കര്‍ക്കിടകം ഇപ്പോള്‍ പുണ്യദായകമായ രാമായണമാസം

കര്‍ക്കിടകം ഇപ്പോള്‍ പുണ്യദായകമായ രാമായണമാസം

HIGHLIGHTS

കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണ് പഴമക്കാര്‍ പറയാറ്. പക്ഷേ മറ്റൊരു മാസങ്ങളിലും കാണാത്ത അനവധി വിശേഷദിനങ്ങള്‍ നിറഞ്ഞതാണ് കര്‍ക്കിടകം. ദുഷ്ടതകള്‍ നിവാരണം ചെയ്യുന്ന പുണ്യമാസം കൂടിയാണ് കര്‍ക്കിടകം. ഈ മാസത്തില്‍ ഈശ്വരഭജനം ചെയ്താല്‍ ദേവപദം ലഭിക്കും എന്നാണ് വിശ്വാസം. പഞ്ഞമാസമെന്നറിയപ്പെട്ടിരുന്ന കള്ളക്കര്‍ക്കിടകത്തെ പണ്ട് പലര്‍ക്കും ഭയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പുണ്യദായകമായ രാമായണമാസമായി മാറി.

ഭഗീരഥന്‍റെ തപസ്സാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ വേണ്ടി ഗംഗാദേവി ഭൂമിയിലൂടെ ഒഴുകാന്‍ തുടങ്ങിയത് കര്‍ക്കിടകത്തിലാണെന്ന് ഗംഗാമാഹാത്മ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

രാമനാമജപത്തിലൂടെ സമസ്ത ദുരിതങ്ങളില്‍ നിന്നും മോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കര്‍ക്കിടകത്തെ രാമായണ മാസമാക്കി തീര്‍ത്തത്. രാമായണ പാരായണം, രാമായണ ശ്രവണം ഒക്കെ ഈ മാസത്തില്‍ വളരെ നല്ലതാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍റെ ജീവിതകഥ വിവരിക്കുന്ന രാമായണ പാരായണത്തിലൂടെ വരുംതലമുറകള്‍ക്ക് അവയെപ്പറ്റിയുള്ള അറിവ് ലഭ്യമാക്കുന്നു എന്ന വസ്തുത അല്‍പ്പം ആശ്വാസം പകരുന്നു. ത്യാഗത്തിന്‍റെ കഥയാണ് രാമായണം. ആരുടെ ത്യാഗമാണ് വലുത് എന്നുപറയുവാന്‍ പറ്റാത്തവിധം രാമായണത്തിലെ ശ്രേഷ്ഠന്മാര്‍ തമ്മില്‍ മത്സരിക്കുന്നു.

തനിക്ക് നിയമപ്രകാരം അവകാശപ്പെട്ട അയോദ്ധ്യയിലെ രാജസിംഹാസനം അച്ഛന്‍റെ വാക്കുപാലിക്കാനായി ഉപേക്ഷിച്ച് വനാന്തരങ്ങളിലേക്ക് പോയ ശ്രീരാമന്‍, അമ്മ തനിക്കുവേണ്ടി സംഘടിപ്പിച്ചുതന്ന അയോദ്ധ്യയിലെ രാജസിംഹാസനം ഒന്ന് നോക്കുക പോലും ചെയ്യാതെ ജ്യേഷ്ഠന്‍റെ നിര്‍ദ്ദേശം പാലിക്കാന്‍ ഒരു കുഗ്രാമത്തില്‍ പര്‍ണ്ണശാലയുണ്ടാക്കി ശ്രീരാമന്‍റെ പാദുകങ്ങള്‍ വെച്ച് മുനിവേഷത്തോടെ രാജ്യസേവനം ചെയ്ത ഭരതന്‍, കൊട്ടാരത്തിലെ സുഖജീവിതം ഉപേക്ഷിച്ച് ഭര്‍ത്താവിനെ അനുഗമിക്കാന്‍ കൂര്‍ത്ത മുള്ളുകളും കല്ലുകളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ സഞ്ചരിച്ച സീത, സഹോദരനെ സേവിക്കാന്‍ തന്‍റെ പത്നിയോട് യാത്ര പറഞ്ഞ് വനത്തിലേക്ക് പോയ ലക്ഷ്മണന്‍, ഭര്‍ത്താവിനെ യാത്രയാക്കി വിരഹിണിയായി ജീവിതം തുടര്‍ന്ന ഊര്‍മ്മിള, സഹോദരനെ ഭരണത്തില്‍ സഹായിച്ച് മുനിവേഷത്തോടെ നന്ദിഗ്രാമത്തില്‍ താമസിച്ച ശത്രുഘ്നനും പത്നി ശ്രുതകീര്‍ത്തിയും, ഈ സഹോദരന്മാരുടെയും അവരുടെ പത്നിമാരുടെയും ത്യാഗം ലോകചരിത്രത്തില്‍ സമാനതയില്ലാതെ ഇന്നും തിളങ്ങിനില്‍ക്കുന്നു.

