
പരിഭവങ്ങള്‍ സ്വയം സമര്‍പ്പിക്കുന്ന കളമെഴുത്തും പാട്ടും
HIGHLIGHTS
ക്ഷേത്രങ്ങളില്‍ അനുഷ്ഠാനം എന്നപ്രകാരമാണ് കളമെഴുത്തും പാട്ടും നടത്തുക. എന്നാല്‍ ഭക്തര്‍ക്ക് തങ്ങളുടെ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി കളം പാട്ട് നേര്‍ച്ചയായി നടത്താറുണ്ട്. മഹാദുരിതങ്ങള്‍ക്ക് അറുതിവരുത്തുവാനായി നടത്തപ്പെടുന്ന നേര്‍ച്ച കൂടിയാണ് കളം പാട്ട്. മഹാരോഗങ്ങളില്‍ നിന്നും നിവര്‍ത്തി. സന്താനദുരിത നിവര്‍ത്തി. ശത്രുനിവര്‍ത്തി. സര്‍വ്വോപരി ജീവിതവിജയത്തിനും ദേവിയെ കുളത്തില്‍ ആവാഹിച്ച് കളമെഴുതി സ്തുതിക്കാറുണ്ട്. ദേവിയെ നേരിട്ട് കണ്ട് പരിഭവങ്ങള്‍ ധരിപ്പിക്കുകയാണ് കളം പാട്ടിന് മുന്നില്‍ ഓരോ ഭക്തരും. സ്വന്തമായി കളം പാട്ട് നടത്താന്‍ നിവര്‍ത്തിയില്ലാത്ത ഭക്തര്‍ ദുഃഖങ്ങളെ മനസ്സില്‍ കരുതി കളത്തില്‍ കാണിക്ക അര്‍പ്പിച്ചാലും ദേവീപ്രസാദം ജീവിതത്തില്‍ ദുരിതനിവര്‍ത്തിയായി തന്നെ ഭവിക്കും.
ഭക്തിയുടെ വിവിധതലങ്ങള്‍ ഓരോ ആചാരങ്ങളിലൂടെയും നാം തിരിച്ചറിഞ്ഞതാണ്. ആത്മാവില്‍ നിന്നും, അഗ്നിയിലേക്കും ബിംബങ്ങളിലേയ്ക്കും ഭക്തി പ്രസ്ഥാനങ്ങള്‍ മാറപ്പെട്ടപ്പോള്‍, ഭക്തിയുടെ നേര്‍ രൂപങ്ങളായി ദേവതകള്‍ നമ്മള്‍ക്ക് മുന്നില്‍ രൂപം പ്രാപിച്ചു. ഭക്തിയുടെ കാഴ്ചയാണ് വിഗ്രഹാരാധന. ഭക്തിയുടെ അതിശ്രേഷ്ഠമായ മറ്റൊരു ഭാവമാണ് ചിത്രങ്ങളിലൂടെ നാം തിരിച്ചറിയുന്ന ഭക്തിഭാവം. സചിത്ര ആരാധനയുടെ ഏറ്റവും സമ്പുഷ്ടമായ ആചാരരീതിയാണ് 'കളമെഴുത്തും പാട്ടും' എന്ന ആരാധനാക്രമം. ശ്രീലകത്തെ അടുത്തമുറിയില്‍ നിന്നും പാട്ടമ്പലത്തിലെ തുറന്ന വിധാനത്തിലേയ്ക്ക് ദേവത രൂപകലകളോടെ എത്തുകയാണ്. കുറുപ്പന്മാര്‍ ദേവിയുടെ അപദാനങ്ങള്‍ പാടുകയാണ്. വീരാന്തവും, തൃപുടയും, ഏകത്തില്‍ എത്തിച്ച് മേളക്കാര്‍ തീര്‍പ്പ് കൊട്ടിച്ചേര്‍ക്കുകയാണ്. കളം എഴുതിയും പാട്ട് പാടിയും പാട്ടമ്പലത്തില്‍ ദേവീചൈതന്യം നേര്‍ക്കാഴ്ചയായി നിറയുന്നു.
കളമെഴുത്തും പാട്ടും
കളമെഴുത്തും പാട്ടും ദേവീ ഉപാസനയുടെ അവിഭാജ്യഘടകമാണ്. എല്ലാ ക്ഷേത്രങ്ങളിലും പഴയ തറവാടുകളിലനം ദേവിപ്രീതിക്കായി കളമെഴുത്തും പാട്ട് ആചരിക്കപ്പെടാറുണ്ട്. വാര്‍ഷിക വിശേഷങ്ങള്‍ക്ക് മാത്രമല്ല വൃശ്ചികത്തില്‍ മണ്ഡലകാലം മുഴുവന്‍ കളമെഴുതിപ്പാട്ട് ആചരിക്കുന്ന അനവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്.
