
ഇടംപിരി തുമ്പിയുള്ള മഹാഗണപതി
ഇടംപിരി തുമ്പി ഗണപതിക്ക് ശക്തി കൂടും എന്നാണ് പൊതുവേ വിശ്വസിച്ചുപോരുന്നത്. ആ വിശ്വാസം ഭക്തര്‍ക്ക് അനുഭവവേദ്യമാകുന്നു എന്നാണ്, കാര്യസാദ്ധ്യത്തിനുശേഷം വീണ്ടും തിരുനടയിലെത്തി പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്ന നൂറുകണക്കിന് പേരുടെ സാക്ഷ്യം പറച്ചിലുകള്‍ നേരിട്ടുകേട്ടിട്ടുള്ള മേല്‍ശാന്തി ദിലീപന്‍ നമ്പൂതിരി പറയുന്നത്. ഇടംപിരി തുമ്പി ഗണപതി പ്രതിഷ്ഠ അത്യപൂര്‍വ്വമാണെന്നും മേല്‍ശാന്തി മുല്ലനേഴി ദിലീപന്‍ പറയുന്നു.
കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതിയെ ഉപദേവതയായി പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നുണ്ടെങ്കിലും ഗണപതി മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അക്കൂട്ടത്തില്‍ എടുത്ത പറയേണ്ടുന്ന ഒരു പേരാണ് കക്കാട് മഹാഗണപതി ക്ഷേത്രത്തിന്‍റേത്. കുന്നംകുളം- ഗുരുവായൂര്‍ റൂട്ടില്‍, കുന്നംകുളം ടൗണില്‍ നിന്ന് കേവലം ഒരു കി.മീറ്റര്‍ മാത്രം മാറിയാണ് ഐതിഹ്യപരമായും ആചാരപരമായുമൊക്കെ സവിശേഷതകള്‍ ഏറെയുള്ള ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് ഗുരുവായൂരിലേക്കുള്ള ദൂരം എട്ടുകിലോമീറ്റര്‍ ദൂരവും.
കിഴക്കോട്ട് ദര്‍ശനമുള്ള ഇടംപിരി തുമ്പി ഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നുള്ളതാണ് പ്രധാന പ്രത്യേകത.
ഇടംപിരി തുമ്പി ഗണപതിക്ക് ശക്തി കൂടും എന്നാണ് പൊതുവേ വിശ്വസിച്ചുപോരുന്നത്. ആ വിശ്വാസം ഭക്തര്‍ക്ക് അനുഭവവേദ്യമാകുന്നു എന്നാണ്, കാര്യസാദ്ധ്യത്തിനുശേഷം വീണ്ടും തിരുനടയിലെത്തി പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്ന നൂറുകണക്കിന് പേരുടെ സാക്ഷ്യം പറച്ചിലുകള്‍ നേരിട്ടുകേട്ടിട്ടുള്ള മേല്‍ശാന്തി ദിലീപന്‍ നമ്പൂതിരി പറയുന്നത്. ഇടംപിരി തുമ്പി ഗണപതി പ്രതിഷ്ഠ അത്യപൂര്‍വ്വമാണെന്നും മേല്‍ശാന്തി മുല്ലനേഴി ദിലീപന്‍ പറയുന്നു.
പ്രശസ്ത കവി മുല്ലനേഴിയുടെ മകനായ ദിലീപന്‍ നമ്പൂതിരി, കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന പൂജാരിയാണ്. ഈ ഇരുപത്തി രണ്ട് വര്‍ഷക്കാലത്തിനിടെ വിഖ്യാത വിനാശനിവാരണകാരിയായ ഭഗവാന് മുന്നിലെത്തി ദുഃഖ-ദുരിത ഭാണ്ഡക്കെട്ടുകഴിച്ചുവച്ച് ഒരിക്കല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഭക്തര്‍ പിന്നീട് അതില്‍നിന്നൊക്കെ മോചിതരായ ശേഷം വീണ്ടും ഭഗവാന് മുന്നിലെത്തി മനം നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് എത്രയോ കണ്ടിട്ടുള്ള വ്യക്തിയാണ് ദിലീപന്‍ നമ്പൂതിരി. അതുകൊണ്ടുതന്നെ കക്കാട് മഹാഗണപതിയെപ്പറ്റി പറയുമ്പോള്‍ ദിലീപന്‍ നമ്പൂതിരിക്ക് നാവ് നൂറാണ്. ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തി, ഐതിഹ്യം, സവിശേഷമായ പൂജാക്രമങ്ങള്‍... എന്നിവയെപ്പറ്റിയൊക്കെ ആ അറിവിന് കാതുകൊടുക്കുമ്പോള്‍ ഒരു തീര്‍ത്ഥാടന സുഖമാണ് ലഭ്യമാവുക.
