എല്ലാ ഭഗവതിമാരോടും കളിപറയാം, പക്ഷേ...! കളരി വാതുക്കല്‍ ഭഗവതിയോട് കളി പറഞ്ഞുകൂടാ

എല്ലാ ഭഗവതിമാരോടും കളിപറയാം, പക്ഷേ...! കളരി വാതുക്കല്‍ ഭഗവതിയോട് കളി പറഞ്ഞുകൂടാ

HIGHLIGHTS

മറ്റുക്ഷേത്രങ്ങളിലെ ഭഗവതിമാരില്‍ കളരിവാതുക്കള്‍ ഭഗവതി ഉഗ്രരൂപിണിയാണ്. അതുകൊണ്ടാണ് 'എല്ലാ ഭഗവതിമാരോടും കളി പറയാം, കളരി വാതുക്കല്‍ ഭഗവതിയോട് കളി പറഞ്ഞുകൂടാ' എന്നൊരു നാട്ടുമൊഴി നിലനില്‍ക്കുന്നത്. പരശുരാമന്‍ കേരളത്തില്‍ പണികഴിപ്പിച്ച് പ്രതിഷ്ഠിച്ച നൂറ്റെട്ട് ഭഗവതി ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ ചിറയ്ക്കല്‍ എന്നുപറയുന്നത്  കളരിവാതുക്കല്‍ ക്ഷേത്രമാണ്. അഭീഷ്ടസിദ്ധിക്കും ശത്രുനാശത്തിനും കളരിവാതുക്കല്‍ ഭഗവതിയെ ആശ്രയിച്ചുവരുന്നവര്‍ നിരവധിയാണ്.

 

കേരളത്തില്‍ ശാക്തേയാരാധനനടത്തുന്ന ഭദ്രകാളി ക്ഷേത്രങ്ങളില്‍ കണ്ണൂര്‍ വളപട്ടണം കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം ഏറ്റവും പ്രസിദ്ധമാണ്. ചിറയ്ക്കല്‍ രാജവംശത്തിന്‍റെ അധീനതയിലുള്ള ക്ഷേത്രത്രയങ്ങളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഈ ക്ഷേത്രത്തിലെ ഭഗവതി ആയോധനകലയുടെ അമ്മയായിക്കരുതപ്പെടുന്നു. അതുകൊണ്ടാണ് ക്ഷേത്രത്തിന് കളരിവാതുക്കല്‍ എന്ന പേര് ഉണ്ടായതുതന്നെ. കൂടാതെ ക്ഷേത്രത്തിരുമുറ്റത്തുതന്നെ ഒരു കാലത്ത് ആയോധനകലകള്‍ അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു. 

ചിറയ്ക്കല്‍ രാജവംശത്തിലെ ക്ഷേത്രത്രങ്ങളില്‍ ഉള്‍പ്പെട്ട മറ്റുക്ഷേത്രങ്ങള്‍ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരിക്ഷേത്രവും മാടായിക്കാവുമാണ്. മാടായിക്കാവിലമ്മയെ തിരുവര്‍ക്കാട്ട് ഭഗവതിയെന്നും വിളിക്കാറുണ്ട്. കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം മാടായിക്കാവില്‍ അല്‍പ്പമകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രങ്ങളെല്ലാം ഏഴിമല പ്രദേശമായ മൂഷിവവംശദേശത്തില്‍ ഉള്‍പ്പെടുന്നു.

മറ്റുക്ഷേത്രങ്ങളിലെ ഭഗവതിമാരില്‍ കളരിവാതുക്കള്‍ ഭഗവതി ഉഗ്രരൂപിണിയാണ്. അതുകൊണ്ടാണ് 'എല്ലാ ഭഗവതിമാരോടും കളി പറയാം, കളരി വാതുക്കല്‍ ഭഗവതിയോട് കളി പറഞ്ഞുകൂടാ' എന്നൊരു നാട്ടുമൊഴി നിലനില്‍ക്കുന്നത്. പരശുരാമന്‍ കേരളത്തില്‍ പണികഴിപ്പിച്ച് പ്രതിഷ്ഠിച്ച നൂറ്റെട്ട് ഭഗവതി ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ ചിറയ്ക്കല്‍ എന്നുപറയുന്നത്  കളരിവാതുക്കല്‍ ക്ഷേത്രമാണ്. കണ്ണൂരില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കളരിവാതുക്കല്‍ ഭഗവതിയെ മഹിഷാസുര മര്‍ദ്ദിനിയായ ഭദ്രകാളി സങ്കല്‍പ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തികച്ചും ഉഗ്രരൂപിണിയും രൗദ്രമൂര്‍ത്തിയുമാണ് ദേവി. അസുരനിഗ്രഹത്തിനുശേഷവും പോര്‍ക്കലി അടങ്ങാതിരുന്ന ദേവിയുടെ തൃക്കണ്ണുകളില്‍ നിന്ന് പ്രതിഷ്ഠക്കുശേഷവും അസഹ്യമായ ക്രോധാഗ്നി വമിച്ചുകൊണ്ടിരുന്നു. ഇതുകണ്ട പരശുരാമന്‍ ദേവിക്ക് അഭിമുഖമായി പരമശിവനെ പ്രതിഷ്ഠിച്ചു ഭഗവതിയുടെ ക്രോധാഗ്നി നശിപ്പിച്ചു എന്നാണ് ഐതിഹ്യം.

