മാര്‍ക്കണ്ഡേയ മഹര്‍ഷി പ്രതിഷ്ഠ നടത്തിയ ശ്രീ മാര്‍ക്കണ്ഡേയ ധര്‍മ്മശാസ്താക്ഷേത്രവും വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠ നടത്തിയ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രവും

മാര്‍ക്കണ്ഡേയ മഹര്‍ഷി പ്രതിഷ്ഠ നടത്തിയ ശ്രീ മാര്‍ക്കണ്ഡേയ ധര്‍മ്മശാസ്താക്ഷേത്രവും
വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠ നടത്തിയ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രവും

HIGHLIGHTS

ശാസ്താക്ഷേത്രങ്ങളില്‍ മിക്കവയും മഹര്‍ഷീശ്വരന്മാരാല്‍ പ്രതിഷ്ഠിക്കപ്പെട്ടവയാണ്. ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയവ പരശുരാമ മഹര്‍ഷിയാല്‍ ബന്ധപ്പെട്ട ക്ഷേത്രസന്നിധികളാണ്. മാര്‍ക്കണ്ഡേയ മഹര്‍ഷിയും, വസിഷ്ഠ മഹര്‍ഷിയും പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്.

16 വയസ്സ് പ്രായമുള്ള നിത്യബ്രഹ്മചാരിയായ ഋഷിയാണ് മാര്‍ക്കണ്ഡേയന്‍. മഹാമൃത്യുഞ്ജയമന്ത്രം ജപിച്ച്, ശിവലിംഗത്തെ ആലിംഗനം ചെയ്ത് കാലനില്‍ നിന്ന് രക്ഷ നേടിയ മാര്‍ക്കണ്ഡേയന്‍റെ ദൃഢനിശ്ചയമുള്ള ശിവഭഗവാനോടുള്ള വിശ്വാസം ഏറെ പ്രശസ്തം.

മഹാദേവനെ ആരാധിക്കുന്ന മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ സങ്കല്‍പ്പവും, ശാസ്താസങ്കല്‍പ്പവും ഒന്നുചേര്‍ന്ന അപൂര്‍വ്വദേവതാ സ്വരൂപമാണ് മാര്‍ക്കണ്ഡേയ ശാസ്താവ്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ തെക്ക്- പടിഞ്ഞാറ് ഭാഗത്ത് വാഴപ്പള്ളിയില്‍ കല്ലമ്പള്ളി ക്ഷേത്രത്തില്‍ മാര്‍ക്കണ്ഡേയ ശാസ്താ പ്രതിഷ്ഠയുണ്ടത്രേ. വലതുബാഹുവില്‍ ശിവലിംഗം വഹിച്ച് പട്ടബന്ധത്തോടെ ധ്യാനാസനത്തില്‍ ഉപവിഷ്ടനായി പ്രപഞ്ചശക്തിയെ മുഴുവന്‍ നിയന്ത്രിക്കുന്നവനായി മാര്‍ക്കണ്ഡേയ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിലില്‍ ശാസ്താ പ്രതിഷ്ഠയ്ക്ക് അരികിലായി ശിവലിംഗ പ്രതിഷ്ഠയുണ്ട്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത് മാര്‍ക്കണ്ഡേയ മഹര്‍ഷി തന്നെയെന്ന് വിശ്വാസം. പ്രതിഷ്ഠിച്ച ഋഷിയും, പ്രതിഷ്ഠിക്കപ്പെട്ട മൂര്‍ത്തിയും കൂടിച്ചേര്‍ന്ന ദേവതാസങ്കല്‍പ്പങ്ങള്‍ ഭക്തനും ഭഗവാനും ഒന്നെന്ന തത്ത്വം ഓര്‍മ്മിപ്പിക്കുന്നു.

ആറാട്ടുപുഴ പൂരത്തിന് ആതിഥ്യം വഹിക്കുന്നത് ആറാട്ടുപുഴ ശാസ്താവാണ്. തൃപ്രയാര്‍ ശ്രീരാമനും, ഊരകത്തമ്മ തിരുവടിയും, ചേര്‍പ്പ് ഭഗവതിയും മറ്റ് ദേവീദേവന്മാരും ഒത്തുചേരുന്ന തിരുവുത്സവത്തിന്‍റെ കാരണഭൂതനായ ആറാട്ടുപുഴ ശാസ്താവില്‍ ശ്രീരാമഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ ചൈതന്യം ഉണ്ട് എന്നതാണ് വിശ്വാസം. വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠിച്ച വിഗ്രഹം എന്ന സങ്കല്‍പ്പം കൊണ്ടാവാം ഇത്. ഗുരുസന്നിധിയില്‍ ശ്രീരാമന്‍ പൂരത്തിന് നടുനായകത്വം വഹിക്കുന്നു.

പൂരം സമാപിച്ച് തിരിച്ചെഴുന്നെള്ളുന്ന തൃപ്രയാര്‍ തേവര്‍ ഗുരുവായ വസിഷ്ഠനോട് എന്ന സങ്കല്‍പ്പത്തില്‍ ആറാട്ടുപുഴ ശാസ്താവിനോടു യാത്ര ചോദിക്കുന്ന ചടങ്ങുണ്ട്. ഗുരുവിനെ വന്ദിക്കുമ്പോള്‍ ശിഷ്യന്‍ ബഹുമാനസൂചകമായി കിരീടം മാറ്റിവയ്ക്കുന്നു എന്ന് സൂചിപ്പിക്കാനായി തേവരുടെ തിടമ്പിലെ മകുടം മാറ്റിയാണത്രേ ചടങ്ങ് പൂര്‍ത്തിയാക്കുന്നത്.