കല്ലേറ് കൊണ്ടാലും  കണ്ണേറ് കൊള്ളരുത്

കല്ലേറ് കൊണ്ടാലും കണ്ണേറ് കൊള്ളരുത്

HIGHLIGHTS

ഒരു വ്യക്തിയുടെയോ, വസ്തുവിന്‍റേയോ സൗന്ദര്യം, സമ്പത്ത്, ഭാഗ്യം തുടങ്ങിയ കാര്യങ്ങള്‍ കണ്ട് മറ്റൊരാളില്‍ അസൂയയോ, മോശമായ ചിന്തകളോ ഉണ്ടാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊര്‍ജ്ജം ശുഭകരമായി നീങ്ങുന്ന വ്യക്തിയെയോ വസ്തുവിനെയോ ദോഷകരമായി ബാധിക്കുന്നു. ഇതാണ് ദൃഷ്ടിദോഷം(കണ്ണേറ്). കല്ലേറ് കൊണ്ടാലും കണ്ണേറ് കൊള്ളരുതെന്നാണ് പഴമൊഴി.

 

രു വ്യക്തിയുടെയോ, വസ്തുവിന്‍റേയോ സൗന്ദര്യം, സമ്പത്ത്, ഭാഗ്യം തുടങ്ങിയ കാര്യങ്ങള്‍ കണ്ട് മറ്റൊരാളില്‍ അസൂയയോ, മോശമായ ചിന്തകളോ ഉണ്ടാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊര്‍ജ്ജം ശുഭകരമായി നീങ്ങുന്ന വ്യക്തിയെയോ വസ്തുവിനെയോ ദോഷകരമായി ബാധിക്കുന്നു. ഇതാണ് ദൃഷ്ടിദോഷം(കണ്ണേറ്). കല്ലേറ് കൊണ്ടാലും കണ്ണേറ് കൊള്ളരുതെന്നാണ് പഴമൊഴി.

കംസന്‍റെ കിങ്കരന്മാരായ ചാണൂരാദികളുടെ ദൃഷ്ടി ഉണ്ണിക്കണ്ണന്‍റെ മേല്‍ പതിയാതിരിക്കാനാണത്രേ യശോദ ഉണ്ണിക്കണ്ണന് പൊട്ട് ചാര്‍ത്തിയതെന്ന് സങ്കല്‍പ്പമുണ്ട്. നവജാത ശിശുക്കളെ കുളിപ്പിച്ച് പുതുവസ്ത്രങ്ങളണിയിച്ച് 'ദൃഷ്ടിപ്പൊട്ട്' അഞ്ജനത്തില്‍ ഇടാറുണ്ട്. നവജാത ശിശുക്കളെ പിതൃഗൃഹത്തിലേക്ക് കൊണ്ടുവരുമ്പോഴും 'ദൃഷ്ടി ഉഴിഞ്ഞെടുത്ത് കളയുക' എന്നൊരു ചടങ്ങ് നടത്താറുണ്ട്. പരന്ന പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കലക്കിവയ്ക്കുന്നു. 

വെറ്റില കമഴ്ത്തി വെച്ച് അതില്‍ കര്‍പ്പൂരം കത്തിച്ച് മൂന്നുതവണ വീതം ഇരുവശങ്ങളും ഉഴിഞ്ഞ് ശിരസ് മുതല്‍ നാഭിവരെ 3 തവണയും ഉഴിയുന്നു. തുടര്‍ന്ന് വലതുഭാഗത്ത് കുരുതി കളയുന്നു. പിന്നീട് കുരുതിയില്‍ നിന്നും മോതിരവിരല്‍ കൊണ്ട് തൊട്ടടുത്ത് നെറ്റിയില്‍ പൊട്ട് തൊടുവിക്കുന്നു. കുടുംബത്തിലെ ഏതെങ്കിലും അമ്മമാരോ മുത്തശ്ശിമാരോ ആണ് ഈ ചടങ്ങ് നിര്‍വ്വഹിക്കുന്നത്. വിവാഹശേഷം വരന്‍റെ ഗൃഹത്തിലേയ്ക്ക് എത്തുന്ന വധൂവരന്മാരെ കുരുതി ഉഴിഞ്ഞശേഷമാണ് ഗൃഹത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുന്നത്.

