ബ്രഹ്മചാരിഭാവത്തില്‍ മരുവുന്ന സുബ്രഹ്മണ്യസ്വാമി
ക്ഷേത്രം എന്നത് ഭക്തിയുടെയും വിശ്വാസത്തിന്‍റെയും മാത്രമായ സങ്കേതമാണോ? അമ്പലത്തില്‍ പോകുന്നത് തേവരെ തൊഴാനാണ്, വഴിപാട് നടത്താനാണ് എന്നൊക്കെയാണ് പറയുന്നത്. നാം അപ്രകാരം തന്നെയാണ് അനുസരിക്കുന്നതും. ക്ഷേത്രങ്ങള്‍ ഭക്തിപ്രസ്ഥാനത്തില്‍ മാത്രം ഒതുങ്ങുന്നവയല്ല എന്നതാണ് വാസ്തവം. കലകളുടെയും സംസ്കാരത്തിന്‍റെയും നേര്‍ക്കാഴ്ച കൂടിയാണിത്. ഭാരതവര്‍ഷത്തിലെ മഹാക്ഷേത്രങ്ങള്‍ എന്നതും വാസ്തവമാണ്. ഭക്തിക്കും വിശ്വാസത്തിനുമൊപ്പം ശില്‍പ്പകലയ്ക്കും ചിത്രകലകള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്രം. കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഭക്തിയോട് ചേര്‍ന്ന് ശില്‍പ്പകലയുടെ അതിശയലോകവും നമുക്ക് വലം വയ്ക്കാന്‍ കഴിയും.
ഭക്തികഥയുടെ ഐതിഹ്യം
രണ്ട് സംഭവങ്ങള്‍ ചേര്‍ത്തെടുത്താല്‍ മാത്രമേ കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ ഐതിഹ്യം പറഞ്ഞൊതുക്കാനാവൂ. കിടങ്ങൂര്‍ ദേശം വൈഷ്ണവരായ അനവധി ബ്രാഹ്മണ കുടുംബങ്ങള്‍ നിറഞ്ഞ ദേശമാണ്. മൂന്ന് വേദത്തിലും ചേര്‍ന്ന ബ്രാഹ്മണര്‍(ഋക്വേദി, യജൂര്‍വേദി, സാമവേദി) ഈ ഗ്രാമത്തില്‍ വസിക്കുന്നു. വൈഷ്ണവരായ ബ്രാഹ്മണര്‍ എല്ലാവരും ഒത്തുചേര്‍ന്ന് തങ്ങളുടെ ദേവനായ മഹാവിഷ്ണുവിന് ഉത്തമമായ ഒരു ക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. വൈഷ്ണവ കഥാപ്രാധാന്യമര്‍ഹിക്കുന്ന അനവധി ദാരുശില്‍പ്പങ്ങളോടുകൂടി ശില്‍പ്പചാതുരി നിറഞ്ഞ മഹാശ്രീകോവിലും പാട്ടമ്പലവും ചുറ്റമ്പലവും ഉത്തമലക്ഷണങ്ങള്‍ ചേര്‍ന്ന വൈഷ്ണവ വിഗ്രഹവും പണിതു പ്രതിഷ്ഠാമുഹൂര്‍ത്തവും നിശ്ചയിച്ച് ഗ്രാമം വൈഷ്ണവ ഭക്തിലഹരിയില്‍ ആഘോഷവും ആരംഭിച്ചു.
മീനച്ചിലാറിന്‍റെ തീരത്തായിട്ടാണ് കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ നദിക്ക് ഗൗണാനദിയെന്നും കവണ യാറ് എന്നും പര്യായങ്ങളുണ്ട്. മീനച്ചിലാറിന് ഗൗണാനദി എന്ന പേര് സിദ്ധിച്ച ഐതിഹ്യമാണ് കിടങ്ങൂര്‍ ക്ഷേത്രത്തിന്‍റെ ചരിത്രം. ഗൗണാനദിയാണ് പില്‍ക്കാലം മീനച്ചിലാറ്, കവണനദി എന്ന പേരില്‍ മാറപ്പെട്ടതെന്ന് കരുതിപ്പോരുന്നു. ശിവഭക്തനായ ഗൗണ മഹര്‍ഷിയുടെ ചരിത്രവുമായി ചേര്‍ന്നാണ് ഗൗണാനദി എന്ന പേരിന്‍റെ ആവിര്‍ഭാവം.
