കിണ്ടിയുടെ പ്രാധാന്യം

കിണ്ടിയുടെ പ്രാധാന്യം

HIGHLIGHTS

 വീടുകളില്‍ പൂജാമുറിയില്‍ നിത്യേന കിണ്ടിയില്‍ ജലം നിറച്ചുവയ്ക്കണമെന്നാണ് വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ ഉറങ്ങുമ്പോഴും സമീപത്ത് ജലസാന്നിധ്യം ഉണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാണ് ഇതിനുകാരണം.

ജലവും പാനീയങ്ങളുമൊക്കെ പകരുന്നതിന് പണ്ടുകാലം മുതല്‍ക്കേ ഉപയോഗിക്കുന്ന പള്ളയില്‍ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തിനേക്കാള്‍ വിസ്തൃതി കുറഞ്ഞ വായ, കുറഞ്ഞ അളവില്‍ ജലം പകരാന്‍ പാകത്തിലുള്ള വാല്‍ എന്ന് വിളിക്കുന്ന കുഴല്‍ എന്നിവ ഈ പാത്രത്തിന്‍റെ സവിശേഷതകളാണ്.

ഹൈന്ദവ പൂജാദികര്‍മ്മങ്ങളില്‍ കിണ്ടിക്ക് വളരെ വലിയ പ്രാധാന്യമാണുള്ളത്. വെള്ളോട്, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ കിണ്ടിയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇക്കാലത്ത് സ്റ്റെയിന്‍ലെസ് സ്റ്റീലിന്‍റെ കിണ്ടികളും കണ്ടുവരുന്നു. കിണ്ടിയുടെ നിത്യോപയോഗം മുന്‍കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ ആചാരപരമായ പ്രാധാന്യം ഇന്നും ഈ പാത്രത്തിനുണ്ട്.

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമത്തിലെ പാരമ്പര്യമൂശാരിമാരാണ് കിണ്ടി നിര്‍മ്മിക്കുന്നതില്‍ കേമന്മാരായി കരുതപ്പെടുന്നത്. വെറും ഒരു പാത്രം എന്നതിലുപരി കിണ്ടിക്ക് ചില ലക്ഷണങ്ങളൊക്കെയുണ്ട്. അതനുസരിച്ചുള്ള കിണ്ടി ഉണ്ടാക്കുന്നതില്‍ കുഞ്ഞിമംഗലത്തെ മൂശാരിമാര്‍ക്കുള്ളത്രയും കഴിവ് മറ്റാര്‍ക്കും ഇല്ലെന്നാണ് പറയപ്പെടുന്നത്. ഇവയെ കുഞ്ഞിമംഗലം കിണ്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്.

കിണ്ടിയുടെ രൂപവും കിണ്ടി നല്‍കുന്ന സന്ദേശവും വളരെ വലുതാണ്. പഴയകാലത്ത് വീടുകളുടെ ഉമ്മറത്തിണ്ണയിലെ നിറസാന്നിദ്ധ്യമായിരുന്നു കിണ്ടി. പുറത്തുപോയി വരുന്നവര്‍ക്ക് അശുദ്ധി മാറ്റാനും, ജലത്തിന്‍റെ ദുര്‍വിനിയോഗം പരമാവധി ചുരുക്കി ശരീരത്തിന്‍റെ ലക്ഷ്യസ്ഥാനത്തുമാത്രം ജലം എത്തിക്കുവാനും വേണ്ടിയാണ് കിണ്ടി ഉപയോഗിച്ചിരുന്നത്. അതേസമയം അന്നും ഇന്നും ഹൈന്ദവ പൂജാ ഉപകരണങ്ങളില്‍ കിണ്ടിക്കുള്ള പ്രാധാന്യം ഒന്നുവെറെ തന്നെയാണ്.

കേരളീയ തന്ത്രശാസ്ത്രത്തില്‍ മാത്രമേ കിണ്ടി ഉപയോഗിച്ചുവരുന്നുള്ളൂ. അന്യസംസ്ഥാനങ്ങളില്‍ അധികവും പഞ്ചപാത്രമാണ് കിണ്ടിക്ക് പകരം ഉപയോഗിക്കുന്നത്.

കിണ്ടിയുടെ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന പൈപ്പിന് മുരല്‍ അല്ലെങ്കില്‍ വാല് എന്നാണ് പറയുന്നത്. ഇതിന്‍റെ തുടക്കം കിണ്ടിയുടെ അടിഭാഗത്തുനിന്നായതുകൊണ്ട് അടിഭാഗത്തുള്ള ശുദ്ധജലമാണ് മുകളിലേക്ക് വരിക. കിണ്ടിയില്‍ നിന്ന് ജലം അര്‍പ്പിക്കുമ്പോള്‍ കിണ്ടിയിലുള്ള ജലത്തില്‍ പാറിപ്പറന്നു കിടക്കുന്ന പൂജാപുഷ്പങ്ങളും മറ്റും പുറത്തുപോകാതിരിക്കുവാന്‍ ഇത് ഏറെ ഉപകരിക്കുന്നു.

