രണ്ടാം വട്ടവും  കണ്ണന്‍ വിളിച്ചു

രണ്ടാം വട്ടവും കണ്ണന്‍ വിളിച്ചു

HIGHLIGHTS

രണ്ടാമത് പ്രാവശ്യവും ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. മധുസൂദനന്‍ നമ്പൂതിരി

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ എടപ്പാളിനടുത്തുള്ള ശുകപുരവും തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍പ്പെട്ട പെരുവനവും പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട രണ്ട് ഗ്രാമങ്ങളാണ്. അഗ്നിഹോത്രവും ഭട്ടവൃത്തിയുമുള്ള രണ്ട് ബ്രാഹ്മണ വാസസ്ഥലങ്ങള്‍. ഈ രണ്ട് ഗ്രാമങ്ങള്‍ക്കും ഗുരുവായൂര്‍ അമ്പലവുമായി അഭേദ്യമായ ഒരു ബന്ധമുണ്ട്. 

ഗുരുവായൂരപ്പന് പൂജ കഴിക്കുവാനുള്ള അവകാശം ഈ ഗ്രാമങ്ങളില്‍ ജനിച്ച, ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ മുപ്പതിനും അറുപതിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക്  മാത്രമായിട്ടാണ് തീരുമാനിച്ചിട്ടുള്ളത്. അവര്‍ക്ക് മാത്രമേ അപേക്ഷിക്കുവാന്‍ പോലും കഴിയൂ. ഇന്നോളമുള്ള ഗുരുവായൂര്‍ ക്ഷേത്രമേല്‍ശാന്തിമാരുടെ ചരിത്രം പരിശോധിച്ചാല്‍ ഈ രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ള വരവല്ലാതെ മറ്റൊരാള്‍ ഗുരുവായൂരപ്പന് പൂജ ചെയ്തിട്ടില്ലെന്നുകാണാം. 

അതുകൊണ്ടുതന്നെ ശുകപുരം, പെരുവനം ഗ്രാമത്തില്‍പ്പെട്ട പൂജാദികര്‍മ്മങ്ങളറിയാവുന്ന ഏതൊരു ബ്രാഹ്മണന്‍റെയും ഏറ്റവും വലിയ ആഗ്രഹമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗുരുവായൂരപ്പനെ പൂജിക്കുവാന്‍ അവസരം ലഭിക്കുക എന്നുള്ളത്. പക്ഷേ ആറ് മാസത്തേക്ക് മാത്രമുള്ള ആ അവസരം അധികമാര്‍ക്കും അങ്ങനെ ലഭിക്കാറില്ല. അപ്പോള്‍പ്പിന്നെ അത് രണ്ട് പ്രാവശ്യം ലഭിച്ചാലോ.

തീര്‍ച്ചയായും അത് ഗുരുവായൂരപ്പന്‍റെ കൃപാകടാക്ഷം തന്നെ. എങ്കില്‍ അങ്ങനെയൊരു കൃപാകടാക്ഷമാണ് പനങ്ങാട്ടുകര വടക്കാഞ്ചേരി പള്ളിശ്ശേരി മനയില്‍മധുസൂദനന്‍ നമ്പൂതിരിക്കുമേല്‍ ഗുരുവായൂരപ്പന്‍ ചൊരിഞ്ഞിരിക്കുന്നത്. പള്ളിശ്ശേരി മനയില്‍  സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും ദേവസേനയുടേയും ഏകമകന്‍ മധുസൂദനനെ ഏഴ് വര്‍ഷത്തിനിടെ രണ്ടാമതും പ്രാവശ്യമാണ് തനിക്ക് പൂജ ചെയ്യുവാനായി ഭഗവാന്‍ വിളിച്ചിരിക്കുന്നത്.

അതിനൊരു പ്രത്യേകതയുള്ളത്, കൃത്യം ഏഴുവര്‍ഷം മുന്‍പ് 2017 ല്‍ ആദ്യമായി ആ നിയോഗം മധുസൂദനനെ തേടിയെത്തുമ്പോള്‍ ഇതുപോലെ തന്നെ ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസക്കാലത്തേക്കായിരുന്നു.

അച്ഛനില്‍ നിന്ന് തുടക്കം

അച്ഛനില്‍ നിന്നും പൂജാവിധിയുടെ ആദ്യപാഠങ്ങള്‍ പഠിച്ച മധുസൂദനന്‍ നമ്പൂതിരി പിന്നീട് പാറമേക്കാവ് മേല്‍ശാന്തിയായിരുന്ന മുണ്ടയൂര്‍ ശ്രീധരന്‍നമ്പൂതിരിയുടെ ശിഷ്യനായി. തുടര്‍ന്ന് അച്ഛന്‍റെ സഹായിയായി അദ്ദേഹം പൂജാരിയായിരുന്ന ക്ഷേത്രങ്ങളില്‍ സ്ഥിരമായി പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പനങ്ങാട്ടുകര കാര്‍ത്യായനി ക്ഷേത്രത്തില്‍ പൂജാരിയാകുന്നത്. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇരുപത്തിരണ്ടുവര്‍ഷം പൂജാരിയായിരുന്ന ക്ഷേത്രമാണത്. തുടര്‍ന്ന് 2011 ല്‍ ചോറ്റാനിക്കര കീഴ്ക്കാവിലേക്ക് നറുക്കുവീണു.

