കാവടികളുടെ മഹത്വം
'മുരുകാ.. ഇത് നിന്‍റെ ഭൂമിയാണ്. ഞാന്‍ ഈ മലകളെ ചുമന്നുകൊണ്ടുവന്നപോലെ ഭക്തര്‍ കാവടി ചുമന്നുകൊണ്ട് തൈപ്പൂയനാളില്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍, അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നീ നിറവേറ്റിക്കൊടുക്കണം, അതുമാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്ന ഏകവരം'
തൈപ്പൂയം എന്നുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്ന ദൃശ്യങ്ങളുണ്ട്. പലതരം കാവടികള്‍ ചുമലില്‍ വെച്ചുകൊണ്ട് 'കന്തനുക്ക് വേല്‍ വേല്‍, മുരുകനുക്ക് വേല്‍ വേല്‍' എന്ന് ഘോഷമിട്ടു കാവടിയുമായിവരുന്ന ഭക്തജനങ്ങളുടെ കൂട്ടം ഓര്‍മ്മയില്‍ തെളിയും. പാല്‍ക്കാവടി, പന്നീര്‍കാവടി, പുഷ്പകാവടി എന്നിങ്ങനെ പലവിധത്തിലുള്ള കാവടികള്‍ തങ്ങളുടെ നേര്‍ച്ചയ്ക്ക് അനുസരിച്ച് ചുമന്നുകൊണ്ടുവരും. എന്നാല്‍ കാവടി ചുമക്കുന്ന ആചാരം എങ്ങനെയുണ്ടായി എന്നതും വിശദമാക്കപ്പെടുന്നുണ്ട്.
പലകാലം മുമ്പ് ഹിഡുംബന്‍ എന്ന ഒരു അസുരന്‍ ഉണ്ടായിരുന്നു. മുരുകനോട് അതിതീവ്രമായ ഭക്തിയുള്ളവനായിരുന്നു ഹിഡുംബന്‍. ഒരു ദിവസം അഗസ്ത്യമുനി രണ്ട് മലകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, അവ ചുമന്നു കൊണ്ട് പൊതികൈ മല(പശ്ചിമഘട്ടം)കളുടെ താഴ്വാരത്ത് കൊണ്ടുവന്ന് വയ്ക്കാന്‍ ഉത്തരവിട്ടു. ആ ഉത്തരവിനെ ശിരസാവഹിച്ച ഹിഡുംബന്‍ തന്‍റെ ശക്തി ഉപയോഗിച്ച് രണ്ട് മലകളേയും പിഴുതെടുത്ത്, അവയെ ഒരു വലിയ വടം കൊണ്ട് ബന്ധിച്ച് തന്‍റെ തോളിന്‍റെ ഇരുഭാഗത്തും വെച്ച് ചുമന്നുകൊണ്ട് നടന്നു.
ആ സമയത്ത് ജനക്ഷേമാര്‍ത്ഥം മുരുകന്‍ ഒരു ബാലനായി ഹിഡുംബന്‍റെ മുമ്പാകെ പ്രത്യക്ഷപ്പെട്ട് ആ മലകളെ താഴെ ഇറക്കി വെപ്പിച്ചു. ഹിഡുംബന്‍റെ വിശ്രമാര്‍ത്ഥം എന്നുപറഞ്ഞുകൊണ്ടായിരുന്നു ബാലമുരുകന്‍ അവയെ ഇറക്കിവെപ്പിച്ചത്. അത് ഇറക്കിവെച്ച ഉടന്‍ തന്നെ മുരുകന്‍ ആ മലകളുടെ മുകളില്‍ കയറിനിന്നു. വീണ്ടും ആ മലകളെ എടുത്തുപൊക്കാന്‍ ഹിഡുംബന്‍ ശ്രമിച്ചപ്പോള്‍ അത് അനങ്ങിയില്ല. എത്ര ശ്രമിച്ചിട്ടും അവയെ വീണ്ടും എടുക്കുവാനായില്ല. ഹിഡുംബന്‍ അതെടുക്കാനാവാതെ ആകെ ക്ഷീണിതനായി.
ആ സമയത്ത് മുരുകന്‍ സര്‍വ്വാലങ്കാരത്തോടെ ദര്‍ശനം നല്‍കിക്കൊണ്ട് ഹിഡുംബനോട് 'നിന്‍റെ ഗുരുഭക്തിയിലും അര്‍പ്പണത്തിലും ഞാന്‍ സംപ്രീതനായി, ഇനി ഈ മല ഇവിടെത്തന്നെ ഇരിക്കട്ടെ, നിനക്ക് വേണ്ട വരങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളൂ' എന്ന് അരുളി ചെയ്തു.

സുബ്രഹ്മണ്യന്‍റെ പാദാരവിന്ദത്തെ വന്ദിച്ചുകൊണ്ട് ഹിഡുംബന്‍ 'മുരുകാ.. ഇത് നിന്‍റെ ഭൂമിയാണ്. ഞാന്‍ ഈ മലകളെ ചുമന്നുകൊണ്ടുവന്നപോലെ ഭക്തര്‍ കാവടി ചുമന്നുകൊണ്ട് തൈപ്പൂയനാളില്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍, അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നീ നിറവേറ്റിക്കൊടുക്കണം, അതുമാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്ന ഏകവരം' എന്നുപറഞ്ഞു.
അവന്‍റെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് മുരുകന്‍ 'അപ്രകാരം തന്നെയാവട്ടെയെന്നും എത്ര ഭാരമുള്ള, കഠിനമായ കാവടി ചുമന്നുവരികയാണെങ്കിലും നിന്നെ 'ഹിഡുംബാ' എന്ന് മനസാ സ്മരിച്ച് എന്നോട് പ്രാര്‍ത്ഥിച്ചാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവില്ല, മാത്രമല്ല അവരുടെ പ്രാര്‍ത്ഥനകള്‍ എല്ലാം നിറവേറ്റി കൊടുക്കുകയും ചെയ്യും' എന്നും വരമരുളി. അന്നുമുതല്‍ ഇന്നും കാവടി എടുത്ത് പ്രാര്‍ത്ഥിച്ച് എത്തുന്ന ഭക്തര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന വരങ്ങള്‍ നല്‍കി മുരുകന്‍ അനുഗ്രഹിക്കുന്നതായിട്ടാണ് ഭക്തവിശ്വാസം.
