പിതൃമോക്ഷപുണ്യമേകി  ദക്ഷിണ അയോദ്ധ്യ

പിതൃമോക്ഷപുണ്യമേകി ദക്ഷിണ അയോദ്ധ്യ

HIGHLIGHTS

ദക്ഷിണ അയോധ്യ എന്ന് പുകള്‍പെറ്റ  കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രംچ പിതൃമോക്ഷകര്‍മ്മങ്ങള്‍ക്ക് ഏറെ പേര് കേട്ടയിടമാണ്. ഐതിഹ്യപ്പെരുമയും ചരിത്രപ്രാധാന്യവും ഒത്തുചേര്‍ന്ന ഈ മഹാക്ഷേത്രം പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ന്‍റെ അവതാര ഉദ്ദേശം പൂര്‍ത്തിയാക്കി. തനിക്ക് മുന്നിലെത്തുന്നവരെയെല്ലാം, സമാശ്വാസമേകി സാന്ത്വനിപ്പിച്ച ശേഷം, സരയൂനദിയില്‍, വിലയിക്കുന്ന ഭാവത്തിലാണ് കരിമ്പുഴയില്‍ ശ്രീരാമസ്വാമി കുടികൊള്ളുന്നത്. ക്ഷേത്രത്തെ വലം വച്ച് ഒഴുകുന്ന 'കരിമ്പുഴ പുഴ'യ്ക്ക്, സരയൂനദിയുടെ ആദ്ധ്യാത്മിക ദീപ്തി ഉണ്ടെന്ന വിശ്വാസവും അതുകൊണ്ടുതന്നെയാണ്.

അവതാരലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി, സ്വര്‍ഗ്ഗാരോഹണത്തിനായി പോകുന്ന വിധത്തിലുള്ള അത്യപൂര്‍വ്വ ഭാവമായതിനാല്‍, ലളിതവും, ആര്‍ഭാടരഹിതവുമായ ചിട്ടവട്ടങ്ങളാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു സവിശേഷത. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, പൂജാദികര്‍മ്മങ്ങള്‍ എല്ലാം വേഗത്തില്‍ നടപ്പാക്കുന്ന രീതിയാണിവിടെ. രാവിലെയും വൈകിട്ടും പൂജകള്‍ ധൃതി പിടിച്ച് വേഗത്തില്‍ തീര്‍ക്കും. കാരണം പൂജകള്‍ കഴിഞ്ഞ് വേണം ഭഗവാന് സരയൂപ്രവേശം നടത്താനെന്നാണ് വിശ്വാസം.

സാമൂതിരിയുടെ അനന്തരാവകാശി ഏറാള്‍പ്പാട് രാജയുടെ അധീനതയിലുള്ള ക്ഷേത്രമാണ് കരിമ്പുഴയിലേത്. പൗരാണിക ശില്‍പ്പകലാവൈദഗ്ദ്ധ്യം വിളിച്ചോതുന്ന വിധത്തിലാണ് ക്ഷേത്ര നിര്‍മ്മിതികള്‍. അത്യപൂര്‍വ്വമായ കൊത്തുപണികളാല്‍ സമൃദ്ധമാണിവിടം. ശ്രീകോവില്‍, നമസ്ക്കാരമണ്ഡലം, ചുറ്റമ്പലം, അഗ്രമണ്ഡപം എന്നിവയുമെല്ലാം തന്നെ ആധ്യാത്മിക വിശുദ്ധിയും, നിര്‍മ്മാണ ചാതുരിയും വിളംബരം ചെയ്യുന്ന വിധത്തിലാണ്.

സ്വര്‍ഗ്ഗാരോഹണ സന്നദ്ധനായി, സരയൂനദിയില്‍ ഇറങ്ങുന്നതിന് മുമ്പ് സര്‍വ്വര്‍ക്കും സര്‍വ്വാഭീഷ്ടങ്ങളും നല്‍കി അനുഗ്രഹിക്കാന്‍ സന്നദ്ധനായി, ഏകനായി നില്‍ക്കുന്ന വിധത്തിലാണ് പ്രതിഷ്ഠ. അതുകൊണ്ടുതന്നെ ഇവിടെയെത്തി ഭക്തിപൂര്‍വ്വം ഭഗവാനെ ഭജിക്കുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും ലഭ്യമാകും എന്നുതന്നെയാണ് അടിയുറച്ച വിശ്വാസം. അതുകൊണ്ടുതന്നെ കന്മഷങ്ങള്‍ എല്ലാമകറ്റി, കുടുംബഐശ്വര്യത്തിനായി കരിമ്പുഴ പെരുമാള്‍ക്ക് മുന്നില്‍ അഞ്ജലീബദ്ധരായി എത്തുന്ന ഭക്തര്‍ നാള്‍ക്കുനാള്‍ ഏറി വരികയാണ്.