ത്രേതായുഗവും, രാവണവധവുമാണ് ഈ ഐതിഹ്യകഥയുടെ ആരംഭഭാവം. രാമായണ കഥയുമായി ബന്ധപ്പെട്ട ഒട്ടനവധി ഐതിഹ്യങ്ങള്‍ സഹ്യന്‍റെ മലമുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്.
രാവണനിഗ്രഹത്തിനുശേഷം മടങ്ങിവരുന്ന ശ്രീരാമദേവനെ ദര്‍ശിക്കാനായി ഗൗണ മഹര്‍ഷി മലമടക്കിന്‍ പ്രത്യാശയോടെ കാത്തിരുന്നു സുബ്രഹ്മണ്യഭക്തനായിരുന്ന മഹര്‍ഷി തന്‍റെ നിത്യജപത്തിനായി ഭഗവാന്‍റെ വിഗ്രഹവും. ആശ്രമത്തില്‍ കരുതിയിരുന്നു. എന്നാല്‍ രാവണവധത്തിനുശേഷം ശ്രീമാന്‍ ഈ വഴി മടങ്ങി വന്നില്ല എന്ന് തിരിച്ചറിഞ്ഞ ഗൗണ മഹര്‍ഷി കോപത്താലും നിരാശയാലും തന്‍റെ മുന്നിലിരുന്ന കമണ്ഡലു തട്ടിമറിച്ചു. മഹാമുനിയുടെ കമണ്ഡലുവിലെ തീര്‍ത്ഥജലം പുഴയായി ഒഴുകി. ആ ഒഴുക്കില്‍ ചേര്‍ന്ന് സുബ്രഹ്മണ്യവിഗ്രഹവും ഒഴുകിപ്പോയി. അങ്ങനെ ഒഴുകി വന്ന വിഗ്രഹം ഇവിടെ കിടങ്ങൂരില്‍ പണിതീര്‍ത്ത വിഷ്ണു ശ്രീകോവിലിനരികില്‍ എത്തുകയും ശ്രീലകത്ത് സുബ്രഹ്മണ്യസാന്നിധ്യം കുറിക്കുകയും ചെയ്തു. പ്രശ്നവശാല്‍ സുബ്രഹ്മണ്യസാന്നിധ്യം തിരിച്ചറിഞ്ഞ ഭക്തര്‍, ഗൗണാനദിയിലൂടെ ഒഴുകി വന്ന സുബ്രഹ്മണ്യവിഗ്രഹം വിഷ്ണുവിനായി പണിത ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയും ഇടത്തുമാറി മറ്റൊരു ശ്രീകോവില്‍ പണിത് വിഷ്ണുവിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു.
.jpg)
കൂത്തമ്പലം
ഭരതമുനിയുടെ നാട്യശാസ്ത്ര ലക്ഷണങ്ങളെല്ലാം തികഞ്ഞതും, ശില്‍പ്പഭംഗി കൊണ്ട് മനോഹരവുമാണ് ഇവിടുത്തെ കൂത്തമ്പലം. കേരളത്തിലെ മറ്റ് കൂത്തമ്പലങ്ങളില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്ന വൈശിഷ്ട്യങ്ങള്‍ ചേര്‍ന്നതാണ് കിടങ്ങൂരിലെ കൂത്തമ്പലം. പെരുന്തച്ചന്‍റെ ശില്‍പ്പചാതുരിയായി വിശ്വസിക്കപ്പെടുന്ന ഈ കൂത്തമ്പലത്തിന്‍റെ രംഗമണ്ഡപത്തില്‍ രാമായണ, മഹാഭാരതകഥാഭാഗങ്ങള്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. ഒരു കാലഘട്ടത്തില്‍ ഇവിടെ നിത്യവും കൂത്തും കൂടിയാട്ടവും നടത്തിയിരുന്നു. ഇന്നിപ്പോള്‍ ഉത്സവ കാലങ്ങളില്‍ പത്തുദിവസത്തെ കൂത്ത് മാത്രമേ നടത്തപ്പെടുന്നുള്ളൂ. കൂത്തമ്പലത്തിനുള്ളില്‍ തെക്കോട്ട് ദര്‍ശനമായി 'കൂത്തമ്പലത്തിലമ്മ' എന്ന പേരില്‍ ശക്തിസ്വരൂപിണിയായ ഭുവനേശ്വരിദേവിയുടെ പ്രതിഷ്ഠയുണ്ട്. കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലം