കാല്‍കഴുകിച്ചൂട്ട്

കാല്‍കഴുകിച്ചൂട്ട്

HIGHLIGHTS

ഭഗവാന്‍ വിഷ്ണു ഇപ്രകാരം അരുളി. 'ബ്രാഹ്മണര്‍ക്ക് യഥാവിധി 'കാല്‍കഴിച്ചൂട്ട്' എന്ന കര്‍മ്മം ചെയ്ത് അനുഗ്രഹം വാങ്ങിയാലും അങ്ങയുടെ കര്‍മ്മപരിഹാരമായി 'മേലിലും ആര് ഈ കര്‍മ്മം ചെയ്താലും അത്യന്തം ശ്രേയസ്കരം തന്നെ.' മങ്ങാട്ട് ഭട്ടതിരി വര്‍ഷം തോറും ബ്രാഹ്മണബാലന് കാല്‍കഴുകിച്ചൂട്ട് നടത്തിയ ഐതിഹ്യം പ്രശസ്തം. മഹാക്ഷേത്രങ്ങളില്‍ വര്‍ഷംതോറും ഈ കര്‍മ്മം നടത്താറുണ്ട്.

 

 

ബ്രാഹ്മണര്‍ക്ക് നല്‍കുന്ന ആചാരപരമായ ചടങ്ങാണ് കാല്‍കഴുകിച്ചൂട്ട്. ഇതിന് പിന്നിലെ ഐതിഹ്യം ഇങ്ങനെ:

കലിയുഗാരംഭത്തില്‍ യജ്ഞങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരുന്ന ഋഷിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ത്രിമൂര്‍ത്തികളില്‍ ആരാണ് അഗ്രപൂജയ്ക്ക് അര്‍ഹന്‍...? നാരദമുനിയോട് ഋഷിമാര്‍ ഇക്കാര്യം സംശയനിവാരണത്തിനായി ചോദിച്ചുകൊണ്ടിരുന്നു. ദേവന്മാര്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം നിശ്ചയിക്കാനായി ക്ഷിപ്രകോപിയും, ക്ഷിപ്രപ്രസാദിയുമായ ഭൃഗുമഹര്‍ഷിയെ ചുമതലപ്പെടുത്തുന്നു. മഹാവിഷ്ണുവിന്‍റെ തികഞ്ഞ ഭക്തനും പ്രജാപതികളില്‍ ഒരാളുമാണ് ഭൃഗുമഹര്‍ഷി.(സൃഷ്ടി കര്‍മ്മത്തിനായി തന്നെ സഹായിക്കാന്‍ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് പ്രജാപതികള്‍).

ത്രിമൂര്‍ത്തികളില്‍ ആരാണ് അഗ്രപൂജയ്ക്ക് അര്‍ഹന്‍ എന്ന ചോദ്യത്തിന് ഉത്തരം തേടി ഭൃഗുമഹര്‍ഷി ആദ്യമെത്തുന്നത് തന്‍റെ പിതൃസ്ഥാനീയനായ ബ്രഹ്മാവിന്‍റെ അരികിലാണ്. സുഹൃത്തിനെ അഭിവാദ്യം ചെയ്യുന്നതുപോലെ ഭൃഗുമഹര്‍ഷി ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു എന്ന കാരണത്താല്‍ കുപിതനായ ബ്രഹ്മാവ് മഹര്‍ഷിയെ ശകാരിച്ച് പറഞ്ഞയയ്ക്കുന്നു. 

ഭൃഗുമഹര്‍ഷി പിന്നീട് ശിവഭഗവാനെ ദര്‍ശിക്കാന്‍ കൈലാസത്തേക്ക് പോയി. അവിടെ ശിവനും പാര്‍വ്വതിയും തമ്മില്‍ ആലിംഗനം ചെയ്തിരിക്കുന്നത് കണ്ട് മഹര്‍ഷി ഇരുവരേയും പരിഹസിച്ചു. ഇരുവരുടേയും കോപത്തിന് പാത്രമായി മഹര്‍ഷിക്ക് കൈലാസത്തുനിന്നും മടങ്ങേണ്ടി വന്നു.

ഭൃഗുമഹര്‍ഷിയുടെ വരവ് മഹാവിഷ്ണു നേരത്തേ അറിഞ്ഞിരുന്നു. ഭൃഗുമഹര്‍ഷി തന്‍റെ പ്രിയ ഭക്തനാണെങ്കിലും അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കാന്‍ ഭഗവാന്‍ വിഷ്ണു തീരുമാനിക്കുന്നു. വൈകുണ്ഠത്തിന്‍റെ കാവല്‍ക്കാരായ ചണ്ഡനോടും, പ്രചണ്ഡനോടും മഹര്‍ഷിയെ അകത്തേക്ക് കടത്തിവിടരുതെന്ന് ഭഗവാന്‍ ചട്ടം കെട്ടി. അവര്‍ മഹര്‍ഷിയെ കഴിയുന്നത്ര തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കാവല്‍ക്കാരുടെ വിലക്കുകളെ ഖണ്ഡിച്ച് ഭഗവാന്‍റെ അരികിലെത്തി. പക്ഷേ ലക്ഷ്മിദേവി മഹര്‍ഷിയോട് 'ഭഗവാന്‍ നിദ്രയിലാണെന്നും ഇപ്പോള്‍ അദ്ദേഹത്തെ ദര്‍ശിക്കാന്‍ കഴിയില്ലെ'ന്നും ഉണര്‍ത്തിച്ചു. 

