കാലസര്‍പ്പയോഗവും  പരിഹാരവും

കാലസര്‍പ്പയോഗവും പരിഹാരവും

HIGHLIGHTS

നിരന്തരമായ പരാജയവും നിരാശാബോധവും അപകര്‍ഷതാബോധവും ആരോഗ്യക്ഷയവും നമ്മെ വലയം ചെയ്യുന്ന യോഗമാണ് മഹാകാല സര്‍പ്പയോഗം. കാലസര്‍പ്പയോഗമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുവാനും ജീവിതം മെച്ചപ്പെടുത്താനും ശ്രീശൈല പര്‍വ്വതത്തിന് പിറകിലായി ബ്രഹ്മാവ് പ്രതിഷ്ഠിച്ചതും, ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും, രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാലഹസ്തിയില്‍ രാഹു- കേതു സര്‍പ്പദോഷ നിവാരണ പൂജയും(ആശീര്‍വാദ പൂജ) തുടര്‍ന്ന് രുദ്രാഭിഷേകവും നടത്തണം. ആന്ധ്രാസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം.

 

നിരന്തരമായ പരാജയവും നിരാശാബോധവും അപകര്‍ഷതാബോധവും ആരോഗ്യക്ഷയവും നമ്മെ വലയം ചെയ്യുന്ന യോഗമാണ് മഹാകാല സര്‍പ്പയോഗം. ഇത് 12 വിധത്തിലുണ്ടത്രേ. അനന്തകാലസര്‍പ്പയോഗം, ഗുളികാകാല സര്‍പ്പയോഗം, വാസുകികാലസര്‍പ്പയോഗം, ശംഖപാലകകാലസര്‍പ്പയോഗം, പത്മകാലസര്‍പ്പയോഗം, മഹാപത്മകാലസര്‍പ്പയോഗം, തക്ഷക കാലസര്‍പ്പയോഗം, കാര്‍ക്കോടക കാലസര്‍പ്പയോഗം, ശംഖചൂഡ സര്‍പ്പയോഗം, ശേഷനാഗകാല സര്‍പ്പയോഗം എന്നിങ്ങനെ കാലസര്‍പ്പയോഗങ്ങള്‍ കൂടാതെ രാഹുകേതുക്കള്‍ക്ക് പുറത്തായി ലഗ്നമോ, ക്ഷീണ നീചചന്ദ്രനോ വന്നാല്‍ അര്‍ദ്ധകായ കാലസര്‍പ്പയോഗവും ഉണ്ടാകും.

കാലസര്‍പ്പയോഗത്തെക്കുറിച്ച് തമിഴ്ജ്യോതിഷം പറയുന്നത് ഇങ്ങനെ: കാലസര്‍പ്പയോഗം ഏറ്റവും മോശമായ ശാരീരിക വൈകല്യം, മാനസിക വൈകല്യം, ടെന്‍ഷന്‍, അപകര്‍ഷതാബോധം, ആക്രമണ സ്വഭാവം, സന്മാര്‍ഗ്ഗിക പിഴവുകള്‍, നിര്‍ഭാഗ്യം, ചതി, വഞ്ചന, ഭീകരപ്രവര്‍ത്തനം, മദ്യാസക്തി, മയക്കുമരുന്ന് ആസക്തി, മഹാത്മാക്കളെ അപമാനിക്കാനും വികൃതമായി സംസാരിക്കാനും ഉള്ള താല്‍പ്പര്യം, സ്വഭാവവൈകല്യം എന്നിവയാണ് ഫലം. ജാതകത്തിലെ അനുകൂല യോഗങ്ങളെ കാലസര്‍പ്പയോഗം തടഞ്ഞുവയ്ക്കുന്നത് കൊണ്ടുള്ള ദുഃഖദുരിതങ്ങളും അനുഭവിക്കേണ്ടിവരും. രാഹുകേതുക്കളിലായി എല്ലാ ഗ്രഹങ്ങളും വരുന്നതാണ് മഹാകാല സര്‍പ്പയോഗം.