കുട്ടികളെ പുറത്തുകൊണ്ടുപോയി വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ അമ്മമാര്‍ ചെയ്യുന്ന ആചാരമാണ് കടുകും മുളകും ഉപ്പും ഉഴിഞ്ഞിടല്‍. വീട്ടിലെത്തിയിട്ട് കുട്ടികള്‍ ഉറങ്ങാതെ വാശിപിടിക്കുകയോ അസ്വസ്ഥരായിരിക്കുകയോ, ഭയക്കുകയോ ചെയ്താല്‍ അത് കണ്ണേറ് കിട്ടിയതായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഉപ്പ്, മുളക്, കടുക്, ഇവയെടുത്ത് മൂന്നുതവണ കുട്ടിയുടെ തലചുറ്റി കാല് ഭാഗത്തേയ്ക്ക് ഉഴിഞ്ഞ് അടുപ്പിലിടുന്നതാണ് ചടങ്ങ്. ഇതിനെ കടുകും മുളകും ഉഴിഞ്ഞിടുക എന്നാണ് പറയുന്നത്. ദുര്‍ദേവതകളെ നശിപ്പിക്കുന്ന ചടങ്ങാണിത്.

ഒറ്റസംഖ്യ വരത്തക്കരീതിയിലാണ് മുളക് എടുക്കേണ്ടത്. ശരീരത്തിന് നന്നേ ഭാരം അനുഭവപ്പെടുക, കൈകാല്‍ മരവിപ്പ്, മനം പിരട്ടല്‍ എന്നിവയ്ക്ക് 3 മുളകാണ് എടുക്കുന്നത്. അസ്വസ്ഥത വര്‍ദ്ധിക്കുക, പെട്ടെന്ന് വിയര്‍ക്കുക, തെറ്റായ ചിന്തകള്‍ എന്നിവയ്ക്ക് 5 മുളകാണ് എടുക്കുന്നത്. നിയന്ത്രണമില്ലാതെ സംസാരിക്കുക, അസഭ്യം വിളിക്കുക, കാഴ്ചകള്‍ മങ്ങുക, വായില്‍ നിന്ന് ഉമിനീര്‍ വരിക, ആത്മഹത്യചിന്ത എന്നിവയ്ക്ക് 7 മുളകാണ് എടുക്കേണ്ടത്. പൈശാചികശക്തി പ്രകടപ്പിക്കുക, ആരെയെങ്കിലും കൊല്ലാന്‍ താല്‍പ്പര്യം കാണിക്കുക എന്നിവയ്ക്ക് 9 മുളകാണ് എടുക്കേണ്ടത്. രജതമഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മുളകിന് തമോഗുണങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്.

കുഞ്ഞുങ്ങളെ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ ചെവിയുടെ പിറകിലോ, കാല്‍വെള്ളയിലോ കറുത്തപൊട്ട് ഇടണം. കരിവളകള്‍ അണിയിക്കണം. പാണലിന്‍റെ ഇല ശരീരത്ത് കാണാത്തവിധം വയ്ക്കുന്നതും ഉചിതമാണ്. ഗര്‍ഭിണികള്‍ പുറത്തിറങ്ങുമ്പോള്‍ കണ്ണേറ് കിട്ടാതിരിക്കാന്‍ കയ്യില്‍ ഇരുമ്പു കഷണമോ പാണല്‍ ഇലയോ കരുതിവയ്ക്കുന്നതും നല്ലതാണ്. പാണല്‍ ഇല വൈറസുകള്‍ക്ക് എതിരെ ഉള്ള ഔഷധമാണ്. ഇരുമ്പ് അനാവശ്യ പ്രാണവായുവിനെ വലിച്ചെടുക്കുന്നതുമാണ്.

ഉത്തരേന്ത്യയില്‍ സ്ഥാപനങ്ങളില്‍ ദൃഷ്ടിദോഷം ഭവിക്കാതെ വെള്ളിയാഴ്ച തോറും രാവിലെ ഒരു ചുവന്ന നൂലില്‍ ആദ്യം ഒരു ചെറുനാരങ്ങയും പിന്നെ 7 പച്ചമുളകും കോര്‍ത്ത് സ്ഥാപനത്തിന്‍റെ മുന്‍വാതിലിന് മുകളിലായി കെട്ടിയിടും. ഉത്തരേന്ത്യയിലെ ചില വീടുകളുടെ മുന്‍വാതിലിന്‍റെ കട്ടിളയ്ക്ക് മുകളില്‍ ഉപയോഗിച്ച കുതിരലാടം ചന്ദ്രക്കലയുടെ രൂപത്തില്‍ സ്ഥാപിക്കാറുണ്ട്. ഇതും ദൃഷ്ടിദോഷത്തെ പ്രതിരോധിക്കാനാണത്രേ. തമിഴ് നാട്ടില്‍ മിക്ക വീടുകളുടേയും വാതിലിന് മുകളിലായി കുമ്പളങ്ങയില്‍ രാക്ഷസന്‍റെ മുഖം വരച്ച് തൂക്കിയിടാറുണ്ട്. കണ്ണേറിനെ തടയാന്‍ രാക്ഷസമുഖത്തിന് കഴിയുമെന്ന് വിശ്വാസം.

