കര്‍ക്കടകവും ആത്മീയാചരണങ്ങളുടെ അനിവാര്യതയും

കര്‍ക്കടകവും ആത്മീയാചരണങ്ങളുടെ അനിവാര്യതയും

HIGHLIGHTS

കേരളത്തില്‍ കര്‍ക്കടകമാസം 'രാമായണമാസം' എന്ന പേരിലാണ് ഏറെ പ്രസിദ്ധം. ഈ മാസമൊട്ടാകെ ഓരോ കുടുംബത്തിലും ക്ഷേത്രത്തിലും ആധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിപൂര്‍വ്വം പാരായണം ചെയ്യുന്ന പാരമ്പര്യം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. മഴക്കാലത്ത് വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ശ്രീരാമനാമം ജപിക്കുകയും രാമായണ പാരായണം നടത്തുകയും ചെയ്യുന്നത് മനസ്സിന് സമാധാനവും കുടുംബത്തിന് ഐക്യവും ആത്മീയ ഉണര്‍വ്വും നല്‍കുമെന്നാണ് വിശ്വാസം. രാമായണ പാരായണം ധര്‍മ്മബോധവും സദാചാരവും ഭക്തിയും വളര്‍ത്തുകയും ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നു.

 

 

ശക്തി ആരാധനയുടെ മഹിമ

കര്‍ക്കടകമാസം ദേവീ ഉപാസനയുടെ മാസം കൂടിയാണ്. ഭൂമിദേവി അമ്മയായി അവതരിച്ച മാസമാണിതെന്നും, പാര്‍വതിദേവിയുടെ തപസ്സില്‍ സന്തുഷ്ടനായ പരമശിവന്‍ ഈ മാസം ദേവിക്ക് സമര്‍പ്പിച്ചുവെന്നുമാണ് ഐതിഹ്യം. അതിനാല്‍ ഈ മാസത്തില്‍ ദുര്‍ഗ്ഗ, ഭദ്രകാളി, ഭഗവതി, രാജരാജേശ്വരി, ലളിതാംബിക തുടങ്ങി അമ്മന്‍ക്ഷേത്രങ്ങളില്‍ വിശേഷപൂജകളും ഹോമങ്ങളും നടക്കുന്നു. പ്രത്യേകിച്ച് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ദേവീക്ഷേത്രദര്‍ശനം, കുങ്കുമാര്‍ച്ചന, ലളിതാസഹസ്രനാമപാരായണം, ദേവീമാഹാത്മ്യം പാരായണം എന്നിവ അത്യന്തം ശ്രേഷ്ഠമാണ്.

രാമായണ പാരായണ പാരമ്പര്യം

കേരളീയ സംസ്ക്കാരത്തിന് ഏറ്റവും മനോഹരമായ ആത്മീയ പാരമ്പര്യങ്ങളില്‍ ഒന്നാണ് കര്‍ക്കടക രാമായണ പാരായണം. ദിവസേന ഒരു കാണ്ഡം അല്ലെങ്കില്‍ നിശ്ചിതഭാഗങ്ങള്‍ വായിക്കുക. വൈകുന്നേരം നിലവിളക്ക് തെളിച്ച് കുടുംബസമേതം പാരായണം നടത്തുക. ഇതോടൊപ്പം ശ്രീരാമനാമജപം, ഹനുമാന്‍ ചാലീസ, വിഷ്ണുസഹസ്രനാമം എന്നിവയും ചേര്‍ത്തുജപിക്കുക. ഇതിലൂടെ കുടുംബത്തില്‍ സമാധാനം, ആരോഗ്യവര്‍ദ്ധന, ആത്മവിശ്വാസം, സന്താനസൗഭാഗ്യം, ദൈവാനുഗ്രഹം എന്നിവ വര്‍ദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കുലദേവതാ-ഗ്രാമദേവതാ ആരാധന

കര്‍ക്കടകമാസം കുലദേവത, ഗ്രാമദേവത, ഇഷ്ടദേവത എന്നിവരുടെ ആരാധനയ്ക്ക് അതീവ വിശിഷ്ടമായ കാലമാണ്. ഈ മാസത്തില്‍ കുലദേവതാക്ഷേത്രദര്‍ശനം നടത്തി കുടുംബസമേതം പ്രത്യേകപൂജകള്‍ നടത്തുന്നത് വംശപരമ്പരയുടെ അനുഗ്രഹവും കുടുംബഐക്യവും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രാമദേവതാരാധന ഗ്രാമത്തിന്‍റെ ക്ഷേമത്തിനും രോഗദുരിതനിവാരണത്തിനും കാരണമാകുമെന്നാണ് ആചാരവിശ്വാസം. ശിവപൂജ, വിഷ്ണുപൂജ, മഹാലക്ഷ്മീപൂജ, ദേവീപൂജ എന്നിവ ഭക്തിപൂര്‍വ്വം നിര്‍വ്വഹിക്കുന്നത് ആത്മീയശാന്തിയും ഐശ്വര്യവും ആരോഗ്യവും ദൈവകൃപയും പ്രദാനം ചെയ്യുന്നു. കൂടാതെ വ്യക്തിയുടെയും കുടുംബത്തിന്‍റെയും ആത്മീയ ഉന്നമനത്തിനും ജീവിതവിജയത്തിനും ശക്തമായ അടിത്തറ നല്‍കുന്നു.

