കര്‍ക്കിടകം രാമകഥാശീലുകളുടെ പുണ്യമാസം

കര്‍ക്കിടകം രാമകഥാശീലുകളുടെ പുണ്യമാസം

HIGHLIGHTS

ശ്രീ രാമ! രാമ! രാമ! ശ്രീരാമ... എരിയുന്ന നിലവിളക്കിന് മുന്നില്‍ മനസ്സ് ശ്രീരാമഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണ പാരായണ ദിവസങ്ങളാണ് ജൂലൈ 17 വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 16 ഞായറാഴ്ച വരെ. 

 

ശ്രീ രാമ! രാമ! രാമ! ശ്രീരാമ... എരിയുന്ന നിലവിളക്കിന് മുന്നില്‍ മനസ്സ് ശ്രീരാമഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണ പാരായണ ദിവസങ്ങളാണ് ജൂലൈ 17 വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 16 ഞായറാഴ്ച വരെ. തുഞ്ചത്ത് എഴുത്തച്ഛന്‍റെ 'അധ്യാത്മ രാമായണം' കിളിപ്പാട്ട് ഭവനങ്ങളിലും ക്ഷേത്രങ്ങളിലും കര്‍ക്കിടകമാസം മുഴുവന്‍ ഭക്തിപുരസരം പാരായണം ചെയ്യും. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. 

കര്‍ക്കിടകമാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഉറഞ്ഞുതുള്ളിപ്പെയ്യുന്ന മഴയുടെ കെടുതികളില്‍ നിന്നും രക്ഷനേടാനും മനസ്സില്‍ നന്മയും അറിവും വളര്‍ത്താനുമാണ് രാമായണം വായിക്കുന്നത്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും നിലവിളക്ക് കൊളുത്തി കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് രാമായണം വായിക്കുന്നതാണ് പ്രധാന ചടങ്ങ്. 

അവനവന്‍റെ കുടുംബത്തോടും രാജ്യത്തോടും ഓരോ വ്യക്തിയും നിര്‍വ്വഹിക്കേണ്ട കടമകളും ചുമതലകളും ജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ നിര്‍വഹിച്ചു പൂര്‍ണ്ണത നേടേണ്ടത് എങ്ങനെയെന്ന് രാമായണമെന്ന ഇതിഹാസകാവ്യം നമ്മെ പഠിപ്പിക്കുന്നു. രാമായണത്തിലൂടെ ശ്രീ രാമചന്ദ്രസ്വാമി നമുക്ക് നല്‍കുന്ന മാര്‍ഗ്ഗദര്‍ശനം ഒരു കാലത്തും നശ്വരമല്ല.

സമൂഹത്തില്‍ അധര്‍മ്മത്തെ ത്യജിച്ചു ധര്‍മ്മത്തെ പരിരക്ഷിക്കപ്പെടാന്‍ ശ്രീരാമന്‍റെ അയനം- രാമായണം- നമ്മെ പഠിപ്പിക്കുന്നു. മനസ്സിലെ ഇരുളിനെ ഇല്ലാതാക്കി വിജ്ഞാനത്തിന്‍റെ പ്രകാശം പ്രസരിപ്പിക്കുന്ന രാമകഥാശീലുകളുടെ ദിനരാത്രങ്ങള്‍ പുണ്യവും ഭക്തിയും നിറഞ്ഞതാണ്. നിഷാദവംശജനായ ഗുഹനെയും കാട്ടാളവംശത്തില്‍ ജനിച്ച ശബരിയെയും ബഹുമാനിച്ചു സ്നേഹിച്ച ശ്രീരാമന്‍റെ ചിത്രം എക്കാലവും നമ്മുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കും. 

രാക്ഷസവംശത്തില്‍ ജനിച്ചവനെങ്കിലും വിഭീഷണന്‍റെ ഭക്തിയെ അംഗീകരിച്ചു, സ്വഭാവശുദ്ധിയെ ആദരിച്ചു രാമന്‍ കൂടെ കൂട്ടി. വാനരവംശത്തില്‍ ജനിച്ച സുഗ്രീവനും ഹനുമാനും ജാംബവാനും എല്ലാം രാമന്‍റെ ഇഷ്ടജനങ്ങളാണ്.
ഒരുവന്‍റെ പ്രവൃത്തിയാണ് അവനെ യോഗ്യനാക്കുന്നതും അധഃപതിപ്പിക്കുമെന്ന് രാമായണത്തില്‍ വ്യക്തമാക്കുന്നു. 

മാതൃ-പുത്രസ്നേഹം, ഭാര്യാ-ഭര്‍തൃബന്ധം, സഹോദരസ്നേഹം എന്നിവയെല്ലാം കഥാസന്ദര്‍ഭത്തിലൂടെ നമുക്ക് പറഞ്ഞുതരാന്‍ രാമായണത്തിനു സാധിക്കുന്നു. ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യബോധവും പ്രജകളോടുള്ള വാത്സല്യവും അധികാരത്തോടുള്ള വിരക്തിയും എല്ലാം രാമായണം നമുക്ക് കാണിച്ചുതരുന്നു.

ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും വേണ്ടി ദേവിമാഹാത്മ്യം, ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവ കര്‍ക്കടകമാസത്തില്‍ വായിക്കുന്നു. തറയിലിരുന്നുകൊണ്ടോ രാമായണം തറയില്‍ വച്ചുകൊണ്ടോ പാരായണം ചെയ്യാന്‍ പാടില്ല. ആവണപ്പലകയിലോ പുലിത്തോലിലോ വൃത്തിയുള്ള പീഠത്തിലോ വടക്കോട്ട് തിരിഞ്ഞിരുന്നു കൊണ്ടുവേണം രാമായണം പാരായണം ചെയ്യേണ്ടത്.

കര്‍ക്കടകമാസത്തില്‍ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ പ്രസിദ്ധമായ നാലമ്പലങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് വളരെ പുണ്യമായി കരുതുന്നു. ശ്രീരാമലക്ഷ്മണന്‍മാര്‍ പിതാവ് ദശരഥമഹാരാജാവിനായി പിതൃതര്‍പ്പണം ചെയ്തെന്നു കരുതുന്ന കര്‍ക്കിടകവാവുബലി ഇത്തവണ ഓഗസ്റ്റ് 12 നാണ്.

ചവറ സുരേന്ദ്രന്‍പിള്ള
(9387918756)