ഉത്പത്തി
കളമെഴുത്തും പാട്ടും എന്ന ആചാരരീതിയുടെ ആവിര്‍ഭാവത്തെക്കുറിച്ച് അതിശക്തമായ ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. ദുഷ്ടനിവാരിണിയും, ശത്രുസംഹാരിണിയുമായ പരാശക്തിയുടെ ഉല്‍പത്തിയുടെ കാരമാണ് ഈ ഐതിഹ്യചരിത്രം. ദാരിക നിഗ്രഹമാണ് ഈ ഐതിഹ്യകഥയുടെ ഉത്ഭവം. മൂന്ന് ലോകവും അടക്കിഭരിച്ചിരുന്ന ദാരികനും ദാരികപ്പടയും ലോകജനതയുടെ ജീവിതം ദുസ്സഹമാക്കി തീര്‍ത്തു. ദാരികനെ ഭയന്ന് ദേവന്മാര്‍ ഗുഹകളില്‍ ഒളിച്ചു. ബ്രാഹ്മണര്‍ വേദം ഉപേക്ഷിച്ചു. ദേവകളും ഋഷിമാരും ബ്രാഹ്മണരും സകലജനങ്ങളും ദാരുകനിഗ്രഹത്തിനായി പരാശക്തിയെ തപം ചെയ്തു. ഭക്തരുടെ ദുഃഖം തിരിച്ചറിഞ്ഞ ഭഗവതി ദാരുകനിഗ്രഹത്തിനായി അവതരിച്ചു. അതിഭീകരമായ രൂപപ്രകൃതികളായിട്ടാണ് ഭഗവതി അവതരിച്ചത്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന അനവധി കലകള്‍ ചേര്‍ന്നതായിരുന്നു ഭഗവതിയുടെ രൂപം. ഉഗ്രമൂര്‍ത്തിയായ ഭഗവതി ശക്തനായ ദാരികനെ അതിഘോരമായ യുദ്ധത്തില്‍ ത്രിശൂലത്താല്‍ വധിച്ചു. ദാരികനിഗ്രഹശേഷം ലോകത്തിന് മംഗളങ്ങള്‍ നല്‍കി പരാശക്തി അപ്രത്യക്ഷമായി.
ദേവി മഹിഷാസുരനെ വധിക്കാനായി കൈക്കൊണ്ട രൂപം ദേവകളാരും കണ്ടില്ലായിരുന്നു. ദേവി ദാരികനെ വധിക്കാനായി കൈക്കൊണ്ട രൂപം എപ്രകാരമെല്ലാം ആയിരുന്നു എന്ന് തിരിച്ചറിയാന്‍, ഭഗവാന്‍ പരമശിവന്‍ സ്വപുത്രന്‍ സുബ്രഹ്മണ്യനോട് പറയുന്നു. പരമശിവന്‍റെ ആഗ്രഹപ്രകാരം സുബ്രഹ്മണ്യന്‍ വരയ്ക്കുന്നതാണ് ദാരുകനിഗ്രഹത്തിന്‍റെ രൂപങ്ങള്‍. ദേവിയുടെ അത്ഭുതചിത്രങ്ങള്‍ക്ക് ദേവകള്‍ ആ ഭൂമിയില്‍ വീണ് നമസ്ക്കരിക്കുന്നു. ദേവകള്‍ ദേവിയുടെ ദാരികനിഗ്രഹചരിത്രം ഉച്ചത്തില്‍ പാടുന്നു. ശിവഭൂതഗണങ്ങള്‍ താളവാദ്യത്തോടെ ഒത്തുചേരുന്നു. കളമെഴുതി പാട്ടിന്‍റെ ആവിര്‍ഭാവം കൈലാസത്തിലെ നിലത്തെഴുത്തില്‍ നിന്നും ആരംഭിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ദേവിപ്രീതിക്ക്ക് ഉത്തമ മാര്‍ഗ്ഗമായി കളമെഴുതി ആരാധന ഭക്തര്‍ പിന്തുടര്‍ന്നുപോന്നു.

ക്ഷേത്രകലകളില്‍ തെക്കന്‍ കേരളത്തില്‍ അറിയപ്പെടുന്ന കലാകാരനാണ് ഗിരീഷ് കുമാര്‍. പത്തനം തിട്ട ജില്ലയില്‍ അടൂരിലാണ് ഗിരീഷിന്‍റെ കുടുംബം. കുടുംബപരമായ ക്ഷേത്രങ്ങളിലെ അടിയന്തിരങ്ങള്‍ നടത്തിപ്പോരുന്നവരാണ് ഗിരീഷിന്‍റെ പരമ്പര. കളമെഴുത്ത് പാട്ടിന്‍റെ അനുഷ്ഠാന രീതികളെക്കുറിച്ച് ഗിരീഷ് വിവരിക്കുകയാണ്.