കാലസര്‍പ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇങ്ങനെ:

അഗ്രേ രാഹുരധോ കേതു
സര്‍വ്വ മധ്യേ ഗതഃ ഗ്രഹാ
യോഗഃ സ്വാത്
കാലസര്‍പ്പാഖ്യോ നൃപ സദ്ധ്യഃ
വിനാശനം

കാലസര്‍പ്പയോഗമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുവാനും ജീവിതം മെച്ചപ്പെടുത്താനും ശ്രീശൈല പര്‍വ്വതത്തിന് പിറകിലായി ബ്രഹ്മാവ് പ്രതിഷ്ഠിച്ചതും, ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും, രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാലഹസ്തിയില്‍ രാഹു- കേതു സര്‍പ്പദോഷ നിവാരണ പൂജയും(ആശീര്‍വാദ പൂജ) തുടര്‍ന്ന് രുദ്രാഭിഷേകവും നടത്തണം. ആന്ധ്രാസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ പൂജകള്‍ വളരെ സുതാര്യമാണത്രേ. രാഹു- കേതു ആശീര്‍വാദ പൂജ  നടത്താനുള്ള ഇടം ക്ഷേത്രത്തിനുള്ളിലെ ശ്രീമുരുകന്‍റേയും പത്നിമാരുടേയും വിഗ്രഹത്തിന് മുന്നിലാണ്. അവിടെ വലിയ രാഹു- കേതു വിഗ്രഹങ്ങള്‍ അലങ്കരിച്ച് വച്ചിട്ടുണ്ട്. സമീപത്തായി സരസ്വതിനദിയിലെ കിണറും കല്യാണോത്സവമണ്ഡപവും ഉണ്ട്. ഗണപതി ക്ഷേത്രവും സമീപത്തുണ്ട്. 
ടിക്കറ്റിനൊപ്പം പുഷ്പങ്ങളും പൂജാസാധനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ സ്വയം പൂജകള്‍ ചെയ്യേണ്ടതുണ്ട്.

രാഹുവിന് കറുത്തപട്ടും, കേതുവിന് ചുവന്നപട്ടും, തറയില്‍ വിരിച്ച് അതിന് മുകളില്‍ യഥാക്രമം രാഹുവിന് ഉഴുന്നും കേതുവിന് മുതിരയും സമര്‍പ്പിച്ച് രണ്ട് ചെറുനാരങ്ങകള്‍ വയ്ക്കണം.

പട്ടുകള്‍ക്കിടയിലായി വെറ്റില, അടയ്ക്ക എന്നിവയും വയ്ക്കണം. ഉഴുന്നിന് മുകളില്‍ രാഹുവിന്‍റെ ചെറിയ വെള്ളിവിഗ്രഹവും മുതിരയ്ക്ക് മുകളിലായി കേതുവിന്‍റെ ചെറിയ വെള്ളിവിഗ്രഹവും വയ്ക്കണം. തേങ്ങ ഉടച്ച് വയ്ക്കണം. തുടര്‍ന്ന് പൂജാരി പൂജാമന്ത്രങ്ങള്‍ ഉരുവിടും. അത് പ്രാര്‍ത്ഥനാപൂര്‍വ്വം ഏറ്റുചൊല്ലി പുഷ്പം, സിന്ദൂരം എന്നിവകൊണ്ട് ചെറുവിഗ്രഹങ്ങളില്‍ അര്‍പ്പിച്ച് ദീപാരാധന നടത്തണം. ശേഷം പൂജാരി ഭക്തരുടെ കഴുത്തില്‍ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു. ആശീര്‍വദിച്ച് കഴിയുമ്പോള്‍ ദക്ഷിണ നല്‍കണം.
പൂജയ്ക്കുശേഷം രാഹു- കേതു വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ട് ത്രികാല ഹസ്തേശ്വരന്‍റെ ക്ഷേത്രത്തിലേക്ക് പോവുക. അവിടെ കാലഹസ്തേശ്വരനെ തൊഴുത് പ്രാര്‍ത്ഥിച്ച് പ്രസാദവും സ്വീകരിച്ച് രാഹു-കേതു പ്രതിമകള്‍ അവിടുത്തെ ഭണ്ഡാരത്തില്‍(ഹുണ്ടിക) പുറം തിരിഞ്ഞുനിന്ന് മൂന്നുതവണ തലയ്ക്ക് ഉഴിഞ്ഞ് കാലസര്‍പ്പയോഗം അവസാനിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് നിക്ഷേപിക്കണം. ശിവക്ഷേത്രത്തില്‍ നിന്ന് പുറത്തേയ്ക്ക് വരുമ്പോള്‍ ഭഗവാനെ തിരിഞ്ഞുനോക്കുകയോ, പടികളില്‍ തൊട്ടുതൊഴാനോ നമസ്ക്കരിക്കാനോ പാടില്ലത്രേ.