കിണ്ടിക്ക് നൂറ്റാണ്ടുകളായി പഴക്കമുണ്ട്. പുറത്തുനിന്ന് ഗൃഹത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് കൈകാല്‍ കഴുകി ശുദ്ധമാകാനുള്ള ജലം സൂക്ഷിച്ചുവയ്ക്കുകയാണ് കിണ്ടിയുടെ ഏറ്റവും സാധാരണമായ ഉപയോഗം. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിച്ചുവരുന്ന ഈ ചെറിയ ജലപാത്രം നമ്മുടെ വിശ്വാസങ്ങളുമായി ബന്ധമുള്ള ഒരു ഉപകരണമായതിനാല്‍ എല്ലാ മലയാളി ഹിന്ദു ഗൃഹങ്ങളിലും കിണ്ടി ഉണ്ടായിരിക്കും.
ഇടത്തുകിണ്ടി, വലത്തുകിണ്ടി, പവിത്ര കിണ്ടി എന്നിങ്ങനെ മലയാള ആരാധനാപദ്ധതിയില്‍ കിണ്ടിയെ മൂന്നായി പരാമര്‍ശിക്കുന്നു. ഹിന്ദുക്കളുടെ ഇടയിലാണ് ഒഴിച്ചുകൂടാനാകാത്ത ഒരു ഗൃഹോപകരണമായി കിണ്ടി സൂക്ഷിക്കാറുള്ളതെങ്കിലും പഴയ മുസ്ലീം തറവാടുകളിലും ഉമ്മറത്തിണ്ണയില്‍ ഒന്നോ രണ്ടോ കിണ്ടികളില്‍ വെള്ളം നിറച്ചുവയ്ക്കാറുണ്ട്.

ക്ഷേത്രങ്ങളില്‍ പൂജയ്ക്കുളള ജലം കൈകര്യം ചെയ്യുവാന്‍ മുഖ്യമായും കിണ്ടിയാണുപയോഗിക്കുന്നത്. ശ്രീകോവിലിനുള്ളില്‍ ജലം നിറച്ച കിണ്ടികള്‍ സൂക്ഷിക്കാറുണ്ട്. ഹിന്ദുവിവഹ വേദികളിലും കിണ്ടി ഒരു അവശ്യഘടകമാണ്. വരനേയും വധുവിനേയും വേദിയിലേക്ക് ആനയിച്ചുകൊണ്ടുവരുമ്പള്‍ മുന്നില്‍ നടക്കുന്നവരുടെ കയ്യില്‍ ജലം നിറച്ച കിണ്ടി, കത്തിച്ച നിലവിളക്ക് എന്നിവയുണ്ടാകും. ഹിന്ദുക്കളുടെ ബലിതര്‍പ്പണം നടത്തുവാനും ശവസംസ്ക്കാര ച്ചടങ്ങുകളിലും കിണ്ടി ഉപയോഗിക്കുന്നു. വീടുകളില്‍ പൂജാമുറിയില്‍ നിത്യേന കിണ്ടിയില്‍ ജലം നിറച്ചുവയ്ക്കണമെന്നാണ് വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ ഉറങ്ങുമ്പോഴും സമീപത്ത് ജലസാന്നിധ്യം ഉണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാണ് ഇതിനുകാരണം.

പണ്ടുകാലത്ത് പഴയ തറവാടുകളിലെല്ലാം കിണ്ടികളില്‍ ജലം നിറച്ചു അതിഥികള്‍ക്ക് ഉപയോഗിക്കാനായി പുറത്ത് സൂക്ഷിക്കാറുണ്ടായിരുന്നു. വീട്ടിലെത്തുന്നവര്‍ ഈ ജലത്താല്‍ കാലും മുഖവും കഴുകി ശുദ്ധി വരുത്തി മാത്രമേ വീട്ടില്‍ കയറിയിരുന്നുള്ളൂ. വരനെ വധുവിന്‍റെ ബന്ധു കിണ്ടിജലത്താല്‍ കാല്‍ കഴുകിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്. പൂജ, ഹോമം എന്നിവയില്‍ കിണ്ടി ഒരു പുണ്യോപകരണമാണ്.

Photo Courtesy - jyothisharathnam