കയ്യപ്പന്‍ അയ്യപ്പനായി

കയ്യപ്പന്‍ അയ്യപ്പനായി

HIGHLIGHTS

പാലാഴിമഥനസമയത്ത് ലഭിച്ച അമൃത് തട്ടിയെടുത്ത അസുരന്മാരില്‍ നിന്നും അത് വീണ്ടെടുക്കാനായിട്ടായിരുന്നു മഹാവിഷ്ണു മോഹിനിവേഷം ധരിച്ചത്. ആ രൂപം ഒരിക്കല്‍ കൂടി കാണണമെന്ന മഹേശ്വരന്‍റെ ആഗ്രഹസാഫല്യത്തിനായി വിഷ്ണു ഒരിക്കല്‍ കൂടി മോഹിനി രൂപത്തിലെത്തി. മോഹിനി രൂപത്തിലെത്തിയ വിഷ്ണുവിനെ കണ്ട് മോഹിച്ച് അവരിരുവരും സംയോഗത്തിലേര്‍പ്പെട്ടു. പിന്നീട് മഹാവിഷ്ണുവിന്‍റെ തുട പിളര്‍ന്ന് കയ്യിലേക്ക് പിറന്നുവീണ 'കയ്യപ്പന്‍' ക്രമേണ അയ്യപ്പനായി.

 

ജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ

തന്‍റെ പ്രിയഭക്തനായ പന്തളത്ത് രാജാവിന് പുത്രന്മാരില്ലാത്ത ദുഃഖം അറിയാവുന്ന പരമശിവന്‍ കുഞ്ഞിനെ അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചു. കുഞ്ഞിന് കഴുത്തിലൊരു മണിമാലയിട്ട് രാജാവ് നായാട്ടിനായി വരുന്ന വഴിയില്‍ പമ്പാനദിക്കരയില്‍ സുരക്ഷിതമായി കുട്ടിയെ കിടത്തി പരമേശ്വരനും മോഹിനിയും കാത്തിരുന്നു. നായാട്ടിന് വന്ന രാജാവ് കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി. പമ്പാനദിക്കരയില്‍ പാറപ്പുറത്ത് പട്ടില്‍ പൊതിഞ്ഞുകിടക്കുന്ന കുട്ടിയെ കണ്ട് അദ്ദേഹം വാരിയെടുത്തു. കഴുത്തിലെ മണിമാല കണ്ട് മണി കഴുത്തിലണിഞ്ഞവന്‍ എന്നര്‍ത്ഥം വരുന്ന മണികണ്ഠനെന്ന പേര്‍ നല്‍കി കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

യഥാകാലം രാജാവ് മണികണ്ഠനെ രാജഗുരുവിന്‍റെ ആശ്രമത്തില്‍ കൊണ്ടുചെന്നു. മഹാപണ്ഡിതനായ വേദശാസ്ത്ര പാരംഗദനുമായിരുന്ന ഒരു മുനിശ്രേഷ്ഠനായിരുന്നു രാജഗുരു.

'ഗുരോ മണികണ്ഠനെ ഗുരുകുലവാസത്തിനായി അങ്ങയെ ഏല്‍പ്പിക്കാനാണ് വന്നത്. ഇവന്‍ വേദശാസ്ത്രങ്ങളിലും ആയുധവിദ്യയിലും പ്രഗത്ഭനായിത്തീരണമെന്നാണ് എന്‍റെ ആഗ്രഹം. അങ്ങ് എന്‍റെ മകനെ ശിഷ്യനായി സദയം സ്വീകരിച്ചാലും.'

മണികണ്ഠന്‍റെ തേജസ്സാര്‍ന്ന മുഖം കണ്ടപ്പോഴെ മുനിക്ക് അസാധാരണമായ ഒരടുപ്പം അവനോട് തോന്നി. രാജപുത്രനെന്നതിനേക്കാള്‍ ഒരു പ്രത്യേകത അദ്ദേഹത്തിനവനോട് തോന്നി.