ഐതിഹ്യം
പണ്ട് കുന്നംകുളത്ത് തലപ്പള്ളി രാജവംശം(കക്കോട് രാജവംശം) ഭരിച്ചിരുന്നത് കക്കാട് കാരണവപ്പാടായിരുന്നു. രാജാവിന്‍റെ സ്ഥാനപ്പേരായിരുന്നു കാരണവപ്പാട് എന്നത്. കെരളയം, മണക്കുളം, കുമാരപുരം, ചിറ്റത്തിയൂര്‍ എന്നീ നാല് കോവിലകങ്ങളില്‍ നിന്നുള്ള തലമുതിര്‍ന്ന വ്യക്തികളായിരുന്നു. കക്കാട് കാരണവപ്പാടായി വരുന്നത്. കക്കാട് കാരണവപ്പാടിന് ഒരു പ്രത്യേകതയുള്ളത്, അക്കാലത്ത് രാജാക്കന്മാരെ അരിയിട്ട് വാഴിക്കാനുള്ള അവകാശം, ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്കായിരുന്നു. രാജാക്കന്മാര്‍ തമ്പ്രാക്കളുടെയടുത്തുചെന്ന് അരിയിട്ട് വാഴിക്കുകയായിരുന്നു രീതിയെങ്കില്‍, കക്കാട് കാരണവപ്പാടിനെ അരിയിട്ടു വാഴിക്കുവാന്‍ തമ്പ്രാക്കള്‍ അങ്ങോട്ട് ചെല്ലുകയായിരുന്നു പതിവ്. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ മനയില്‍ നിന്നും പുറത്തുപോയി അരിയിട്ടു വാഴ്ച ചടങ്ങ് നടത്തുന്ന ഏക രാജവംശം കക്കാട് രാജവംശമായിരുന്നു. അത്രമാത്രം പാരമ്പര്യവും പ്രശസ്തിയുമുള്ളതായിരുന്നു കക്കാട് രാജവംശം. അവിടുത്തെ കാരണവപ്പാടിനാണ് ഇന്നും ഈ ക്ഷേത്രത്തിലെ ഊരാണ്‍മ സ്ഥാനം. പണ്ടുകാലത്ത് നാലായിരം പറ പാട്ടം ലഭിക്കുന്ന ഭൂമിയും കാര്യങ്ങളുമൊക്കെ കാരണവപ്പാടിന്‍റെ അധീനതയിലായിരുന്നു.
ക്ഷേത്ര ഉല്‍പ്പത്തിയെപ്പറ്റി ലിഖിതമായ ചരിത്രങ്ങളൊന്നുമില്ലെങ്കിലും തലമുറ തലമുറകളായി പറഞ്ഞുകേട്ട് വിശ്വസിച്ചുപോരുന്ന രണ്ടുകഥകളുണ്ട്. അതിലൊന്ന് പൂമുള്ളി നമ്പൂതിരിയുമായി ബന്ധപ്പെട്ടുള്ളതാണ്. രാജാക്കന്മാര്‍ തമ്മിലുള്ള ശത്രുത കാരണം ഒരിക്കല്‍ നമ്പൂതിരിക്ക് ഊരകത്തുനിന്നും വിട്ടുപോരേണ്ടി വന്നു. യാത്രാമദ്ധ്യേ ഒരു ദിവസം നമ്പൂതിരിക്ക് തൃശൂര്‍ വടക്കും നാഥന്‍റെ സങ്കേതത്തില്‍ തങ്ങേണ്ടി വന്നു. ആ സമയം അദ്ദേഹത്തിന്‍റെ കൈവശം ഊരകത്തമ്മയുടെ വിഗ്രഹമുണ്ടായിരുന്നു. അവിടെവച്ച് ഒരു സ്വാമിയാര്‍ നമ്പൂതിരിക്ക് ഒരു ഗണപതി വിഗ്രഹം കൂടിക്കൊടുത്തപ്പോള്‍ നമ്പൂതിരിയുടെ കൈവശം രണ്ട് വിഗ്രഹങ്ങളായി.
ഗണപതിയുടെയും ഊരകത്തമ്മയുടെയും. പിറ്റേന്ന് ആ രണ്ട് വിഗ്രഹങ്ങളുമായി വടക്കും നാഥന്‍റെ സങ്കേതത്തില്‍ നിന്നും യാത്ര തുടര്‍ന്ന നമ്പൂതിരി രാത്രിയായപ്പോള്‍ കക്കാടെത്തി. അവിടെ തങ്ങി, അടുത്തദിവസം അവിടുന്നും യാത്ര തുടരാന്‍ നേരം ഗണപതി വിഗ്രഹം അവിടെ വച്ചിട്ട് ഊരകത്തമ്മയുടെ വിഗ്രഹവുമായി പൊയ്ക്കോളൂ എന്നുള്ള കാരണവപ്പാടിന്‍റെ കല്‍പ്പനപ്രകാരം ഗണപതി വിഗ്രഹം അവിടെ വച്ചിട്ട് പോയി എന്നും കാരണവപ്പാട് അത് യഥാവിധി പ്രതിഷ്ഠിച്ചു എന്നുമാണ് ഒരു കഥ.