ലോകപ്രസിദ്ധമാണ്. ഈ കൂത്തമ്പലത്തിനെ ലോകം അതിശയത്തോടെ തിരിച്ചറിയാനുള്ള കാരണം ഈ കൂത്തമ്പലത്തിനുള്ളിലെ ഒരു തൂണാണ്. വലിയ കൂത്തമ്പലത്തിന്‍റെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തിയിരിക്കുന്ന ഈ വലിയ തൂണ് 'കുറുന്തോട്ടി' ത്തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്ര വലിയ വണ്ണത്തില്‍ ഇത്ര വലിയ ഉയരത്തില്‍ കുറുന്തോട്ടി മരം ലോകത്ത് എവിടെയും ആരും കണ്ടിട്ടില്ല. ഈ മഹാത്ഭുതത്തെ അതിശയത്തോടെയാണ് ലോകം ഇന്നും വീക്ഷിക്കുന്നത്.
സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല
സുബ്രഹ്മണ്യന്‍ ദണ്ഡപാണിയായി ബ്രഹ്മചാരി ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠാസങ്കല്‍പ്പം. അതിനാല്‍ ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. കുംഭമാസത്തിലെ കാര്‍ത്തിക പിറന്നാളിന് കൊടിയേറി പത്തുദിവസത്തെ ഉത്സവമാണ് ഇവിടെ ആചരിക്കുന്നത്. വൃശ്ചിക മാസത്തിലെ കാര്‍ത്തിക, തൈപ്പൂയം എന്നിവയും വിശേഷാല്‍ ദിനങ്ങളാണ്. വേദപണ്ഡിതരായ പതിനാല് ഇല്ലക്കാരുടെ അധികാര പരിധിയിലാണ് ക്ഷേത്രഭരണം. പതിനാല് ഇല്ലക്കാരില്‍ ഒരു പരമ്പര അവകാശി ഇല്ലാതെ ക്ഷയിച്ചു പോയതിനാല്‍ ഇന്നിപ്പോള്‍ പതിമൂന്ന് ഇല്ലക്കാര്‍ മാത്രമാണ് അവകാശികളായിട്ടുള്ളത്.
.jpg)
പ്രധാന വഴിപാടുകള്‍
കിടങ്ങൂര്‍ ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് കരുതി ഭഗവാനെ നേരിട്ട് കണ്ടുതൊഴാന്‍ സാധിക്കാത്ത അവസ്ഥയൊന്നുമില്ല. പാട്ടമ്പലത്തിന്‍റെ ഇടയിലുള്ള ഇടനാഴിയിലൂടെ(സാധാരണ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നപോലെ) നമസ്കാരമണ്ഡപത്തിന്‍റെ മുന്നിലെത്തി ഭഗവാനെ നേരിട്ട് തൊഴാന്‍ എല്ലാ സ്ത്രീകള്‍ക്കും ബാധിക്കും. ശ്രീകോവിലിന് വലംവയ്ക്കാനാവില്ല എന്ന് മാത്രമേയുള്ളൂ.
ഉത്സവബലി, തുലാഭാരം, കാവടി, ചുറ്റുവിളക്ക്, ഉദയാസ്തമനം പൂജ, പഞ്ചാമൃതം, പഞ്ചാമുദാദി അഭിഷേകം എന്നിവയാണ് പ്രധാനപ്പെട്ട വഴിപാടിനങ്ങള്‍.
ബ്രഹ്മചാരിക്കൂത്ത്
സന്താനലബ്ധിക്കായി കിടങ്ങൂര്‍ ക്ഷേത്രങ്ങള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ബ്രഹ്മചാരിക്കൂത്ത് നേര്‍ന്നാല്‍ സന്താനഭാഗ്യം ലഭിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.
Photo Courtesy - പ്രദീപ് കൃഷ്ണന്‍