'മണികണ്ഠനെ ശിഷ്യനായി കിട്ടിയത് പരമഭാഗ്യമായി ഞാന്‍ കരുതുന്നു. എനിക്കറിയാവുന്ന സകലവിദ്യകളും ഞാനിവനെ അഭ്യസിപ്പിച്ചുകൊള്ളാം. അതേക്കുറിച്ചോര്‍ത്ത് അങ്ങ് വിഷമിക്കേണ്ടതില്ല.' ഗുരു രാജാവിനോട് പറഞ്ഞു. ഗുരുപാദങ്ങളില്‍ നമസ്ക്കരിച്ച മണികണ്ഠനെ ഗുരു സ്നേഹപൂര്‍വ്വം പിടിച്ചെഴുന്നേല്‍പ്പിച്ച് തലയില്‍ കൈകള്‍ വച്ചനുഗ്രഹിച്ചു. രാജാവ് മണികണ്ഠനോട് യാത്ര പറഞ്ഞ് പന്തളത്തേയ്ക്ക് മടങ്ങി. മകനെ പിരിയാന്‍ രാജാവിന് തീരെ മനസ്സുണ്ടായിരുന്നില്ല. അവനെ പിരിഞ്ഞുകഴിയാന്‍ രാജാവിനും രാജ്ഞിക്കും വലിയ വിഷമം തോന്നുകയും ചെയ്തു.

മറ്റ് ശിഷ്യന്മാര്‍ക്കൊപ്പമിരുത്തി ഗുരു മണികണ്ഠനെയും വിദ്യകളഭ്യസിപ്പിക്കാന്‍ തുടങ്ങി. ഏത് വിഷയത്തിലും മണികണ്ഠന്‍ തല്‍പ്പരനായിരുന്നു. അതിസമര്‍ത്ഥനായ ഒരു ശിഷ്യനായി അവന്‍ ഗുരുവിന്‍റെ പ്രീതി നേടി. വേദശാസ്ത്രങ്ങളിലെ ഗഹനതയും ആയുധാഭ്യാസങ്ങളിലെ അസാധാരണത്വവും ശ്രദ്ധിച്ച ഗുരുവിന് മണികണ്ഠന്‍ വെറുമൊരു മനുഷ്യബാലനാണെന്ന് തോന്നിയില്ല. ജന്മം കൊണ്ടുതന്നെ അമരത്വം നേടിയ ബാലനായേ അദ്ദേഹത്തിന് അവനെ കാണാന്‍ കഴിഞ്ഞുള്ളു. അവന്‍റെ സകലചലനങ്ങളും ഗുരു പ്രത്യേകം ശ്രദ്ധിക്കുകയും അവനെ അതിരറ്റ് സ്നേഹിക്കുകയും ചെയ്തു.

ഗുരുപുത്രന്‍ അന്ധനും മൂകനുമായിരുന്നു. മണികണ്ഠന്‍ ഗുരുപുത്രനെയാണ് പ്രധാന തോഴനായി കരുതിയത്. അവനോടൊപ്പം സമയം ചെലവഴിക്കാനും അവന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും മണികണ്ഠന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

അതൊക്കെ ശ്രദ്ധിച്ചിരുന്ന ഗുരുവിന് മണികണ്ഠന്‍റെ ആത്മാര്‍ത്ഥതയില്‍ മതിപ്പ് തോന്നി. മണികണ്ഠന്‍റെ പെരുമാറ്റത്തിലെ പ്രത്യേകതകള്‍ അത്ഭുതത്തോട് കൂടിയാണ് ഗുരു നോക്കിക്കണ്ടത്. അസാധാരണ സിദ്ധികളുള്ള അതൊക്കെ മറച്ചുവെച്ചു പെരുമാറുന്ന മണികണ്ഠനെുഗുരു ഉള്ളുകൊണ്ട് ആദരിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ ഗുരു ദക്ഷിണ നല്‍കാന്‍ മണികണ്ഠന്‍ തയ്യാറായി. അപ്പോള്‍ ഗുരു മണികണ്ഠനോട് പറഞ്ഞു.
'മണികണ്ഠാ സകലവിദ്യകളിലും നീ അതുല്യമായ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞു. ഞാന്‍ അതീവ സംതൃപ്തനാണ്. ഇനി ഞാനാവശ്യപ്പെടുന്നത് ഗുരുദക്ഷിണയായി എനിക്ക് നല്‍കണം.'

'ഗുരോ അങ്ങേയ്ക്ക് ഗുരുദക്ഷിണയായി ഞാനെന്താണ് നല്‍കേണ്ടത്? പറഞ്ഞാലും.' മണികണ്ഠന്‍ വിനയപൂര്‍വ്വം ഗുരുവിന്‍റെ മുഖത്തേയ്ക്ക് നോക്കി.

'ജനനം തൊട്ടേ എന്‍റെ മകന്‍ മൂകനും അന്ധനുമാണ്. എനിക്കുള്ള ദുഃഖം പറഞ്ഞറിയിക്കാനാവുന്നതല്ല. മണികണ്ഠന്‍ എന്‍റെ മകന്‍റെ വൈകല്യം നീക്കിത്തരണം. അതാണ് നീ എനിക്ക് നല്‍കേണ്ട ഗുരുദക്ഷിണ.'