ദേവിയുടെ വാക്കുകള്‍ കേള്‍ക്കാതെ മഹര്‍ഷി ഭഗവാന്‍റെ കിടപ്പറയിലെത്തി. ഭഗവാന്‍ ഉറക്കം നടിച്ച് തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയ മഹര്‍ഷി ക്ഷിപ്രകോപത്തോടെ അദ്ദേഹത്തിന്‍റെ വലത്തേ മാറിടത്തില്‍ ആഞ്ഞ് ചവിട്ടിയത്രേ. കാലില്‍ ഒരു കണ്ണ് ഉള്ള വ്യക്തി എന്ന പ്രത്യേകതയും മഹര്‍ഷിക്ക് ഉണ്ടായിരുന്നു. ഭഗവാന്‍റെ മാറില്‍ ചവിട്ടിയപ്പോള്‍ മഹര്‍ഷിയുടെ കാലിലെ കണ്ണ് തെറിച്ചുപോയത്രേ. മഹര്‍ഷിയുടെ ചവിട്ടേറ്റ് ഭഗവാന്‍ പുഞ്ചിരിച്ചു. ഭഗവാന്‍ മഹര്‍ഷിയുടെ പാദം തലോടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. 

'മഹര്‍ഷേ എല്ലാ വിഘ്നങ്ങളേയും പരാജയപ്പെടുത്തി അങ്ങ് എന്‍റെ അരികിലെത്തി. നമ്മിലുള്ള അങ്ങയുടെ ഭക്തി പരീക്ഷിക്കുകയായിരുന്നു ഞാന്‍. അങ്ങയുടെ ഒരു വിനാഴികയിലെ കോപത്താല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. എങ്കിലും എനിക്ക് ദേഷ്യമില്ല. മഹര്‍ഷി ഭഗവാന്‍റെ കാല്‍ക്കല്‍ വീണു. തനിക്ക് പ്രായച്ഛിത്തം ചെയ്യാന്‍ അവസരം നല്‍കണമെന്ന് അപേക്ഷിച്ചു. ഇതിന് മറുപടിയായി ഭഗവാന്‍ ഇപ്രകാരം അരുളി. 

'ബ്രാഹ്മണര്‍ക്ക് യഥാവിധി 'കാല്‍കഴിച്ചൂട്ട്' എന്ന കര്‍മ്മം ചെയ്ത് അനുഗ്രഹം വാങ്ങിയാലും അങ്ങയുടെ കര്‍മ്മപരിഹാരമായി 'മേലിലും ആര് ഈ കര്‍മ്മം ചെയ്താലും അത്യന്തം ശ്രേയസ്കരം തന്നെ.'

ഭൃഗുമഹര്‍ഷി ഭഗവാന്‍റെ ഇടത് നെഞ്ചിലാണ് ചവിട്ടിയത്. അവിടെയാണ് മഹാലക്ഷ്മിയുടെ വാസസ്ഥലമായ ശ്രീവത്സം ഉള്ളത്.

കാല്‍കഴുകിച്ചൂട്ട് ചെയ്യേണ്ടവിധം

അനുയോജ്യരായ ബ്രാഹ്മണരെ, തുളസിത്തറയിലെ മണ്ണ് ഇരുഭാഗത്തുമായി വച്ച് കാല്‍ കഴുകിച്ച് കൈപിടിച്ച് അരവണപലകയില്‍ ഇരുത്തി, ജല, ഗന്ധ, പുഷ്പം എന്നിവ അര്‍പ്പിച്ച് ധൂപ ദീപങ്ങളെ മുദ്രകാട്ടി പൂജിച്ച് തൂശനിലയില്‍ നിവേദ്യം, ഇഞ്ചിത്തൈര് വിളമ്പി നല്‍കുക. ബ്രാഹ്മണര്‍ ഇത് കഴിച്ചശേഷം അദ്ദേഹത്തെ വസ്ത്രവും, ദക്ഷിണയും നല്‍കി പ്രീതിപ്പെടുത്തി അനുഗ്രഹം വാങ്ങി യഥാവിധി യാത്രയാക്കുന്നു. ഇതാണ് കാല്‍കഴുകിച്ചൂട്ട് കര്‍മ്മം.

മങ്ങാട്ട് ഭട്ടതിരി വര്‍ഷം തോറും ബ്രാഹ്മണബാലന് കാല്‍കഴുകിച്ചൂട്ട് നടത്തിയ ഐതിഹ്യം പ്രശസ്തം. മഹാക്ഷേത്രങ്ങളില്‍ വര്‍ഷംതോറും ഈ കര്‍മ്മം നടത്താറുണ്ട്.