കണികാണലും ശുഭാശുഭത്വങ്ങളും

കണികാണലും ശുഭാശുഭത്വങ്ങളും

HIGHLIGHTS

രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്ക്കാണ് കണി എന്നുപറയുന്നത്. ആ കാഴ്ച ശുഭമായിരുന്നാല്‍ ആ ദിവസം ശുഭമായി. സാധാരണ ദിനങ്ങളില്‍ കണികണ്ടാല്‍ ആ ദിവസവും, മാസംരംഭത്തില്‍ അതായത്, സൂര്യസംക്രമദിനത്തില്‍ കണികണ്ടാല്‍ ആ മാസവും, വിഷുവിന് കണികണ്ടാല്‍ ആ വര്‍ഷവും കണിയുടെ ഫലങ്ങള്‍ അനുഭവവേദ്യമാകുന്നു.

രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്ക്കാണ് കണി എന്നുപറയുന്നത്. ആ കാഴ്ച ശുഭമായിരുന്നാല്‍ ആ ദിവസം ശുഭമായി. സാധാരണ ദിനങ്ങളില്‍ കണികണ്ടാല്‍ ആ ദിവസവും, മാസംരംഭത്തില്‍ അതായത്, സൂര്യസംക്രമദിനത്തില്‍ കണികണ്ടാല്‍ ആ മാസവും, വിഷുവിന് കണികണ്ടാല്‍ ആ വര്‍ഷവും കണിയുടെ ഫലങ്ങള്‍ അനുഭവവേദ്യമാകുന്നു.

രാവിലെ ഉണര്‍ന്ന് കിടക്കയില്‍ ഇരുന്ന് തന്‍റെ കൈപ്പടങ്ങളില്‍ ദേവദര്‍ശനം നടത്തേണ്ടവിധവും, മന്ത്രവും.

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

പവിത്രമായ ദേവതാസാന്നിദ്ധ്യം കരങ്ങളിലുണ്ട് എന്ന് നാം സങ്കല്‍പ്പിക്കുമ്പോള്‍ അപവിത്രമായ ഒന്നും ആ കരങ്ങള്‍കൊണ്ട് ചെയ്യരുത് എന്ന തിരിച്ചറിവും നമുക്കുണ്ടാവേണ്ടതാണ്.

ഒന്നാം തീയതി കയറുക എന്നൊരാചാരം നമ്മുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ഒരു ഭവനത്തില്‍ ചില വ്യക്തികള്‍ ഒന്നാം തീയതി കയറിയാല്‍ ശുഭവും ചിലര്‍ കയറിയാല്‍ അശുഭവും സംഭവിക്കും എന്നാണ് വിശ്വാസം. ആ വ്യക്തിയുടെ സ്വഭാവഗുണമോ ഐശ്വര്യമോ മൂലമല്ല കയറുന്ന വീട്ടില്‍ ശുഭാശുഭത്വങ്ങളുണ്ടാവുക. വേശ്യാസ്ത്രീയെ ശകുനം കാണുന്നത് ശുഭം എന്നാണ് ശകുനശാസ്ത്രം. 

ആ ശുഭത്വം വേശ്യാസ്ത്രീയുടെ സ്വഭാവഗുണം കൊണ്ടാണ് എന്ന് പറയാനൊക്കുമോ? ഗൃഹനാഥനുമായി ശുഭനക്ഷത്രബന്ധമുള്ള വ്യക്തി ഒന്നാം തീയതി ആദ്യമായി ഭവനത്തില്‍ എത്തുന്നത് ശുഭകരമായിരിക്കും. ഗൃഹനാഥന്‍റെ നക്ഷത്രത്തിന് 2, 4, 6, 8, 9 നക്ഷത്രങ്ങളില്‍ ജനിച്ച വ്യക്തി ആ ഭവനത്തില്‍ ഒന്നാം തീയതി കയറുന്നത് ശുഭം. 3, 5, 7 നാളുകള്‍, അഷ്ടമരാശിയില്‍പ്പെട്ട നക്ഷത്രങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ ആ ഭവനത്തില്‍ കയറുകയോ അവരെ കണികാണുന്നത് അശുഭം. ഇത്തരത്തില്‍ പ്രതികൂല നക്ഷത്രത്തില്‍പ്പെട്ടവരെ കണികാണുകയോ അവര്‍ ഒന്നാം തീയതി ഭവനത്തില്‍ കയറുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നത് നന്നായിരിക്കും.