പിതൃകര്‍മ്മങ്ങള്‍

കര്‍ക്കടകത്തിലെ അമാവാസി ദിനം പിതൃആരാധനയ്ക്കും, പൂര്‍വ്വികസ്മരണയ്ക്കും അതീവ പുണ്യപ്രദമാണ്. ഈ ദിവസം തര്‍പ്പണം, ശ്രാദ്ധം, പിണ്ഡപ്രദാനം, അന്നദാനം, ബ്രാഹ്മണഭോജനം എന്നിവ ഭക്തിപൂര്‍വ്വം നിര്‍വ്വഹിക്കുന്നത് പിതൃദേവതകളെ സന്തോഷിപ്പിക്കുകയും അവരുടെ അനുഗ്രഹം ലഭിക്കാനും കാരണമാകുന്നു. പുണ്യനദികളിലോ കടല്‍ത്തീരങ്ങളിലോ സ്നാനം ചെയ്ത് തിലതര്‍പ്പണം നടത്തുന്നത് പ്രത്യേക ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. പിതാക്കന്മാരോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുന്ന ഈ ആചാരം കുടുംബത്തില്‍ സമാധാനം, ഐക്യം, ആരോഗ്യസംരക്ഷണം, സന്താനസൗഭാഗ്യം, ഐശ്വര്യം എന്നിവ വര്‍ദ്ധിപ്പിക്കും.

ഏകാദശിവ്രതം

കര്‍ക്കടക ശുക്ലപക്ഷ ഏകാദശി മുതല്‍ കാര്‍ത്തിക ശുക്ലപക്ഷ ഏകാദശിവരെ പ്രതിമാസം ഏകാദശിവ്രതം അനുഷ്ഠിക്കുന്നത് വിഷ്ണുഭക്തര്‍ക്ക് അത്യന്തം ശ്രേഷ്ഠമായ ആചാരമാണ്. ഈ വ്രതം മനസ്സിനും ശരീരത്തിനും ശുദ്ധി നല്‍കുകയും കുടുംബത്തില്‍ സമാധാനം, ഐശ്വര്യം, ആരോഗ്യസൗഖ്യം എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ദ്വാദശി ദിനത്തില്‍ ഭക്തിപൂര്‍വ്വം വിഷ്ണുപൂജ, തുളസീപൂജ, അശ്വത്ഥവൃക്ഷ പ്രദക്ഷിണം എന്നിവ നടത്തുന്നത് മഹാപുണ്യം നല്‍കുന്ന അനുഷ്ഠാനങ്ങളായി കണക്കാക്കപ്പെടുന്നു. വിഷ്ണുസഹസ്രനാമം, ശ്രീമദ് ഭഗവത്ഗീത, ശ്രീരാമനാമജപം എന്നിവ പാരായണം ചെയ്യുന്നതും അത്യന്തം ഫലപ്രദമാണ്.

തുളസീപൂജ

കര്‍ക്കടക ശുക്ല ദ്വാദശി മുതല്‍ കാര്‍ത്തിക ശുക്ല ദ്വാദശിവരെ സ്ത്രീകള്‍ ഭക്തിപൂര്‍വ്വം ദിവസേന തുളസീപൂജ അനുഷ്ഠിക്കുന്നത് അതീവ പുണ്യകരമായ ആചാരമാണ്. മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധ സസ്യമാണ് തുളസി. നിലവിളക്ക് തെളിച്ച് തുളസിക്ക് ജലം അര്‍പ്പിക്കുകയും ദീപം കാട്ടി ശ്രീവിഷ്ണുനാമജപം, ശ്രീസൂക്തം അല്ലെങ്കില്‍ വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുന്നത് ഉത്തമമാണ്. ഈ വ്രതം മനോരഥസിദ്ധി, കുടുംബസൗഖ്യം, ഐശ്വര്യം, സന്താനസൗഭാഗ്യം, മംഗല്യം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യും.