പുറത്ത് കര്‍പ്പൂര തീര്‍ത്ഥം ലഭിക്കും. അത് സേവിച്ച് ശനീശ്വരവിഗ്രഹത്തിന്‍റെ സമീപത്തുകൂടി പാര്‍വ്വതിദേവിയുടെ(ജ്ഞാനപ്രസൂനാംബിക) ദര്‍ശനത്തിനായി പോകണം. സര്‍പ്പാലങ്കാരഭൂഷിതയായി(ഉദരത്തില്‍ സര്‍പ്പത്തെ ബന്ധിച്ച നിലയില്‍) ദേവിയുടെ വിഗ്രഹം ദര്‍ശിക്കാം. അവിടെ തൊഴുത് പ്രാര്‍ത്ഥിച്ച് സിന്ദൂരത്തിലകം ചാര്‍ത്തുന്നതോടെ രാഹു- കേതു ആശീര്‍വാദ പൂജയ്ക്ക് സമാപനം കുറിക്കുന്നു.

തുടര്‍ന്ന് പിറ്റേദിവസം രാവിലെ 5 ന് രുദ്രാഭിഷേകം ഉണ്ടാകും. ഇതിനായി പുറത്തുനിന്ന് ടിക്കറ്റെടുത്ത് ക്ഷേത്രത്തിന് മുമ്പിലുള്ള പ്രത്യേക സ്ഥലത്ത് ഇരിക്കുക. അവിടേയ്ക്ക് പൂജാരിമാര്‍ എത്തി സങ്കല്‍പ്പ പൂജ നടത്തി ഭക്തരുടെ ശിരസ്സില്‍ അരിയും, പൂക്കളും ഇട്ട് അനുഗ്രഹിക്കുന്നു. തുടര്‍ന്ന് പാര്‍വ്വതിദേവിയുടെ ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ ദേവിയുടെ  അഭിഷേകം ദര്‍ശിച്ച് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഇരിക്കുക. ഭക്തര്‍ക്ക് 'പുളിയോറ'(ചോറ്) പഞ്ചാമൃതവും, ഷാളും പട്ടുവസ്ത്രങ്ങളും മറ്റ് ഉപഹാരങ്ങളും ലഭിക്കുന്നതോടെ രാഹു-കേതു ദോഷവും, സര്‍പ്പദോഷവും അവസാനിക്കുന്നു എന്നതാണ് വിശ്വാസം. തുടര്‍ന്ന് രാജയോഗ ഫലങ്ങള്‍ നമ്മെ തേടിയെത്തും. ഈ രണ്ട് പൂജകളും പരമാവധി മൂന്നുതവണ വരെ നടത്താം. 

പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. ആദ്യതവണത്തെ പൂജകള്‍ കൊണ്ട് ജീവിതദുരിതങ്ങള്‍ മാറി സ്വസ്ഥത ലഭിച്ചവര്‍ അനേകരുണ്ടത്രേ. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം. ശിവനില്‍ മാത്രമേ കാലസര്‍പ്പയോഗം അടങ്ങുകയുള്ളൂ. വിശേഷിച്ച് കാലഹസ്തിയിലും പൂനെയിലെ ത്രയംബകേശ്വര ക്ഷേത്രത്തിലും കാലസര്‍പ്പയോഗത്തിന്‍റെ താല്‍ക്കാലിക ദോഷപരിഹാരത്തിനായി കര്‍ണ്ണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തുന്നതും ഉത്തമമാണ്. 

കാലഹസ്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം ഹോട്ടലുകളില്‍ താമസിക്കുന്നതില്‍ തെറ്റില്ല. പക്ഷേ മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തരുത്. മറ്റ് ഭവനങ്ങളിലേക്കും പോകരുത്. അവരവരുടെ വീട്ടില്‍ പൂജ കഴിഞ്ഞ് തിരികെ എത്തണം. ഇത് ഇവിടുത്തെ ആചാരമാണ്.