അതോടൊപ്പം നാം ഓര്‍മ്മിക്കേണ്ട മറ്റൊരു വസ്തുത ശുഭനക്ഷത്രമുള്ള ഒരാളിനെ കണികാണുന്നത് കൊണ്ടുമാത്രം ഒരു വ്യക്തിയുടെ ദോഷങ്ങള്‍ പരിഹരിക്കപ്പെട്ട് അയാള്‍ക്ക് ശുഭാനുഭവങ്ങള്‍ സിദ്ധിക്കുന്നില്ല. അത് അനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ്. അതുകൊണ്ടുതന്നെ പ്രതികൂല നക്ഷത്രത്തില്‍പ്പെട്ട ഒരു സുഹൃത്തോ, ബന്ധുവോ, അയല്‍വാസിയോ ഒന്നാം തീയതി ഭവനത്തില്‍ വന്നുപോയാല്‍ അതില്‍ അത്രയധികം ഗൗരവം കാണേണ്ടതില്ല. കണികാണല്‍ സാമാന്യമായ ഒരു അനുഷ്ഠാനം മാത്രമായി കണ്ടാല്‍ മതിയാകും. 

പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഒരു ശുഭനക്ഷത്രജാതനെ ഒന്നാം തീയതി കയറാനായി ക്ഷണിക്കുക. അയാള്‍ക്ക് കൈനീട്ടം നല്‍കി യഥാവിധി സല്‍ക്കരിച്ച് അയയ്ക്കുക. സംതൃപ്തിയോടെ അയാള്‍ മടങ്ങുമ്പോള്‍ ആ സംതൃപ്തി കുടുംബത്തിന്  ഒരു അനുഗ്രഹമായി പരിണമിക്കുന്നു. ഗൃഹനാഥന്‍റെ ജാതകവശാല്‍ ചന്ദ്രാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ നാലില്‍ അധികം സംഖ്യ വരുന്ന രാശികളില്‍(കൂറുകളില്‍)പ്പെട്ട നക്ഷത്രത്തില്‍ ജനിച്ചവരെ കണികാണുന്നത് ഉത്തമമാണ്.

പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത് ഐശ്വര്യപ്രദമാണ്. ദീപത്തോട് കൂടിയ നിലവിളക്ക്, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലംപിരിശംഖ്, ഗ്രന്ഥം തുടങ്ങിയവയും മംഗളപ്രദങ്ങളായ കണികളായി കരുതി വരുന്നു. പൂര്‍ണ്ണകുംഭം, വാല്‍ക്കണ്ണാടി തുടങ്ങിയവയും നല്ല കണിക്കാഴ്ചകളാണ്. സംക്രമം തുടങ്ങിയ പുണ്യദിവസങ്ങളില്‍ മനസ്സില്‍ നന്മയും ഈശ്വരഭാവവും വളര്‍ത്തുക എന്നതാണ് കണികാണല്‍ തുടങ്ങിയ ചടങ്ങുകളുടെ ലക്ഷ്യം. അന്ന് മനസ്സില്‍ നിറയുന്ന നന്മയും വിശുദ്ധിയും ഈശ്വരഭാവവും എന്നും നിലനിര്‍ത്തുക എന്നത് നമ്മുടെ കടമ ആയിരിക്കണം.

 

Photo Courtesy - Google