അസുരനിഗ്രഹത്തിനുശേഷം ക്രുദ്ധയും യുദ്ധക്കലി ബാധിച്ചവളും പരിക്ഷീണയുമായ ദേവിയെ സംപ്രീതയാക്കിയത് മദ്യവും മാംസവും കൊണ്ട് പൂജ നടത്തിയാണ്. ഇത് ശാക്തേയാരാധനയുടെ ഒരു ഭാഗം തന്നെയാണ്. 'പ്രാടര്‍' സമുദായക്കാരാണ് ഇവിടുത്തെ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

ക്ഷേത്രവും ക്ഷേത്ര പരിസരവും ആദ്യദര്‍ശനത്തില്‍ തന്നെ ഭദ്രകാളിയുടെ രൗദ്രചൈതന്യഭാവം വിളിച്ചറിയിക്കുന്നു. പടിഞ്ഞാറ് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് കയറിച്ചെന്നാല്‍ തെക്കുഭാഗത്തെ മുറ്റത്തുകൂടി തിരിച്ചുവന്നുവേണം ഭഗവതിയെ തൊഴേണ്ടത്. ഇവിടെ നാലമ്പല വലംവയ്ക്കാന്‍ പാടില്ല. 

കാരണം നാലമ്പലത്തിന്‍റെ വടക്കേച്ചുറ്റില്‍ ഭൈരവന്‍ തുടങ്ങിയ പഞ്ചമൂര്‍ത്തികളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവിടെ നിരവധി വാളുകള്‍ കുത്തിനിര്‍ത്തിയിരിക്കുന്നത് കാണാം. എന്നാല്‍ നാലമ്പലത്തിനകത്തുകടന്നാല്‍, അകത്ത് പ്രദക്ഷിണം വയ്ക്കാം. ക്ഷേത്രത്തിലെ പൂരോത്സവ സമയത്ത് നാലമ്പലം വലംവയ്ക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല. ഭയഭക്തികളോടെ ജനങ്ങള്‍ വാഴ്ത്തുന്ന കളരിവാതുക്കലമ്മയെ കാണാന്‍, സങ്കടം പറയാന്‍ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അഭൂതപൂര്‍വ്വമായ തിരക്കാണ്. അഭീഷ്ടസിദ്ധിക്കും ശത്രുനാശത്തിനും കളരിവാതുക്കല്‍ ഭഗവതിയെ ആശ്രയിച്ചുവരുന്നവര്‍ നിരവധിയാണ്.

പ്രകാശം പോലും കടന്നുചെല്ലാത്ത ഇടതൂര്‍ന്ന കാടുകള്‍ നാഗത്താന്മാരുടെ ആരാധനാസ്ഥാനമാണ്. ക്ഷേത്രത്തില്‍ തെക്കും വടക്കും കാണപ്പെടുന്ന ഈ കാവുകളില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന അരയാല്‍മരത്തില്‍ ആയിരക്കണക്കിന് വാവലുകള്‍ സൃഷ്ടിക്കുന്ന കലപില ശബ്ദമാണ് ക്ഷേത്രപരിസരത്തെ മൗനം ഭഞ്ജിപ്പിക്കുന്നത്.