തിരുപ്പതി ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്നവര്‍ തിരുപ്പതി ദര്‍ശനം കഴിഞ്ഞ് കാളഹസ്തിയില്‍ എത്തുക. തിരുപ്പതിയില്‍ നിന്ന് റോഡുമാര്‍ഗ്ഗം 40 കിലോമീറ്റര്‍ ഉണ്ട് കാലഹസ്തിയിലേക്ക്.

റെനിഗുണ്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാലഹസ്തിയിലേക്ക് 30 കിലോമീറ്റര്‍. ചെന്നൈയില്‍നിന്ന് കാലഹസ്തിയിലേക്ക് ബസ്സ്സര്‍വ്വീസുണ്ട്.

ഇവിടെ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. പൂജയില്‍ സഹായിക്കാന്‍ അംഗീകൃത ഗൈഡുകളുടെ സേവനം ലഭിക്കും.

കാലസര്‍പ്പയോഗം മാറാന്‍ ഏറ്റവും ഉചിതമായ പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിച്ചുപോരുന്നു. 16-ാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യ ചക്രവര്‍ത്തിയായ കൃഷ്ണദേവരായരാണ് ഇപ്പോഴുള്ള ക്ഷേത്രസമുച്ചയം പണികഴിപ്പിച്ചതെന്ന് വിശ്വാസം. ആന്ധ്രായിലെ ചിറ്റൂര്‍ ജില്ലയിലാണ് ക്ഷേത്രം. സ്കന്ദപുരാണത്തിലും, ശിവപുരാണത്തിലും ഈ പുണ്യസ്ഥലത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. സ്വര്‍ണ്ണമുഖീ നദീത്തീരത്താണ് ശ്രീകാളഹസ്തിക്ഷേത്രം ശ്രീ(ചിലന്തി) കാള(സര്‍പ്പം), ഹസ്തി(ആന) എന്നീ മൂന്ന് ജീവികള്‍ ഇവിടെ ശിവഭഗവാനെ പ്രാര്‍ത്ഥിച്ച് ശ്രീകാളഹസ്തി എന്ന പേര് ലഭിച്ചതായി വിശ്വാസം. അര്‍ജ്ജുനന്‍ ഇവിടെത്തി ശിവഭഗവാനെ പ്രാര്‍ത്ഥിച്ചിരുന്നതായി സ്കന്ദപുരാണം. ഗോപൂജയ്ക്ക് ഇവിടെ ഏറെ പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ മണ്ഡപത്തിന് നൂറ് തൂണുകളാണ് ഉള്ളത്. ക്ഷേത്രത്തിലെ മൂന്ന് ഗോപുരങ്ങള്‍ ശില്‍പ്പകലാ വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നവയാണ്.

വായുരൂപത്തിലാണ് ശിവഭഗവാനെ ഇവിടെ ആരാധിക്കുന്നത.് പടിഞ്ഞാറോട് ദര്‍ശനം അരുളുന്ന വായുലിംഗമാണ് പ്രതിഷ്ഠ. ശ്വസിക്കുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഈ പ്രത്യേക ശിവലിംഗത്തില്‍ ഒരു ആനയുടേയും ചുവട്ടിലായി ചിലന്തിയുടേയും പിറകിലായി സര്‍പ്പത്തിന്‍റെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്വയംഭൂവായ ഈ ശിവലിംഗത്തില്‍ പൂജാരി പോലും സ്പര്‍ശിക്കാറില്ലത്രേ, അഭിഷേകവും മറ്റും മറ്റൊരു വിഗ്രഹത്തിലാണത്രേ. വായു കടക്കാത്ത ശ്രീകോവിലില്‍ ഒരു വിളക്കിന്‍റെ നാളം എപ്പോഴും ജ്വലിച്ചുനില്‍ക്കുന്നത് വിസ്മയകരമാണത്രേ.

പാതാള ഗണപതി, നടരാജ മൂര്‍ത്തി,കാശിവിശ്വനാഥന്‍, സൂര്യനാരായണന്‍,
സുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെ ക്ഷേത്രവും ഇവിടുണ്ട്.  ഭക്ത കണ്ണപ്പ ക്ഷേത്രവും മലമുകളിലുണ്ട്.

'ദക്ഷിണ കൈലാസം' എന്നാണ് ശ്രീകാളഹസ്തി ക്ഷേത്രം അറിയപ്പെടുന്നത്.