കര്‍ക്കിടകവാവുബലിയും പിതൃതര്‍പ്പണവും
സനാതന സംസ്കൃതിയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പിതൃതര്‍പ്പണം. പിതൃതര്‍പ്പണമാണ് വാവുബലി എന്ന് പറയാം. കര്‍ക്കിടകവാവു ബലിക്കാണ് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവതകള്ക്കുമുള്ളതാണെന്ന് പറയാറുണ്ട്. ദക്ഷിണായനത്തിലെ ആദ്യവാവാണ് കര്‍ക്കിടകവാവ്. ദക്ഷിണായനത്തിലെ കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു എന്നതാണ് ഈ ബലിക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാവാന്‍ ഒരു കാരണം.
ഭൂമിയിലെ ഒരു വര്‍ഷം ദേവലോകത്തിനും പിതൃലോകത്തിനും ഒരു ദിവസമാണത്രേ. ഭൂമിയില്‍ പന്ത്രണ്ട് മാസമാകുമ്പോള്‍ പിതൃക്കള്‍ക്ക് ഒരു ദിവസമാണ്. അവര്‍ക്ക് സമയാസമയത്തിന് അന്നം എത്തിച്ചുകൊടുക്കുകയെന്നതാണ് നമ്മള് വര്‍ഷത്തില്‍ അനുഷ്ഠിച്ചുവരുന്ന ഓരോ വാവുബലിയുടെയും വിശ്വാസപ്രമാണമായി മാറുന്നത്.
ദേവന്മാര്ക്ക് മുന്നെ പിതൃക്കളെ പ്രസാദിപ്പിക്കണമെന്നാണ് വിശ്വാസം. പുരാണകാലം മുതല്‍ അനുഷ്ഠിക്കുന്ന ആ കര്മ്മത്തിന് തലമുറകളുടെ പുണ്യമുണ്ടെന്നും കരുതുന്നു. പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി അനന്തര തലമുറ കൊല്ലത്തിലൊരിക്കല് ശ്രാദ്ധ മൂട്ടുന്ന ചടങ്ങുകൂടിയാണ് കര്‍ക്കിടകവാവ്.
അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തില്‍ ദശരഥന്റെ മരണത്തെ തുടര്‍ന്ന് രാമലക്ഷ്മണാദികള്‍ ഗംഗയില്‍ ഉദകക്രിയ ചെയ്യുന്ന രംഗമുണ്ട്. നാം ഏത് അന്നം ഭുജിക്കുന്നുവോ അത് പിതൃക്കളും ഭുജിക്കുന്നുവെന്ന് സ്തുതികളെ ഉദ്ധരിച്ച് എഴുത്തച്ഛന് പറയുന്നു. ഈശ്വരന്, ധര്‍മ്മദൈവം എന്നിവയ്ക്ക് തുല്യം മണ്മറഞ്ഞ പിതൃക്കളെ ഗുരുസ്ഥാനം നല്കി ആദരിക്കുന്ന പാരമ്പര്യമുണ്ട്.
ദക്ഷിണായനത്തിലെ ആദ്യഅമാവാസിയാണ് കര്‍ക്കിടകവാവ് എന്നുപറഞ്ഞുവല്ലോ. ഈ സമയം സൂര്യന് പിതൃലോകത്തിലെക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശനകവാടമാണ് കര്ക്കിടകവാവെന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തില്‍ നിന്നും വ്യത്യസ്തമായി പ്രധാന തീര്‍ത്ഥഘട്ടങ്ങളില്‍ കര്ക്കിടകവാവിന് എല്ലാവരും ബലിയര്‍പ്പിക്കുന്നത്. അത് പിതാ, പ്രപിതാ, പിതാമഹ പരമ്പരയിലേക്കുള്ള സമര്‍പ്പണമാണ്. അറിയുന്നതും അറിയാത്തതുമായ പിതൃക്കളുടെ സര്‍വ്വചരാചരങ്ങളും ഇതിലുള്‍പ്പെടും. അനന്തരതലമുറയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയും അതില്‍ അന്തര്‍ലീനമാകുന്നു.
ഭൂമിക്ക് മുകളിലുള്ള ലോകമാണ് പിതൃലോകം. ഇവിടെ പിതൃക്കളുടെ ആത്മപ്രാണന് നിലനിര്‍ത്തുന്നത് ജലമാണത്രേ. പിതൃക്കള്‍ക്ക് ജലത്തിലൂടെ അന്നം നല്‍കാനാവൂ. അതാണ് ജലസാന്നിധ്യത്തില്‍ ജലമുപയോഗിച്ച് തര്‍പ്പണം നടത്തുന്നതിന്റെ പ്രധാന സാംഗത്യവും.
നേരിട്ട് അധികമൊന്നുമറിയില്ലെങ്കിലും നമ്മള് ജനിച്ചുവളര്‍ന്ന കുലത്തിന്റെ ഒരു സ്മരണ. പിന്നെ നമ്മളെ നമ്മളാക്കിയ പിതാമഹന്മാരോട്, അവരുടെയും പിതാമഹന്മാരോട് മണ്മറഞ്ഞു പോയ അറിഞ്ഞതോ, അറിയാത്തതോ ആയ അനേകം ഗുരുകാരണവര്മാരോട് ഒക്കെയുള്ള കടപ്പാടിന്റേയും കണ്ണി മുറിയാത്ത രക്ത-ജനിതക-ബന്ധങ്ങളുടെയും മങ്ങാത്ത മായാത്ത ഒരു ദീപ്ത സ്മരണയാണത്. അവര്‍ക്കുവേണ്ടി അകം നിറഞ്ഞ, ആത്മാര്‍ത്ഥമായ സ്വയം സമര്‍പ്പിതമായ ചില അര്ച്ചനകളുമാണ്. അതാണ് ശരിക്കും പറഞ്ഞാല്‍ ഓരോ ബലിതര്‍പ്പണവും.