ദൃഷ്ടിദോഷം ഉണ്ടാക്കുന്ന ഭയം മാറാന്‍ ഒരു ചെറുനാരങ്ങ നെടുകേയും കുറുകേയും മുറിച്ച് അതില്‍ കുങ്കുമം നിറച്ച് രണ്ട് കൈകൊണ്ടും മുറുകെ പിടിച്ച് 3 തവണ വീതം വലതും ഇടതും ചുറ്റി ശിരസ്സ് മുതല്‍ നാഭിവരെ ഉഴിഞ്ഞതിനുശേഷം കൈകളില്‍ വച്ച് പിഴിഞ്ഞ് നാരങ്ങ നാല് തുണ്ടമാക്കി നാല് ദിക്കിലേയ്ക്കും വലിച്ചെറിയുക. കയ്യിലുള്ള നാരങ്ങാനീര് ഭയപ്പെട്ടിരിക്കുന്ന ആളുടെ മുഖത്ത് തളിക്കുക. നാരങ്ങാനീര് മുഖത്ത് പെട്ടെന്ന് വീഴുന്നതോടെ ഭയപ്പെട്ടിരിക്കുന്ന വ്യക്തി ഞെട്ടുന്നു. അതോടെ ഭയം വിട്ടൊഴിയുന്നു.

ദൃഷ്ടിദോഷമകറ്റും കണ്‍ദൃഷ്ടി ഗണപതി

അഗസ്ത്യമുനി കണ്‍ദൃഷ്ടിയില്‍ നിന്നും രക്ഷനേടാനായി ശുഭദൃഷ്ടി ഗണപതി എന്ന മഹാശക്തിയെ സൃഷ്ടിച്ചതായി വിശ്വാസം. ഗണപതിയുടെ 33-ാമത്തെ മൂര്‍ത്തീഭാവമാണിത്. ശിവന്‍റെ അംശമായ 3 കണ്ണുകള്‍, ശക്തിയുടെ അംശമായ ശൂലം, സര്‍വ്വദൈവങ്ങളുടേയും ആയുധങ്ങള്‍, വാഹനങ്ങളായ സിംഹം, എലി എന്നിവയ്ക്കൊപ്പം മഹാലക്ഷ്മിക്ക് പ്രിയപ്പെട്ട ചെന്താമരയ്ക്ക് മീതേ യോദ്ധാവിനെപ്പോലെയാണത്രേ കണ്‍ദൃഷ്ടി ഗണപതിയുടെ അവതാരരൂപം.

തലയ്ക്ക് മീതേ ഒമ്പത് നാഗങ്ങളും, അഗ്നിനാളവുമുണ്ട്. കണ്‍ദൃഷ്ടി ഗണപതിയുടെ ഫോട്ടോ വീട്, വ്യാപാര സ്ഥാപനങ്ങള്‍, കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ വടക്കോട്ട് അഭിമുഖമായി വച്ച് വണങ്ങിയാല്‍ ദൃഷ്ടിദോഷം അകലും. ബുധനാഴ്ചയാണ് കണ്‍ദൃഷ്ടി ഗണപതിയെ വണങ്ങുന്നതിന് ഉത്തമം.

വീടിന്‍റെയോ സ്ഥാപനങ്ങളുടെയോ വാതിലിന് വലതുവശത്തായി ദൃഷ്ടിഗണപതിയുടെ ചിത്രം വയ്ക്കുന്നത് വീടിനും സ്ഥാപനത്തിനും കണ്‍ദൃഷ്ടി ദോഷം, ശാപദോഷം ഏല്‍ക്കാതെ കാത്തുരക്ഷിക്കും. വീട്ടിലേയ്ക്ക് ദുഃശകുനങ്ങള്‍ വരാതെ ഗണപതി സംരക്ഷിക്കുന്നു.