കളരിവാതുക്കലെ പ്രധാന ഉത്സവം പൂരാഘോഷമാണ്. മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരംവരെയാണ് ഉത്സവകാലം. ഉത്സവത്തിലെ പ്രധാന ചടങ്ങ് തിടമ്പെഴുന്നെള്ളത്താണ്. ഇക്കാലത്ത് നമ്പൂതിരിമാരുടെ തിടമ്പുനൃത്തവും പെരുവണ്ണാന്‍ സമുദായക്കാരുടെ തെയ്യക്കോലം കെട്ടിയുള്ള പെരുങ്കളിയാട്ടവും അമ്മയുടെ തിരുമുമ്പില്‍ നടത്തപ്പെടുന്നു. ക്ഷേത്രത്തിനുള്ളില്‍ ആചാരവിധിപ്രകാരമുള്ള അനുഷ്ഠാനകര്‍മ്മങ്ങളും പൂജകളും നടക്കുമ്പോള്‍ പുറത്ത് കളിയാട്ടം തിമിര്‍ക്കുന്ന ക്ഷേത്രഭൂമിയാണ് കളരിവാതുക്കല്‍.

തിടമ്പെഴുന്നെള്ളത്ത് ദേവിയുടെ ദേശസഞ്ചാരത്തിന്‍റെ മാറ്റുകൂട്ടുന്ന ചടങ്ങാണ്. ആയില്യം നാള്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൊട്ടടുത്ത് ശിവേശ്വരം ക്ഷേത്രത്തിലും തിടമ്പെഴുന്നെള്ളിച്ചുകൊണ്ടുപോകും. മകത്തിന് യക്ഷിക്കോട്ടയിലേയ്ക്കും പൂരംനാള്‍ രാവിലെ മുളവനം ക്ഷേത്രത്തിലേയ്ക്കും ഇതുപോലെ എഴുന്നെള്ളത്ത് ഉണ്ടാകും. പിറ്റേന്ന് പുലര്‍ച്ചയ്ക്ക് മൂന്നുമണിക്ക് ചിറക്കല്‍ ചിറയില്‍ ആറാട്ടാണ്. പൂരം കളി കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെഴുന്നെള്ളുന്നതോടെ പൂരോത്സവത്തിന് പരിസമാപ്തിയാകും. 

കലശം എന്ന പേരിലറിയപ്പെടുന്ന പെരുങ്കളിയാട്ടം ഇടവത്തിലാണ് കൊണ്ടാടുന്നത്. ഏറ്റവും വലിയ തിരുമുടി എഴുന്നെള്ളത്ത് ഇവിടുത്തെ തെയ്യാഘോഷത്തിന്‍റെ ഭാഗമാണ്. വേറെ ആറുതെയ്യക്കോലങ്ങളും ഒരേസമയത്ത് കെട്ടി ആടിക്കുന്നു. മേടത്തില്‍ വിഷു ഉത്സവവും വിഷുവിളക്കും കണിയൊരുക്കും ഇവിടെ പ്രധാനമാണ്. കന്നിയില്‍ നവമി വിളക്കാണ് പ്രധാനം. 

നവരാത്രിയുമായി ബന്ധപ്പെട്ട സരസ്വതി പൂജയും വിദ്യാരംഭവുമെല്ലാം ഇവിടെ ആഘോഷമായി കൊണ്ടാടപ്പെടുന്നു. തുലാത്തിലെ പതിനാലുദിവസത്തെ പാട്ടുത്സവവും വൃശ്ചികത്തില്‍ തുടങ്ങുന്ന മണ്ഡലപൂജയും വാളെഴുന്നെള്ളിപ്പും ധനുമാസത്തിലെ നാഗപൂജയും മകരത്തിലെ പാട്ടുത്സവവും മകരം 8 ന് നടക്കുന്ന കളത്തിലരിയും പാട്ടും കുംഭത്തിലെ ശിവപൂജയും കളരിവാതുക്കല്‍ ക്ഷേത്രത്തിലെ മറ്റു പ്രധാന ചടങ്ങാണ്. വടക്കേ ഇല്ലം, താഴത്തില്ലം, കിഴക്കേ ഇല്ലം, പായാരത്ത് ഇല്ലം എന്നീ ഇല്ലക്കാര്‍ക്കാണ് ക്ഷേത്രത്തില്‍ ശാന്തികര്‍മ്മം നടത്തുന്നതിന് അവകാശം.

കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, പയ്യന്നൂര്‍, പഴയങ്ങാടി ഭാഗങ്ങളിലേയ്ക്ക് ഈ ക്ഷേത്രത്തിന് മുന്നിലൂടാണ് ബസ്സുകള്‍ പോകുന്നത്.