രാമനാമധ്വനിയും, ഗണപതി ഹോമവും, ത്രികാലപൂജയും നിറഞ്ഞുനില്‍ക്കുന്ന കര്‍ക്കിടകത്തില്‍ മംഗല്യവതികളും കന്യകമാരും എല്ലാ ദിവസവും തലമുടിയില്‍ ദശപുഷ്പം ചൂടണമെന്നത് നിര്‍ബന്ധമാണ്. എന്നും രാവിലെ കുളികഴിഞ്ഞ് കണ്ണെഴുതി ചാന്ത് ചാര്‍ത്തി ചന്ദനം തൊട്ട് ദശപുഷ്പം ചൂടി ശ്രീഭഗവതിയുടെ പ്രതിരൂപം എന്നപോലെ മംഗല്യവതികള്‍ ഒരുങ്ങണം.

കര്‍ക്കിടക സംക്രാന്തിക്ക് ഭഗവതിക്ക് വരവേല്‍പ്പ്

പഴയകാല നാടാചാരത്തിന്‍റെ ഓര്‍മ്മകളുമായി പല വീടുകളിലും കര്‍ക്കിടക സംക്രാന്തിയുടെ ചടങ്ങുകള്‍ നടക്കും. ചേട്ടയെ പുറത്താക്കി മഹാലക്ഷ്മിയായ ശ്രീഭഗവതിയെ വരവേല്‍ക്കുന്ന ദിവസമാണ് കര്‍ക്കിടക സംക്രമം. വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കി കര്‍ക്കിടകസംക്രമസന്ധ്യയില്‍ ചേട്ടയെ പുറത്താക്കും.
ചേട്ട പോ.. ശീപോതി വാ... എന്ന വായ്ത്താരിയുമായാണ് ഗൃഹനാഥ നേതൃത്വം നല്‍കി കുടുംബത്തില്‍ കര്‍ക്കിടക സംക്രമ സന്ധ്യാചടങ്ങുകള്‍ നടത്തുക. ശീപോതിയെന്നാല്‍ ഐശ്വര്യത്തിന്‍റെ പ്രതീകമായ മഹാലക്ഷ്മി.

കേടുവന്ന പഴയ മുറത്തില്‍ കരിക്കട്ട, മഞ്ഞള്‍, ചോറുരുള, അരി, ഉപ്പ്, മുളക് തുടങ്ങിയവ വയ്ക്കും. നാട്ടാചാരത്തില്‍ ചില സ്ഥലങ്ങളില്‍ സാധനങ്ങള്‍ക്ക് മാറ്റമുണ്ടാകും. സന്ധ്യാനേരത്ത് ഗൃഹനാഥ വീടിന് അകത്തും പുറത്തും നടന്ന് വായ്ത്താരി ചൊല്ലി കുറ്റിച്ചൂലുകൊണ്ട് ചേട്ടയെ പുറത്താക്കി മുറത്തിലെ സാധനങ്ങള്‍ ദൂരെ കൊണ്ടുപോയി കളയും. പിന്നീട് കുളിച്ചുവന്നാണ് ശ്രീഭഗവതിയെ വരവേല്‍ക്കുക. വീടിന്‍റെ മുന്‍വശത്ത് നിലവിളക്ക് കത്തിച്ചുവച്ചാണ് വരവേല്‍പ്പ്.