ഗുരു തന്‍റെ പുത്രനെ മണികണ്ഠന്‍റെ അടുത്തേയ്ക്ക് നീക്കി നിറുത്തി. പുഞ്ചിരിയോടെ മണികണ്ഠന്‍ ഗുരുപുത്രനെ ഇരുകൈകൊണ്ടും തഴുകി. സ്നേഹപൂര്‍വ്വം സ്വശരീരത്തോട് ചേര്‍ത്തണച്ചു. പെട്ടെന്ന് ഗുരുപുത്രന്‍റെ മിഴികള്‍ സജീവങ്ങളായി. നാവ് ശരിയാംവണ്ണം ചലിച്ചു.

'മണികണ്ഠാ, അച്ഛാ എനിക്ക് നിങ്ങളെ രണ്ടുപേരെയും കാണാന്‍ കഴിയുന്നു. ഈ ആശ്രമവും വൃക്ഷലതാദികളും എല്ലാം എനിക്കിപ്പോള്‍ കാണാം.'

ആഹ്ലാദത്തോടെ പുത്രന്‍ വിളിച്ചുപറയുന്നതുകേട്ട് ഗുരു വിശ്വസിക്കാനാവാതെ നോക്കി. അത്ഭുതകരമായ ആ കാഴ്ചകണ്ട് നനവാര്‍ന്ന മിഴികളോടെ ഗുരു മണികണ്ഠന്‍റെ നേരെ കൈകള്‍ കൂപ്പി.

'ഭഗവാനെ, അങ്ങ് ശ്രീ ധര്‍മ്മശാസ്താവാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങയുടെ ജന്മരഹസ്യം നേരത്തെ തന്നെ ഞാനറിഞ്ഞിരുന്നു. പക്ഷേ മണികണ്ഠനാണ് ആ ദിവ്യാവതാരമെന്ന് ഇപ്പോഴാണെനിക്ക് പൂര്‍ണ്ണബോധ്യമായത്. അതറിയാനായിട്ടാണ് എന്‍റെ പുത്രനെ അങ്ങയുടെ മുന്നിലേക്ക് നീക്കി നിറുത്തിയത്. കരുണാമയനായ  ശാസ്താവേ ഈ ഗുരുവിന് ഇതില്‍ കൂടുതല്‍ പുണ്യം മറ്റെന്താണ്. അങ്ങയുടെ അനുഗ്രഹം എന്നുമുണ്ടാകണമെന്ന് ഈയുള്ളവന്‍ വിനീതമായി അപേക്ഷിക്കുന്നു.'

'ഗുരോ അങ്ങേയ്ക്ക് തൃപ്തികരമായ ഗുരുദക്ഷിണ നല്‍കാന്‍ കഴിഞ്ഞതില്‍ ഞാനതിയായി സന്തോഷിക്കുന്നു. ഈ വിവരം അവിടുന്ന് രഹസ്യമായി സൂക്ഷിക്കണം. തല്‍ക്കാലം ഇതൊന്നും ആരുമറിയാന്‍ പാടില്ല. എന്‍റെ ജന്മരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ സമയമായിട്ടില്ല.'

ഗുരുവിന്‍റെ അനുഗ്രഹങ്ങളോടെ മണികണ്ഠന്‍ പന്തളത്തേക്ക് മടങ്ങി. ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെത്തിയ മണികണ്ഠനെ രാജാവും രാജ്ഞിയും ജനങ്ങളുമെല്ലാം അത്യാനന്ദപൂര്‍വ്വം എതിരേറ്റു. മണികണ്ഠനും അനുജനും രാജരാജനെ കെട്ടിപ്പുണര്‍ന്നു. ആ സഹോദരന്മാരുടെ ആത്മബന്ധം കണ്ട് രാജാവും രാജ്ഞിയും ആനന്ദം കൊണ്ട് വീര്‍പ്പുമുട്ടി.

യുവാവായി തീര്‍ന്ന മണികണ്ഠന്‍ രാജാവിന്‍റെ സേനാനായകനായി അവരോധിക്കപ്പെട്ടു. ബുദ്ധിശക്തിയിലും, ആയുധാഭ്യാസത്തിലും മണികണ്ഠനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. രാജസൈന്യം മണികണ്ഠന്‍റെ നിയന്ത്രണത്തില്‍ കൂടുതല്‍ ചൈതന്യവത്തായി. രാജാവ് മണികണ്ഠന് ഏറെ സ്വാതന്ത്ര്യം നല്‍കി.


ബാബുരാജ് പൊറത്തിശ്ശേരി 
9846025010