മഹാലക്ഷ്മി ആരാധന

കര്‍ക്കടകമാസത്തിലെ എല്ലാ വെള്ളിയാഴ്ചകളും മഹാലക്ഷ്മി ആരാധനയ്ക്ക് അതീവ വിശിഷ്ടമായ ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ മഹാലക്ഷ്മിക്ക് പൂജ നടത്തുകയും നിലവിളക്ക് അലങ്കരിച്ച് ദീപാരാധനനടത്തുകയും ശ്രീസൂക്തം കനകധാരാ സ്തോത്രം ലക്ഷ്മി അഷ്ടോത്തരശതനാമാവലി എന്നിവ ഭക്തിപൂര്‍വ്വം പാരായണം ചെയ്യുക. താമരപ്പൂവ്, മഞ്ഞള്‍, കുങ്കുമം, നെയ്വിളക്ക് എന്നിവ സമര്‍പ്പിച്ച് ആരാധിക്കുന്നത് ധനസമൃദ്ധി, ഗൃഹമംഗളം, ഐശ്വര്യം,  മംഗല്യം, മനഃശാന്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

ആടിപ്പൂരം-ആണ്ടാള്‍ മഹോത്സവം

കര്‍ക്കടകമാസത്തില്‍ ആഘോഷിക്കുന്ന ആടിപ്പൂരം ശ്രീ ആണ്ടാളിന്‍റെ അവതാരദിനമാണ്. വൈഷ്ണവ സമ്പ്രദായത്തില്‍ അതീവവിശിഷ്ടമായ ഈ ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ഉത്സവങ്ങളും നടക്കുന്നു. തിരുപ്പാവൈ, നാച്ചിയാര്‍ തിരുമൊഴി, തിരുപ്പള്ളാണ്ട് എന്നിവ ഭക്തിപൂര്‍വ്വം പാരായണം ചെയ്യുന്നത് മഹാവിഷ്ണുവിന്‍റെയും ശ്രീ ആണ്ടാളിന്‍റെയും അനുഗ്രഹം നേടാന്‍ സഹായിക്കുമെന്ന് വിശ്വാസമുണ്ട്. വിവാഹമംഗല്യം, സന്താനസൗഭാഗ്യം, കുടുംബഐക്യം, ഭക്തിവര്‍ദ്ധനം എന്നിവയ്ക്കായി സ്ത്രീകളും ഭക്തജനങ്ങളും ഈ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും വ്രതാനുഷ്ഠാനങ്ങളും നടത്തുന്നു.

ഗജേന്ദ്രമോക്ഷ മഹിമ

കര്‍ക്കടക മാസത്തില്‍ നിരവധി മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ഗജേന്ദ്രമോക്ഷോത്സവം ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു. മുതലയുടെ പിടിയില്‍ അകപ്പെട്ട ഗജേന്ദ്രനെ ശ്രീമഹാവിഷ്ണു സുദര്‍ശനചക്രം പ്രയോഗിച്ച് രക്ഷിച്ച പുരാണസംഭവത്തിന്‍റെ സ്മരണയാണ് ഈ ഉത്സവം. പരമശരണാഗതി സ്വീകരിക്കുന്ന ഭക്തനെ ഭഗവാന്‍ ഒരിക്കലും കൈവിടില്ലെന്ന മഹത്തായ സന്ദേശമാണ് ഗജേന്ദ്രമോക്ഷം നല്‍കുന്നത്. ഈ ദിനത്തില്‍ വിഷ്ണുസഹസ്രനാമപാരായണം, ശ്രീരാമനാമജപം, ക്ഷേത്രദര്‍ശനം എന്നിവ നടത്തുക.

പതിനെട്ടാം പെരുക്ക്

ആടി പതിനെട്ട് അഥവാ പതിനെട്ടാം പെരുക്ക്, തമിഴ്- ദ്രാവിഡ സംസ്ക്കാരത്തിലെ അതിപുരാതനമായ ഒരു പുണ്യാഘോഷമാണ്. കര്‍ക്കടക മാസത്തിലെ പതിനെട്ടാം ദിവസം നദികളുടെയും ജലസമ്പത്തിന്‍റെയും പ്രകൃതിയുടെയും മഹത്വം സ്മരിച്ചുകൊണ്ട് ഈ ഉത്സവം ആചരിക്കുന്നു. അന്നേദിവസം നദീതീരങ്ങളില്‍ പൂജകള്‍ നടത്തുകയും ജലദേവതയെ വണങ്ങുകയും അന്നദാനവും ദാനധര്‍മ്മങ്ങളും നിര്‍വഹിക്കുകയും ചെയ്യുന്നത് പുണ്യകരമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കല്‍, വിദ്യാരംഭം, കൃഷി, വിത്ത് വിതയ്ക്കല്‍, വ്യാപാരാരംഭം, ദാനധര്‍മ്മങ്ങള്‍ എന്നിവയ്ക്ക് ഈ ദിവസം അത്യന്തം ശുഭകരമായി കണക്കാക്കപ്പെടുന്നു.