കര്‍ക്കിടകം ഒന്ന് മുതല്‍ ശീപോതിക്ക് വയ്ക്കല്‍ എന്നറിയപ്പെടുന്ന ശ്രീഭഗവതിയാരാധന വീടുകളില്‍ തുടങ്ങും. ദശപുഷ്പങ്ങളും തുളസിയും ഭഗവതിയുടെ പ്രതിരൂപമായ വാല്‍ക്കണ്ണാടിയും വെച്ചാണ് ആരാധന. കണ്‍മഷി, ചാന്ത്, കുങ്കുമം, ചന്ദനം തുടങ്ങിയവയും ഉണ്ടാകും.

ഇല്ലം നിറ

കര്‍ക്കിടകത്തിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ് ഇല്ലം നിറ. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും വരവറിയിക്കുന്ന ഇല്ലംനിറകള്‍ കര്‍ക്കിടകത്തിലെ അത്തം നാളിലാണ് മിക്ക ക്ഷേത്രങ്ങളിലും ആചരിക്കുന്നത്.

പാലാഴിമഥനത്തില്‍ നിന്നും ഉത്ഭവിച്ചവളും വിഷ്ണുവിന്‍റെ ധര്‍മ്മപത്നിയുമായ ലക്ഷ്മിഭഗവതി ധനധാന്യ ഐശ്വര്യാദികളുടെ ദേവതയായി ഉപാസിച്ചുവരുന്ന കേരളത്തില്‍ പൊതുവെ വിളവെടുപ്പിനോടനുബന്ധിച്ച് മുഹൂര്‍ത്തസമയത്ത് ശ്രീഭഗവതിയെ ഭക്ത്യാദരപൂര്‍വ്വം വരവേറ്റ് മഹാലക്ഷ്മിയായി പൂജിക്കുന്ന ചടങ്ങാണ് ഇല്ലംനിറ.
മഹാലക്ഷ്മിയുടെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ഈ ആചാരത്തില്‍ പങ്കുകൊള്ളുന്നതും പൂജിച്ച നെല്‍ക്കതിര്‍ ഭവനങ്ങളില്‍ സൂക്ഷിക്കുന്നതും ജീവിതത്തില്‍ സമസ്ത സൗഭാഗ്യങ്ങളും തരുമെന്നാണ് വിശ്വാസം.

കര്‍ക്കിടകത്തിലെ തിരുവോണം- പിള്ളേരോണം

ഇത് കര്‍ക്കിടക മാസത്തിലെ തിരുവോണമാണ്. പിള്ളേരോണം, കുഞ്ഞോണം എന്നൊക്കെ വിളിപ്പേരുള്ള ഈ ദിനം തൊട്ട് ഇരുപത്തെട്ടാം നാളാണ് ചിങ്ങത്തിരുവോണമെത്തുക. ഈ ദിവസം ഗൃഹഭരണം കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് മുതിര്‍ന്നവര്‍ മാറിനില്‍ക്കും. അതായിരുന്നു പണ്ടുകാലത്തെ പതിവ്. വരാനിരിക്കുന്ന തിരുവോണത്തിന്‍റെ മുന്നറിയിപ്പുമായി എത്തുന്നതാണ് പിള്ളേരോണം. പിള്ളേരൊക്കെ പണ്ട് ഇത് ആഘോഷമാക്കിയിരുന്നു.

കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. വിശപ്പടക്കി കര്‍ക്കിടക മഴയേയും ശപിച്ചുറങ്ങുന്ന ബാല്യങ്ങള്‍ കാത്തിരുന്നത് ഈ പിള്ളേരോണമാണ്. വരാനിരിക്കുന്ന സമൃദ്ധിക്കുവേണ്ടി അണിഞ്ഞൊരുങ്ങാന്‍ ഒരു ദിനം.
ഇന്ന് തറവാടുകളില്ല, കുട്ടിക്കൂട്ടങ്ങളില്ലാ, കുമ്മാട്ടിക്കളിയില്ല, പൂ പറിക്കലില്ലാ, ഊഞ്ഞാലാട്ടമില്ല, അങ്ങനെ പിള്ളേരോണവും ഓര്‍മ്മയായി. ഓണം മലയാളികള്‍ക്ക് കണ്‍സ്യൂമര്‍ ഫെസ്റ്റിവെല്ലായി ചുരുങ്ങി. എന്നാല്‍ കാലത്തിനൊപ്പം മാറിയെങ്കിലും ഓണക്കാലം മലയാളിക്ക് ഗൃഹാതുരത്വമൂറുന്ന ഓര്‍മ്മകളും അത് പകരുന്ന സന്തോഷവും ഒന്ന് വേറെ തന്നെയാണ്.

കര്‍ക്കിടകത്തിന് പിതൃബലി

കര്‍ക്കിടകത്തിലെ കറുത്ത വാവ് പിതൃക്കളുടെ ദിനമാണ്. പൊതുവില്‍ അമാവാസികള്‍ എല്ലാം തന്നെ പിതൃക്കള്‍ക്ക് പ്രാധാന്യമുള്ളതാണ്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കും ഉള്ളതാണെന്നാണ് ശാസ്ത്രം. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തേയ്ക്ക് പോകുന്നത്. ഇതിന്‍റെ ആരംഭമാണ് കര്‍ക്കിടകമാസം. കര്‍ക്കിടകത്തിലെ കറുത്ത പക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. അതില്‍ ആദ്യത്തെ കറുത്തവാവ് പിതൃബലിക്ക് ഏറ്റവും അനുഗുണവുമാണ്.

മനുഷ്യന്‍ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണ്  ശ്രാദ്ധം. അഗസ്ത്യമുനിപോലും പിതൃക്കളെ മോചിപ്പിക്കാന്‍ വിവാഹം കഴിക്കുകയും ശ്രാദ്ധം ഊട്ടുകയും ചെയ്തതായി പുരാണം പറയുന്നു. പിതൃക്കളുടെ തൃപ്തിക്കും അനുഗ്രഹത്തിനും വേണ്ടി അവരോടുള്ള നന്ദി- കൃതജ്ഞതാസ്മരണാദി ബഹുമാനങ്ങള്‍ ഭക്തിപൂര്‍വ്വം അനുഷ്ഠിക്കേണ്ടത് ആ പരമ്പരയില്‍പ്പെടുന്ന ജീവിച്ചിരിക്കുന്ന ആളുകളുടെ ജീവിതധര്‍മ്മമാണ്. ഈ നിലയില്‍ സമര്‍പ്പിക്കുന്ന അന്നപാനാദി- ഭോജനദാനമാണ് ബലി.

