വിഗ്രഹമില്ല, പകരം ഗർത്തവും മാധവീലതയും; ആറങ്ങോട്ടുകര കാർത്ത്യായനി ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം..
തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകര ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്താണ് ചരിത്രപ്രസിദ്ധമായ കാർത്ത്യായനി ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടെ പരമ്പരാഗത വിഗ്രഹമില്ല എന്നതാണ്. ദേവിയുടെ പ്രതിഷ്ഠാസ്ഥാനത്ത് ആഴമേറിയ ഒരു ഗർത്തമാണ് ഇന്നുള്ളത്.
ക്ഷേത്രത്തിന്റെ മറ്റൊരു അപൂർവത ശ്രീകോവിലിനുള്ളിൽനിന്ന് വളർന്ന് പുറത്തേക്ക് പടർന്നുപന്തലിച്ചിരിക്കുന്ന 'മാധവീലത' എന്ന സസ്യമാണ്. ദേവിയുടെ കേശഭാരത്തിന്റെ പ്രതീകമായാണ് ഈ വള്ളിയെ ഭക്തർ വിശ്വസിക്കുന്നത്. വിഗ്രഹം നിലനിന്നിരുന്ന സ്ഥാനത്താണ് മാധവീലത മുളച്ചുവളർന്നതെന്നും, ഇപ്പോൾ ഈ സസ്യത്തിനാണ് പ്രത്യേക പൂജകൾ നടത്തുന്നതെന്നും ക്ഷേത്രപരമ്പര പറയുന്നു. ഗർത്തത്തിന്റെ പിൻവശത്തെ വടക്കുകിഴക്കേ മൂലയിലാണ് മാധവീലത സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് ചരിത്രത്തിലും ശ്രദ്ധേയമായ പരാമർശങ്ങളുണ്ട്. കുറിയേടത്ത് താത്രിയുടെ പിതാവായ കൽപകശേരി അഷ്ടമൂർത്തി നമ്പൂതിരി ഒരുകാലത്ത് ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. 1905-ലെ സ്മാർത്തവിചാരത്തെ തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരി ഭ്രഷ്ടനാക്കപ്പെട്ടതോടെയാണ് ക്ഷേത്രത്തിലെ കളിമൺ വിഗ്രഹം ഉടഞ്ഞുപോയതെന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്.
വിഗ്രഹം നിലനിന്നിരുന്ന സ്ഥാനത്തെ ആഴമുള്ള ഗർത്തത്തിൽ വനദുർഗാദേവി പാതാള ഭൈരവിയായി വസിക്കുന്നുവെന്നാണ് വിശ്വാസം. ഈ ഗർത്തത്തിന് ഭാരതപ്പുഴയിലേക്ക് ഒരു രഹസ്യപാതയുണ്ടെന്നും നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ഭാരതപ്പുഴ കരകവിഞ്ഞൊഴുകുമ്പോൾ ഗർത്തത്തിലൂടെ വെള്ളം ശ്രീകോവിലിലെത്തുന്ന അപൂർവ കാഴ്ചയും ഇവിടെ കാണാം. ഇങ്ങനെ എത്തുന്ന വെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ചരിത്രവും വിശ്വാസങ്ങളും പ്രകൃതിയുടെ അത്ഭുതങ്ങളും ഒരുമിക്കുന്ന ഈ ക്ഷേത്രം വർഷംതോറും നിരവധി ഭക്തരെയും സന്ദർശകരെയും ആകർഷിക്കുന്നുണ്ട്.