വരലക്ഷ്മീവ്രതം

കര്‍ക്കടകമാസത്തിലെ അവസാന വെള്ളിയാഴ്ചയിലോ ശ്രാവണമാസാരംഭത്തോട് അനുബന്ധിച്ച് ശുഭദിനത്തിലോ ആചരിക്കുന്ന വരലക്ഷ്മിവ്രതം മഹാലക്ഷ്മിയുടെ അനുഗ്രഹം പ്രാപിക്കുന്ന അതിപുണ്യകരമായ വ്രതമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ ഭക്തിപൂര്‍വ്വം ഈ വ്രതം അനുഷ്ഠിച്ച് മഹാലക്ഷ്മിയെ പൂജിക്കുകയും കലശസ്ഥാപനം, ദീപാരാധന, ശ്രീസൂക്ത പാരായണം, ലക്ഷ്മി അഷ്ടോത്തരശതനാമാവലി എന്നിവ നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ വ്രതം മംഗല്യം, കുടുംബക്ഷേമം, ഐശ്വര്യം,  സന്താനസൗഭാഗ്യം, ആരോഗ്യം, ഗൃഹസമൃദ്ധി എന്നിവ പ്രദാനം ചെയ്യും.

ആരോഗ്യവും പരിസ്ഥിതിയും

കര്‍ക്കടകം മഴക്കാലമായതിനാല്‍ ആരോഗ്യസംരക്ഷണത്തിനും പ്രകൃതിയോടൊത്ത ജീവിതശൈലി പിന്തുടരുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ കാലത്ത് വേപ്പില ഉപയോഗിച്ചുള്ള പൂജയും ശുചീകരണവും കഞ്ഞി, കൂഴ് പോലുള്ള ലഘുവും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍, ആയുര്‍വേദ ജീവിതരീതി, ശുചിത്വപരിപാലനം എന്നിവ ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമാണ്. മഴക്കാല രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു. അതുപോലെ പ്രധാനമാണ് ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ഉപയോഗിക്കുകയും ചെയ്യുന്നത്. ആത്മീയാചരണത്തോടൊപ്പം ആരോഗ്യകരമായ ജീവിതരീതിയും പിന്തുടരുന്നതിലൂടെ കര്‍ക്കിടകമാസം ശരീരത്തിനും മനസ്സിനും ആത്മാവിനും നവോന്മേഷം പകരുന്ന വിശുദ്ധകാലമായി മാറുന്നു.

കര്‍ക്കടകം പീഠമാസം

കര്‍ക്കടകം ഒരിക്കലും പീഡമാസമല്ല, പീഠമാസമാണ്. അതായത് മനസ്സെന്ന പീഠത്തില്‍ ദൈവത്തെ പ്രതിഷ്ഠിച്ച് ഭക്തിയോടെയും ധ്യാനത്തോടെയും ആരാധിക്കേണ്ട വിശുദ്ധകാലം. ഈ മാസം ജപം, ധ്യാനം, രാമായണ പാരായണം, ദേവീ- വിഷ്ണു- ശിവാരാധന, ദാനം, വ്രതാനുഷ്ഠാനം എന്നിവയിലൂടെ ആത്മശുദ്ധിയും മാനസികശാന്തിയും ഭക്തിവര്‍ദ്ധനവും കൈവരിക്കാനാകുന്നു. കര്‍ക്കടമാസം ആത്മീയ നവോത്ഥാനത്തിന്‍റെയും ദൈവാനുഗ്രഹത്തിന്‍റെയും ഭക്തിജീവിതത്തിന്‍റെയും പുനരുജ്ജീവനത്തിന്‍റെയും മഹത്തായ അവസരമാണ്. അതിനാല്‍ തികഞ്ഞ വിശ്വാസത്തോടും, ഭക്തിയോടും ആത്മപരിശോധനയോടും കൂടി കര്‍ക്കടകമാസം ആചരിക്കുകയാണ് സനാതനധര്‍മ്മത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം.

ഡോ: ബ്രഹ്മശ്രീ പാടൂര്‍ സുബ്രഹ്മണ്യശാസ്ത്രികള്‍
ഫോണ്‍: 08943340423