കറുത്തവാവിന്‍ നാളിലെ ഔഷധസേവ

കര്‍ക്കിടകത്തിലെ കറുത്തവാവിന്‍ നാളിലെ ഔഷധസേവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉണക്കലരി വറുത്തത്, ശര്‍ക്കര, തേങ്ങ, ചുക്ക് എന്നിവ ചേര്‍ത്ത് പൊടിച്ച് കൊടുവേലി ക്കിഴങ്ങും ചേര്‍ത്ത് പൊടിച്ചെടുക്കുന്ന അരിപ്പൊടി കറുത്ത വാവിന്‍നാള്‍ കഴിച്ചാല്‍ ശാരീരികമായ അസ്വസ്ഥതകള്‍ എല്ലാം മാറും.
സ്ത്രീകള്‍ കയ്യില്‍ മൈലാഞ്ചിയണിയുന്ന ദിവസവും കൂടിയാണ് കര്‍ക്കിടകത്തിലെ ആദ്യവെള്ളിയാഴ്ച. വെള്ളിലത്താളി തേച്ചുകുളിക്കുന്നതും വെള്ളില തലയില്‍ ചൂടുന്നതും ഈ ദിവസം തന്നെ. കര്‍ക്കിടകമാസാചരണ ഭാഗമായി മുപ്പെട്ടു വെള്ളിയാഴ്ച പത്തിലകള്‍ കൊണ്ട് തയ്യാറാക്കുന്ന ഉപ്പേരി കഴിക്കുന്ന ദിവസമാണ്. താള്, തകര, ചേമ്പ്, ചേന, ചീര, പയര്‍, നെയ്യുണ്ണി, മത്തന്‍, കുമ്പളം, കരിക്കൊടി അല്ലെങ്കില്‍ തഴുതാമ എന്നീ പത്തിലകള്‍ കൊണ്ടുള്ളതാണ് ഉപ്പേരി. പത്തില ഉപ്പേരി പേരുപറയാതെ കഴിക്കണമെന്നാണ് ചൊല്ല്.

ദേവിക്ക് തിരുവാഭരണങ്ങള്‍ ചാര്‍ത്തുന്ന കര്‍ക്കിടകം ഒന്ന്

കര്‍ക്കിടകമാസത്തില്‍ ക്ഷേത്രങ്ങളില്‍ വിശേഷങ്ങള്‍ ധാരാളമുണ്ട്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. കൊടുങ്ങല്ലൂരമ്മയ്ക്ക് ചാന്താട്ടത്തിനായി ദേവിയുടെ ജന്മനാളായ മേടത്തിലെ കാര്‍ത്തികയ്ക്ക് അഴിച്ചുവെച്ച തിരുവാഭരണങ്ങള്‍ ചാന്താട്ടം കഴിഞ്ഞ് പിന്നീട് ചാര്‍ത്തുന്നത് കര്‍ക്കിടകം ഒന്നിനാണ്. അന്ന് സര്‍വ്വാഭരണവിഭൂഷിതയായിട്ടാണ് ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക. അന്നേദിവസം ഭഗവതിക്ക് പട്ടും താലിയും സമര്‍പ്പിക്കാന്‍ വന്‍ഭക്തജനത്തിരക്കാണനുഭവപ്പെടുക. മറ്റ് ക്ഷേത്രങ്ങളിലെപ്പോലെതന്നെ കര്‍ക്കിടകത്തിലെ അത്തം നാളില്‍ ഇല്ലംനിറയും നടക്കും.

തിരുമാന്ധാംകുന്നിലമ്മയ്ക്ക് ചാന്താട്ടം

തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഏറ്റവും പ്രിയങ്കരമായ വഴിപാടാണ് ചാന്താട്ടം. ദാരുവിഗ്രഹത്തിന് നിത്യചൈതന്യം പകരുവാന്‍ പര്യാപ്തമായ ഈ വഴിപാട് ഭഗവതിക്ക് അമൃതാഭിഷേകത്തിന് തുല്യമത്രെ. കര്‍ക്കിടകം ഒന്നിനാണ് ദേവിക്ക് ചാന്താട്ടം നടത്തുന്നത്. ചാന്താടിയ ദേവിക്ക്  വിഗ്രഹത്തില്‍ കന്നിമാസത്തിലെ ആയില്യം നാള്‍ക്കാണ് ആദ്യമായി വീണ്ടും തിരുവാഭരണങ്ങള്‍ അണിയിക്കുക.

Photo Courtesy - Google