ഭഗവാന്‍റെ എല്ലാ കാര്യങ്ങളും നിതാന്ത ജാഗ്രതയോടെ കാത്തരുളി തൊട്ടടുത്തുതന്നെ കുടികൊള്ളുകയാണ് ഹനുമാന്‍ സ്വാമി. ശ്രീരാമചന്ദ്രദേവന്‍റെ നിര്‍ദ്ദേശാനുസരണം തന്‍റെ ഭക്തരുടെ വിഷമതകള്‍ എല്ലാം അകറ്റുവാന്‍ സദാ സന്നദ്ധനാണ് ഹനുമാന്‍ സ്വാമിയും.
കൂടാതെ, പരമശിവന്‍, ശ്രീപാര്‍വ്വതി, ഗണപതി, ശാസ്താവ്, തിരുവളയനാടുകാവ് ഭഗവതി, ചമ്രവട്ടത്ത് അയ്യപ്പന്‍ എന്നീ ഉപദേവതകളും കരിമ്പുഴ ക്ഷേത്രത്തിലുണ്ട്. കുംഭമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് ഉത്സവകൊടിയേറ്റം. ഏഴാം നാളിലാണ് ആറാട്ട്. ഇതിനുപുറമെ, നവരാത്രി തുടങ്ങിയ  ഉത്സവങ്ങള്‍ ഒക്കെ അത്യധികം പ്രാധാന്യത്തോടെയാണ് ഇവിടെ നടത്തിവരുന്നത്.

ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണ യാത്രയുമായി ബന്ധപ്പെട്ട ഐതിഹ്യമായതുകൊണ്ട് തന്നെയാണ്, പിതൃമോക്ഷദായകകര്‍മ്മങ്ങള്‍ക്ക് കരിമ്പുഴ ക്ഷേത്രം ഇത്രയധികം പ്രസിദ്ധമായിട്ടുള്ളതും. നിത്യവും ബലികര്‍മ്മങ്ങള്‍ നടക്കുന്നയിടമാകയാല്‍, പുലര്‍ച്ചെ തൊട്ടേ ഇവിടേക്ക് നാനാദിക്കുകളില്‍ നിന്നും, ഭക്തരെത്തുന്നു. കര്‍ക്കിടകവാവ് പോലെയുള്ള വിശിഷ്ട ദിനങ്ങളിലാകട്ടെ വന്‍ഭക്തജനപ്രവാഹമാണ് കരിമ്പുഴയിലുണ്ടാവുക... കര്‍ക്കിടകവാവ് ദിവസത്തെ ആനയൂട്ടും ഏറെ പ്രസിദ്ധമാണ്.

ഭഗവാന്‍റെ തേജസ്സും ചൈതന്യവും, പ്രകൃതി പോലും തിരിച്ചറിയുന്ന കാഴ്ചകളാണ് കരിമ്പുഴയിലും പരിസരത്തുമെല്ലാം അലയടിക്കുന്നത്. നേരെയൊഴുകിയിരുന്ന പുഴ, ഭഗവാന് മുന്നില്‍ ദണ്ഡനമസ്ക്കാരം ചെയ്യാനെന്ന വിധത്തില്‍  ക്ഷേത്രത്തിന് തൊട്ടരികിലൂടെ വഴിമാറി ഒഴുകുന്ന കാഴ്ച ഏത് ഭക്തനെയാണ് ആഹ്ലാദചിത്തനാക്കാത്തത്. ഈ കരിമ്പുഴയിലാണ് ആചാര്യനിര്‍ദ്ദേശപ്രകാരം പിതൃകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുശേഷം, മുങ്ങിനിവരുന്നത്. ഏത് പ്രളയകാലത്തും, പുഴയില്‍ എത്രയധികം വെള്ളം ഉയര്‍ന്നാലും, ക്ഷേത്രത്തിന്‍റെ നിത്യ അനുഷ്ഠാനങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തില്‍, പ്രളയഭീതി ഉണ്ടാകാറില്ലെന്നത് അനുഭവ സാക്ഷ്യമാണ്....

കരിമ്പുഴയാറിനരികെ നിന്നാല്‍തന്നെ ഗ്രാമവിശുദ്ധിയുടെ നേര്‍ചിത്രം നമുക്കുള്ളില്‍ തെളിയും. ഹരിതാഭ നിറഞ്ഞ കാഴ്ചകളാണ് എവിടെയും. ഇലച്ചാര്‍ത്തുകള്‍ ഇളകിനിറയുന്ന ആല്‍വൃക്ഷത്തിനുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്ന കൊടിമരക്കാഴ്ച ദൂരത്ത് നിന്നേ കാണാം. അഞ്ജലീബദ്ധരായി നമുക്ക് മുന്നോട്ട് നടക്കാം. 