അതിനുശേഷം വിയ്യൂര്‍ ശിവക്ഷേത്രത്തില്‍ അഞ്ചരക്കൊല്ലം മേല്‍ശാന്തിയായി. അപ്പോഴൊക്കെയും ഗുരുവായൂരപ്പനെ പൂജിക്കുവാന്‍ ഒരവസരം ലഭിക്കണമെന്നുള്ളത് മധുസൂദനന്‍ നമ്പൂതിരിയുടെ മനസ്സിന്‍റെ അടങ്ങാത്ത ആവേശമായിരുന്നു. അതിനായി പലവട്ടം അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. എങ്കിലും ഒരുനാള്‍ ആ മോഹം പൂവണിയുമെന്ന് മധുസൂദനന് ഉറപ്പായിരുന്നു. 2017 ലാണ് ഭഗവാന്‍ ആ ഉറപ്പ് നടത്തിക്കൊടുത്തത്.

അങ്ങനെ ആദ്യമായി ആറുമാസത്തെ ദേവനിയോഗവുമായി ഗുരുവായൂരമ്പലത്തിലേക്ക് പോയ മധുസൂദനന്‍ നമ്പൂതിരി കാലാവധി കഴിഞ്ഞിറങ്ങിയപ്പോള്‍ വീണ്ടും വിയ്യൂര്‍ ശിവക്ഷേത്രത്തിലേക്ക് തന്നെ പോയത്, നാട്ടുകാര്‍ ഒന്നടങ്കം ബോര്‍ഡില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. നാട്ടുകാര്‍ക്ക് അത്ര പ്രിയങ്കരനായിരുന്നു ഈ പൂജാരി. വീണ്ടും ആറ് വര്‍ഷം അവിടെ തുടര്‍ന്നു.

അപ്പോഴാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലേക്ക് മാറ്റമായത്. അവിടെ മേല്‍ശാന്തിയായി നാലുമാസം തികയുന്ന ദിവസം തന്നെ ഗുരുവായൂരേക്ക് രണ്ടാമതും വിളിയെത്തി. 2017 ലെപ്പോലെതന്നെ ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള 6 മാസം കണ്ണനൊപ്പം.

മൊത്തം 56 പേരാണ് ഇത്തവണ അപേക്ഷ നല്‍കിയിരുന്നത്. അതില്‍ 54 പേരെയാണ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്. 50 പേര്‍ എത്തിയതില്‍ 45 പേരാണ് യോഗ്യത നേടിയത്.
ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴാണ് നറുക്കെടുപ്പ് നടന്നത്. നിലവിലെ മേല്‍ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയാണ് ഭഗവാന്‍റെ പ്രതിനിധിയായി നറുക്കെടുത്തത്. ശ്രീകോവിലിന് മുന്നിലെ നമസ്ക്കാര മണ്ഡപത്തില്‍ തന്ത്രി, ദേവസ്വം ഭാരവാഹികള്‍, അപേക്ഷകര്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

ഗുരുവായൂരപ്പന്‍റെ അനുഗ്രഹം

'എല്ലാം ഗുരുവായൂരപ്പന്‍റെ അനുഗ്രഹം..' രണ്ടാമത് പ്രാവശ്യവും ഗുരുവായൂര്‍ കണ്ണന് പൂജ ചെയ്യുവാനുള്ള സൗഭാഗ്യം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ മധുസൂദനന്‍ നമ്പൂതിരിയുടെ പ്രതികരണം അതായിരുന്നു. 'എത്രയോ അപേക്ഷകരുണ്ടായിട്ടും എന്നെത്തന്നെ വിളിച്ചത് പൂര്‍വ്വികരുടെ പുണ്യംകൂടിയാണ.്' ക്ഷേത്രനടയില്‍ തൊഴുകയ്യുമായി നിന്നുകൊണ്ട് മധുസൂദനന്‍ നമ്പൂതിരി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അധികമാര്‍ക്കും ലഭിച്ചിട്ടില്ലാത്ത മഹാഭാഗ്യമാണ് മധുസൂദനന്‍ നമ്പൂതിരിക്ക് ലഭിച്ചത്. മുന്‍പ് 1925 ലും 1957 ലും 2016 ലും ആണ് രണ്ടാമത് പ്രാവശ്യവും ഒരേ ആള്‍ക്കുതന്നെ വിളി വരുന്നത്. 1925 ല്‍ പള്ളിശ്ശേരി മനയിലെ അഷ്ടമൂര്‍ത്തി, 1957 ല്‍ ശിവകരന്‍ നമ്പൂതിരി, 2016 ല്‍ പള്ളിശ്ശേരി മനയിലെതന്നെ ഹരീഷ് നമ്പൂതിരി എന്നിവരാണ് ആ സൗഭാഗ്യം ലഭിച്ചവര്‍. അതായത് പള്ളിശ്ശേരി മനയിലേക്ക് ഗുരുവായൂരപ്പന്‍റെ വിളിയെത്തുന്നത് ഇത് 6-ാം തവണ.

 

Photo Courtesy - jyothisharathnam