പരദേവതയെക്കുറിച്ച് വ്യക്തതയില്ലാത്തവർക്ക് ഉത്തമം; കർക്കടക മാസത്തിലെ 'ഏഴമ്പല ദർശനം' അറിയാം..
കർക്കടകമാസത്തിൽ ഭഗവതി ക്ഷേത്രദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. ഈ കാലയളവിൽ ഭദ്രകാളിക്ക് കടുംപായസ നിവേദ്യം, ഗുരുതി പുഷ്പാഞ്ജലി, പൂമാല ചാർത്തൽ, പട്ടുചാർത്തൽ തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് ഭക്തർ പതിവായി അനുഷ്ഠിച്ചുവരുന്നു. 'ഏഴമ്പല ദർശനം' കർക്കടക മാസത്തിൽ ഉത്തമം എന്നാണ് വിശ്വാസം.
ഒരു ദിവസം കൊണ്ട് പരമാവധി ഭഗവതി ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ അനുയോജ്യമായ സ്ഥലങ്ങളിലൊന്നായി എറണാകുളം ജില്ലയിലെ ഏലൂർ അറിയപ്പെടുന്നു. ഏലൂർ വടക്കുഭാഗത്തെ പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രം, നാറാണത്ത് ഭ്രാന്തൻ പ്രതിഷ്ഠിച്ചതായി വിശ്വസിക്കപ്പെടുന്ന നാറാണത്ത് മഹാവിഷ്ണു ക്ഷേത്രം, കണ്ടെയ്നർ ടെർമിനൽ റോഡിന് സമീപത്തെ ഇലഞ്ഞിക്കൽ ഭഗവതി ക്ഷേത്രവും ശിവക്ഷേത്രവും, ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുള്ള ഏലൂർ കിഴക്കുഭാഗം ദേവീക്ഷേത്രം, ഐ.എ.സി. കമ്പനിക്ക് സമീപത്തെ കൂട്ടക്കാവ് ഭഗവതി ക്ഷേത്രം എന്നിവയെല്ലാം ഒരേ ദിവസം സന്ദർശിക്കാനാകും.
ഭഗവതി ക്ഷേത്രങ്ങൾക്കൊപ്പം ഇലഞ്ഞിക്കൽ ശിവക്ഷേത്രം, നാറാണത്ത് മഹാവിഷ്ണു ക്ഷേത്രം, മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തുന്നത് ശൈവ, വൈഷ്ണവ, ശാക്തേയ സങ്കൽപ്പങ്ങളിലെ മൂന്ന് ദൈവിക ശക്തികളുടെയും അനുഗ്രഹം തേടാനുള്ള അവസരമായാണ് ഭക്തർ കണക്കാക്കുന്നത്. കുടുംബപരദേവതയെക്കുറിച്ച് വ്യക്തതയില്ലാത്തവർ ഇത്തരം ദർശനയാത്ര നടത്തുന്നത് ഉത്തമമാണെന്നും വിശ്വാസമുണ്ട്.
ദർശനക്രമമായി ആദ്യം മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുടർന്ന് നാറാണത്ത് മഹാവിഷ്ണു ക്ഷേത്രം, പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രം, ഇലഞ്ഞിക്കൽ ഭഗവതി ക്ഷേത്രവും ശിവക്ഷേത്രവും, ഏലൂർ കിഴക്കുഭാഗം ദേവീക്ഷേത്രം, ഒടുവിൽ കൂട്ടക്കാവ് ഭഗവതി ക്ഷേത്രം എന്ന രീതിയിലാണ് പലരും തീർഥയാത്ര നടത്തുന്നത്.
അതേസമയം, ഏലൂർ വടക്കുഭാഗത്തുനിന്ന് പ്രവേശിക്കുന്നവർക്ക് പാട്ടുപുരയ്ക്കൽ–നാറാണത്ത്–മഞ്ഞുമ്മൽ–ഇലഞ്ഞിക്കൽ–കിഴക്കുഭാഗം–കൂട്ടക്കാവ് എന്ന ക്രമത്തിലും, മറുവശത്തുനിന്ന് എത്തുന്നവർക്ക് കൂട്ടക്കാവിൽ നിന്ന് ആരംഭിച്ചും ഈ ദർശനയാത്ര പൂർത്തിയാക്കാം.
ഒറ്റ ദിവസം കൊണ്ട് ഏഴ് പ്രധാന ക്ഷേത്രങ്ങളിലെയും ദർശനം പൂർത്തിയാക്കുന്ന തീർഥയാത്രയാണ് ഭക്തർക്കിടയിൽ 'ഏഴമ്പല ദർശനം' എന്ന പേരിൽ അറിയപ്പെടുന്നത്.
