂജിക്കൂ' എന്നായിരുന്നു അശരീരി.
അയാള്‍ നാട്ടുകാരെ വിളിച്ച് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ ആ സ്ഥലത്ത് ഒരു ബലിപീഠം സ്ഥാപിച്ച് പൂജിച്ച് ആരാധിക്കാന്‍ തുടങ്ങി. പിന്നീട് ചോളരാജാക്കന്മാര്‍ അവിടെ ക്ഷേത്രം നിര്‍മ്മിച്ചു. ശ്രീകോവിലില്‍ ശിവന്‍ സ്വയംഭൂലിംഗമായി ദര്‍ശനമേകുന്നു. ശിവന്റെ അടുത്തായി ഗണപതി, ഭ്രമരാംബിക(പാര്‍വ്വതി), കാശിവിശ്വനാഥന്‍, മഹാവിഷ്ണു എന്നിവരുടേയും സന്നിധിയുണ്ട്. കന്നടരാജാവായിരുന്ന എലമല്ലപ്പാ ഷട്ടറാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയത്. ഛത്രപതി ശിവാജിയുടെ ഛായാചിത്രവും ചുറ്റമ്പലത്തില്‍ കാണാം. അരുണാചലേശ്വരന്‍, കാലഭൈരവ സന്നിധിയും ചുറ്റമ്പലത്തിലുണ്ട്.
കുളത്തിലുള്ള നന്തിയുടെ വായില്‍ നിന്നും തീര്‍ത്ഥം ശിവലിംഗത്തിന് മീതെ വീഴുന്നു. ഈ കുളം കടുത്ത വേനലിലൂടെ വര്‍ഷം മുഴുവന്‍ വറ്റുന്നില്ല എന്നത് അത്ഭുതമാണ്. ഇവിടെ കുളത്തില്‍ വസിക്കുന്ന ആമകളെ കണ്ടാല്‍ കടബാധ്യതകള്‍ ഒഴിഞ്ഞ് സമ്പത്ത് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. കുളത്തിലെ തീര്‍ത്ഥം(വെള്ളം) തലയില്‍ തെളിച്ചാലും സേവിച്ചാലും പാപങ്ങള്‍ അകലുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ തീര്‍ത്ഥത്തിന്റെ അംശമായി കരുതപ്പെടുന്ന ഗംഗാദേവിയുടെ ക്ഷേത്രവും അടുത്തുതന്നെയുണ്ട്.
വൃശ്ചികമാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച 'കടലക്കായ ഉത്സവം' എന്ന ആഘോഷം നടത്തപ്പെടുന്നു. കര്‍ഷകര്‍ തങ്ങളുടെ വയലില്‍ വിളഞ്ഞ നിലക്കടല കാണിക്കയായി നല്‍കുന്നു. എല്ലാ ദൈവങ്ങളെയും അന്നേദിവസം നിലക്കടല കൊണ്ട് അലങ്കരിച്ച കാഴ്ച അതിമനോഹരവും മനസ്സിന് കുളിര്‍മ്മയേകുന്നതുമാണ്. മഹാശിവരാത്രിയുടെ അടുത്തദിവസം ഇവിടെ നടക്കുന്ന രഥോത്സവം ആര്‍ഭാടപൂര്‍വ്വം കൊണ്ടാടപ്പെടുന്നു.
ദിവസവും രണ്ടുനേരം ക്ഷേത്രം തുറന്നിരിക്കുമെങ്കിലും രാവിലെ മാത്രമാണ് ഇവിടെ പൂജ നടക്കുന്നത്. ശൃംഗേരിസ്വാമികളാല്‍ ദേവീസന്നിധിയില്‍ ശ്രീചക്രം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതും മറ്റൊരു സവിശേഷതയാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും സാംപികേ റോഡ് വഴി അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