'കളമെഴുത്ത് പാട്ടിന് രണ്ടുതരം ആചാരരീതികള്‍ നിലവിലുണ്ട്. തെക്കന്‍ ചിട്ടയും വടക്കന്‍ ചിട്ടയുമാണ് ഈ ആചാരരീതികള്‍. കളം വരയ്ക്കുന്നതില്‍ കാണപ്പെടുന്ന ചെറിയ വ്യത്യാസമാണ് ഈ ആചാരവ്യതിയാനം. തെക്കന്‍ ചിട്ടയില്‍ ദേവിയുടെ രൂപം മുടിവെച്ച് വരയ്ക്കുക എന്നതാണ് വടക്കന്‍ ചിട്ടയില്‍ മുടിവെച്ച് വരയ്ക്കാറില്ല. മുടി എന്നത് കിരീടത്തിനെയാണ് പറയുന്നത്. ദേവിക്ക് കിരീടം ചേര്‍ത്താണ് തെക്കന്‍ ചിട്ടയില്‍ ദേവിയുടെ കളം വരയ്ക്കുക. ഞങ്ങള്‍ തെക്കന്‍ ചിട്ടപ്രകാരമാണ് കളം വയ്ക്കാറുള്ളത്.
ഞാന്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ടാണ് ദേവിയുടെ രൂപം വരയ്ക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരിപ്പൊടി, പച്ചപ്പൊടി(മഞ്ചാടി ഇല ഉണക്കിപ്പൊടിച്ചത്), ചുവപ്പ്(മഞ്ഞളും ചുണ്ണാമ്പും) എന്നിവയാണ് കളത്തിന് ഉപയോഗിക്കുന്നത്. കളം വരയ്ക്കുക എന്നല്ല കളം എഴുതുക എന്നാണ് പറയുന്നത്. ദേവി ദാരുക നിഗ്രഹത്തിനായി അവതരിച്ച എല്ലാ ഭാവങ്ങളും കളം എഴുത്തില്‍ ചേര്‍ക്കാറുണ്ട്. രണ്ട് കൈകളുള്ള എഴുത്ത് മുതല്‍, മുപ്പത്തിയാറ് കൈകളുള്ള ദേവിരൂപം വരെ എഴുതാറുണ്ട്. തുടര്‍ച്ചയായി കളം പാട്ട് നടത്തുന്ന ക്ഷേത്രങ്ങളില്‍ ദാരുക നിഗ്രഹം എഴുതാറുണ്ട്. ദാരുകനിഗ്രഹത്തിന്‍റെ കളം തെക്കന്‍ ആചാരത്തില്‍ മാത്രമേ വരയ്ക്കാറുള്ളൂ.
ഉച്ചയ്ക്ക് മുന്‍പുതന്നെ എഴുത്ത് പൂര്‍ത്തീകരിക്കും. സരസ്വതി, ഗുരു, ഗണപതി എന്നിവരെ സ്തുതിച്ചശേഷം ഭഗവതിയെ കളത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തുക എന്ന ചടങ്ങാണ്. ദേവീസ്തുതികളും ദാരുകവധവും, പാടുമ്പോള്‍ മേളത്തില്‍ വലംതല മാത്രമേ കൊട്ടാനൊള്ളൂ. മൂന്ന് നേരത്തെ പൂജ എന്നത് പോലെയാണ് കളം പാട്ടിന്‍റെ ചടങ്ങ്. ഉച്ചപ്പാട്ട്, സന്ധ്യയ്ക്ക് നിവേദ്യം, രാത്രിയില്‍ കളം മായ്ക്കുന്ന ചടങ്ങ് എന്നിങ്ങനെ ചുരുക്കിപ്പറയാം.
ക്ഷേത്രങ്ങളില്‍ അനുഷ്ഠാനം എന്നപ്രകാരമാണ് കളമെഴുത്തും പാട്ടും നടത്തുക. എന്നാല്‍ ഭക്തര്‍ക്ക് തങ്ങളുടെ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി കളം പാട്ട് നേര്‍ച്ചയായി നടത്താറുണ്ട്. മഹാദുരിതങ്ങള്‍ക്ക് അറുതിവരുത്തുവാനായി നടത്തപ്പെടുന്ന നേര്‍ച്ച കൂടിയാണ് കളം പാട്ട്. മഹാരോഗങ്ങളില്‍ നിന്നും നിവര്‍ത്തി. സന്താനദുരിത നിവര്‍ത്തി. ശത്രുനിവര്‍ത്തി. സര്‍വ്വോപരി ജീവിതവിജയത്തിനും ദേവിയെ കുളത്തില്‍ ആവാഹിച്ച് കളമെഴുതി സ്തുതിക്കാറുണ്ട്.
ദേവിയെ നേരിട്ട് കണ്ട് പരിഭവങ്ങള്‍ ധരിപ്പിക്കുകയാണ് കളം പാട്ടിന് മുന്നില്‍ ഓരോ ഭക്തരും. സ്വന്തമായി കളം പാട്ട് നടത്താന്‍ നിവര്‍ത്തിയില്ലാത്ത ഭക്തര്‍ ദുഃഖങ്ങളെ മനസ്സില്‍ കരുതി കളത്തില്‍ കാണിക്ക അര്‍പ്പിച്ചാലും ദേവീപ്രസാദം ജീവിതത്തില്‍ ദുരിതനിവര്‍ത്തിയായി തന്നെ ഭവിക്കും.
ഗിരീഷ്കുമാര്‍
(9605813405)
തയ്യാറാക്കിയത്:
നാരായണന്‍പോറ്റി
ഫോട്ടോ: പ്രദീപ് കൃഷ്ണ