മണ്മറഞ്ഞവര്ക്ക് അനന്തര തലമുറ ചെയ്യുന്ന കര്‍മ്മമാണ് ശ്രാദ്ധം. ഓരോ വര്‍ഷവും മരിച്ച തിഥി, നക്ഷത്രം എന്നിവയിലാണ് ശ്രാദ്ധ മൂട്ടുന്നത്. ഇതിന് സാധിക്കാതെ വരുന്നവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കര്‍ക്കിടകവാവ്- നാളില്‍ സകല പിതൃക്കളുടെയും ആത്മശാന്തിക്കായി ശ്രാദ്ധം നടത്താം.
പിതൃക്കള്‍ ഒരു കൂട്ടം ദേവകളെന്നാണ് മനുസ്മൃതിയിലുള്ളത്. സപ്തര്‍ഷികളാണ് പിതൃക്കളെ സൃഷ്ടിച്ചത്. പിതൃക്കള്‍ക്കുവേണ്ടി ഉരുട്ടിവയ്ക്കുന്ന ചോറാണ് പിതൃപിണ്ഡം. ബലിച്ചോറു ണ്ട് പിതൃക്കള്‍ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുമെന്നാണ് ഈ വിശ്വാസം. മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃക്കളില്‍ നിന്നും അനുഗ്രഹം ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണിതെന്ന് മഹാഭാരതം അനുശാസനപര്‍വ്വത്തിലും പറയുന്നു.
സത്യത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയല്ല മരിക്കാത്ത അവരുടെ ഓര്‍മ്മകള്‍ക്കുവേണ്ടി- അവരുടെ ഓര്‍മ്മകള്‍ നിരന്തരം പുതുക്കുന്നതിനുവേണ്ടി സര്‍വ്വോപരി ജീവിച്ചിരിക്കുന്നവരുടെ ആത്മസംതൃപ്തിക്കുവേണ്ടിയാണ് ഓരോ ബലിയും അര്‍പ്പിക്കുന്നതെന്ന് സാരം.
നമ്മള് ബലിയിടുന്നത് ഏഴുതലമുറകള്ക്കും അതിനപ്പുറം അറിയപ്പെട്ടിട്ടില്ലാത്ത കേട്ടറിവുപോലുമില്ലാത്ത എത്രയോ തലമുറകള്‍ക്കുവേണ്ടി വിളിച്ചുചൊല്ലിത്തന്നെയാണല്ലോ?
ഗ്രഹണസമയത്തെപ്പോലെ അല്ലെങ്കിലും ഭൂമിയും ചന്ദ്രനും സൂര്യനും ഏതാണ്ട് ഒരേ രേഖയില്‍ വരുന്ന സമയമാണല്ലോ വാവ്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്തവാവ്.
ബലികര്‍മ്മത്തില്‍ എള്ളിന്റെ പ്രാധാന്യം
കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചമാകുന്ന പുനര്ജന്മത്തിലേക്കുള്ള യാത്രയാണ് ഇത് സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തില്‍ നല്കിയാല് പിതൃക്കളും അഗ്നിയില്‍ ദേവതകളും തൃപ്തിയടയും. ഇതില്‍ അടങ്ങിയിരിക്കുന്ന എണ്ണ പ്രാണനാണ് മനസാ വാചാ കര്‍മ്മണാ ചെയ്യുന്ന സര്‍വ്വപാപങ്ങളും നശിപ്പിക്കാന്‍ എള്ളിന് കഴിയും.
കറുത്ത എള്ളാണ് ഹിന്ദുക്കളുടെ ചില പ്രാദേശിക വിശ്വാസങ്ങള്‍ പ്രകാരം ശ്രാദ്ധങ്ങളിലും മരണാനന്തര ചടങ്ങുകളിലും ഉപയോഗിക്കുന്നത്.
ദര്‍ഭയുടെ പ്രാധാന്യം
സൃഷ്ടി, സ്ഥിതി, സംഹാരമൂര്‍ത്തികള്‍ ദര്ഭയില് കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മദ്ധ്യത്തില്‍ വിഷ്ണുവും തുമ്പില്‍ പരമശിവനും കുടികൊള്ളുന്നു. മൂന്ന് ദര്‍ഭ കൂടിക്കെട്ടുന്നതിന് വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നി മണ്ഡലം എന്നിവയുടെ ചേര്‍ച്ചയാണത്. ത്രിമൂര്‍ത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.
പവിത്രത്തിന്റെ പ്രാധാന്യം
ദര്‍ഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.
കൂര്‍ച്ചമെന്നാലെന്ത്?
മൂന്ന് ദര്‍ഭ കൂട്ടിക്കെട്ടുന്നതാണ് കൂര്‍ച്ചം. ഇവ ഓരോന്നും സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്ന് കല്‍പ്പിച്ചിരിക്കുന്നു.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