മറ്റൊന്ന് ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട കഥയാണ്. പെരുമാക്കന്മാരുടെ ഭരണകാലത്ത് അവരുടെ ശല്യം സഹിക്കവയ്യാതെ കുന്ദമംഗലം ഭാഗത്തെ പ്രമാണിമാര്‍ യോഗം ചേര്‍ന്ന് പെരുമാളെ വകവരുത്താന്‍ തീരുമാനിച്ചു. കക്കാട് ഭട്ടതിരി എന്ന നമ്പ്യാര്‍ കുടുംബമാണ് ആ ദൗത്യം ഏറ്റെടുത്തത്. (ആ ദൗത്യനിര്‍വ്വഹണത്തിനുശേഷം ആ കുടുംബം സ്വയം പതിത്വം കല്‍പ്പിച്ച്, നാം അപ്പുറത്ത് നിന്നോളാം എന്നുപറഞ്ഞ് പടിക്ക് പുറത്തുനിന്നു എന്നും, അങ്ങനെയാണ് നമ്പി എന്ന ഒരു വിഭാഗം ഉണ്ടായതെന്നും പറയപ്പെടുന്നു)
ഈ പെരുമാക്കന്മാര്‍ക്ക് ഗണപതിയുടെ ഉപാസന ഉണ്ടായിരുന്നതിനാല്‍, അവരുടെ കോപം ശമിപ്പിക്കുവാനായി ഗണപതിയെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണെന്നതാണ് മറ്റൊരു കഥ.
ഇവ്വിധം രണ്ടുകഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും നമ്പൂതിരിയുമായി ബന്ധപ്പെട്ട കഥയ്ക്കാണ് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത്. ഉപദേവതമാരായി ശിവസ്വരൂപമായ വേട്ടേക്കാരനെ പ്രതിഷ്ഠിച്ചിട്ടുള്ളതാണ് അതിന് കാരണം. എന്തെന്നാല്‍ വേട്ടേക്കാരനാണ് കക്കാട് രാജവംശത്തിന്‍റെ പരദേവത. അവരിവിടെ കാരണവരായിരിക്കുമ്പോള്‍ അവര്‍ക്ക് തൊഴാനായി വേട്ടേക്കാരനെ ക്ഷേത്രസങ്കേതത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വസിച്ചുപോരുന്നത്. നവഗ്രഹങ്ങള്‍, ദുര്‍ഗ്ഗ, നാഗദൈവങ്ങള്‍, ഭദ്രകാളി എന്നിവയാണ് ഉപദേവതമാര്‍.
മഹാഗണപതി ഹോമം
എല്ലാ ദിവസവും പൂജയോടുകൂടി നടത്തുന്ന മഹാഗണപതിഹോമം ഇവിടുത്തെ മാത്രം സവിശേഷതയായി പറയാമെന്ന് തോന്നുന്നു. കാരണം മഹാഗണപതിഹോമം നിത്യവും നടത്തുന്ന മറ്റൊരു ക്ഷേത്രം കേരളത്തില്‍ വേറെ ഉള്ളതായി അറിയില്ല. എല്ലാ തടസ്സങ്ങളും മാറുവാനായി നടത്തുന്ന മഹാഗണപതി ഹോമം കൂടാതെ, വിവാഹ സംബന്ധമായ തടസ്സങ്ങള്‍ മാറുവാനായി നടത്തുന്ന മംഗല്യപൂജയും പ്രസിദ്ധമാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ വരെ മംഗല്യപൂജ നടത്തുവാനായി ക്ഷേത്രത്തിലെത്തുകയും മാംഗല്യം കഴിഞ്ഞാല്‍ ഭാര്യയുമായോ ഭര്‍ത്താവുമായോ എത്തുകയും ചെയ്യുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.
മീനമാസത്തിലെ തിരുവാതിരനാളില്‍ കൊടിയേറിയിട്ടുള്ള എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ഇവിടുള്ളത്. ജനുവരി മാസത്തിലെ ആദ്യശനിയാഴ്ച 120008 തേങ്ങയുടയ്ക്കല്‍, വേട്ടേക്കരന്‍ പാട്ട്, വിനായക ചതുര്‍ത്ഥി നാളിലെ സംഗീതോത്സവം, കുംഭമാസത്തിലെ അശ്വതിനാളിലെ പ്രതിഷ്ഠാദിനമഹോത്സവം എന്നിവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍.
പി. ജയചന്ദ്രന്‍
ഫോട്ടോ: കാര്‍ത്തിക് ഗോപന്‍