നെയ്വിളക്കുകളുടെ ദീപ്തപ്രഭയില്‍ അനുഗ്രഹം ചൊരിയുന്ന ഭഗവാനെ നിറമിഴികളോടെ വന്ദിക്കാം. നൊമ്പരങ്ങള്‍ ഇറക്കിവയ്ക്കാം. എവിടെനിന്നോ എത്തുന്ന നനുത്ത കാറ്റില്‍ ഭഗവാന്‍റെ ദിവ്യ സാന്ത്വനങ്ങള്‍ അനുഭവിച്ചറിയാം.

എത്ര പറഞ്ഞാലും തീരുന്നതല്ല, കരിമ്പുഴ ഭഗവാന്‍റെ പ്രകീര്‍ത്തനങ്ങള്‍. അത് ഓരോ ഭക്തനും അനുഭവിച്ചുതന്നെ അറിയേണ്ടതാണ്, എന്നെന്നും മനസ്സില്‍ ദിവ്യാനുഭവമായി സൂക്ഷിക്കേണ്ടതുമാണ്.

കരിമ്പുഴയിലെ മുഖംതിരി പടഹാരം

കരിമ്പുഴ ക്ഷേത്രത്തിലെ അത്യപൂര്‍വ്വ ചടങ്ങാണ് മുഖംതിരി പടഹാരം. ചരിത്ര സംഭവങ്ങളുമായി ഇതള്‍ചേര്‍ന്ന് നില്‍ക്കുന്ന ചടങ്ങുകൂടിയാണിത്. ശ്രീരാമചന്ദ്രദേവന്‍റെ വിഗ്രഹവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഐതിഹ്യമാണ് ഈ ചടങ്ങിന് പുറകിലുള്ളത്.
കരിമ്പുഴ ക്ഷേത്രം പുതുക്കിപ്പണിയാന്‍ ഏറാള്‍പ്പാട് രാജ തീരുമാനിച്ചു. 

പുനഃപ്രതിഷ്ഠയ്ക്കായി വിഗ്രഹം പുറത്തെടുത്തപ്പോള്‍, അതില്‍ കേടുപാടുകള്‍ കണ്ടെത്തിയതായി തന്ത്രി അറിയിച്ചു. പുതിയ വിഗ്രഹം നിര്‍മ്മിക്കുവാന്‍ സമയമില്ലാത്ത അവസ്ഥ. അപ്പോഴാണ് അടുത്തുള്ള കൈപ്പടത്ത് നായരുടെ തറവാട്ടില്‍ ലക്ഷണമൊത്ത ശ്രീരാമവിഗ്രഹം ഉള്ളതായി അറിഞ്ഞത്. ഏറാള്‍പ്പാടിന്‍റെ നിര്‍ദ്ദേശപ്രകാരം ആ വിഗ്രഹം കൈപ്പടത്ത് നായര്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു. കിഴക്കോട്ട് ദര്‍ശനമായി ഭഗവാന്‍റെ പ്രതിഷ്ഠയും നടത്തി. പ്രതിഷ്ഠാവേളയില്‍ സങ്കടം സഹിക്ക വയ്യാതെ കൈപ്പടത്ത് നായര്‍ വിലപിക്കാന്‍ തുടങ്ങി. അതുകണ്ട് ഇപ്പോള്‍ വിഗ്രഹം കിഴക്കാണ്, അത് പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്നാല്‍ നായര്‍ക്ക് അവകാശപ്പെട്ടതാണെന്ന് തന്ത്രി വിധിക്കുകയും ചെയ്തു. അന്ന് നടയടച്ച് മൂന്നാംനാള്‍ തുറക്കാമെന്നും തീരുമാനിച്ചു.

മൂന്നാംനാള്‍ നടതുറന്നപ്പോഴാണ്, മഹാത്ഭുതം, വിഗ്രഹം പടിഞ്ഞാറേക്ക് തിരിഞ്ഞിരിക്കുന്നു.. അപ്പോഴാണ് ആത്മാര്‍ത്ഥ ഭക്തനെ വേദനിപ്പിച്ചുവെന്ന ബോധം ഏറാള്‍പ്പാടിനുണ്ടായത്. അതിനുള്ള ദോഷപരിഹാരാര്‍ത്ഥമായും, കൈപ്പടത്ത് നായരേയും, ഒപ്പമുണ്ടായിരുന്നവരേയും, സമാശ്വസിപ്പിക്കുന്നതിനായും എല്ലാവര്‍ഷവും 'മുഖം തിരി പടഹാരം' എന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. ക്ഷേത്രത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഈ ചടങ്ങിന് അതുകൊണ്ടുതന്നെ സവിശേഷ പ്രാധാന്യമാണുള്ളത്.

കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം: ഫോണ്‍: 8304091033
ഫോട്ടോ: പ്യാരിലാല്‍ പാട്യം.

Photo Courtesy - jyothisharathnam